pic1അതിശൈത്യകാലത്ത്‌ പകൽ സമയത്തും കൂരിരുട്ടാണ്‌. ശീതക്കാറ്റ്‌ ആഞ്ഞു വീശുമ്പോൾ ഹിച്ച്‌കോക്ക്‌ ചിത്രങ്ങളിലെന്നപോലെ തല പിളർക്കുന്ന മിന്നൽപ്പിണർ ശബ്ദം. മൂർച്ചയേറിയ ആയുധം കൊണ്ട്‌ വെട്ടിയാലും അത്‌ പാറക്കൂട്ടത്തിൽ പതിയുന്നതുപോലുള്ള ശബ്ദമാണ്‌ മഞ്ഞിന്റെ മലയിൽ നിന്ന്‌ കേൾക്കുക. ശൈത്യത്തെ അതിജീവിക്കാൻ നിരവധി പാളികളുള്ള രോമക്കുപ്പായങ്ങൾ വേണം. ഭക്ഷണവും മരുന്നും വേറെ.

എന്നാലും മഞ്ഞിൽ നടക്കുമ്പോൾ ഹൃദയം നിശ്ചലമാകുമോ എന്ന്‌  തോന്നിപ്പോകും.അന്റാർട്ടിക്കയെ കുറിച്ച്‌ സാഹസികയായ റേച്ചൽ റോബർട്‌സൺ പറയുന്നത്‌ അങ്ങനെയാണ്‌. 47 കാരിയായ റേച്ചർ ഓസ്‌ട്രേലിയയിലെ പ്രശസ്തമായ മാനേജ്‌മെന്റ്‌ വിദഗ്ദ്ധയാണ്‌. ലോകത്തിലെ നിരവധി രാജ്യങ്ങളിൽ റേച്ചലിന്റെ പ്രഭാഷണങ്ങൾക്ക്‌ ആരാധകർ ഏറെ.

നിഗൂഢമായ അന്റാർട്ടിക്ക ഭൂഖണ്ഡത്തിലേക്ക്‌ അപ്രതീക്ഷിതമായിട്ടായിരുന്നു റേച്ചലിന്റെ യാത്ര. ശാസ്ത്രഗവേഷകരും സാഹസികരും മാത്രം കാലുകുത്തുന്ന അന്റാർട്ടിക്ക എന്ന ഹിമഭൂമിയുടെ കവാടങ്ങൾ തനിക്കായി തുറന്ന്‌ കിട്ടിയ സാഹചര്യം റേച്ചൽ പങ്കിട്ടു.

ബിസിനസ്‌ മാനേജ്‌മെന്റ്‌ രംഗത്ത്‌ പുതിയ നേതൃനിരയെ സൃഷ്ടിക്കുകയായിരുന്നു ഓസ്‌ട്രേലിയൻ സർക്കാറിന്റെ ലക്ഷ്യം. അന്റാർട്ടിക്കയിലെ അത്യപൂർവമായ അനുഭവങ്ങൾ അവർക്ക്‌ കരുത്ത്‌ കൂട്ടും എന്ന്‌ സർക്കാർ കരുതി. ബിസിനസ്‌ മാനേജ്‌മെന്റ്‌ രംഗത്ത്‌ ഇത്തരം ഒരു പരീക്ഷണം ലോകത്ത്‌ ആദ്യമായിട്ടായിരുന്നു.പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യം ഇങ്ങനെയായിരുന്നു. ഓസ്‌ട്രേലിയയുടെ അടുത്ത അന്റാർട്ടിക്കൻ സംഘത്തെ നയിക്കാൻ താത്‌പര്യമുള്ളവരെ ക്ഷണിക്കുന്നു. ബിസിനസ്‌ മാനേജ്‌മെന്റ്‌ രംഗത്ത്‌ പരിചയമുള്ളവരെയാണ്‌ ആവശ്യം. പക്ഷേ അന്റാർട്ടിക്കയുമായി ബന്ധമുള്ളവരായിരിക്കരുത്‌. അതായത്‌ അന്റാർട്ടിക്കയിൽ കാലുകൾ ഇതുവരെ കുത്താത്തവരെയാണ്‌ പ്രതീക്ഷിക്കുന്നത്‌. ഈ സംഘത്തിൽ അംഗങ്ങളാവാൻ മറ്റുചിലരെയും വേണം. അന്റാർട്ടിക്കയെ കുറിച്ച്‌ ഒന്നും അറിയാത്തവരെ തന്നെ ആ വിഭാഗത്തിലും വേണം.

പരസ്യം റേച്ചലിനെ ആകർഷിച്ചു. ബിസിനസ്‌ മാനേജ്‌മെന്റ്‌ രംഗത്ത്‌  റേച്ചലിന്‌ അതിനകം പതിനഞ്ച്‌ വർഷത്തോളം പരിചയമുണ്ടായിരുന്നു. നിരവധി പ്രഭാഷണങ്ങൾ ഇതിനകം ഓസ്‌ട്രേലിയയിൽ നടത്തി ഈ രംഗത്ത്‌ പ്രവർത്തിക്കുന്നവരുടെ ശ്രദ്ധ നേടിയിരുന്നു.‘‘പരസ്യം പത്ത്‌ പ്രാവശ്യം വായിച്ചു. സന്തോഷം കൊണ്ട്‌ തുള്ളിച്ചാടി ‘‘, റേച്ചൽ പറഞ്ഞു. ‘‘പ്രൈമറി സ്കൂളിൽ പഠിച്ചപ്പോൾ ഒരിക്കൽ മഞ്ഞിൽ നടന്ന്‌ മലകയറിയ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അൻറാർട്ടിക്കയെ കുറിച്ച്‌ കേട്ടിരുന്നു. ടെലിവിഷൻ ചിത്രങ്ങളും കണ്ടിട്ടുണ്ട്‌. അതുമാത്രമായിരുന്നു അറിവ്‌.’’

2004 ൽ ഓസ്‌ട്രേലിയയുടെ അൻറാർട്ടിക്കൻ സംഘത്തെ നയിച്ചത്‌ റേച്ചൽ റോബട്‌സൺ ആയിരുന്നു. അന്ന്‌ റേച്ചലിന്‌ വയസ്സ്‌ 35. മാനേജ്‌മെന്റ്‌ ഡിഗ്രി ജയിച്ചശേഷം പതിനഞ്ച്‌ വർഷത്തെ മാത്രം പരിചയമേ അന്ന്‌ ഉണ്ടായിരുന്നുള്ളൂ. ഈ ഘട്ടത്തിൽ കോളേജ്‌ ലക്‌ചററായും സേവനം അനുഷ്ഠിച്ചു. അന്റാർട്ടിക്കയിലേക്കുള്ള സംഘത്തെ  ഇതുവരെ നയിച്ച ലോക രാഷ്ട്രങ്ങൾക്കിടയിൽ ഏറ്റവും പ്രായംകുറഞ്ഞ സംഘനേതാവ്‌  റേച്ചൽ റോബർട്‌സ്ൺ തന്നെ. അവർ നയിച്ച സംഘത്തിൽ ശാസ്ത്രജ്ഞരും ബിസിനസ്‌  മാനേജ്‌മെന്റ്‌ രംഗത്തുള്ളവരും ഉണ്ടായിരുന്നു. ഒരുവർഷം അന്റാർട്ടിക്കയിൽ ചെലവഴിച്ചു.

pic2

‘നിങ്ങൾക്ക്‌ വേണ്ടത്ര സാഹസിക മനോഭാവമുണ്ട്‌. അതിനാൽ ടീം ലീഡറായി നിങ്ങളെ തിരഞ്ഞെടുക്കുന്നു’’. ഒരു മണിക്കർ നീണ്ടുനിന്ന കൂടിക്കാഴ്ചക്ക്‌ ശേഷം തിരഞ്ഞെടുപ്പ്‌ കമ്മിറ്റിയുടെ ചെയർമാൻ പറഞ്ഞത്‌ റേച്ചൽ ഇപ്പോഴും ഓർമിക്കുന്നു. അതീവ സാഹസികരായ നിരവധി പുരുഷന്മാരെ പിന്തള്ളിക്കൊണ്ടാണ്‌ റേച്ചലിന്‌ സംഘനേതാവിന്റെ അങ്കി സമ്മാനിച്ചത്‌.

സംഘത്തിലെ ഇരുപതോളം പേരെ നയിക്കണം. അവരുടെ ജോലികൾ സൂക്ഷ്‌മമായി അവലോകനം ചെയ്യണം. മാർഗനിർദേശങ്ങൾ നൽകണം. സംഘത്തിന്റെ മനോവീര്യം കാത്തുസൂക്ഷിക്കണം-ടീം ലീഡറുടെ ഭാരിച്ച ചുമതല അതായിരുന്നു. അതോടൊപ്പം ഇതുവരെ അജ്ഞാതമായിരുന്ന നിഗൂഢമായ ഭൂപ്രകൃതിയും തികച്ചും പ്രതികൂലമായ കാലാവസ്ഥയേയും താലോലിക്കണം.

സംഘാംഗങ്ങളുമായി ആശയവിനിമയത്തിൽ നിന്ന്‌ അവരെ അനായാസമായി നയിക്കാനുള്ള കരുത്ത്‌ കിട്ടി. ദിവസങ്ങൾ കഴിയുന്തോറും കരുത്ത്‌ കൂടി. ബിസിനസ്‌  മാനേജ്‌മെന്റ്‌ രംഗത്ത്‌ ലോകമെങ്ങുമുള്ള ചലനങ്ങൾ നിരീക്ഷിക്കാനും അനേകരാജ്യങ്ങളിൽ ആശയവിനിമയം നടത്താനും കിട്ടിയ അവസരങ്ങൾ കനത്ത മുതൽക്കൂട്ടായി തീർന്നുവെന്ന്‌ റേച്ചൽ പറഞ്ഞു. ഓസ്‌ട്രേലിയയ്ക്ക്‌ അപ്പുറമുള്ള യാത്രകളും വായനയുമാണ്‌ അതിനുള്ള വഴി തുറന്ന്‌ നൽകിയതെന്ന്‌ റേച്ചൽ പറഞ്ഞു. 

ക്ളാസ്‌മുറിയിലെ യുവതലമുറ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്‌. യാത്രകൾക്കിടയിൽ കണ്ടുമുട്ടിയ പരിചയ സമ്പന്നരായ ബിസിനസ്‌ അധിപന്മാരും തനിക്ക്‌ പ്രചോദനമായി. തന്നോടൊപ്പമുണ്ടായ ശാസ്ത്രജ്ഞരുടെ ഗവേഷണ ദൗത്യങ്ങൾ വിലയിരുത്താൻ കഴിഞ്ഞതും ആ പശ്ചാത്തലത്തിലായിരുന്നു.ഓസ്‌ട്രേലിയയിൽ നിന്നും അന്റാർട്ടിക്കയിൽ എത്തിയപ്പോൾ ഒറ്റപ്പെട്ട അനുഭവമായിരുന്നു ആദ്യ ദിവസങ്ങളിൽ. തികച്ചും ദുസ്സഹമായ നിമിഷങ്ങൾ.

പക്ഷേ കാലാവസ്ഥയും മഞ്ഞുമലകളും സമുദ്രവും നിറങ്ങൾ മാറിമാറി വരുന്ന ആകാശവും പതിനായിരക്കണക്കിന്‌ പെൻഗ്വിൻ പക്ഷികളും ഭ്രമിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളും ഹിമാനികളും മനസ്സിന്‌ നിഗൂഢമായ  ആനന്ദം നൽകി. ക്രമേണ അതിൽ ലയിച്ചു. ഒരിക്കലെങ്കിലും ഈ ആനന്ദം അനുഭവിച്ചാൽ മാത്രമേ ജീവിതം അർഥസമ്പൂർണമാകൂ എന്ന്‌ റേച്ചൽ ആത്മസാഫല്യത്തോടെ പറയുന്നു. ‘‘ ജീവിത വിജയത്തിൽ അന്റാർട്ടിക്കയിലെ ഹിമഭൂമി വലിയൊരു വഴിത്തിരിവത്രെ’.

ശൈത്യകാലത്ത്‌ അന്റാർട്ടിക്കയിൽ കൂരിരുട്ടാണ്‌. ആരെയും ഭയപ്പെടുത്തുന്ന വിസ്മയലോകം. എംപറർ പെൻഗ്വിനുകൾ മഞ്ഞിൽ നിന്നുകൊണ്ട്‌ മുട്ടകൾ വിരിയിക്കുന്ന കാഴ്ച അവിശ്വസനീയമാണ്‌. ശീതകൊടുങ്കാറ്റ്‌ വീശുമ്പോൾ പെൻഗ്വിനുകൾ തോളോടുതോൾ ചേർന്ന്‌ കൂടി നിൽക്കും. പതിനായിരക്കണക്കിന്‌. അത്യന്തം ഭീകരമായ ഈ കാലാവസ്ഥയിൽ കഴിഞ്ഞാണ്‌ ഡേവിഡ്‌ ആറ്റൻബറോയും സംഘവും പെൻഗ്വിനുകളെക്കുറിച്ച്‌ ചിത്രം നിർമിച്ചത.്‌ ലോകാത്ഭുതങ്ങളിൽ ഒന്നായി അതിനെ കണക്കാക്കാം.

ചെറുപ്പത്തിൽ തന്നെ യുവാക്കൾ ക്ളാസ്‌റൂമിന്‌ പുറത്തുള്ള സാഹസിക ലോകവുമായി ബന്ധപ്പെടണം. അന്റാർട്ടിക്ക തന്നെ പഠിപ്പിച്ച പാഠം അതാണ്‌. ഏത്‌ അഗ്നിപരീക്ഷയേയും നേരിടാനുള്ള കരുത്തും നിശ്ചയദാർഡ്യവും  അത്‌ നൽകുമെന്ന്‌ റേച്ചൽ പറഞ്ഞു.  25 വയസ്സിലെങ്കിലും അന്റാർട്ടിക്കയിൽ കാലുകൾ കുത്തേണ്ടിയിരുന്നുവെന്ന്‌ നഷ്ടബോധത്തോടെ അവർ പറഞ്ഞു.

അന്റാർട്ടിക്കയിലെ അനുഭവങ്ങൾ  വൈവിധ്യമായിരുന്നു. അതിശൈത്യത്തിൽ കൂടാരത്തിലെ കട്ടിലിൽ കിടന്ന്‌ തന്നെ നമ്മൾ ഉറച്ചുപോകുന്നതുപോലെ തോന്നിപ്പോകും. പക്ഷേ അതൊക്കെ  നേരിടാൻ മനസ്സിന്‌ കരുത്ത്‌ കിട്ടും. ഏതോ അജ്ഞാതശക്തി കരുത്ത്‌ പകരുന്നത്‌ പോലെ. ടീം അംഗങ്ങൾക്കെല്ലാം അതായിരുന്നു അനുഭവം. ഗവേഷകർക്ക്‌ സാമ്പിളുകൾ ശേഖരിക്കാനും മറ്റും പരിചയസമ്പന്നരായ ഗൈഡുകളുടെ സഹായം കിട്ടും.

പുറത്തിറങ്ങുമ്പോൾ പ്രകൃതിസൗന്ദര്യത്തിൽ ലയിച്ചുപോകും. അതാണ്‌ മനസ്സിന്‌ കിട്ടുന്ന ഊർജത്തിന്റെ ഒരു സ്രോതസ്‌.
ലോകത്തിലെ മറ്റ്‌ രാഷ്ടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരെ നേരിൽ കണ്ട്‌ ആശയവിനിമയം നടത്താനുള്ള അത്യപൂർവ അവസരം കൂടി കിട്ടും. പലർക്കും മാനേജ്‌മെന്റ്‌ വിദഗ്ദ്ധയായ താൻ സംഘത്തെ നയിക്കുന്നതായിരുന്നു അത്ഭുതം നൽകിയത്‌.

ഓസ്‌ട്രേലിയൻ സർക്കാറി’ന്റെ ഒരു പരീക്ഷണമാണ്‌ അതെന്ന്‌ താൻ പറഞ്ഞു. പരീക്ഷണം വിജയിച്ചു. അന്റാർട്ടിക്കയിലെ അനുഭവങ്ങൾ മുൻനിർത്തി റേച്ചൽ എഴുതിയ ഗ്രന്ഥമാണ്‌ ‘ലീഡിങ്‌ ഓൺ ദി എഡ്‌ജ്‌’. എത്‌ സംരംഭത്തിന്റെയും നേതൃസ്ഥാനത്ത്‌ എത്തുന്നവർ വായിച്ചിരിക്കേണ്ട ഗ്രന്ഥം എന്നാണ്‌ നിരൂപകർ ഇതിനെ വിശേഷിപ്പിച്ചത്‌.

അന്റാർട്ടിക്കൻ യാത്ര ഏതായാലും റേച്ചലിനെ ശ്രദ്ധാകേന്ദ്രമാക്കി.

പുസ്തകം പുറത്തുവന്നതോടെ റേച്ചലിന്റെ പ്രഭാഷണങ്ങൾക്കും തിരക്കേറി. കഴിഞ്ഞ മാസം അവർ ചൈനയിൽ ആദ്യമായി പ്രഭാഷണത്തിനെത്തി.‘എന്നോടൊപ്പമുള്ള സംഘങ്ങളെ എങ്ങനെ നിരീക്ഷിക്കാം. അവർ ചെയ്യുന്ന ജോലികൾ എങ്ങനെ സൂക്ഷ്‌മമായി വിലയിരുത്താം.? അന്റാർട്ടിക്ക തന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം അതാണെന്ന്‌  റേച്ചൽ പറഞ്ഞു. ഏത്‌ പ്രതികൂലസാഹചര്യത്തിലും  സംഘങ്ങളെ നയിക്കാൻ കരുത്ത്‌ കിട്ടി.

‘തന്നെ ആഴത്തിൽ സ്വാധീനിച്ച ശക്തികളിൽ ഒന്ന്‌ പ്രകൃതിയാണ്‌. അതായത്‌ പെൻഗ്വിനുകൾ- റേച്ചൽ പറഞ്ഞു. പെൻഗ്വിൻ കൂട്ടത്തിൽ പതിനായിരക്കണക്കിന്‌ അംഗങ്ങൾ ഉണ്ടാകും. ആരെയും അമ്പരപ്പിക്കുന്ന ഈ കൂട്ടത്തിലും സ്വന്തം കുഞ്ഞുങ്ങളെ ശബ്ദം കൊണ്ട്‌ തിരിച്ചറിയാൻ അമ്മമാർക്ക്‌ കഴിയും. ആൾമാറാട്ടം നടത്തുന്ന കുഞ്ഞുങ്ങളെ നിഷ്‌കരുണം തിരസ്കരിക്കാനും അമ്മയ്ക്ക്‌ കഴിയും.

ശാസ്ത്രജ്ഞർ ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെ അത്‌ തെളിയിച്ചിട്ടുള്ളതാണ്‌. അന്റാർട്ടിക്കയിലെ അവിസ്മരണീയമായ പാഠം അതുതന്നെ.കാറ്റ്‌ വീശിയാൽ മാത്രമേ അന്റാർട്ടിക്കയിൽ ശബ്ദമുള്ളു. പെൻഗ്വിനുകളും ശബ്ദിക്കും. ഇല്ലെങ്കിൽ ഈ ഹിമഭൂമി ശാന്തമാണ്‌. ശൈത്യത്തിൽ ആകാശത്തിൽ നിറക്കൂട്ടുകൾ കാണാം. ജീവിതത്തിന്‌ നിറം പകരുന്ന നിമിഷങ്ങളും.