ഹിമാലയത്തിലെ മഞ്ഞുപുതച്ച മലകളിലൂടെ, ഋഷികേശിലെ കുതിച്ചു പായുന്ന പുഴകളിലൂടെ, നേപ്പാളിലെ തണുത്ത കാറ്റാടിക്കുന്ന ആകാശത്തിലൂടെ..   സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ചു പറക്കാന്‍ കൊതിക്കാത്തവര്‍ ആരെങ്കിലും ഉണ്ടോ ??? പക്ഷെ സമൂഹം കല്പിച്ച വഴികള്‍ , ഉത്തരവാദിത്തങ്ങള്‍, സാമ്പത്തികം, ഭയം, ഇതെല്ലാം കാരണം ആ സ്വപ്നങ്ങളെ മനസിന്റെ ഒരുകോണില്‍ താഴിട്ടു പൂട്ടി ചിരിച്ച മുഖവുമായി നടക്കുന്നവര്‍ ആണ്  മലയാളികളില്‍ കൂടുതല്‍ ആളുകളും.   അപ്പൊ സ്ത്രീകളുടെ കാര്യം ??? മാറ്റങ്ങളുടെ പാതയില്‍ ആണ് നമ്മുടെ സമൂഹം എങ്കിലും 'നല്ല പെണ്ണ് ' എന്ന പട്ടം ചാര്‍ത്തി കൊടുക്കുന്നത് അടങ്ങി ഒതുങ്ങി ക്ഷമിച്ചു സഹിച്ചു, ഉറക്കെ സംസാരിക്കാത്ത, ഉറക്കെ ചിരിക്കാത്ത ഉറക്കെ കരയാത്ത പെണ്ണിനെ അല്ലെ? 

ഇങ്ങനേ ഒക്കെ ആണെങ്കിലും ഈ വേലിക്കെട്ടുകള്‍ പൊളിച്ചടുക്കാന്‍, സമൂഹവും വീട്ടുകാരും ചേര്‍ന്ന് ചെറുപ്പം മുതല്‍ ഉണ്ടാക്കിയ ചില ഭയങ്ങള്‍ പൊളിച്ചെഴുതാന്‍, 20 സ്ത്രീകള്‍ തീരുമാനിച്ചു. ചെറുപ്പം മുതലേ മനസ്സില്‍ അടിച്ചേല്‍പ്പിച്ച രണ്ടു ഭയങ്ങള്‍ അതില്ലാതാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യങ്ങളില്‍ ഒന്ന്.

ടാര്‍ഗറ്റ് ഒന്ന് 'ഉയരം'-  കുഞ്ഞിലേ മരത്തിന്റെ മണ്ടയിലും, ജനലിന്മേലും  വലിഞ്ഞു കയറുമ്പോളേക്കും തുടങ്ങും, 'ഈ പെണ്‍കൊച്ചിനു അടങ്ങി ഇരുന്നൂടെ, താഴെവീണാല്‍ കയ്യും കാലും ഓടിയും'. പിന്നെ ടാര്‍ഗറ്റ് നമ്പര്‍ 2 : 'വെള്ളം', പുഴ കാണുമ്പോള്‍ എടുത്തുചാടാന്‍ മനസ് കൊതികുമ്പോള്‍ തന്നെ തുടങ്ങും, ' ആ സൈഡില്‍ എങ്ങാനും അടങ്ങി ഒതുങ്ങി ഇരുന്നൂടെ, വെള്ളത്തില്‍ മുതലയുണ്ട്, പാമ്പുണ്ട്, പിന്നെ കാലെത്താന്‍ പറ്റാത്ത ആഴവും ഉണ്ട്'. 

Rafting

ആഗ്രഹം  ഉണ്ടെങ്കിലും ഉയരത്തിലേക്കും പുഴയുടെ ആഴങ്ങളിലേക്കും  ഇറങ്ങാന്‍ ഭയപ്പെട്ടിരുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 20 പെണ്ണുങ്ങള്‍ ഒരു തീരുമാനം എടുത്തു, ഞങ്ങള്‍ ഈ ഭയത്തെ തുടച്ചുനീക്കുകതന്നെ ചെയ്യും.  അതിനായി ഹിമാലയ മലനിരകളിലേക്കോ നേപ്പാളിലേക്കോ പോകേണ്ട ആവശ്യം ഞങ്ങള്‍ക്കുണ്ടായില്ല. 

ഉത്തരവാദിത്തം നിറഞ്ഞ, സാഹസം നിറഞ്ഞ, വിനോദ സഞ്ചാര മേഖലയില്‍  കേരളത്തിന് പൊന്‍തൂവല്‍ നല്‍കുകയാണ് കണ്ണൂര്‍ ജോസ് ഗിരിക്ക് സമീപത്തൂടെ ഒഴുകുന്ന തേജസ്വിനി പുഴ.  കാലവര്‍ഷത്തില്‍ കുത്തിയൊലിച്ചൊഴുകുന്ന പുഴ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് സാഹസത്തിന്റെ 4 മണിക്കൂറുകള്‍ ആണ്

ഋഷികേശിലൂടെ ചെറുബോട്ടില്‍ ആഞ്ഞുതുഴഞ്ഞു ഓളങ്ങള്‍ക്കൊപ്പം ഒഴുകി പുഴയില്‍ ചാടുന്ന വീഡിയോ യൂട്യൂബില്‍ കണ്ടനാള്‍ മുതല്‍ തുടങ്ങിയ ആഗ്രഹം ആണ് റാഫ്റ്റിങ്, ഏപ്രിലില്‍ മാസത്തില്‍ ജോസ് ഗിരിയിലേക്കുള്ള യാത്രയില്‍ അനില്‍ സാര്‍ ഓര്‍മിപ്പിച്ചിരുന്നു മണ്‍സൂണ്‍ കാലത്തുള്ള ഈ സാഹസിക യാത്രയെ പറ്റി. അന്നുതന്നെ മനസ്സില്‍ കുറിച്ചിട്ടിരുന്നു പെണ്‍കുട്ടികള്‍ മാത്രമായി ഇങ്ങനെ ഒരു സാഹസിക യാത്രക്ക് ഞങ്ങള്‍ പോയിരിക്കും എന്നുള്ളത്. 

ബാംഗളൂരില്‍ നിന്നും പയ്യന്നൂരെക്കു ബസ് ബുക്ക് ചെയ്തു, അവിടെന്നു പുളിങ്ങോം അതാണ് യാത്രയുടെ റൂട്ട്( ഡയറക്റ്റ് ചെറുപുഴ ബസിലും എത്താം). രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍, മലയാളം കന്നഡ ഗുജറാത്തി മറാഠി, ഹരിയാനി, ഹിമാചല്‍ അങ്ങനെ പല ഭാഷകള്‍, പല സംസ്‌കാരങ്ങള്‍, +2 റിസള്‍ട്ട് വന്നു നില്‍ക്കുന്ന 18 കാരി  ഐശ്വര്യ മുതല്‍, 60 ലേക്കെത്തി നില്‍ക്കുന്ന ശ്രീകല ചേച്ചി വരെ കണ്ണൂരിലെ തേജസ്വിനി പുഴയുടെ സമീപം ഒന്നിച്ചു. 

മഴ ശക്തിയായി പെയ്യുകയാണ്.. തേജസ്വിനി പുഴ കുതിച്ചു പായുകയാണ്.. നീന്തല്‍ അറിയുന്നവര്‍ 2 പേര്‍ മാത്രം. മനസ്സില്‍ പണ്ട് കയറിയ ഭയം ഇടക്കിടക്കിടക്കു പുറത്തോട്ടു വരുണ്ടെകിലും എല്ലാവരും ആത്മവിശ്വാസത്തോടെ, എനിക്ക് സാധിക്കും എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ടിരുന്നു. റാഫ്റ്റിംഗിന്റെ ലീഡര്‍ ഷൈജു സര്‍, ഞങ്ങക്ക് സേഫ്റ്റി ജാക്കറ്റുകള്‍ നല്‍കി,  റാഫ്റ്റിങ് ലൈസന്‍സ് ഉള്ള മണാലിയില്‍ നിന്നെത്തിയ ഞങ്ങളുടെ സ്വന്തം ഗെയ്ഡുകളെ പരിചയപ്പെടുത്തി. റാഫ്റ്റിംഗിലെ നിയമങ്ങള്‍, തുഴയേണ്ട രീതികള്‍ ഒരുമിച്ചൊരു പ്രാക്ടീസ്, എല്ലാവരും പരസ്പരം കാണിക്കുന്ന ആത്മവിശ്വാസം, എല്ലാം കൂടി ആയപ്പോള്‍ ഞങ്ങള്‍ 20 പേരിലെയും സാഹസിക ഉണര്‍ന്നു. ചുവപ്പു നിറത്തിലുള്ള 2 ബോട്ടുകള്‍, ചാരനിരത്തിലെ മറ്റൊരു ബോട്ടിലും ആയി  ഞങ്ങള്‍ എല്ലാവരും ഇരുന്നു. നെഞ്ചിടിപ്പ് കൂടുന്നുണ്ട് എല്ലാവര്ക്കും, വെള്ളത്തില്‍ ഫാമിലിയുടെ കൂടെ അല്ലാതെയുള്ള ആദ്യ യാത്രയാണ് പലര്‍ക്കും... അങ്ങനെ ഭയത്തിന്റെ അതിര് വരമ്പുകള്‍  ചാടികടന്നുകൊണ്ടു തേജസ്വിനി പുഴയുടെ കുത്തിയൊഴുക്കിനൊപ്പം 20 സ്ത്രീകള്‍ യാത്ര ആരംഭിച്ചു. 

Rafting

ഇതു വെറുതെ ഒരു അനുഭവം മാത്രം  അല്ല ഞങ്ങള്‍ക്ക്, ആത്മവിശ്വാസത്തിന്റെ നെറുകയില്‍ ഞങ്ങള്‍ എത്തിയ നിമിഷം.. ഭയത്തിന്റെ കെട്ടുപൊട്ടിച്ചു  ഞങ്ങളുടെ കഴിവുകളെ തിരിച്ചറിഞ്ഞ നിമിഷം..ചെടികള്‍ക്കിടയിലൂടെ പാറകള്‍ക്കിടയിലൂടെ ബോട്ട് ഞങ്ങളെയും കൊണ്ട് കുതിച്ചു, 
 
പച്ചപുതച്ച ഇരുകരകളും ഞങ്ങളെ മറ്റൊരു ലോകത്തില്‍ എത്തിച്ചു,  തകര്‍ത്തു പെയ്യുന്ന മഴ ഞങ്ങളുടെ യാത്രക്ക് താളം നല്‍കി.. ബോട്ടില്‍ ഇരുന്നു  കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളെ ഞങ്ങള്‍ ഒരുമിച്ചു പാടി തുഴഞ്ഞു,  ആദ്യം ഗുജറാത്തില്‍ നിന്നും ഉള്ള 50 വയസുള്ള രശ്മി ചേച്ചി പുറകോട്ടു മറിഞ്ഞു വീണു, പെട്ടെന്ന് എല്ലാവരും പേടിച്ചെങ്കിലും, ചേച്ചി ലൈഫ്ജാക്കറ്റില്‍ പൊങ്ങികിടന്നു. പിന്നെ 18 കാരി ഐശ്വര്യ വെള്ളത്തിലേക്ക്, അവളുടെ ചെരുപ്പെടുക്കാന്‍  ശ്രമിച്ച സിമി, പിന്നെ ആരും ഒന്നും നോക്കിയില്ല, എല്ലാവരും ഒന്നൊന്നായി പുഴയിലേക്ക് എടുത്തു ചാടി. ഇവിടെ ആരും ഞങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അതിരുവരച്ചില്ല. തേജസ്വിനി പുഴയില്‍ 20 പെണ്ണുങ്ങള്‍ നീന്തിത്തുടിച്ചു. 

ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത 4 മണിക്കൂറുകള്‍... പുഴയില്‍ നിന്നും ആര്‍ക്കും തിരിച്ചു കയറാന്‍ തോന്നുന്നില്ല, വെള്ളത്തില്‍ മുങ്ങിയ മരത്തിന്റെ മണ്ടയിലേക്കു എല്ലാവരും വലിഞ്ഞു കയറി.. ഓരോരുത്തരായി പുഴയിലേക്ക് എടുത്തു ചാടി, ചിലസമയം ഇതൊക്കെ ഒരു സ്വപ്നനത്തില്‍ നടക്കുന്ന പോലെ ഒരു തോന്നല്‍ ..

മനസില്ല മനസോടെ തിരിച്ചു കരയിലേക്ക് കയറുമ്പോളും മഴ തകര്‍ത്തുപെയ്യുകയാണ്.. ചെളിനിറഞ്ഞ കരയില്‍ ചെളിയിലേക്കു എടുത്തുചാടി വീണ്ടും പെണ്‍പട ഈ സാഹസിക യാത്രയെ ആഘോഷത്തിലേക്കെത്തിച്ചു. 

ഇനി പെണ്‍പടയുടെ യാത്ര പഴങ്ങള്‍ നിറഞ്ഞ ജോസ് ഗിരിയിലെ അനില്‍ സാറിന്റെ വീട്ടിലേക്കാണ്.. അവിടെ ഞങ്ങളെ കാത്തിരിക്കുന്നത് അറിവിന്റെ അനുഭവങ്ങളുടെ വിശാല ലോകം ആയ അനില്‍ സാര്‍ ആണ്. 

പെണ്ണുങ്ങള്‍ ഒരുമിച്ചു യാത്രചെയ്താല്‍ അവിടെ സെല്‍ഫി എടുപ്പും, ഷോപ്പിങ്ങും, സീരിയല്‍ കഥകള്‍ പറയലും മാത്രം എന്ന്  ഇനി കരുതരുത്..ഞങ്ങളുടെ ചര്‍ച്ചകള്‍ ഇന്നത്തെ സമൂഹം മൊബൈല്‍ കൊണ്ട് നേരിടുന്ന പ്രശ്‌നങ്ങളെ പറ്റിയായിരുന്നു.. സ്ത്രീ യാത്രയിലെ വില്ലനായി എത്തുന്ന ആര്‍ത്തവത്തെ അതിജീവിക്കാന്‍ ഉപയോഗിക്കുന്ന മെന്‍സ്ട്രല്‍ കപ്പുകളെ കുറിച്ചായിരുന്നു, ഗ്രീന്‍ ദി റെഡ് ക്യാമ്പയ്നിലൂടെ, പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറക്കുകയും, അതുവഴി നല്ല ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെ കുറിച്ചായിരുന്നു.  സ്ത്രീയാത്രകള്‍ക്ക് കാഴ്ചകള്‍ക്കപ്പുറം പുതിയതലങ്ങള്‍ വാര്‍ത്തെടുക്കുകയായിരുന്നു ജോസ് ഗിരിയില്‍. 

Rafting

റാഫ്റ്റിംഗിന്റെ ക്ഷീണം ആരെയും ബാധിച്ചിരുന്നില്ല.. ആത്മവിശ്വാസത്തിന്റെ നെറുകയില്‍ എത്തിയ പെണ്‍കൂട്ടം ട്രെക്ക് ചെയ്തു, പ്രകൃതി ഒരുക്കിയ ഈ മാസ്മരികതയില്‍ എല്ലാം മറന്നു അവര്‍ ഒരിക്കലും ഇത്തരം സ്ഥാനങ്ങളില്‍ ഒരു മിഠായി കടലാസുപോലും ഇടില്ല എന്ന് പ്രതിജ്ഞ എടുത്തു. അവിടെ കൂട്ടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു.. കൃത്യമായ റീസൈക്ലിങ് സംവിധാനങ്ങളുടെ അഭാവത്തെ കുറിച്ച് സംസാരിച്ചു. തിരിച്ചു കോരിച്ചൊരിയുന്ന മഴയില്‍ അനില്‍സാറിന്റെ വീട്ടില്‍ പാട്ടുപാടി, ചര്‍ച്ചചെയ്തു ഞങ്ങള്‍ ഒന്നിച്ചുറങ്ങി. പിറ്റേന്ന് രാവിലെ കരാട്ടെ അധ്യാപിക ആയ ലക്ഷ്മിയുടെ സെല്‍ഫ്ഡിഫെന്‍സ് ക്ലാസുകള്‍, പിന്നെ ഒന്നിച്ചു കളിച്ചും ചിരിച്ചും കോട്ടത്തലച്ചിയുടെ മുകളിലേക്ക്. കോട്ടത്തലച്ചിയുടെ മുകളില്‍ പല സംസ്‌കാരങ്ങള്‍ ഒരുമിച്ചു, 20 പെണ്ണുങ്ങള്‍ ഒരുമിച്ചു തിരുവാതിരകളിയും,  ഗുജറാത്തിന്റെ സ്വന്തം നൃത്തരൂപങ്ങളും, പുതിയ ഡാന്‍സ് സ്റ്റെപ്പുകളും ആയി പെണ്‍പട യാത്ര മറ്റൊരു തലത്തിലേക്ക് എത്തിച്ചു..

ഭയം, സമൂഹം,  ഇവയ്‌ക്കൊന്നും പെണ്‍സ്വപ്നങ്ങള്‍ക്ക് അതിര്‍വരമ്പ് തീര്‍ക്കാന്‍ കഴിയില്ല. മനസ്സില്‍ ആത്മവിശ്വാസവും, അതിയായ ആഗ്രഹവും മാത്രം മതി, ഈ സമൂഹത്തെ തന്നെ മാറ്റി ചിന്തിപ്പിക്കാന്‍ ഓരോ സ്ത്രീകള്‍ക്കും കഴിയും. ഈ 20 സ്ത്രീകള്‍ക്ക് അതിനു കഴിഞ്ഞെങ്കില്‍ നിങ്ങള്‍ക്കൊരോരുത്തര്‍ക്കും തീര്‍ച്ചയായും അത് സാധിക്കും.