പ്രകൃതിയുടെ നേരറിവുകൾ കണ്ടറിയാനും പഠിക്കാനുമായി വനിതകളുടെ യാത്രാകൂട്ടായ്മ. പ്രകൃതി  സംരക്ഷണം പ്രധാന ലക്ഷ്യമായി തുടങ്ങിയ സഹയാത്രിക വനിതാ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം സ്ത്രീകൾക്കുവേണ്ടി മാത്രം യാത്രകൾ സംഘടിപ്പിക്കുക എന്നതാണ്. കഴിഞ്ഞ വനിതാദിനത്തിലാണ് യാത്രാ കൂട്ടായ്മയായ സഞ്ചാരിയുടെ വനിതാ യാത്രാക്ലബ്ബ് സഹയാത്രിക തുടങ്ങിയത്. ഒരു വർഷം കൊണ്ട് പരിസ്ഥിതിയുമായി ഇണങ്ങുന്ന ആറ് യാത്രകൾ ഇവർ നടത്തിക്കഴിഞ്ഞു. 

വാൽപ്പാറ, കക്കാടം പൊയിൽ, തട്ടേക്കാട്, വയലട, വാഗമൺ എന്നിവിടങ്ങളിലേക്കാണ് സഹയാത്രിക യാത്രകൾ സംഘടിപ്പിച്ചത്. സ്ത്രീകൾക്ക് അവരുടേതു മാത്രമായ സഞ്ചാരങ്ങൾക്കു വേണ്ടി ഒരിടം സൃഷ്ടിക്കുക എന്നതാണ് ‘സഹയാത്രിക’ കൊണ്ട് സഞ്ചാരി അർഥമാക്കുന്നതെന്ന് ഇതിലെ അംഗമായ സജ്‌ന പറയുന്നു. 

യാത്രയുടെയും പ്രകൃതിയുടെയും നല്ല പാഠങ്ങൾക്ക് പ്രചാരം കൊടുക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത സ്ത്രീകളിലൂടെ കുടുംബത്തിലേക്കും കുട്ടികളിലേക്കും പകരുക എന്നതും സ്ത്രീകളുടെ യാത്രാ കൂട്ടായ്മ ലക്ഷ്യമിടുന്നുണ്ട്. അമ്മമാർക്കൊപ്പം കുട്ടികളും ഈ യാത്രകളിൽ പങ്കാളികളാകുന്നുണ്ട്. 
കക്കാടം പൊയിൽ പ്രകൃതി ബോധവത്കരണ ക്യാമ്പും നടത്തിയിരുന്നു. ട്രക്കിങ് അടക്കമുള്ള അഡ്വഞ്ചർ യാത്രകളും ഇതിൽ ഉൾപ്പെടുന്നു. സംഘടനാ ചട്ടക്കൂടില്ലാതെ ഒരുകൂട്ടം വ്യക്തികൾ യാത്രകൾ തയ്യാറാക്കി നടപ്പാക്കുന്നതാണ് രീതി. വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ചു ക്ലബ്ബുകൾ സ്ഥാപിച്ചുകൊണ്ടാണ് സംഘടന പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് ലിജി, പ്രിയ, വിദ്യാർഥിനിയായ മൂവാറ്റുപുഴക്കാരി അതുല്യ, കൊച്ചിയിൽ അധ്യാപികയായ  ഷിജി, കോഴിക്കോട്ട്‌ എൻജിനീയർ ആയ ശ്വേതാ എന്നിവരടങ്ങുന്ന സംഘമാണ് യാത്രകൾക്കുള്ള പദ്ധതി തയ്യാറാക്കുന്നത്.  

ഇപ്പോൾ 500 ഓളം അംഗങ്ങളാണ് സഹയാത്രികയിലുള്ളത്. വീട്ടിലേക്കു മാത്രം ഒതുങ്ങുന്ന സ്ത്രീകളെ സമൂഹത്തിലേക്ക് ഇറങ്ങാനും സ്വന്തം സ്വപ്നങ്ങൾ നടപ്പാക്കാനുമാണ് സഹയാത്രിക പ്രേരിപ്പിക്കുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പുതിയ സൗഹൃദങ്ങളും പുതിയ കൂട്ടുകാരികളുമാണ് ഓരോ യാത്രയുടെയും അവസാനം കൈനിറയെ കിട്ടുന്നതെന്നും ഇവർ സന്തോഷത്തോടെ ചൂണ്ടിക്കാട്ടുന്നു.