രോ യാത്രയും ഇവര്‍ക്ക് അടുത്ത യാത്രയ്ക്കുള്ള വാതില്‍ തുറക്കലാണ്. അഴീക്കോട്ടെ അയല്‍വാസികളായ നാലു വനിതകള്‍ പ്രായം മറന്ന് യാത്രയുടെ ആനന്ദം നുകരുകയാണ്. വീട്ടുചെലവിന് മക്കള്‍ നല്‍കുന്ന പണത്തില്‍നിന്ന് മിച്ചംപിടിച്ചാണ് ഇവര്‍ യാത്രയ്ക്കുള്ള ഊര്‍ജം കണ്ടെത്തുന്നത്. നാലുപേരും ചേര്‍ന്ന് സ്ഥലം തീരുമാനിക്കുന്നു, പുറപ്പെടുന്നു...

മക്കള്‍ നല്‍കുന്ന പണം മിച്ചംപിടിച്ചൊരു യാത്ര. അഴീക്കോട് മൂന്നു നിരത്ത് ഒണ്ടേന്‍ റോഡിന് സമീപത്തെ അയല്‍വാസികളായ പുത്തലത്ത് കാര്‍ത്ത്യായനിയുടെയും ചിമ്മിണിയന്‍ സരസ്വതിയുടെയും കളരിക്കല്‍ ഉഷയുടെയും മുള്ളങ്കണ്ടി രമണിയുടെയും ഇപ്പോ ഴത്തെ രീതിയിതാണ്. ചെറുപ്പം മുതലേ തങ്ങളുടെ യാത്ര ഒന്നിച്ചായിരുന്നെന്ന് പറയുന്നു സംഘത്തിലെ മുതിര്‍ന്ന അംഗം എഴുപതുകാരി കാര്‍ത്ത്യായനി.

കന്യാകുമാരി, കൊല്ലൂര്‍, തിരുപ്പതി, കാഞ്ചീപുരം, തഞ്ചാവൂര്‍, ഊട്ടി, കൊടൈക്കനാല്‍, പഴനി, മധുര, ആഗ്ര, താജ് മഹല്‍, പഞ്ചാബിലെ സുവര്‍ണ ക്ഷേത്രം, ന്യൂഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളെല്ലാം സംഘം ഒന്നിച്ചു പോയി കണ്ടു. ടൂറിസ്റ്റ് ഗൈഡോ മറ്റു സഹായികളോ ഇല്ലാതെയാണ് ഇവരുടെ യാത്ര. സ്ഥലം തീരുമാനിക്കും. നാലാളുടെയും സൗകര്യം നോക്കും. പിന്നെ അങ്ങ് ഇറങ്ങും. തീവണ്ടിയില്‍ രണ്ടാം ക്‌ളാസ് ടിക്കറ്റെടുത്താണ് അധികയാത്രകളും. അതാണ് തങ്ങളുടെ രീതിയെന്ന് അറുപത്തിനാലുകാരി സരസ്വതി വിവരിക്കുന്നു.

'മാതൃഭൂമി യാത്ര' വാങ്ങാറുണ്ട്. അത് ഇത്തരം യാത്രയ്ക്ക് പ്രചോദനവും സഹായവുമാകുന്നുണ്ട്-അമ്പതുകാരി ഉഷ പറയുന്നു.

അല്‍പ്പസ്വല്‍പ്പം ഹിന്ദിയും തമിഴും സംസാരിക്കാന്‍ കാര്‍ത്ത്യായനിക്കറിയാം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭര്‍ത്താവ് മാണിക്കര നാരായണനോടൊപ്പം കുറെക്കാലം മും?െബെയിലുണ്ടായിരുന്നു. ആ സമയത്ത് പഠിച്ചതാണ് ഹിന്ദി. ഭര്‍ത്താവ് മരിച്ചതോടെ നാട്ടിലേക്കു വന്നു. 2011-ലാണ് യാത്ര തുടങ്ങിയത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ നൂറോളം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. വാര്‍ധക്യത്തിന്റെ അസുഖങ്ങളില്ല. യാത്രയില്‍ ഞങ്ങള്‍ക്ക് കാര്യമായ അസുഖങ്ങളോ മറ്റ് പ്രതിബന്ധങ്ങളോ ഉണ്ടായിട്ടില്ലെന്ന് കാര്‍ത്ത്യായനി പറഞ്ഞു. താമസത്തിന് ചെലവേറിയ ഹോട്ടല്‍ മുറികളൊന്നും എടുക്കാറില്ല. ക്ഷേത്ര സത്രങ്ങളും അവിടെയുള്ള അന്നദാനങ്ങളും തന്നെ ആശ്രയം. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊക്കെ പോയി. ജീവിതസായാഹ്നത്തില്‍ ഇതൊക്കെത്തന്നെ മാനസിക ഉന്മേഷം പകരുന്നു- അറുപത്തിമൂന്നുകാരി രമണി യാത്രാരീതി വിവരിക്കുന്നു.

കഴിഞ്ഞ മേയ് 25-ന് മട്ടന്നൂര്‍ വിമാനത്താവളത്തില്‍നിന്ന് വിമാനത്തില്‍ ഹൈദരാബാദിലും പോയി സംഘം. നാലുപേരുടെയും വിമാനത്തിലെ ആദ്യയാത്രയായിരുന്നു അത്. ഉത്തരേന്ത്യയാണ് അടുത്ത ലക്ഷ്യം. കാശിയിലേക്ക് വിമാനത്തില്‍ പോകാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ നാലുപേരും. നവരാത്രിക്കാലമാണ് അതിനായി തിരഞ്ഞെടുത്തത്.

എല്ലാവര്‍ക്കും വിവാഹിതരായ മക്കളുണ്ട്. രമണിയുടെ ഭര്‍ത്താവ് രാജനും സരസ്വതിയുടെ ഭര്‍ത്താവ് കക്കിരിക്കന്‍ പവിത്രനും നേരത്തേ മരിച്ചു. കളരിക്കല്‍ മോഹന്‍ദാസാണ് ഉഷയുടെ ഭര്‍ത്താവ്.

ഒന്നിച്ചുള്ള യാത്ര കുറവാണെങ്കിലും ഭാര്യയുടെ യാത്രക്കൂട്ടിനോട് അദ്ദേഹത്തിന് പരിഭവമൊന്നുമില്ല.

Content Highlights: age is no barrier when it comes to travel