‘ഡോണ്ട്‌ലെസ് റോയൽ എക്സ്‌പ്ലോറേഴ്‌സ്’  എന്ന ഈ ക്ളബ്ബിലെ പെണ്ണുങ്ങൾ ഇപ്പോൾ റോഡിലെ രാജ്ഞിമാരും രാജകുമാരിമാരുമാണ്. തലസ്ഥാനത്തെ ആദ്യത്തെ പെൺബുള്ളറ്റ് ക്ളബ്ബാണിത്. ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത് ഷൈനി രാജ്കുമാറാണ്. ബുള്ളറ്റ് വുമൺ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. വെറുതെ ഒരു രസത്തിന് ബുള്ളറ്റോടിക്കാൻ തുടങ്ങിയതല്ല ഷൈനി. കുട്ടിക്കാലം തോട്ടേ അവളുടെ സ്വപ്നങ്ങളുടെ പിന്നണിയിൽ ബുള്ളറ്റിന്റെ ശബ്ദത്തിന്റെ താളമുണ്ടായിരുന്നു.

സ്ത്രീസ്വാതന്ത്ര്യം എന്ന ആശയത്തെ മുൻനിർത്തിയാണ് ഷൈനിയും സംഘവും ബുള്ളറ്റ് സവാരികളൊരുക്കുന്നത്. ‘പെൺകുട്ടികൾ ധൈര്യമുള്ളവരാവുക എന്നതാണ് ഇന്നത്തെ കാലത്തിനാവശ്യം. അവർ മുന്നോട്ടുവരാൻ തയ്യാറായാൽ തന്നെ ഒരുപരിധി വരെ അക്രമങ്ങൾ തടയാനാവും’- ഷൈനി പറയുന്നു. സ്ത്രീകൾ ഒരു രംഗത്തും മാറ്റിനിർത്തപ്പെടേണ്ടവരല്ല, സമൂഹത്തിന്റെ പിന്തുണയാണ് പെൺകുട്ടികൾക്ക് വേണ്ടത് എന്ന സന്ദേശം കൂടി ഇവർ ഓരോ യാത്രയിലും നൽകുന്നു.

പതിവ് പെൺക്ളബ്ബുകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഈ കൂട്ടായ്മ. 2004 മോഡൽ മുതൽ പുതിയ എഡിഷൻ ഹിമാലയൻ ബുള്ളറ്റുവരെ സംഘത്തിന്റെ കൈയിലുണ്ട്. 18 മുതൽ 43 വയസ്സുവരെയുള്ളവർ. ഉദ്യോഗസ്ഥമാരും വീട്ടമ്മമാരും വിദ്യാർഥിനികളും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയവർ. ഇവർ ഒരുമിക്കുന്നത് യാത്രകൾക്കാണെന്നു മാത്രം. ആദ്യയാത്ര ബ്രൈമൂർ എസ്റ്റേറ്റിലേക്കായിരുന്നു. കവടിയാർ പാർക്കിൽ നിന്ന് വിതുരയിലെ ബ്രൈമൂർ വരെ എട്ടു ബുള്ളറ്റുകളിലായി അവർ പറന്നു. ഫ്ളാഗ് ഓഫ് ചെയ്യാൻ എ.സി.പി. ശിവവിക്രം എത്തി.ഈ യാത്രയെക്കുറിച്ച് കേട്ടറിഞ്ഞവർ ക്ളബ്ബിൽ ചേരാനെത്തി. ഇപ്പോൾ 35 അംഗങ്ങളുണ്ട്. മാസത്തിലെ എല്ലാ രണ്ടാം ശനിയാഴ്ചയും ഇവർ ദീർഘയാത്ര പോകുന്നു. 
കേരളം മുഴുവൻ ബുള്ളറ്റിൽ സഞ്ചരിച്ചിട്ടുണ്ട് ഷൈനി. ഹിമാലയൻ ബുള്ളറ്റ് സ്വന്തമാക്കിയ കേരളത്തിലെ ആദ്യ വ്യക്തിയെന്ന ബഹുമതിയും ഇവർക്ക് സ്വന്തം.

Royal explores

കോവളം സ്വദേശിയാണ് ഷൈനി. അച്ചന്റെ  അനിയന്റെ ബുള്ളറ്റാണ് ആദ്യം മനസ്സിൽ കയറിയത്. എന്നാൽ അന്നത്‌ ഓടിക്കാൻ അറിയില്ലായിരുന്നു. അതിന്റെ മുന്നിലും പിറകിലും ഇരുന്ന് കുഞ്ഞു ഷൈനി ഒരുപാട് സവാരി ചെയ്തു.അത്‌ലറ്റിക്സിലും കോളേജ് ക്രിക്കറ്റ് ടീമിലുമൊക്കെ അംഗമായിരുന്ന ഈ മിടുക്കിയുടെ ജീവിതം മാറിമറയുന്നത് ഉത്തരേന്ത്യയിൽ ജോലികിട്ടുന്നതോടെയാണ്.

കായികാധ്യാപികയായി അവൾ  ഗോരഖ്പൂരിലേക്കു തീവണ്ടികയറി. അവിടത്തെ ജീവിതത്തിനിടയിൽ മാറ്റിവെച്ച ഓരോ സ്വപ്നങ്ങളെയും അവൾ പൊടിത്തട്ടിയെടുത്തു. ബൈക്കുകളും ബുള്ളറ്റും ഓടിക്കാൻ പഠിച്ചു. അവിടത്തെ വഴിയില്ലാവഴികളിലൂടെ പൊടിപറത്തി അവൾ കുതിച്ചുപാഞ്ഞു.
ഇതിനിടെ നോയ്ഡാ പോലീസിൽ ജോലി ശരിയായി. ബുള്ളറ്റിനു പിറകെ പോണോ, പോലീസിൽ ചേരണോ? വീട്ടുകാരുമായി ആലോചിച്ചു. ഒടുവിൽ തന്റെ സ്വപ്നത്തിനുപുറകെ പോകാൻ തീരുമാനിച്ചു. നാട്ടിലെത്തിയപ്പോൾ അന്നിവിടെ പെണ്ണുങ്ങൾ ബൈക്ക് പോലും ഓടിച്ചു തുടങ്ങിയിട്ടില്ല. നാട്ടുകാർ എന്തു പറയും. 

ആദ്യം ചിന്തിച്ചതും അതുതന്നെയായിരുന്നു. കോവളത്ത് ഡ്രൈവിങ്‌ സ്‌കൂൾ നടത്തുന്ന ബന്ധുവാണ് ധൈര്യം പകർന്നത്. അവൾ ബൈക്കുമെടുത്ത് റോഡിലിറങ്ങി. അതിനിടെ ഒരു പ്രമുഖ വാഹനക്കമ്പനിയിൽ ജോലിയും കിട്ടി. പൾസറൊക്കെ വളരെ കൂളായി ഓടിച്ച് ഷൈനി ഓഫീസിലെത്തും. നാട്ടുകാരുടെ നെറ്റിച്ചുളിയുമ്പോൾ കണ്ടില്ലെന്നു വെച്ചു.

റൈഡറും വാഹനക്കമ്പനി ജീവനക്കാരനുമായ ഭർത്താവ് രാജ്കുമാറും ഷൈനിയുടെ ലക്ഷ്യങ്ങൾക്ക് പൂർണപിന്തുണയുമായി എപ്പോഴും കൂടെയുണ്ട്‌. ഇപ്പോൾ അഞ്ച് ബുള്ളറ്റുകൾ ഇവർക്ക് സ്വന്തമായുണ്ട്. ഇതിനിടെ ജോലി ഉപേക്ഷിച്ചു. ഇപ്പോൾ ബുള്ളറ്റ് റാലികളും ബോധവത്കരണപ്രവർത്തനങ്ങളുമൊക്കെയായി മുഴുവൻ സമയവും തിരക്കിലാണിവർ. ബുള്ളറ്റോടിക്കാൻ താത്‌പര്യമുള്ള സ്ത്രീകളെ പഠിപ്പിക്കുന്നുമുണ്ട്. സംസ്ഥാനത്തെ പെൺ റൈഡേഴ്‌സ്‌ കൂട്ടായ്മയുടെ രണ്ടാമത്തെ യോഗം 14 ന്‌ ആതിരപ്പിള്ളിയിൽ നടക്കും.

‘ഒരു ബുള്ളറ്റ് വീട്ടുമുറ്റത്തുകണ്ടാൽ ഉൾക്കരുത്തുള്ള ഒരു പെണ്ണുണ്ടവിടെ..എന്ന് ആളുകൾ തിരിച്ചറിയുന്ന കാലം വരണം. 35 അംഗക്കൂട്ടായ്മ 350 ആവണം. പിന്നെ 35000. പെണ്ണുങ്ങൾ ധൈര്യത്തോടെ റോഡിലിറങ്ങട്ടെ’. ഷൈനി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കൂട്ടത്തിലെ പെണ്ണുങ്ങൾക്കുമുണ്ട് ഇതേ പ്രസരിപ്പ്. നർമദ, സുലക്ഷണ, അപർണ, ദിവ്യ, അമല, കവിത, അർച്ചന, മാലിനി തുടങ്ങിയവർ ഇവർക്കൊപ്പമുണ്ട്.
ചിത്രകാരികൂടിയാണ് ഷൈനി. മ്യൂറൽ ആർട്ടിസ്റ്റായ ഷൈനിയുടെ ചിത്രങ്ങൾക്ക് ധാരാളം ആവശ്യക്കാരുണ്ട്. ലെനിൻ ജോഷ്വാ മകനാണ്. കുടുംബം ശാസ്തമംഗലം പൈപ്പിൻമൂട്ടിൽ താമസിക്കുന്നു.