പ്രായം കൊണ്ട് 26കാരിയാണ് രാധികാ റാവു. പക്ഷേ, സമപ്രായക്കാരെ അപേക്ഷിച്ച് അവള്‍ ഏറെ ദൂരം മുന്നിലാണ്. രാധിക ഇന്ത്യയൊട്ടാകെ ബൈക്കില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തത് 22,500 കിലോമീറ്ററുകളാണ്.

ഏപ്രില്‍ 9നാണ് രാധികയുടെ യാത്ര ആരംഭിച്ചത്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളുടെയും തലസ്ഥാനത്തുകൂടി യാത്ര ചെയ്യണം. ഒമ്പത് കേന്ദ്രഭരണപ്രദേശങ്ങളും സന്ദര്‍ശിക്കണം. രാധികയുടെ ഏറ്റവും വലിയ സ്വപ്‌നമാണിത്. തന്റെ ബജാജ് അവഞ്ജറില്‍ ദൂരങ്ങള്‍ താണ്ടുന്ന രാധികയെ യാത്രകളിലേക്ക് ആകര്‍ഷിച്ചത് ഫോട്ടോഗ്രഫിയോടുള്ള കമ്പമാണ്.

വിവിധ സംസ്‌കാരങ്ങള്‍, പരമ്പരാഗത ആചാരങ്ങള്‍, പെരുമാറ്റരീതികള്‍ തുടങ്ങി വ്യത്യസ്തമായതിനെയൊക്കെ തന്റെ ക്യാമറയില്‍ പകര്‍ത്തുകയാണ് രാധികയുടെ ലക്ഷ്യം. ആള്‍ക്കാരുമായി കൂടുതലിടപഴകാനും അവരില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാനും രാധികയ്ക്ക് ഏറെ ഇഷ്ടമാണ്.

edakkalബൈക്കില്‍ കയറി നാടുചുറ്റാനുള്ള രാധികയുടെ തീരുമാനത്തെ എതിര്‍ത്തവരായിരുന്നു രാധികയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം. പക്ഷേ, തന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിയുന്നതിനു പകരം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ് രാധിക ചെയ്തത്. 44 കിലോഗ്രാമില്‍ നിന്ന് സ്വന്തം ശരീരഭാരം 53 കിലോഗ്രാമാക്കി വര്‍ധിപ്പിച്ച് ബൈക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന അവസ്ഥയിലേക്ക് രാധിക എത്തി. ബൈക്ക് മെക്കാനിസത്തിന്റെ ആദ്യപാഠങ്ങള്‍ ഒരു വര്‍ക് ഷോപ്പില്‍ നിന്ന് അഭ്യസിച്ചു. ബോക്‌സിംഗിലും സ്വയംപ്രതിരോധത്തിനുള്ള അഭ്യാസങ്ങളിലും പരിശീലനം നേടി.

പെണ്ണ് വിചാരിച്ചാല്‍ കീഴടക്കാനാവാത്തതൊന്നുമില്ലെന്നാണ് രാധികയുടെ നിലപാട്. പര്യടനം പൂര്‍ത്തിയാക്കി ചെന്നൈയില്‍ തിരിച്ചെത്തിയാല്‍ താനെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുകയാണ് രാധികയുടെ അടുത്ത ലക്ഷ്യം. കേരളത്തില്‍ നിന്ന് പോണ്ടിച്ചേരി വഴിയാണ് ചെന്നൈയിലേക്കുള്ള മടക്കം. രാധികയുടെ ഭാരതപര്യടനം അടുത്തയാഴ്ച്ച അവസാനിക്കും. ചെന്നൈയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ സരസ്വതിയുടെയും ഐടി ജീവനക്കാരനായ ജനാര്‍ദ്ദനന്റെയും മകളാണ് രാധിക റാവു.