ബന്ധുവീട്ടിലേക്കും സ്‌കൂള്‍കോളേജ് പഠനക്കാലത്തെ യാത്രകളെക്കുറിച്ചുമായിരുന്നു കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ സ്ത്രീകള്‍ പറഞ്ഞിരുന്നത്. സാധാരണ വീട്ടില്‍ നിന്ന് പ്ലാന്‍ ചെയ്ത് പോയിരുന്ന യാത്രകളില്‍ തീരുമാനങ്ങള്‍ എടുത്തിരുന്നത് വീട്ടിലെ പുരുഷപ്രജകളായിരുന്നു. ഇതില്‍ നിന്ന് മാറ്റം തേടി എന്തുകൊണ്ട് സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്രചെയ്തൂകൂടാ എന്ന ചിന്തയാണ് പല സ്ത്രീ യാത്രകളുടെയും തുടക്കം. ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നുള്ള ഇറങ്ങിനടത്തമാണ് പലരുടെയും യാത്രകള്‍. പല കാരണങ്ങളാലും മാറ്റിവയ്ക്കപ്പെടുന്ന ഒരു ആഗ്രഹം മാത്രമായി സ്ത്രീകള്‍ തങ്ങളുടെ യാത്രകളെ ചുരുക്കാറുണ്ട്.
തിരക്കുപിടിച്ച ജീവിതത്തില്‍, ജോലിയും വീടുമായി ദിവസവും ഓടിക്കൊണ്ടിരിക്കുന്ന കുറേ സ്ത്രീകളുടെ കൂട്ടം. ആഗ്രഹങ്ങളെ ഓഫീസിലെ ക്യൂബിക്കിളില്‍ അലിയിപ്പിച്ചു കളഞ്ഞ സ്ത്രീകള്‍, അവര്‍ക്ക് ഒരു പുതിയ അനുഭവം നല്‍കാം എന്ന് കരുതി തുടങ്ങിയതാണ് പെണ്‍യാത്രകള്‍ക്കായി സൃഷ്ടിയെന്ന കൂട്ടായ്മ.
'ലെറ്റ്‌സ് ഗോ ഫോര്‍ എ ക്യാമ്പ്' എന്ന ഓണ്‍ലൈന്‍ പ്രകൃതി സംരക്ഷണ കൂട്ടായ്മയുടെ സ്ത്രീകള്‍ക്ക് മാത്രമായുള്ള യാത്രകള്‍ ഒരുക്കുകയാണ് സൃഷ്ടി. സ്ത്രീകള്‍ ഷോപ്പിങ് നടത്തി തിരിച്ച് വരേണ്ടവരല്ലെന്ന് പറയുന്നു, ഇവര്‍. പ്രകൃതിയെ സ്‌നേഹിച്ച് സ്വയം പര്യാപ്തത വഹിച്ച് എന്തിനും അവരെ പ്രാപ്തരാക്കുകയാണ് സൃഷ്ടിയുടെ ലക്ഷ്യം. ബെംഗളൂരുവില്‍ ഐ.ടി. മേഖലയില്‍ ജോലിചെയ്യുന്ന ഗീതു മോഹന്‍ദാസ്, ആദിഷ്, എന്‍ജീനീയറിങ് വിദ്യാര്‍ത്ഥിയായ സങ്കീര്‍ത്ത്, ബാലമാസികയുടെ എഡിറ്ററായ സുധീന, അഭിഭാഷകയായ നജീന, ചിത്തിര എന്നിവര്‍ ചേര്‍ന്നാണ് കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്.
ഇത്തവണത്തെ സൃഷ്ടിയുടെ യാത്ര ഗൂഡല്ലൂരിനടുത്ത് ഊട്ടിയിലേക്ക് പോകുന്ന വഴിയിലുള്ള ഷൊലൂരിലേക്കായിരുന്നു. പഞ്ചാബ്, ഗുജറാത്ത്, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള 20 പെണ്ണുങ്ങളാണ് ഷൊലൂരിലേക്കുള്ള രണ്ട് ദിവസത്തെ ക്യാമ്പില്‍ ഒത്തുചേര്‍ന്നത്. സൃഷ്ടിയുടെ കോഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളും ഗൂഡല്ലൂര്‍ സ്വദേശിയുമായ സുധീനയുടെ പരിചയത്തിലുള്ള എസ്റ്റേറ്റിലായിരുന്നു ക്യാംപിനായുള്ള ടെന്റും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നത്.
ഹോട്ടലുകളെയും ഹോംസ്റ്റേകളേയുംകാള്‍ അതത് പ്രദേശത്തെ സാധരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാനാണ് സൃഷ്ടി ശ്രമിക്കുന്നത്.
ഒരു യാത്രയെപ്പറ്റി ചിന്തിക്കുമ്പോള്‍ തന്നെ നൂറ് അഭിപ്രായങ്ങള്‍ ആണ് സ്ത്രീകളെ തേടിയെത്തുന്നത്. സുരക്ഷിതമായിരിക്കുമോ യാത്ര, അവിടെ ആവശ്യത്തിന് സൗകര്യങ്ങള്‍ ഉണ്ടാവുമോ, ടോയ്‌ലെറ്റ് സൗകര്യം, കിടക്കാനുള്ള സൗകര്യം എന്നിവ ഉണ്ടാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വേറെയും. വീട്ടില്‍ അമ്മയെക്കാള്‍ അധികം അച്ഛനോ ആങ്ങളയോ ഭര്‍ത്താവോ ആയിരിക്കാം ഇത്രയേറെ ചോദ്യങ്ങള്‍ ചോദിപ്പിച്ച് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ക്യാമ്പ്് കോഓര്‍ഡിനേറ്റര്‍ ഗീതു മോഹന്‍ദാസ്.
സ്ത്രീകളെ എല്ലാ കാര്യങ്ങളിലും ഒരേപോലെ പ്രാപ്തരാക്കുകയെന്നത് ക്യാമ്പിന്റെ പ്രധാന ലക്ഷ്യമാണ്. അതുകൊണ്ടു തന്നെ ക്യാമ്പ്് നടക്കുന്ന സ്ഥലം മാത്രമാണ് അവരെ അറിയിക്കുന്നത്. അവിടേക്ക് എത്തിച്ചേരേണ്ടത് അവര്‍ തന്നെയാണ്. സ്ഥലത്തെയും അവിടെ എത്തിച്ചേരാനുള്ള എളുപ്പവഴിയും പറഞ്ഞുനല്‍കും. അതനുസരിച്ച് അവര്‍ എത്തിച്ചേരുകയാണ് പതിവ്. കൂടാതെ ക്യാമ്പില്‍ പങ്കെടുക്കുന്നവരെ ഉള്‍പ്പെടുത്തി തുടങ്ങുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ കൂട്ടുപിടിച്ചും എത്താറുണ്ടെന്ന് ഗീതു പറഞ്ഞു.
ഗ്രീന്‍ ദി റെഡ് കാമ്പെയിന്‍
സ്ത്രീകള്‍ പരസ്പരം പറയാന്‍ മടിക്കുന്നതാണ് ആര്‍ത്തവത്തെപ്പറ്റിയും അതുകാരണം മാറ്റിവയ്ക്കപ്പെട്ട യാത്രകളെയും കുറിച്ച്. പുഴയിലെ കുളി നഷ്ടമായതും കടലിലെ തിരകളോട് പിണങ്ങി മാറി നിന്നതുമായ സാഹചര്യങ്ങള്‍. സ്ത്രീകള്‍ക്കിടയില്‍ വിപ്ലവം തീര്‍ത്ത് നാപ്കിനുകള്‍ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണവുമെല്ലാം ഇത്തവണത്തെ സ്ത്രീയാത്രയിലെ പ്രധാന ചര്‍ച്ചയും കാമ്പെയിന്‍ തീമുമായി. ഗ്രീന്‍ ദി റെഡ് എന്നതാണ് പെണ്‍യാത്രകളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സ്ത്രീകളില്‍ പലരും അറിഞ്ഞിട്ടില്ലാത്തതും പേടികാരണം ഉപയോഗിക്കാന്‍ മടിക്കുന്ന മെന്‍സ്ട്ര്വല്‍ കപ്പിന്റെ പ്രത്യേകതകള്‍ ക്യാമ്പില്‍ ചര്‍ച്ചകള്‍ക്ക് വിധേയമായി. നാപ്കിനുകള്‍ ഉപയോഗിക്കുന്നതിലൂടെ ഓരോ സ്ത്രീയും ഓരോ മാസവും പ്രകൃതിയിലേക്ക് എത്തിക്കുന്ന മാലിന്യം കുറച്ചൊന്നും അല്ല. കൂടാതെ ഒരു വര്‍ഷം അവര്‍ ഇതിനായി മാത്രം ചെലവഴിക്കപ്പെടുന്ന തുകയും. ഇതില്‍ നിന്ന് മാറി പരിസ്ഥിതിയെ സംരക്ഷിച്ച് മെന്‍സ്ട്ര്വല്‍ കപ്പിനെ സ്ത്രീകളുടെ കൂട്ടുകാരിയാക്കി മാറ്റാനുള്ള ശ്രമമാണ് ഗ്രീന്‍ ദി റെഡ്.
സ്ത്രീകള്‍ മാത്രമായിട്ട് യാത്രപോകുന്നതിന് ഒരു പ്രത്യേക ഫീല്‍. വെറുതെ കുറേപ്പേര്‍ കൂടുന്നു എന്നതിനേക്കാള്‍ പരസ്പരം അറിയാത്ത കുറേപ്പേര്‍ ഒരു യാത്രയ്ക്ക് വേണ്ടി ഒത്തുചേരുകയും അടുത്ത സുഹൃത്തുക്കളായി മാറുന്നതിന്റെയും രസം. ഒരു പെണ്‍കുട്ടിക്ക് ഒരു യാത്രപോകാം എന്ന ബോധം സമൂഹത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നിടത്താണ് പെണ്‍യാത്രകളുടെ വിജയം. അദൃശ്യമായ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞ് അതിരില്ലാത്ത ആകാശത്തിലെ നക്ഷത്രങ്ങളെ തേടിയുള്ള യാത്രകളാണ് ഓരോ യാത്രയും. ഓരോ യാത്രകള്‍ കഴിയുമ്പോള്‍ അടുത്ത യാത്ര എവിടെക്കാണെന്ന് ചോദിച്ചാണ് ഇവര്‍ പിരിയുക...