പ്ലാന്‍ ചെയ്യുന്ന യാത്രകളെല്ലാം ഓരോരോ ഒഴിവുകഴിവുകള്‍ കണ്ടെത്തി മാറ്റിവെക്കുന്ന സ്വഭാവമുണ്ടോ? ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ മൂന്നുവനിതകളുടെ യാത്രയെക്കുറിച്ച് നിങ്ങള്‍ അറിയണം. കാരണം മധ്യവയസ്സുകാരായ ഇവര്‍ നടത്തുന്നത് 70 ദിവസം നീണ്ടുനില്‍ക്കുന്ന, 24 രാജ്യങ്ങളിലൂടെയുള്ള ഒരു നീണ്ട യാത്രയാണ്.
കൊയമ്പത്തൂര്‍ സ്വദേശിയായ മീനാക്ഷി അരവിന്ദ് (45), മുംബൈയില്‍ നിന്നുള്ള പ്രിയ രാജ്‌ഗോപാല്‍(55), പൊള്ളാച്ചിയില്‍ നിന്നുള്ള മൂകാംബിക രത്‌നം(38) എന്നിവരാണ് ലോകം മുഴുവന്‍ കീഴടക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. XPD 24- 70 എന്ന പേരിലാണ് ഇവരുടെ യാത്ര. മാര്‍ച്ച് 26-ന് കൊയമ്പത്തൂരില്‍ നിന്ന് യാത്ര തുടങ്ങിയ ഇവര്‍ ജൂണ്‍ അഞ്ചിന് ലണ്ടനില്‍ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇവരുടെ യാത്രക്കായി പ്രത്യേകം സജ്ജമാക്കിയ ടാറ്റ ഹെക്‌സയിലാണ് മൂവര്‍ സംഘത്തിന്റെ യാത്ര. രാത്രികള്‍ വിശ്രമത്തിനായി മാറ്റിവെച്ച് പകലുകളില്‍ പ്രതിദിനം 500 കിലോമീറ്റര്‍ വീതം 24,000 കിലോമീറ്ററുകള്‍ താണ്ടാനാണ് ഇവരുടെ പദ്ധതി. യാത്രക്ക് മുന്നോടിയായി പൂനയിലെ ടാറ്റ മോട്ടോര്‍ ഫാക്ടറിയില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയതിന് ശേഷമാണ് ഇവര്‍ യാത്ര ആരംഭിച്ചത്.
മ്യാന്‍മറിലാണ് ഇവരുടെ ആദ്യ സ്റ്റോപ്. ചൈന, കിര്‍ഗിസ്ഥാന്‍, റൊമാനിയ, ഉസ്‌ബെക്കിസ്ഥാന്‍, റഷ്യ, ബെലറസ്, പോളണ്ട്, സ്ലോവാക്യ, ഹങ്കറി തുടങ്ങി 24 രാജ്യങ്ങളാണ് ഇവര്‍ സന്ദര്‍ശിക്കുന്നത്. ഇന്ത്യ സ്വാതന്ത്യം നേടി 70 വര്‍ഷം പിന്നിടുന്ന ഈ വര്‍ഷം 70 ദിനം നീണ്ടു നില്‍ക്കുന്ന യാത്രയിലൂടെ ഇന്ത്യയുടെ യശസ്സുയര്‍ത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് ഇവര്‍ പറയുന്നു. കണ്ടതും അറിഞ്ഞതുമല്ല ഇന്ത്യ അതിലേറെയാണ് എന്ന സന്ദേശവുമായാണ് ഇവരുടെ യാത്ര.
ഈ യാത്രക്കായി ഒരാള്‍ക്ക് ഏകദേശം 15 ലക്ഷം രൂപയാണ് ചെലവ് വേണ്ടി വരുന്നത്. വിവിധ എന്‍ജിഒകളുടെയും സ്ഥാപനങ്ങളുടെയും സ്‌പോണ്‍സര്‍ഷിപ്പിലാണ് ഇവരുടെ യാത്ര.