യാത്രയെ ഭ്രാന്തമായി ഇഷ്ടപ്പെടുന്ന ചിലരുണ്ട്. മഴയും മഞ്ഞുമൊന്നും ബാധകമല്ലാതെ, വേറൊന്നിനെ കുറിച്ചും ചിന്തിക്കാന്‍ മിനക്കെടാതെ അവര്‍ സഞ്ചരിച്ചു കൊണ്ടേയിരിക്കും. അതിപ്പോള്‍ അതിശൈത്യം നിറഞ്ഞ സൈബീരിയയും ആകാം സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ലണ്ടനുമാകാം.

പറഞ്ഞു വരുന്നത് നിധി തിവാരിയെന്ന യാത്രാസ്‌നേഹിയെ കുറിച്ചാണ്. മഞ്ഞുമൂടിയ സൈബീരിയയിലേക്ക് ഒറ്റയ്ക്ക് യാത്രപോയ മുപ്പത്തഞ്ചുകാരി. ആ യാത്രയോടെ ജനവാസമില്ലാത്ത, ലോകത്തെ ഏറ്റവും ശൈത്യമേറിയ സ്ഥലത്ത് (ഒയ്മ്യക്യോണ്‍) എത്തുന്ന ഇന്ത്യന്‍ വനിതയെന്ന റെക്കോഡും നിധി സ്വന്തമാക്കി.

ഒയ്മ്യക്യോമിന് പോള്‍ ഓഫ് കോള്‍ഡ് എന്നൊരു പേരു കൂടിയുണ്ട്. സാഖ റിപ്പബ്ലിക്കിലെ യാക്കുറ്റ്‌സ്‌ക്കില്‍ നിന്നായിരുന്നു നിധി യാത്ര ആരംഭിച്ചത്. ടൊയോട്ട ലാന്‍ഡ് ക്രൂയിസറിലാണ് അയ്യായിരം കിലോമീറ്റര്‍ താണ്ടി നിധി ലക്ഷ്യത്തിലെത്തിയത്. പതിനെട്ടു ദിവസമാണ് ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ നിധിക്കു വേണ്ടി വന്നത്. -59 ഡിഗ്രിയിലും താഴെയായിരുന്നു ഒയ്മ്യക്യോണിലെ തണുപ്പ്.

ബെംഗളുരു സ്വദേശിനിയായ നിധി, സാഹസികയാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണ്. മാത്രമല്ല ഓഫ് റോഡ് യാത്രകളുടെ ആരാധിക കൂടിയാണ്. സാഹസികയാത്രകള്‍ ഇഷ്ടപ്പെടുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിമണ്‍ ബിയോണ്ട് ബൗണ്ടറീസ് എന്ന സ്ഥാപനത്തിന്റെ സാരഥിയുമാണ്.

കഴിഞ്ഞ വര്‍ഷം രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം, ഡല്‍ഹിയില്‍നിന്ന് ലണ്ടന്‍ വരെ റോഡ് മാര്‍ഗം നിധി ഒരു യാത്ര നടത്തിയിരുന്നു. രശ്മി ഖോപ്പര്‍, സൗമ്യ ഗോയല്‍ എന്നിവരായിരുന്നു യാത്രയിലെ നിധിയുടെ സുഹൃത്തുക്കള്‍. 97 ദിവസമായിരുന്നു 23800 കിലോ മീറ്റര്‍ നീണ്ട ഈ യാത്രയ്ക്കായി വേണ്ടി വന്നത്.

മ്യാന്‍മര്‍, ചൈന, കിര്‍ഗിസ്താന്‍, ഉസ്‌ബെക്കിസ്താന്‍, കസാഖിസ്താന്‍, റഷ്യ, ഫിന്‍ലന്‍ഡ്, എസ്‌റ്റോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ഡെര്‍മനി, ബെല്‍ജിയം ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കടന്നാണ് നിധിയും കൂട്ടുകാരും ലണ്ടനിലെത്തിയത്. 
  
നിധിയുടെ 
സൈബീരിയന്‍ യാത്രകളിലെ ചിത്രങ്ങള്‍

nidhi tiwari 1

nidhi tiwari 2

nidhi tiwari

ചിത്രങ്ങള്‍: ഫെയ്‌സ്ബുക്ക്/ നിധി തിവാരി