ദ്യമായി പരീക്ഷയെഴുതുമ്പോഴുണ്ടാകുന്ന, ആദ്യ പ്രണയം ഉടലെടുക്കുമ്പോഴുണ്ടാകുന്ന അതേ മാനസികാവസ്ഥയിലായിരുന്നു ഞാന്‍. വെള്ളത്തിനടിയിലൂടെയുള്ള ആദ്യ ഡൈവിങ്ങ്, എന്റെ ശ്വാസനിശ്വാസങ്ങളുടെ താളത്മകതയും മാസ്മരികതയും ആദ്യമായി അറിഞ്ഞ, പ്രകൃതിയെ അടുത്തനുഭവിച്ച നിമിഷങ്ങള്‍. 

അഞ്ച് ദിവസത്തെ വിനോദയാത്രക്കായി കേരളത്തില്‍ നിന്ന് ആന്‍ഡമാനിലേക്ക് തിരിക്കുമ്പോള്‍ തന്നെ സ്‌കൂബ ഡൈവിങ് മനസ്സിനുറപ്പിച്ചിരുന്നു. ഹാവ്ലോക് ബീച്ച് 2 വില്‍ സ്‌കൂബ ഡൈവ് ചെയ്യുന്ന കാര്യത്തില്‍ അതുകൊണ്ടുതന്നെ രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. ഫിറ്റ്നസ്സ് രേഖപ്പെടുത്തുന്നതിനായി ചോദ്യങ്ങള്‍ നിറഞ്ഞ ഒരു വലിയ ഫോം പൂരിപ്പിച്ചു നല്‍കാനാണ് അവര്‍ ആദ്യം ആവശ്യപ്പെട്ടത്. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി ഒരു വലിയ നോയില്‍ നല്‍കി ആദ്യ കടമ്പ പിന്നിട്ടു. തുടര്‍ന്ന് സ്‌കൂബ ഡൈവിനുള്ള വസ്ത്രം ധരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. കണങ്കാല്‍ പുറത്തുകാണും വിധത്തിലുള്ള ആ ടൈറ്റ് ഔട്ടഫിറ്റ് ധരിച്ചപ്പോള്‍ ആദ്യമൊരു വല്ലായ്ക തോന്നി. 

എന്റെ ജീവന്‍ കൂടെയുളള ഇന്‍സ്ട്രക്ടറുടെ കൈകളിലേല്‍പ്പിക്കാന്‍ ഒരുങ്ങുകയായിരുന്നു അപ്പോള്‍ ഞാന്‍. ഞങ്ങള്‍ ബീച്ചിലേക്ക് പോയി. തീരത്തു നിന്നും കുറച്ചകലെയായി നങ്കൂരമിട്ടിരുന്ന ബോട്ടില്‍ കയറുന്നതിനായി കടലിലൂടെ അല്പം നടന്നു..വെള്ളത്തിലൂടെയുളള ആ നടത്തം അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. 

ബോട്ടിലിരുന്ന് സ്‌കൂബ ഡൈവിങ്ങിന്റെ അടിസ്ഥാന പാഠങ്ങള്‍ ഇന്‍സ്ട്രക്ടര്‍ പറഞ്ഞുതന്നു. തുടര്‍ന്ന് പരിശീലകന്റെ സഹായത്തോടെ സ്‌കൂബ ജാക്കറ്റ് ധരിച്ച് ആദ്യ ഡൈവിങ്ങിനായി ഞാന്‍ ഒരുങ്ങി. വെള്ളത്തിനടിയില്‍ ഇറങ്ങുമ്പോള്‍ ശ്വാസതടസ്സമുണ്ടാകുമോയെന്ന ചിന്തയോടൊപ്പം ഭയവും ഉത്കണ്ഠയും മനസ്സില്‍ നിറഞ്ഞു. 

വെള്ളത്തിനടിയില്‍ ഇറങ്ങിയ ഉടനെ ശ്വസിക്കേണ്ടതെങ്ങനെയെന്ന് പരിശീലകന്‍ നിര്‍ദേശിച്ചു. കൈകള്‍ കൊണ്ടു മാത്രമേ ആശയവിനിമയം നടത്താവൂ എന്നും.. ഓക്കെ, ആള്‍ഫൈന്‍, സ്റ്റോപ്പ് അങ്ങനെയെല്ലാം ആംഗ്യഭാഷയില്‍..റെഗുലേറ്റര്‍ വായില്‍ തിരുകി മെല്ലെ മുങ്ങുവാനുള്ള നിര്‍ദേശം  കിട്ടി..എനിക്കറിയാത്ത ഒരു ലോകത്തിലേക്കാണ് ഞാന്‍ പോകുന്നത്..എനിക്ക് വല്ലാത്ത ഭയം തോന്നി. 

എന്റെ ഇന്‍സ്ട്രക്ടര്‍ എന്നെ അയാളുടെ ചിറകിലുള്ളിലൂടെ അടിയിലേക്ക് കൊണ്ടുപോയി. ഞാന്‍ മെല്ലെ കടലിനടിയിലേക്ക്  നീങ്ങുന്നത് എനിക്കിപ്പോഴും ഓര്‍മുയുണ്ട്്. എന്റെ നിലവിളികള്‍ ആരിലുമെത്താതെ മുങ്ങിത്താഴുകയാണ്..ആദ്യ കുറച്ച്  നിമിഷങ്ങളില്‍ എന്റെ ആകെയുള്ള പ്രതീക്ഷ ഇന്‍സ്ട്രക്ടറായിരുന്നു. 

മെല്ലെ ഞാനും കടലിനടില്‍ തെന്നി നീങ്ങാന്‍ തുടങ്ങി. എല്ലാം ഒരു ഒച്ചിന്റെ വേഗതയിലായിരുന്നു എന്നുമാത്രം. കുറച്ചുനിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു നീന്തല്‍ക്കാരനെ പോലെ ഞാനും നീന്തി തുടങ്ങി. അഞ്ചുമീറ്ററുകള്‍ക്കടിയില്‍ ഞാന്‍ കണ്ടത് ഒരു മായാലോകമായിരുന്നു. പലവര്‍ണ്ണങ്ങളിലുള്ല മീനുകളുടെ ന#ൃത്തം, പവിഴപ്പുറ്റുകള്‍, മൃദുവായ കടലിന്റെ അടിത്തട്ട്..പലതരത്തിലുള്ള എണ്ണമറ്റ വലുതും ചെറുതുമാ യ മീനുകള്‍ എനിക്ക് ചുറ്റും വളഞ്ഞ പുളഞ്ഞ് നീന്തിക്കൊണ്ടിരുന്നു..എനിക്ക് അക്ഷരാര്‍ഥത്തില്‍ ശ്വാസം നിലച്ചതുപോലെ തോന്നി. ഇന്നുവരെ ഞാന്‍ കണ്ട സ്ഥലങ്ങളിള്‍ വച്ചേറ്റവും മനോഹരമായ ഒന്നാണ് ഞാന്‍ കാണുന്നത്. 

ആദ്യമായി, കടലിനോട് എനിക്ക് പ്രണയം തോന്നി. ആകര്‍ഷകമായ നിറങ്ങളിലുള്ള പവിഴപ്പാറകളും അത്ഭുതപ്പെടുത്തുന്ന വെള്ളത്തിനടിയിലെ ജീവിതവും കുഞ്ഞന്‍ മീനുകളും എന്നെ ആഹ്ലാദത്തിന്റെയും ആശ്ചര്യത്തിന്റെയും കൊടുമുടിയിലെത്തിച്ചു.

വെള്ളത്തിനടിയിലെ ഉഗ്ര നിശബ്ദതയക്കിടയില്‍ എനിക്ക് ഏറ്റവും മാസ്മരികമായി അനുഭവപ്പെട്ടത് എന്റെ തന്നെ ശ്വാസോച്ഛാസത്തിന്റെ ശബ്ദമാണ്. അതീവ ഹൃദ്യമായിരുന്നു അത്. എന്റെ ഇന്‍സ്ട്രക്ടര്‍ എനിക്കൊപ്പമുണ്ടായിരുന്നു. എന്റെ ടാങ്കില്‍ പിടിച്ചു വലിച്ച് ആ മനോഹര ലോകം അയാള്‍ എനിക്ക് കാണിച്ചുതന്നുകൊണ്ടേയിരുന്നു. എല്ലാം ശരിയാണെന്ന്  അയാള്‍ എല്ലായ്പ്പോഴും ഉറപ്പുവരുത്തിയിരുന്നു. ഒരിക്കല്‍ എനിക്ക് ചെവിയില്‍ അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ എന്റെ ഇന്‍സ്ട്രക്ടര്‍ എന്റെ മൂക്ക് അല്‍പസമയം അടച്ചുപിടിച്ച് ചെവിയുടെ സമ്മര്‍ദ്ദം ഒഴിവാക്കി തരികയും ചെയ്തു.  

അരമണിക്കൂറോളം റെഗുലേറ്റര്‍ വായിലുണ്ടായിരുന്നു..ശ്വാസമെടുക്കാനുളള ശ്രമത്തിനിടയിലെപ്പോഴോ ഉപ്പുവെള്ളവും കുടിച്ചു.. ഇതിനിടയില്‍ വിവിധ ആഹ്കിളുകളില്‍ നിന്ന് നിരവധി ഫോട്ടോഗ്രാഫുകളും അവര്‍ പകര്‍ത്തി..നമ്മുടെ ലോകത്തേക്കാള്‍ എത്ര മനോഹരമാണ് ഇതെന്ന് എനിക്ക് പലപ്പോഴും തോന്നി.

അടിയിലേക്ക് പോകുന്തോറും എന്റെ ഇയര്‍ പ്രഷര്‍ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. ഞാന്‍ എന്റെ ഇന്‍സ്ട്രക്ടറോട്  നിര്‍ത്താന്‍ ആംഗ്യം കാട്ടി. എനിക്ക് ശ്വാസതടസ്സത്തെ കുറിച്ച് അപ്പോള്‍ മാത്രമാണ് എനിക്ക് ഓര്‍മ വന്നതുതന്നെ. ആഴക്കടലില്‍ നിന്ന് ഇന്‍സ്്രക്ടര്‍ എന്നെ പുറത്തെത്തിച്ചു. 28 മിനിട്ടോളം 10 മീറ്റര്‍ ജലത്തിനടിയില് ഞാന്‍ ചെലവഴിച്ചെന്ന കാര്യം എനിക്ക് തന്നെ ആശ്ചര്യമായിരുന്നു. സത്യത്തില്‍ ഒരു സ്വപ്നം പോലെ..വീണ്ടും വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്ന ഒരു സ്വപ്നം.