തൃശ്ശൂർ :ഈ സഹോദരിമാർ പാതയോരത്ത് അന്തിയുറങ്ങുന്നത് ഒരു ക്യാമറക്കണ്ണ് നൽകുന്ന സുരക്ഷയുടെ ഉറപ്പിന്മേലാണ്. കപ്പേളയിലെ ഭണ്ഡാരക്കവർച്ച തടയാൻ പള്ളിക്കാർ സ്ഥാപിച്ചസി.സി.ടി.വി.യാണ് അനാഥരായി തെരുവിലെത്തപ്പെട്ട ആശയുടെയും സുനിതയുടെയും 24 മണിക്കൂറും കാവലാൾ. കോവിഡ് കാലത്ത് ആരെങ്കിലുെമാക്കെ നൽകുന്ന സൗജന്യഭക്ഷണപ്പൊതികളിലൂടെ ഇരുവരും ജീവൻ നിലനിർത്തുന്നു. ഭക്ഷണമില്ലാത്തപ്പോൾ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ചെറിയ കടലാസിൽ വരച്ച് വിശപ്പ് മറക്കുന്നു.

തൃശ്ശൂർ പടിഞ്ഞാറേക്കോട്ടയിലെ മാനസികാരോഗ്യ കേന്ദ്രത്തിന് എതിരേയുള്ള കപ്പേളത്തിണ്ണയിൽ കഴിയുകയാണ് 40 കാരിയായ ആശയും 30 കാരിയായ സുനിതയും.

ഇവർക്ക് ആനന്ദകരമായൊരു ഭൂതകാലമുണ്ടായിരുന്നു. ഹോട്ടൽ ജീവനക്കാരനായിരുന്ന അച്ഛൻ രാഘവനും വീട്ടമ്മയായ അമ്മ അമ്മിണിയുമുണ്ടായിരുന്ന കാലം. പഠിക്കാൻ മിടുക്കിയായ സുനിത ബി.കോമിന് പോയിരുന്ന കാലം. പടിഞ്ഞാറേക്കോട്ടയിലെ പുറംപോക്കിൽ ചെറുതല്ലാത്ത വീടുമുണ്ടായിരുന്നു.

12 വർഷം മുന്പ് നവംബറിൽ അച്ഛനുമമ്മയും മരിച്ചതോടെ അനാഥത്വത്തിലേക്ക് വീണെങ്കിലും ഇരുവരും പിടിച്ചുനില്പിനായി പൊരുതി. ബി.കോം പഠനം പാതിവഴിയിൽ നിർത്തി സുനിതയും ചേച്ചി ആശയുടെയൊപ്പം ലോട്ടറിവില്പനയ്ക്കിറങ്ങി. ഉപജീവനം മുട്ടാതെ പോകുന്പോഴാണ് റോഡ് വീതി കൂട്ടുന്നതിനായി പുറമ്പോക്കിലെ വീടുകൾ പൊളിച്ചത്. പുറംപോക്കിലെ പത്ത് വീട്ടുകാരിൽ ഇവർക്ക് മാത്രം പകരം വീട് കിട്ടിയില്ല. അങ്ങനെ തെരുവിലേക്കെത്തി. പടിഞ്ഞാറേക്കോട്ടയിലെ കപ്പേളത്തിണ്ണയിൽ അഭയം തേടിയതിങ്ങനെയാണ്. അവിടെത്തന്നെ രണ്ട് കസേരയിട്ട് ലോട്ടറിവില്പന തുടങ്ങി. കോവിഡ് കാലത്ത് ലോട്ടറിവില്പനയും വരുമാനവും നിലച്ചു.

മാനസികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ നല്ല സഹായികളാണ്. അതിനാൽ പ്രാഥമിക കാര്യങ്ങൾക്കായി അവിടെ പോകും. വാടകവീടിനായി ശ്രമിച്ചതാണ്. പക്ഷേ, കിട്ടുന്നില്ലഅവർ പറഞ്ഞു.

Content Highlights:two homeless sisters live under the safety of CCtv Camera in a church