ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി യുവസാഹിത്യകാരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയ 'യുവ' പുരസ്‌കാരത്തിന് മലയാളത്തില്‍ നിന്ന് ലോപ ആര്‍. അര്‍ഹയായി. ലോപയുടെ ആദ്യകവിതാസമാഹാരമായ 'പരസ്പരം' ആണ് പുരസ്‌കാരം നേടിയത്. അമ്പതിനായിരം രൂപയാണ് സമ്മാനത്തുക. ഹരിപ്പാടുകാരിയായ ലോപ ഇപ്പോള്‍ അവിടത്തെ ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളില്‍ പ്ലസ് ടു ഇംഗ്ലീഷ് അധ്യാപികയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് നല്‍കിയ പ്രോത്സാഹനമാണ് തന്നെ കവയിത്രി ആക്കിയതെന്ന് ലോപ പറയുന്നു.


മുത്തച്ഛന്റെ കൈപിടിച്ചുവന്ന കവയിത്രി


ഹരിപ്പാട്: ലോപയ്ക്ക് അച്ഛനെ കണ്ട നേരിയ ഓര്‍മപോലുമില്ല. കാഥികനായ മുത്തച്ഛന്റെ പാട്ടുകളുടെ ലോകത്ത് വളര്‍ന്ന കുട്ടി, സ്‌കൂള്‍ ക്ലാസ്സില്‍ പാരഡി കവിതകളുടെ ആശാട്ടിയായിരുന്നു. വളര്‍ന്ന്, കോളജിലെത്തിയപ്പോള്‍ എഴുത്ത് ഗൗരവമായി. പക്ഷേ, കവിതയെന്ന് പേരിട്ടുവിളിക്കത്തക്ക കനമുള്ള രചനകളല്ലെന്ന് സ്വയം നിശ്ചയിച്ചു. വെളിച്ചം കാണാതെ നോട്ട് പുസ്തകങ്ങളുടെ അവസാന പുറങ്ങളിലൊന്നില്‍, കുറിച്ചിട്ടിരുന്ന കവിതകളിലൊന്ന് 'മാതൃഭൂമി' യിലെത്തിയത് ലോപയുടെ കവിതകളുടെ ജാതകം മാറ്റിയെഴുതി.

'മാതൃഭൂമി' 2000 ത്തില്‍ യുവകവികള്‍ക്കായി നടത്തിയ മത്സരത്തില്‍ ലോപയുടെ 'മനസ്സ്' എന്ന കവിതയ്ക്കായിരുന്നു ഒന്നാംസമ്മാനം. അന്ന് മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനി. പിന്നാലെ ആനുകാലികങ്ങളില്‍ ലോപയുടെ കവിതകള്‍ കണ്ടുതുടങ്ങി. ഒപ്പം അവാര്‍ഡുകളുടെ തിളക്കവും. കുഞ്ചുപിള്ള അവാര്‍ഡ് (2001), വി.ടി. കുമാരന്‍ മാസ്റ്റര്‍ പുരസ്‌കാരം (2002), ഗീത ഹിരണ്യന്‍ സ്മാരക അങ്കണം അവാര്‍ഡ് (2003), തപസ്യയുടെ ദുര്‍ഗാദത്ത പുരസ്‌കാരം (2009), മുതുകുളം പാര്‍വതിയമ്മ അവാര്‍ഡ് (2011), തുഞ്ചന്‍ സ്മാരക അവാര്‍ഡ് (2012).

ലോപയുടെ ഏക കവിതാസമാഹാരം 'പരസ്പരം' 2011 ല്‍ പ്രസിദ്ധീകരിച്ചു. വിഹ്വലതകളുടെ എഴുതാപ്പുറങ്ങളെ അണച്ചുപിടിക്കുന്ന പരീക്ഷയെപ്പറ്റി 'പരീക്ഷ' എന്ന പേരിലൊരു കവിത ഈ പുസ്തകത്തിലുണ്ട്. വ്യാഴാഴ്ച കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാരം പ്രഖ്യാപിക്കുമ്പോള്‍ ലോപ ഹരിപ്പാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥികളുടെ പരീക്ഷയ്ക്ക് കാവല്‍നില്‍ക്കുകയായിരുന്നു.

ലോപയ്ക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ അച്ഛന്‍ എന്‍. മുരളീധരന്‍ മരിച്ചു. കാഥികനും പ്രഭാഷകനുമായിരുന്ന മുത്തച്ഛന്‍ ആര്‍.കെ. കൊട്ടാരത്തെ കണ്ടാണ് ലോപ വളര്‍ന്നത്. അമ്പലങ്ങളില്‍ പ്രഭാഷണത്തിന് പോകുമ്പോള്‍ മുത്തച്ഛന്‍ ലോപയെയും ഒപ്പം കൂട്ടുമായിരുന്നു. അന്നേ മനസ്സില്‍ പതിഞ്ഞ അക്ഷരമുത്തുകള്‍ തന്റെ കവിതകളുടെ കരുത്താണെന്ന് ലോപ തിരിച്ചറിയുന്നു. ലോപ ഏഴ് വര്‍ഷമായി ഹരിപ്പാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയാണ്. രേണുകയാണ് അമ്മ. ഹരിപ്പാട് കാരിക്കമഠത്തില്‍ എന്‍. മനോജി (ദുബായ്) ന്റെ ഭാര്യയാണ്. മകന്‍: ഹരിശങ്കര്‍.