Teacherവയസ്സാകുമ്പോഴാണ് യാത്രകൾ ഹരമാകുന്നത്. മുട്ടുവേദന, കാൽവേദന തുടങ്ങിയ ആവലാതികൾ പറഞ്ഞ് വീട്ടിലൊതുങ്ങിക്കൂടാൻ ശ്രമിക്കുന്നവർക്കു പോലും എന്താ ഉത്സാഹം... പാട്ടു പാടുന്നു, ഡാൻസ് കളിക്കുന്നു, പരസ്പരം കളിയാക്കുന്നു, പരാതിയൊന്നുമില്ല. തിരിച്ച് വീട്ടിലെത്തുമ്പോൾ പത്തുവയസ്സ് കുറഞ്ഞപോലെ. ‘ഞങ്ങൾ മൈസൂരിൽ പോയി വന്നിട്ട് ഒരു മാസമായില്ല, ദേ...അടുത്ത യാത്രയെക്കുറിച്ചുള്ള ആലോചന തുടങ്ങിക്കഴിഞ്ഞു’ -അംബുജാക്ഷി ടീച്ചറുടെ വാക്കുകളിൽ പുതിയ കാഴ്ചകൾക്കായുള്ള വെമ്പൽ. 

‘വാടാനപ്പള്ളി ഫിഷറീസ് യു.പി. സ്‌കൂളിൽ 18 വർഷം ഞാനായിരുന്നു ടൂർ കോ-ഓർഡിനേറ്റർ. കുഞ്ഞുമക്കളുമൊത്തുള്ള യാത്രകൾ. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ മക്കളായിരുന്നു എന്റെ വിദ്യാർഥികൾ. യാത്രയിലെ വിസ്മയക്കാഴ്ചകൾ കണ്ട് വിരിയുന്ന അവരുടെ കണ്ണുകൾ. ഇത്രയും സുന്ദരമായ നിമിഷങ്ങൾ വേറെയില്ലെന്ന് അധ്യാപികയുടെ വാക്കുകളിൽനിന്നു വ്യക്തം. പടിഞ്ഞാറേ വെള്ളാനിക്കര അനുറാം നഗറിലെ വേങ്ങോട്ടുപറമ്പിൽ വീട്ടിൽ ടി.പി. അംബുജാക്ഷി ഒറ്റയ്ക്കാണ്. പക്ഷേ, ഒറ്റപ്പെടൽ എന്തെന്ന് ഈ അറുപതുകാരിക്ക് അറിയില്ല. യാത്രചെയ്യാൻ മോഹിക്കുന്ന കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഇവർ തുണയേകുന്നു. 

‘ഒന്നര വയസ്സിൽ അമ്മയെ നഷ്ടമായി. അവണൂരിൽ അടിസ്ഥാനവർഗ കുടുംബത്തിലാണ് ജനിച്ചത്. അച്ഛൻ സർക്കാരുദ്യോഗസ്ഥനായിരുന്നു. ഇടയ്ക്കുവെച്ച് ആ ജോലി ഉപേക്ഷിച്ചു. പിന്നെ ബുദ്ധിമുട്ടുകളുടെ കാലം. അതുകൊണ്ടുതന്നെ കുട്ടിക്കാലത്തെക്കുറിച്ച് അത്ര നല്ല ഓർമകളൊന്നും എനിക്കില്ല. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വൈകാതെ വിവാഹം നടന്നു. ഭർത്താവുമായി 18 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. സർക്കാരുദ്യോഗസ്ഥൻ എന്നതായിരുന്നു അച്ഛൻ അദ്ദേഹത്തിൽ കണ്ട മികവ്’.

‘തൃശ്ശൂർ കോർപ്പറേഷനിലെ വൈദ്യുതി വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഭർത്താവ് രാമൻ. അദ്ദേഹം മുൻകൈയെടുത്താണ് തൃശ്ശൂർ ജെ.ടി.എസിൽ ഡിപ്ലോമയ്ക്കു ചേർന്നത്. അവിവാഹിതർക്കുള്ള കോഴ്‌സ്. വിവാഹിതയെന്ന വിവരം ഒളിപ്പിച്ചു വെച്ച് പ്രവേശനം നേടി. പഠനശേഷം തയ്യൽ ജോലികളും കരകൗശലവിദ്യകളുമായി വീട്ടിലൊതുങ്ങി. പിന്നെ 10 വർഷത്തെ കാത്തിരിപ്പ്. 1990ൽ പി.എസ്.സി. നിയമന ഉത്തരവ് എന്നെത്തേടിയെത്തി - നീഡിൽ ടീച്ചറായി’.പടിഞ്ഞാറേ വെള്ളാനിക്കരയിൽ നിന്ന് വാടാനപ്പള്ളിയിലേയ്ക്ക് സ്ഥിരംയാത്ര. അംബുജാക്ഷി ടീച്ചറുടെ യാത്രാപ്രേമം അവിടെയാരംഭിച്ചു.  1997ൽ കുട്ടികളേയുംകൊണ്ട് ടീച്ചർ ഒരു യാത്ര പോയി. മടങ്ങിയെത്തിയപ്പോൾ അവരെ കാത്തിരുന്നത് ഒരു ദുരന്തവാർത്തയായിരുന്നു. 

ഏകമകൻ അനീഷിന് വീട്ടുമുറ്റത്തു വെച്ച് പാമ്പുകടിയേറ്റു. ചികിത്സ ഫലിച്ചില്ല; അഞ്ചാം ദിവസം അനീഷ് ടീച്ചറെ വിട്ടുപോയി. തോരാത്ത കണ്ണീരിന്റെ ദിവസങ്ങൾ. ഒടുവിൽ സഹപ്രവർത്തകരുടെ നിർബന്ധവും പിന്തുണയുമേറിയപ്പോൾ വാടാനപ്പള്ളിയിലേയ്ക്കുള്ള യാത്ര വീണ്ടും തുടങ്ങി. പിന്നെ ക്ലാസ്‌മുറിയായി അവരുടെ ലോകം.‘ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ഇടയ്ക്ക് തൃശ്ശൂരിലെ ജില്ലാ ആസ്പത്രിയിൽ കയറും. ഓരോ വാർഡിലും കയറിയിറങ്ങും. ജീവിതത്തിൽ കാണാത്ത ദുഃഖങ്ങളും ദുരിതങ്ങളും നേരിട്ടു കാണും. പതുക്കെ മനസ്സെന്റെ നിയന്ത്രണത്തിലായി’. 2007ൽ പട്ടിക്കാട് ഗവ. എൽ.പി. സ്‌കൂളിൽനിന്ന് വിരമിച്ച അംബുജാക്ഷിക്ക് 2012ൽ ഭർത്താവിനെയും നഷ്ടപ്പെട്ടു. 

‘കുടുംബശ്രീ, പെൻഷനേഴ്‌സ് യൂണിയൻ, വായനശാല, കരകൗശല നിർമാണം, പിന്നെ യാത്രകൾ... ഒരു നിമിഷംപോലും വെറുതേ കളയാൻ എനിക്കില്ല. മകന്റെ ഓർമയ്ക്കായി സമീപത്തെ അങ്കണവാടിക്ക് മൂന്നര സെന്റ് സ്ഥലം നൽകിയിരുന്നു. സമയം കിട്ടുമ്പോൾ അവിടത്തെ കുട്ടികളുടെ അടുത്ത് ചെന്നിരിക്കും.’ ഇനിയുമേറെ യാത്രചെയ്യാനുണ്ട് ഈ അധ്യാപികയ്ക്ക്. പക്ഷേ, ആ യാത്രയെല്ലാം മറ്റു ചിലർക്കു കൂടി സന്തോഷം പകരണമെന്നാണവരുടെ ആഗ്രഹം. വാർധക്യത്തിലൊറ്റപ്പെടുന്നവർക്കും കുട്ടികൾക്കുമൊപ്പമുള്ള യാത്രകൾ-അതാണവരുടെ സ്വപ്‌നം...