1980കളില്‍ ഭര്‍ത്താവുപേക്ഷിച്ച് കുഞ്ഞുമായി തെരുവിലായിപ്പോയ സ്ത്രീകളെക്കുറിച്ച് നാം കേള്‍ക്കുന്ന കഥകളിലധികവും നിരാശ്രയത്വവും ദൈന്യതയും നിറഞ്ഞ പരാജയത്തിന്റേതാവും. എന്നാല്‍, മോക്ഷ ജെറ്റ്‌ലി എന്ന  പഞ്ചാബുകാരി ഇതിനൊരു അപവാദമാണ്. 

പെണ്‍കുഞ്ഞിന് ജന്മം നല്കി എന്ന ഒറ്റക്കാരണത്താല്‍ ഭര്‍ത്തൃവീട്ടില്‍ നിന്ന് കൊടിയ പീഡനം സഹിക്കേണ്ടി വന്ന മോക്ഷ ആ വീട് വിട്ടിറങ്ങിപ്പോരുമ്പോള്‍ ജീവിതഭദ്രതയ്ക്ക് സഹായകമാകുന്ന തരത്തിലൊരു ജോലിയോ പിന്തുണയ്ക്കാന്‍ ബന്ധുബലമോ ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും, മനസ്സിന്റെ നിശ്ചയദാര്‍ഢ്യം ഒന്നു കൊണ്ടുമാത്രം മോക്ഷ പിടിച്ചുനിന്നു. മകളെ നല്ല രീതിയില്‍ വളര്‍ത്തിവലുതാക്കി. ഒരു സ്ത്രീക്ക് എങ്ങനെ അന്തസ്സായി ഒറ്റയ്ക്ക് ജീവിക്കാമെന്നും അവളുടെ ഇഷ്ടങ്ങളെയും സ്വപ്‌നങ്ങളെയും എങ്ങനെ സ്വന്തമാക്കാമെന്നും സമൂഹത്തിന് തെളിയിച്ചുകൊടുത്തു. 

moksha
photo:fb/mokshajetley

ഇന്ത്യയിലെ അറിയപ്പെടുന്ന ബുള്ളറ്റ് റൈഡര്‍മാരിലൊരാളാണ് മോക്ഷ ജെറ്റ്‌ലി എന്ന 53കാരി. ലെഹ്-മണാലി പാതയിലൂടെ വിജയകരമായി യാത്ര പൂര്‍ത്തിയാക്കിയ ആദ്യ വനിതാ ബൈക്കര്‍ എന്ന ലിംകാ ബുക്  ഓഫ് റെക്കോര്‍ഡും മോക്ഷയ്ക്ക് സ്വന്തം. 20 മണിക്കൂര്‍ 20 മിനിറ്റ് നീണ്ട യാത്രയിലൂടെയാണ് മോക്ഷ ആ നേട്ടം കൈവരിച്ചത്.

ചെറുപ്രായത്തില്‍ തന്നെ മോക്ഷയുടെ വിവാഹം കഴിഞ്ഞിരുന്നു. ആണ്‍കുഞ്ഞിനെ മോഹിച്ചിരുന്ന ഭര്‍ത്തൃവീട്ടുകാര്‍ക്ക് പെണ്‍കുഞ്ഞിന് ജന്മം നല്കിയ മോക്ഷ ഒരു അപശകുനമായിരുന്നു. അമ്മായിയമ്മയുടെ വക ആദ്യം ശകാരവും പിന്നെ ശാരീരികോപദ്രവവും വര്‍ധിച്ചതോടെയാണ് വീട്ടില്‍ നിന്ന് രക്ഷപെടാന്‍ മോക്ഷ തീരുമാനിച്ചത്. കുഞ്ഞിനെ പൊള്ളലേല്‍പ്പിക്കാനുള്ള ശ്രമം കൂടി അമ്മായിയമ്മ നടത്തിയതോടെ മോക്ഷ കുഞ്ഞുമായി അവിടെനിന്ന് ഒളിച്ചോടി.

മോക്ഷയ്ക്ക് സ്വന്തം വീട്ടിലേക്ക് തീരികെച്ചെല്ലാനാവുന്ന അവസ്ഥയായിരുന്നില്ല. കുഞ്ഞിനെയും കൊണ്ട് ജാര്‍ഖണ്ഡിലെത്തിയ മോക്ഷ അവിടെയൊരു ഹോട്ടലില്‍ സഹായിയായി ജോലിക്ക് കയറി. കുറച്ചേറെ വര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി. മകള്‍ പ്രാചിയെ നല്ല രീതിയില്‍ വിദ്യാഭ്യാസം ചെയ്യിക്കുകയായിരുന്നു മോക്ഷയുടെ ലക്ഷ്യം. ആണ്‍തുണയില്ലാതെ ജീവിക്കുന്ന സ്ത്രീയെന്ന നിലയ്ക്ക് നിരവധി പ്രതിസന്ധികളെ മോക്ഷയ്ക്ക് അക്കാലത്ത് തരണം ചെയ്യേണ്ടി വന്നു. 

moksha
photo:fb/mokshajetley


പ്രാചി പഠനം പൂര്‍ത്തിയാക്കി സ്വന്തം കാര്യങ്ങള്‍ തന്നെ ചെയ്യാവുന്ന പ്രായത്തിലെത്തിയതോടെ മനസ്സിലുണ്ടായിരുന്ന തന്റേതു മാത്രമായ ആഗ്രഹങ്ങളെ മോക്ഷ പൊടിതട്ടിയെടുത്തു. ഏഴു വര്‍ഷമായി ആ സ്വപ്‌നങ്ങളെ എത്തിപ്പിടിക്കുകയാണ് മോക്ഷ. സാഹസിക യാത്രകളോട് ഭ്രമമുണ്ടായിരുന്ന മോക്ഷ അത്തരം യാത്രകള്‍ക്ക് താല്പര്യമുള്ളവരെ കണ്ടെത്തി കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. ബൈക്ക് റൈഡേഴ്‌സിന്റെ  ഈ കൂട്ടായ്മ ഇന്ന് ഇന്ത്യയെമ്പാടും സഞ്ചരിക്കുന്നു.

യാത്രകള്‍ക്ക് പിന്നില്‍ മറ്റൊരു ലക്ഷ്യവും കൂടിയുണ്ട്. പെണ്‍കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള കാമ്പെയ്‌നാണ്‌ മോക്ഷയുടെ ഓരോ യാത്രകളും. സ്വപ്‌നങ്ങള്‍ സ്വന്തമാക്കാനും സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനും പ്രായമോ സാഹചര്യങ്ങളോ തടസ്സമേ അല്ലെന്ന് മോക്ഷ പറയുന്നു.