കുട്ടിയെ നാടുകാണിക്കാൻ കാറിൽ രാജ്യം ചുറ്റിയ അമ്മ. ശ്വേത വിജിനെ അങ്ങനെ വിശേഷിപ്പിക്കാം. ഡെറാഡൂണിൽ നിന്ന്‌ കോഴിക്കോട്ടേക്ക് 4257 കിലോമീറ്റർ ദൂരമാണ് ഈ അമ്മ കാറോടിച്ചത്. “കോഴിക്കോട്ടേക്ക് താമസം മാറ്റാമെന്നുറപ്പിച്ചതോടെ എങ്ങനെയാവണം യാത്രയെന്ന് ഞാനും മകൻ അദ്വൈയും കൂടിയാലോചിച്ചു. വിമാനത്തിലോ തീവണ്ടിയിലോ വരാമെന്ന നിർദേശം തള്ളി, കാറിൽ പോയാലോ എന്നായി ചിന്ത.

ഒമ്പതുവയസ്സുകാരൻ മകനോട് ആലോചിച്ചപ്പോൾ.. 'യെസ് മമ്മ, ഉടൻതന്നെ പോവാം' എന്ന മറുപടി കിട്ടി. പിന്നെ അമാന്തിച്ചില്ല. ബൊലേറോ കാറുമെടുത്ത് പറന്നു..” - ശ്വേത യാത്രയുടെ തുടക്കത്തെക്കുറിച്ച് പറയുന്നു. വിവിധ സ്ഥലങ്ങളിലായാണ് ശ്വേത തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. അച്ഛന്റെ ജോലി സ്ഥലംമാറ്റത്തിനൊപ്പം ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായാണ് ജീവിച്ചത്‌.

എന്നാൽ തന്റെ കുട്ടി ഒരു നഗരത്തിൽ ഒതുങ്ങി, രാജ്യത്തിന്റെ വൈവിധ്യങ്ങളൊന്നും അറിയാതെ പോകുന്നല്ലോ എന്ന ചിന്ത അലട്ടാൻ തുടങ്ങിയപ്പോഴാണ് ദീർഘയാത്രയെക്കുറിച്ച് ആദ്യമായി ചിന്തിച്ചത്. ഇതേസമയത്ത് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കബനി ദി അദർ ഡയറക്ഷൻ - സുസ്ഥിര ടൂറിസം പ്രോജക്ടുമായി സഹകരിക്കാനും തീരുമാനിച്ചു. അവരുടെ മുഖ്യപരിശീലകയായി ഉദ്യോഗം സ്വീകരിച്ചതോടെ കോഴിക്കോട്ടേക്ക് താമസം മാറ്റുന്നത് ഉറപ്പിച്ചു.

ഏപ്രിൽ 17-നാണ് ഡെറാഡൂണിൽ നിന്ന് യാത്ര തുടങ്ങിയത്. ശ്വേതയും മകൻ അദ്വൈയും ഒപ്പം സുഹൃത്തുക്കളായ മനോജ് ജെയാലും വിവേകാനന്ദും പകുതിയിൽ വെച്ച് ആനി അനുബോധിയും മകൻ ഭവ്യയും യാത്രയിൽ പങ്കാളികളായി. ഓഷോ വിശ്വാസികളായ എല്ലാവരും തങ്ങളുടെ വിശ്വാസങ്ങളെ പ്രചരിപ്പിക്കുന്നതിനുള്ള ഉപാധി കൂടിയായി യാത്രയെ കണ്ടു.

അഹമ്മദാബാദ് വരെയുള്ള യാത്ര കൃത്യമായി മുൻനിശ്ചയിച്ചിരുന്നു. എവിടെ തങ്ങണം. എത്രസമയം യാത്ര ചെയ്യണം അങ്ങനെയുള്ള കാര്യങ്ങൾ. എന്നാൽ അതിന് ശേഷമുള്ളത് വിധിപോലെ എന്നായിരുന്നു. ഡെറാഡൂണിൽ നിന്ന്‌ ഡെൽഹി, ജയ്പൂർ, അജ്മീർ, പുഷ്‌കർ, മൗണ്ട്അബു, മെഹ്‌സാന, അഹമ്മദാബാദ്, വൽസാട്, ഷിർദ്ദി, ഔറംഗബാദ്, അജന്ത എല്ലോറ, പുണെ, സത്താര, ദാവൺഗരെ, ബെംഗളൂരു, കോഴിക്കോട്. അങ്ങനെയാണ് യാത്ര ചെയ്തത്.

ബെംഗളൂരുവിൽ നിന്ന് മറ്റു സംഘാംഗങ്ങൾ പിരിഞ്ഞുപോയി. മിക്കയിടത്തും തങ്ങൾക്ക് വലിയ സ്വീകരണങ്ങളാണ് ലഭിച്ചതെന്ന് ശ്വേത. സ്നേഹത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കഥകൾ, പ്രകൃതിയും സൂഫിയും നിറഞ്ഞുനിൽക്കുന്ന കഥകളിൽ ചിലത് സംഭവിച്ചതും ചിലത് മെനഞ്ഞുണ്ടാക്കിയതുമാണ്. ആദ്യമേ തിരഞ്ഞെടുത്തിരുന്നു. കഥകൾ ചെറിയ വേദികളിൽ അവതരിപ്പിക്കാൻ തക്കവിധം ചിട്ടപ്പെടുത്തിയിരുന്നു. സംഘാംഗങ്ങളെല്ലാം പങ്കാളികളായാണ് ഈ കഥകൾ ചെയ്തത്. ചെറിയ കഫെകളിലും ഗ്രാമീണവേദികളും എല്ലാം അവതരിപ്പിച്ചു. പലപ്പോഴും നിറകണ്ണുകളോടെ പ്രേക്ഷകർ വന്ന് ആലിംഗനം ചെയ്യുകയായിരുന്നു - ശ്വേത പറയുന്നു. 

രാജ്യത്തെ വ്യത്യസ്ത സംസ്കാരങ്ങളും ഭക്ഷണരീതികളും ജീവിതവും മകന് പരിചയപ്പെടുത്താൻ സാധിച്ചത് തന്നെയാണ് ഏറ്റവും വലിയ നേട്ടം-ശ്വേത പറഞ്ഞു. അമ്മയുടെ വാക്കുകളെ ശരിവെച്ചുകൊണ്ട് മകൻ അദ്വൈ സംസാരത്തിലുടനീളം ഇടപെട്ടുകൊണ്ടിരുന്നു. എന്നാൽ അദ്വൈയ്ക്ക് റോഡുകളും കാറുകളുമാണ് കമ്പം. ഡൽഹിയിലും പുണെയിലും വെച്ചുകണ്ട ആഡംബര കാറുകൾ. അവയെ വർണിച്ചിട്ടും ഫോട്ടോകൾ കാണിച്ചിട്ടും അദ്വൈയ്ക്ക് മതിയാവുന്നില്ല. 

ദിവസവും രാവിലെ ആറു മണിക്ക് തുടങ്ങുന്ന രീതിയിലാണ് യാത്ര ചെയ്തത്. ദിവസേന 300 കിലോമീറ്റർ വരെ മാത്രം കാറോടിക്കും. സംഘാംഗങ്ങൾ വേറെയുമുണ്ടെങ്കിലും ഡ്രൈവർ ഞാൻ മാത്രമായിരുന്നു. ദാവൺഗരെ - ബെംഗളൂരു റൂട്ടിലാണ് ഏറ്റവും കൂടുതൽ ദൂരം വണ്ടിയോടിച്ചത്. 500 കിലോമീറ്ററോളം. മറ്റെല്ലായിടത്തും ഉച്ചയോടെ താമസസ്ഥലത്തെുന്ന രീതിയിലായിരുന്നു പദ്ധതി. 

കോഴിക്കോട് ഇനി ഞങ്ങളുടെ നഗരം...
കോഴിക്കോട്ടുകാരുടെ സ്നേഹത്തെക്കുറിച്ച് പറയുമ്പോഴേക്കും ശ്വേത വാചാലയാവുന്നു. ലാളിത്യമുള്ള, സ്നേഹമുള്ള മനുഷ്യർ. മുമ്പ് രണ്ട് തവണ കേരളം സന്ദർശിച്ചിട്ടുണ്ട്. വയനാട്ടിലും പോയിട്ടുണ്ട്. കബനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനിടെ ഒരിക്കൽ വയനാട്ടിലെ ഗ്രാമത്തിൽവെച്ച് ഒരു ആദിവാസിയുവാവ് കാണിച്ച സ്നേഹം മറന്നിട്ടില്ല. ഒരു കുട്ടനിറയെ മാമ്പഴം അയാൾ ഞങ്ങൾക്കു സമ്മാനിച്ചു. കഴുത്തിലിട്ട ഷാളിൽ പൊതിഞ്ഞാണ് ഞാനത് താമസസ്ഥലത്തേക്ക് കൊണ്ടുവന്നത് - ശ്വേത പറയുന്നു. 

വിദ്യാഭ്യാസമുള്ള വായനശീലമുള്ള ആളുകൾ. മഴക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഞങ്ങൾ. ഇത്രയ്ക്ക് മഴ ഞാനും മകനും ആസ്വദിച്ചിട്ടേയില്ല. കോഴിക്കോടിനെക്കുറിച്ച് പരാതികളുണ്ടോയെന്ന് അന്വേഷിച്ചപ്പോൾ അമ്മയ്ക്കും മകനും ചിരി. എവിടെയും ചോറ് മാത്രം, പിന്നെ ചൂടുവെള്ളവും. എങ്ങനെയാണ് ഇത്ര ചൂടിൽ വെള്ളം കുടിക്കുക. ഇപ്പോൾ ഹോട്ടലിൽ കയറിയാൽ ആദ്യം തന്നെ 'കോൾഡ് വെള്ളം' എന്നു പറയും ഞങ്ങൾ.

എന്നാൽ നഗരത്തിലെ ഗതാഗതസംവിധാനത്തെക്കുറിച്ച് ശ്വേതയ്ക്ക് പരാതിയാണ്. കുത്തഴിഞ്ഞ ഗതാഗതം. അഹമ്മദാബാദാണ് ഇക്കാര്യത്തിൽ കുപ്രസിദ്ധി, അവിടെ സിഗ്നലിൽ ചുവപ്പ് തെളിഞ്ഞാലും ആളുകൾ വണ്ടി നിർത്തില്ല. അതിലും കുഴപ്പമാണ് കോഴിക്കോട്ട് വണ്ടിയോടിക്കാൻ. ആര് എങ്ങനെ വാഹനമെടുക്കുമെന്ന് പറയാനാവില്ല - ശ്വേത പരാതിപ്പെടുന്നു.

മാസ്‌ കമ്യൂണിക്കേഷനിലും നാടകത്തിലും ഔപചാരിക ബിരുദങ്ങൾ നേടിയ ശ്വേത മുമ്പ് പത്രപ്രവർത്തകയായും പ്രവർത്തിച്ചിരുന്നു. പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്. നാടകത്തിൽ ഇപ്പോഴും സജീവമാണ്. കോഴിക്കോട് തദ്ദേശീയ ഗ്രാമീണ ടൂറിസം പ്രോത്സാഹന പ്രോജക്ടുകളിൽ പരിശീലകയായാണ് പ്രവർത്തിക്കുന്നത്.

മാലിന്യസംസ്കരണം, വിനിമയശേഷി, ടൂറിസം സമീപനം തുടങ്ങിയ കാര്യങ്ങളിൽ നിർദേശങ്ങൾ നൽകും. അദ്വൈ നഗരത്തിലെ സ്കൂളിൽ ചേർന്നു കഴിഞ്ഞു. അടുത്ത വേനലവധിക്കാണ് ഇനി വലിയ യാത്രയെന്ന് പറയുന്നു അമ്മയും മകനും. അപ്പോൾ കാറിൽ കോഴിക്കോട്ടു നിന്ന് നാഗാലാൻഡ്‌ വരെ പോകാനാണ് ഉദ്ദേശിക്കുന്നത്. അതിനിടെ കേരളത്തിലങ്ങോളമിങ്ങോളം കൊച്ചുയാത്രകൾ മാത്രം. അമ്മയും മകനും അടുത്ത യാത്രയുടെ സ്വപ്നങ്ങളിലാണ്.