നിരവധി ചരിത്ര സൗധങ്ങളുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഈ ചരിത്ര സൗധങ്ങളെ കാണാനും അടുത്തറിയാനും അതിലൂടെ ഇന്ത്യന്‍ ചരിത്രത്തെ പഠിക്കാനും നിരവധി വിദേശികളാണ് ഓരോ വര്‍ഷവും ഇന്ത്യയിലെത്തുന്നത്. അത്തരം ചരിത്രാന്വേഷികളുടെ സ്ഥിരം ഡെസ്റ്റിനേഷനാണ് ഡല്‍ഹി.  

ഇന്ത്യയില്‍ പണിതുയര്‍ത്തപ്പെട്ടിട്ടുള്ള സൗധങ്ങളില്‍ ഒട്ടുമിക്കതും പുരുഷന്മാരുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളതാണ്. വിരലില്‍ എണ്ണാവുന്നതാണെങ്കിലും സ്ത്രീകളുടെ നേതൃത്വത്തില്‍ പണിതുയര്‍ത്തിയ ചില സൗധങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ട്. അത്തരത്തില്‍ ഒന്നാണ് ഹുമയൂണ്‍ ശവകുടീരം.

ഹുമയൂണിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ഹമീദ ബാനു ബീഗമാണ് ഹുമയൂണ്‍ ശവകുടീരം നിര്‍മിക്കാന്‍ ഉത്തരവിടുന്നത്. പതിനാല് വര്‍ഷങ്ങളെടുത്തു നിര്‍മാണം പൂര്‍ത്തിയാകാന്‍. മിറാഖ് മിര്‍സ ഘിയത് എന്ന പേര്‍ഷ്യന്‍ വാസ്തുശില്പിക്കായിരുന്നു ഇതിന്റെ നിര്‍മാണ ചുമതല. പേര്‍ഷ്യന്‍ ശൈലിക്കൊപ്പം ഇന്ത്യന്‍ വാസ്തുശൈലി കൂടി സങ്കലനം ചെയ്തു കൊണ്ടുള്ള നിര്‍മാണരീതിയാണ് ഇതിനായി സ്വീകരിച്ചത്. 

കെട്ടിടത്തിന്റെ പ്രധാനഭാഗം ചഹാര്‍ ബാഗിലാണ്. ഹഷ്ട് ബിഹിഷ്ട് എന്നറിയപ്പെടുന്ന ശൈലിയിലാണ് ചഹാര്‍ ബാഗിന്റെ നിര്‍മാണം. എട്ടുവര്‍ഷത്തോളമെടുത്താണ് ചഹാര്‍ ബാഗിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കുടീരത്തിന് മുന്നിലുള്ള പൂന്തോട്ടവും പേര്‍ഷ്യന്‍ മാതൃകയില്‍ തന്നെ നിര്‍മിച്ചിട്ടുള്ളതാണ്. 

ഹുമയൂണിന്റെ ശവക്കല്ലറക്കൊപ്പം  മറ്റു നിരവധി ശവക്കല്ലറകളും ഈ കെട്ടിട സമുച്ചയത്തിന് ഒപ്പമുണ്ട്. ഹുമയൂണിന്റെ ഭാര്യ ഹമീദ ബീഗത്തേയും മരണശേഷം അടക്കിയത് ഈ ശവകുടീരത്തില്‍ തന്നെയായിരുന്നു.

ഈസാഖാന്റെ ശവകുടീരവും അതിനോടു ചേര്‍ന്ന പളളിയുമാണ് ഹുമയൂണ്‍ ശവകുടീരത്തിന്റെ അനുബന്ധ സ്മാരകങ്ങളില്‍ ഒന്ന്. മറ്റൊന്ന് ബു ഹാലിമ സമുച്ചയം ഇവിടെ മനോഹരമായ ഒരു ഉദ്യാനവും അതിലായി ഒരു ബു ഹാലിമയുടെ ശവകുടീരവും സ്ഥിതി ചെയ്യുന്നു. ഇതിന് പുറമെ അറബ് സെറായ്, അഫ്‌സര്‍വാലാ ശവകുടീരവും പള്ളിയും ക്ഷുരകന്റെ ശവകുടീരവും ഇവിടെയുണ്ട്.