''രു സ്മാര്‍ട് ഫോണും പുറത്തൊരു ബാഗും മിനിമം കോമണ്‍സെന്‍സും അത്യാവശ്യം ചില്ലറയുമുണ്ടെങ്കില്‍ ഇക്കാലത്ത് ആര്‍ക്കും ഇന്ത്യയിലെവിടേയും സുരക്ഷിതമായി യാത്ര ചെയ്യാം. ഒറ്റക്കോ കൂട്ടായോ, ആണ്‍പെണ്‍ ഭേദമില്ലാതെ...'' പ്രിയയുടെ ഫേസ്ബുക് പോസ്റ്റ്.

മകള്‍ക്ക് അഹമ്മദാബാദ് 'നിഡില്‍' ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുണ്ട്. അവളുടെ അച്ഛന് അത്തവണ ലീവെടുക്കാനാവില്ല. ആര് പോവും കൂട്ടിന്‍ കണ്ണൂരിലെ വീട്ടമ്മയായ പ്രിയ കണ്‍ഫ്യൂഷനിലായി. ഒടുക്കം പ്രിയയും മകളും ഒന്നിച്ചുപോവാന്‍ തീരുമാനിച്ചു. അമ്മയും മകളും മാത്രമായൊരു യാത്ര...ആ അഹമ്മദാബാദ് യാത്ര പ്രിയയുടെ ജീവിതം മാറ്റി. കണ്ണൂരിലെ സ്‌കൂള്‍ അധ്യാപികയായ പ്രിയ ഒരു യാത്രാപ്രേമി തന്നെ ആയി മാറി. പ്രിയ എഴുതുന്നു...

വഴി കാണിച്ച രാജസ്ഥാനികള്‍

ഒരാഴ്ചത്തേക്കാണ് അഹമ്മദാബാദിലേക്ക് പോയത്. പക്ഷെ അത് നീട്ടേണ്ടിവന്നു.. ഒഴിവ് ദിവസങ്ങളില്‍ ഞങ്ങള്‍ ഉള്‍നാടുകള്‍ പോയി കണ്ടു. ട്രെയിന്‍യാത്രയ്ക്കിടയില്‍ ഒരു ബിഷ്‌ണോയ് കുടുംബത്തെ പരിചയപ്പെടാനിടയായി. ഗ്രാമീണരാണ്. അവര്‍ ഞങ്ങളെ ഗ്രാമത്തിലെ വീട്ടിലേക്ക് ക്ഷണിച്ചു. മാര്‍വാഡിയാണ് ഭാഷ. പക്ഷെ സ്‌നേഹത്തിന് ഒന്നും തടസ്സമായില്ല. ജോധാപ്പൂരിലെ ഗ്രാമത്തില്‍ അവരുടെ മണ്‍കട്ടകൊണ്ട് മെനഞ്ഞ കുടിലില്‍ അന്ന് ഞങ്ങള്‍ താമസിച്ചു. പരമ്പരാഗത ശൈലിയിലുള്ള ചിത്രപ്പണികളാല്‍ അലംകൃതമാണവ. മുറ്റത്ത് പേടമാനുകളും മയിലുകളും നിര്‍ഭയം വന്നു. അവ വീട്ടുകാരോട് ഇണക്കത്തിലാണ്. 

Priya

ഞങ്ങള്‍ക്ക് കഴിക്കാന്‍ അവരുടെ സ്‌റ്റൈലിലുള്ള ഒരു തരം ബിരിയാണി വിളമ്പിത്തന്നു. മണ്ണടുപ്പില്‍ ചുട്ടെടുക്കുന്ന ബാജ്‌റ റൊട്ടിക്ക് നല്ല സ്വാദായിരുന്നു. വീട്ടുമുറ്റത്തിട്ട കയര്‍ വരിഞ്ഞ കട്ടിലുകളിലാണ് അന്നുറങ്ങിയത്. പിറ്റേന്ന് അതിരാവിലെ  ഞാനും മോളും അവിടുത്തെ വീട്ടുകാരിക്കൊപ്പം വെള്ളം കൊണ്ടുവരാന്‍ പോയി. വെള്ളത്തിന്റെ വിലയറിഞ്ഞത് അവരുടെ ജീവിതം കണ്ടപ്പോഴാണ്. കിണര്‍ അടച്ചിട്ടാണ്. വെള്ളമെടുക്കാന്‍ മാത്രം ഒരു ദ്വാരം ഇട്ടിട്ടുണ്ട ്. കോരിയൊഴിക്കുമ്പോള്‍ പുറത്ത് വീഴുന്ന ഏതാനും തുള്ളി വെള്ളം പോലും ശേഖരിക്കാനും സംവിധാനമുണ്ട്! പിറ്റേന്ന് ഞങ്ങള്‍ സബര്‍മതി ആശ്രമം കാണാനും പോയി. ആശ്രമത്തില്‍ ഗാന്ധിജി ഉപയോഗിച്ച ഊന്നുവടി, കണ്ണട,മെതിയടി,പാത്രങ്ങള്‍...അതെല്ലാം മനസ്സില്‍ തട്ടിയ അനുഭവങ്ങളായിരുന്നു...
 
മോളുള്ളതുകൊണ്ട് യാത്രകളില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധാലുവായിരുന്നു. എങ്കിലും അഹമ്മദാബാദില്‍ രാത്രിയാത്ര പോലും ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു. കൊച്ചുകുട്ടികളും മുത്തശ്ശിമാരും വരെ കുടുംബമൊത്ത് ലോണിലിരുന്ന് രാത്രി ചെലവഴിക്കും. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നവരെയോ സ്ത്രീകളെ ഉപദ്രവിക്കുന്നവരെയോ ഞാനവിടെ കണ്ടില്ല. ബസ്സില്‍ കേറിയാല്‍പ്പോലും പ്രശ്‌നമൊന്നുമില്ല. എനിക്ക് നോര്‍ത്തിന്ത്യയെക്കുറിച്ചുള്ള പേടി മാറി.

ആദ്യത്തെ ഒറ്റയാന്‍ യാത്ര

അഹമ്മദാബാദ് യാത്ര കഴിഞ്ഞ് വന്നപ്പോള്‍ എനിക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹം കൂടിക്കൂടി വന്നു. ദൂരസ്ഥലങ്ങള്‍ വിളിക്കുന്നപോലെ...ആദ്യം പത്ത് ദിവസത്തെ ഒരു യാത്ര. ജയ്പ്പൂര്‍ജോധ്പൂര്‍ ആയിരുന്നു ലക്ഷ്യം. യാത്രാ ടിക്കറ്റുകളെല്ലാം ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു. ട്രെയിനുകള്‍ ഏതൊക്കെ എവിടേക്കൊക്കെ എന്നൊക്കെ പഠിച്ചു. സ്ത്രീകള്‍ക്ക് മാത്രമുള്ള ഡോര്‍മിറ്ററികള്‍ ലഭ്യമായിരുന്നു. ദിവസം 200 രൂപയൊക്കെയേ വാടക വന്നുള്ളൂ. സുരക്ഷിതവുമാണ്.  റെയില്‍വേസ്റ്റേഷനില്‍ത്തന്നെ ലഭ്യമായ റിട്ടയറിങ്ങ് റൂമുകളിലും താമസിച്ചു. വിലക്കുറവുണ്ട് ഇവയ്ക്കും. 

Priya

ജോധ്പൂര്‍ കാഴ്ചകളുടെ ഒരു നാടാണ്.... ജോധ്പൂര്‍ ബഌ സിറ്റി കണ്ടത് ഏറ്റവും മനോഹരമായ ഒരനുഭവമായിരുന്നു. കുന്നിന് മീതെ  ജോധാസിങ്ങിന്റെ ഒരു പ്രതിമയു്. കുതിരപ്പുറത്തിരുന്ന് താഴെ നഗരത്തെ വിരല്‍ ചൂണ്ടിക്കാണിച്ചുതരുന്ന മട്ടില്‍. ഞാനവിടെ നിന്ന് ജോധാസിങ്ങിന്റെ ചൂണ്ടുവിരലിന് നേരെ നോക്കി. ജോധ്പൂര്‍ നഗരം കണ്ടു. നീല നഗരം...മണ്‍ഡോര്‍ ഗാര്‍ഡന്‍സ് കാണാന്‍ പോയതും നല്ലൊരു ഓര്‍മ്മ. രാമായണത്തിലെ രാവണന്റെ ഭാര്യ മണ്ഡോദരിയുടെ ജന്മനാടാണ് അവിടം എന്നാണ് കഥ.രാവണ്‍ കി സസുരാല്‍ എന്നൊരു ക്ഷേത്രം ഉണ്ട്.മണ്ഡോദരിയുടെ ക്ഷേത്രം.രാവണന്റെ ഭാര്യവീട്...രാവണന്‍ അവിടുത്തുകാര്‍ക്ക് മരുമകനാണ്. അമാനുഷികതകളൊന്നുമില്ലാത്ത സാധാരണക്കാരന്‍. നമുക്കും അങ്ങനെ തോന്നും. 

ജോധ്പൂരില്‍ നിന്ന് തിരിച്ചുള്ള വരവില്‍ റെയില്‍വേ സ്റ്റേഷനിലിരിക്കെ ഒരു ജോധ്പൂരുകാരനെ പരിചയപ്പെട്ടു. പലതരം മനുഷ്യരെ കണ്ട് കണ്ട് നമുക്ക് പെട്ടെന്ന് ആളുകളുടെ പെരുമാറ്റം മനസ്സിലാക്കാനുള്ള ഒരു കഴിവ് കിട്ടിത്തുടങ്ങും. ഇത് മാന്യനായ ഒരാള്‍. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് സംസാരിക്കാന്‍ താല്‍പ്പര്യമായി. അയാളുടെ നാട് കാണാന്‍ വന്നതിലുള്ള സന്തോഷം. ചായക്കാരന്‍ വന്നപ്പോള്‍ അയാള്‍ ഒരു ചായ വാങ്ങി എനിക്ക് നീട്ടി. ആ ചായ കുടിക്കാന്‍ സത്യത്തില്‍ പേടിയായി. നമ്മള്‍ പലതും കേട്ടതല്ലേ. എന്നിട്ടും ഒരു വിശ്വാസത്തിന്മേല്‍ ഞാനത് കുടിച്ചു. 

ജാഗ്രതൈ

ഒറ്റയ്ക്കുള്ള യാത്രകള്‍ ആസ്വദിക്കുമ്പോഴും, ഒറ്റയ്ക്കാണല്ലോ എന്നതിനാല്‍ ജാഗ്രതയിലാണ് ഞാന്‍. ആളില്ലാത്ത കംപാര്‍ട്‌മെന്റില്‍ കയറില്ല. ആണും പെണ്ണും കലര്‍ന്നുകാണുന്ന ഇടങ്ങള്‍ സുരക്ഷിതമാണ്. ഒറ്റപ്പെട്ടുപോവുമ്പോള്‍ ചുറ്റുപാടിനെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവാകും. ആളുകളെ നല്ലോണം നിരീക്ഷിക്കും. വിജനമായ സ്ഥലങ്ങളിലേക്ക് പോവില്ല. 

ഷോപ്പിങ്ങ്, ഭക്ഷണം എന്നീ കാര്യങ്ങള്‍ക്ക് അധികം സമയം ചെലവഴിക്കാറില്ല. ഡ്രസ്സ് അവിടെ പോയി വാങ്ങും. ലഗേജ് കുറയ്ക്കാമല്ലോ. യാത്ര ചെയ്യുമ്പോള്‍ റോഡ്‌സൈഡിലെ ഫുഡ് കഴിച്ചു. ഇതുവരെ അപകടമൊന്നും വന്നിട്ടില്ല. കുടിവെള്ളം എപ്പോഴും ബാഗില്‍ കരുതും.പഞ്ചാബിലൊക്കെ പോവുമ്പോള്‍ സ്ട്രീറ്റ് ഫുഡായ ഗോല്‍ഗൊപ്പയാണ് കഴിച്ചത്. മിഷ്ടി ദൊയ് ആണ് സിക്കുകാരുടെ രുചികരമായൊരു വിഭവം. മധുരമിട്ട് തണുപ്പിച്ച തൈര്. പക്ഷെ ലസ്സിയല്ല. ഐസ്‌ക്രീം പോലെയിരിക്കും. അത് രണ്ടുമൂന്ന് കപ്പ് കഴിച്ചാല്‍ പിന്നെ അന്ന് ക്ഷീണമറിയുകയേയില്ല.  

രാത്രി ട്രെയിന്‍യാത്രയിലാവും. പകല്‍ സ്ഥലം കാണാന്‍ പോവും. അതാണ് എന്റെ രീതി. എല്ലാ സ്ഥലങ്ങളിലും നമുക്ക് ഒറ്റയ്ക്ക് പോവാമെന്നാണ് എന്റെ ചിന്ത. ആലോചനാപൂര്‍വ്വം പോവുകയാണ് പ്രധാനം. പ്രശ്‌നങ്ങളിലേക്ക് തലയിടാതെ നടക്കാം. ജയ്പ്പൂര്‍, ജോധ്പൂര്‍,പഞ്ജാബ്, ഡല്‍ഹി, ആഗ്ര,നാഗൂര്‍, ചണ്ഡിഗഡ്, മഹാരാഷട്ര,ഗുജറാത്ത്...അത്രയൊക്കെയേ ഉള്ളൂ  പോയ സ്ഥലങ്ങള്‍. എന്റെ യാത്രകള്‍ വരാനിരിക്കുന്നേയുള്ളൂ എന്നാണ് തോന്നല്‍...ജയ്‌സാല്‍മീറിലെ മരുമേള കാണണം. ജോധ്പൂരിലെ സൂഫി സംഗീതോത്സവം, ഉജ്ജയിനിയിലെ കാളിദാസ സമാരോഹ്... അതാണ് എന്റെ സ്വപ്നത്തിലെ അടുത്ത യാത്ര...

എന്തിന് പേടിക്കണം
ഗുജറാത്തില്‍ വഡോദര പോയപ്പോള്‍ ഒരു പകല്‍ ആണ് യാത്രയ്ക്കുള്ളത്. ലഗേജ് റെയില്‍വേയുടെ ക്‌ളോക്ക് റൂമില്‍ സൂക്ഷിച്ചു. 24 മണിക്കൂറിന് 16 രൂപ. എന്നിട്ട് കൈയ്യില്‍ ഒരു ഹാന്‍ഡ് ബാഗ് മാത്രമെടുത്ത് യാത്ര തുടങ്ങി. 40 രൂപയുടെ ബസ് പാസെടുത്ത് പകല്‍ മുഴുവന്‍ കറങ്ങി. ഒറ്റയ്ക്കുള്ള യാത്രയില്‍  സ്മാര്‍ട്‌ഫോണ്‍ വലിയ സഹായമാണ്. 

ഒരു സ്ഥലത്തെത്തിയാല്‍ നെറ്റ് ഓണ്‍ ചെയ്ത് ആ സ്ഥലത്തേക്കുള്ള എല്ലാ വിവരങ്ങളും വായിച്ചറിയും. ചില പ്രദേശങ്ങളിലേക്ക് ഊബര്‍ ടാക്‌സി വിളിച്ച് പോയി. താമസസ്ഥലത്തേക്കുള്ള വഴി കണ്ടുപിടിക്കാന്‍ ജിപിഎസ് ഓണ്‍ ചെയ്യും. 
സ്ത്രീകള്‍ തനിച്ചുയാത്ര ചെയ്യുന്നത് ഇക്കാലത്ത് അപൂര്‍വ്വമേയല്ല. ഹിമാലയത്തിലേ്ക്കും മറ്റും സാഹസികയാത്ര നടത്തുന്ന സ്ത്രീകളെ എനിക്കറിയാം. 

സ്ത്രീകള്‍ക്ക് തനിച്ചുള്ള യാത്ര സുരക്ഷിതമല്ലെന്ന സമൂഹത്തിന്റെ പൊതു കാഴ്ചപ്പാട് തിരുത്തേണ്ട സമയമായെന്ന് തോന്നുന്നു. നമ്മള്‍ നല്ല ഉദ്ദേശ്യവുമായി പോവുന്ന ആളാണെങ്കില്‍ താമസിക്കാന്‍ ഹോട്ടല്‍ മുറി കിട്ടുന്നതില്‍ ഒരു പ്രയാസവും വരില്ലെന്നാണ് അനുഭവം. കൈയ്യില്‍ ഐഡി കാര്‍ഡുണ്ടായാല്‍ മതി. മാഫിയകളും പെണ്‍വാണിഭവും അധോലോകവും എല്ലാം എല്ലായിടത്തും കാണും. എന്നെ സംബന്ധിച്ചിടത്തോളം യാത്രയില്‍ അത്തരം ഭീതികള്‍ക്ക് സ്ഥാനമില്ല. 

യാത്ര തരുന്ന ഊര്‍ജ്ജം ചില്ലറയല്ല. ആഗ്രകോട്ടയിലൂടെ നടക്കുമ്പോള്‍, തടവില്‍ കിടന്ന് ജനലിലൂടെ താജ്മഹലിനെ നോക്കി കഴിച്ചുകൂട്ടിയ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മാനസികാവസ്ഥ കുറച്ചുനേരമെങ്കിലും എന്റേതായി. ഒരു ടീമായിട്ട് പോവുമ്പോള്‍ ഇങ്ങനെയുള്ള ഫാന്റസികളൊന്നും നടക്കില്ല. ലഗേജ്, കുട്ടികള്‍, ഫാമിലിയുടെ ഭക്ഷണം....അതൊക്കെയാവും ചിന്ത. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ നമുക്ക് നമ്മോട് മാത്രം അഡ്ജസ്റ്റ് ചെയ്താല്‍ മതി. അങ്ങനേയും ഒരനുഭവം നമുക്ക് വേണം...അന്ന് അലഞ്ഞ് തളര്‍ന്നപ്പോള്‍ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ രാജസഭയായ ദിവാന്ഡ ഇഘാസിലെ വെണ്ണക്കല്‍ തറയില്‍ 'രാജകീയമായി' മയങ്ങിയതോര്‍ക്കുന്നു. 

Priya

രാജസ്ഥാനിലെ ബിക്കാനീര്‍ ജുനാഗഢ് കോട്ട. എന്റെ കുട്ടിക്കാല വായനാകാശങ്ങളില്‍ മഴവില്ലിന്റെ വര്‍ണ്ണപ്പൊലിമ വിരിയിച്ചിരുന്നത് അമര്‍ച്ചിത്രകഥകളും മാലിയുടെ രജപുത്രകഥാവലിയുമായിരുന്നു. സത്യവും മിഥ്യയും കെട്ടുകഥകളുംഅതിശയോക്തികളും ചരിത്രവും സങ്കല്‍പ്പവുമെല്ലാം വേര്‍തിരിച്ചെടുക്കാനാവാത്ത വിധം അവയില്‍ ഇഴപിരിഞ്ഞുകിടന്നു. അസാമാന്യ ധൈര്യശാലികളും വീരപരാക്രമികളുമായ രജപുത്രയോദ്ധാക്കള്‍ . അഭൗമ സൗന്ദര്യവതികളും കലാനിപുണകളും വിദുഷികളുമായ രജപുത്രനാരിമാര്‍...പോര്‍വിളികളുടേയും പടയോട്ടങ്ങളുടേയും കുടിപ്പകയുടേയും മായികലോകത്തേക്കുള്ള കിളിവാതിലിനപ്പുറത്ത് എന്റെ പകല്‍ക്കിനാവുകളിലേക്ക് നിറമുള്ള തലപ്പാവും തിളങ്ങുന്ന മേലങ്കിയും രത്‌നാഭരണങ്ങളുമണിഞ്ഞ് കൈയില്‍ ഉയര്‍ത്തിപ്പിടിച്ച വാളുമായി പൗരുഷത്തിന്റെ ആള്‍രൂപമായി, തന്റെ ബഹാദൂര്‍ എന്ന കുതിരപ്പുറത്തേറിവന്ന ആദ്യപ്രണയനായകനായിരുന്നു അമര്‍സിങ്ങ് റാഥോഡ്. 

മുപ്പതിലേറെ വര്‍ഷങ്ങള്‍ക്കിപ്പുറം കഴിഞ്ഞ മെയ്മാസത്തില്‍ രാജസ്ഥാനിലെ നാഗൗറില്‍ അമര്‍സിങ്ങിന്റെ കൊട്ടാരക്കെട്ടിന്റെ അകത്തളങ്ങളില്‍ ഓരോ കല്ലിനേയും തൊട്ടറിഞ്ഞ്, മനസ്സുകൊണ്ട  വിദൂരസംവേദനം നടത്തുകയായിരുന്നു ഞാന്‍. കൂട്ടത്തിലുള്ള രാജസ്ഥാനി സുഹൃത്തുക്കള്‍, 'യേ കിലാ കൊ ദേഖ്‌നേ കെ കുഛ് നയി ഹെ മാം. പാഗല്‍ ഹോ ഗയീ ഹെ ആപ്?', എന്ന് മടുപ്പോടെ ചോദിച്ചുകൊണ്ടിരുന്നു . അവരെ ഞാനെങ്ങനെ പറഞ്ഞുമനസ്സിലാക്കും എന്റെ മനസ്സിനെ!

അവധിക്കാലത്ത് ടിവിയുടെ മുന്നില്‍ അലസമായിരിക്കും. പകല്‍ കിടന്നുതീര്‍ക്കും. അങ്ങനെയായിരുന്നു ഞാന്‍. ആ വിരസത തീര്‍ന്നത് യാത്ര ചെയ്യാന്‍ തുടങ്ങിയപ്പോഴാണ്. വിടാതെ പിടികൂടിയിരുന്ന നടുവേദനയും അതോടെ അപ്രത്യക്ഷമായി...കുടുംബസമേതം യാത്ര പോവുന്നതും തുല്യമായി ആസ്വദിക്കാറുണ്ട്. അത് വേറെ! പ്രശ്‌നമുള്ള സാഹചര്യത്തില്‍ പെട്ടാല്‍ ഞാനത് സ്വയം മാനേജ് ചെയ്‌തോളും എന്ന് എന്റെ ഭര്‍ത്താവിനറിയാം. അതുകൊണ്ട് ഞാന്‍ ഒറ്റയ്ക്ക് പോവുന്നതില്‍ പുള്ളിക്ക് ടെന്‍ഷനില്ല.


തയ്യാറാക്കിയത് : ശര്‍മിള (പ്രിയ കല്യാസ്  ഒരു ബ്‌ളോഗെഴുത്തുകാരി കൂടിയാണ്. ഭര്‍ത്താവ് സുധാകര്‍ കണ്ണൂരിലെ കല്യാശ്ശേരി ഗവ. ഹൈസ്‌കൂള്‍ അധ്യാപകന്‍. മക്കള്‍ നവനീതയും വിഹായസ്സും വിദ്യാര്‍ത്ഥികള്‍.)  ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌