• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • News
  • Features
  • Interview
  • Woman in News
  • My Post
  • Fashion
  • Celebs Choice
  • Trend
  • Beauty
  • Intimacy
  • Wedding
  • Travel
  • Grihalakshmi
  • Lifestyle
  • Health

മഴയ്‌ക്കൊപ്പം അഗസ്ത്യാര്‍കൂടത്തില്‍

Feb 14, 2019, 11:05 AM IST
A A A

'രാവിലെ അഗസ്ത്യാര്‍കൂട മലനിരകള്‍ക്കപ്പുറത്തു നിന്ന് സൂര്യന്‍ ഉദിച്ചുയരുന്ന കാഴ്ച അതിമനോഹരമായിരുന്നു. തലേദിവസത്തെ ക്ഷീണത്തെ മുഴുവന്‍ കുടഞ്ഞു കളഞ്ഞു ആ പ്രഭാതം.'

# പി.സനിത
Agastyarkoodam
X

കാടിന്റെ സര്‍വ സൗന്ദര്യവും വന്യതയും നിഗൂഢഭാവങ്ങളും കണ്ടും കേട്ടും അനുഭവിച്ചുമുള്ള ഒരു യാത്ര. 1868 മീറ്റര്‍ ഉയരത്തില്‍ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന അഗസ്ത്യാര്‍കൂടത്തിലേക്കും തിരിച്ചുമുള്ള 44 കി.മീ വനയാത്ര. കാട്ടില്‍ വെച്ച് ഞങ്ങള്‍ക്കൊരു കൂട്ടുകാരിയെ കിട്ടി, മഴ!

പതിയെ ചങ്ങാത്തവുമായെത്തിയ അവള്‍ ഒരുദിവസം ഞങ്ങളെ പിരിയാതിരുന്നു. അഗസ്ത്യാര്‍കൂടം കയറിയശേഷം മാത്രം മഴയെത്തിയത് ഞങ്ങള്‍ക്കും ആശ്വാസമായി. അല്ലെങ്കില്‍ മുകളിലേയ്ക്ക് കയറാന്‍ ആകുമായിരുന്നില്ല. മഴപ്പെയ്ത്തിലും കാട് കണ്ടു ഞങ്ങള്‍ മനസ് നിറഞ്ഞ് മടങ്ങി. മൂന്നാം ദിവസമാണ് തിരിച്ചെത്തിയത്. കാടിനു മാത്രം കാട്ടാന്‍ കഴിയുന്ന  ആ മാജിക് ശരിക്കും ആസ്വദിച്ച്. ആ യാത്രയിലൂടെ.....

കാടും തേടി

Agastyarkoodam

കാട്ടിലേയ്ക്കുള്ള നടത്തം ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പതരയ്ക്ക് ബോണക്കാട് ബേസ് ക്യാമ്പില്‍ നിന്നാരംഭിച്ചു. കൂടെ സുഹൃത്തുക്കളായ രാജിയും അരുണും. മൂന്നാം കാലായെടുത്ത മുളവടിയ്ക്ക് ആവശ്യം വരുമോ എന്ന സംശയം മണിക്കൂറുകള്‍ക്കുള്ളില്‍ അപ്രസക്തമായി. നിരപ്പുള്ള സ്ഥലത്തു നിന്നാരംഭിച്ച യാത്ര കയറ്റങ്ങളും ഇറക്കങ്ങളും ചെറിയ കാട്ടാറുകളും പിന്നിട്ട് ആദ്യത്തെ ക്യാമ്പായ ലാത്തിമൊട്ടയിലെത്തി.

വെയിലിന് കാഠിന്യം കൂടിയത് വെളിച്ചത്തിലൂടെ  മാത്രം അറിയാനായി. കാട്ടിനുള്ളില്‍ തീരെ ചൂടില്ലായിരുന്നു. സുഖകരമായ തണുപ്പ്. എന്നാല്‍ നടപ്പിന്റെ ചൂട് വിയര്‍പ്പുചാലുകളായി ഒഴുകിയിറങ്ങി. അപ്പോഴേയ്ക്കും എവിടെ നിന്നെങ്കിലും ഇളംകാറ്റടിക്കും, മനസും ശരീരവും തണുക്കും. കാട്ടാറിലെ വെള്ളം കോരി മുഖത്തും തലയിലും ഒഴിച്ചപ്പോള്‍ അതുവരെ നടന്ന ക്ഷീണമെല്ലാം പോയി. നീരുറവയില്‍ നിന്ന് മതിയാവോളം തെളിനീര്‍ കോരിക്കുടിച്ചു. വീണ്ടും നടന്നു.

Agastyarkoodam

അടുത്ത ക്യാമ്പ് കരമനയാറായിരുന്നു. അവിടെ ഉഗ്രനൊരു വെള്ളച്ചാട്ടമുണ്ട്. പച്ചിലമരുന്നുകളെ തഴുകി തലോടി വരുന്ന വെള്ളമാണ്. കുളിയ്ക്കാം, കുടിയ്ക്കാം. പാറയിലിരുന്ന് വിശ്രമിക്കാം. അല്പസമയം അവിടെയിരുന്ന് വിയര്‍പ്പാറ്റിയ ശേഷം മെല്ലെ നടന്നു തുടങ്ങി. നട്ടുച്ച, എന്നാല്‍ കാട്ടിന് എന്താരു കുളിര് ! അടുത്ത ക്യാമ്പ് അട്ടയാര്‍.  അവിടെ മാത്രം കുളിയ്ക്കാന്‍ അനുവാദമില്ല. അല്പം വഴുക്കുള്ള പാറകള്‍. അല്പ സമയം അവിടെ ഇരുന്ന് രാജി കൊണ്ടുവന്ന കരിക്കിന്‍ വെള്ളവും കുടിച്ച് വീണ്ടും യാത്ര. ഇനി കടക്കേണ്ടത് പുല്‍മേടാണ്. ഇളംപച്ച നിറത്തിലുള്ള ആ താഴ്വര ചിത്രങ്ങളില്‍മാത്രം കണ്ടുമാത്രം പരിചയമുള്ള കാശ്മീരിലെ ചില സ്ഥലങ്ങളെ ഓര്‍മിപ്പിച്ചു.

പുല്‍മേട്ടിലേയ്ക്ക്

പുല്‍മേട്ടിലെത്തിയപ്പോഴാണ് ശരിക്കും ചൂടറിഞ്ഞത്. നാലുകിലോമീറ്റര്‍ പുല്‍മേട് പിന്നിട്ടപ്പോള്‍ വാടി തളര്‍ന്നിരുന്നു. സമയം രണ്ടര. ചെറുതായി വിശക്കാന്‍ തുടങ്ങിയിരിക്കുന്നു. യാത്ര തുടങ്ങിയപ്പോള്‍ പൊതിഞ്ഞു കിട്ടിയ ഉച്ചഭക്ഷണത്തിന് വിശപ്പിന്റെ പഞ്ചാരി കൂടിയായപ്പോള്‍ രുചി അല്പം കൂടുതലായി. വയറു നിറഞ്ഞപ്പോള്‍ ഉറക്കം വന്നു. വിശ്രമിച്ചാല്‍ അന്ന് തങ്ങേണ്ടയിടത്തെത്താന്‍ വൈകുമോ എന്നൊരു പേടി.  നടന്ന് ഏഴ് മടക്ക് തേരിയിലേക്ക് കയറി. പേരുപോലെ തന്നെ ഏഴു മടക്കുകളായി കിടക്കുന്ന കയറ്റം. കയറി മുകളിലെത്തിയപ്പോള്‍ കാല് ചെറുതായി മസില് പിടിച്ചു. കാലിനെ തടവി സമാധാനിപ്പിച്ച് കുറച്ചു നേരം. നടക്കാമെന്നായപ്പോള്‍ മുട്ടിടിച്ചാന്‍ തേരിയിലേക്ക് കയറി.

Agastyarkoodam
പുല്‍മേട്ടില്‍ നിന്നും ഏഴു മടക്ക് തേരിയുടെ കാഴ്ച

 

മുട്ട് നെഞ്ചിലിടിക്കുന്ന ഒന്നാന്തരം കയറ്റം. ശരീരം ചെറുതായി വിസമ്മതിക്കും.  പിന്നോട്ടു വലിയാന്‍ നോക്കും. മനസുകൊണ്ട് സ്വയം മോട്ടിവേറ്റ് ചെയ്ത് വീണ്ടും യാത്ര. അതും ഉരുണ്ട പാറക്കല്ലുകള്‍ക്ക് മുകളിലൂടെ. ഈ കയറ്റം തീരില്ലേ എന്നുവരെ തോന്നിപ്പോയി. അവസാനം ഒരു ചോലക്കാട്ടില്‍ എത്തിചേര്‍ന്നു, ആശ്വാസമായി. അവിടെ നിന്ന് ഒരു കി.മീ നടന്നപ്പോള്‍ അന്ന് ഞങ്ങള്‍ക്ക് താമസിക്കാനുള്ള അതിരുമല ബേസ് ക്യാമ്പായി.

അതിരുമല ക്യാമ്പ്

കൊടുംകാട്ടിനുള്ളിലാണ് അതിരുമല ബേസ് ക്യാമ്പ്. കഴിഞ്ഞ വര്‍ഷം വരെ പുരുഷന്‍മാര്‍ മാത്രം സീസണില്‍ എത്തിയിരുന്ന ഇടം. ഈ വര്‍ഷം മുതല്‍ സ്ത്രീകള്‍ക്കും പ്രവേശനം. കാട്ടിനു നടുവില്‍ അത്യാവശ്യം മാത്രം സൗകര്യങ്ങള്‍. ചൂടുകഞ്ഞിയും ചുക്കുകാപ്പിയും കിട്ടുന്ന കാന്റീന്‍. ടോയ്ലറ്റ് സൗകര്യങ്ങള്‍. ക്യാമ്പിന്റെ നാലുപാടും വലിയ കുഴി കുഴിച്ചു വെച്ചിട്ടുണ്ട്. ആന വരാതിരിക്കാനാണ്. 

Agastyarkoodam

കാറ്റും കൊടും തണുപ്പുമില്ലാത്ത രാത്രിയായിരുന്നു അത്. എന്നാലും ഉറങ്ങാനായില്ല. കാല്‍ നീട്ടിവെച്ച് കിടന്നു. പുലര്‍ച്ചെ എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ടപ്പോള്‍ എണീറ്റു. സമയം ആറു മണി. അഗസ്ത്യരെ കാണാനായി  പേകേണ്ടത് ഇന്നാണ്. തണുത്ത വെള്ളത്തില്‍ ഒരു കുളി പാസ്സാക്കി വന്നു. കാന്റീനില്‍ നിന്ന് ചൂടുകാപ്പി കുടിച്ചു. ഏഴുമണിയോടെ മല കയറാനെത്തിയവരെല്ലാം തയ്യാറായി. പ്രാതല്‍ പൊതിഞ്ഞെടുത്തു. ശരിക്കുള്ള യാത്ര തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.

Agastyarkoodam
ഏഴുമടക്കുതേരിയില്‍ നിന്നുള്ള
അഗസ്ത്യാര്‍കൂത്തിന്റെ ആദ്യ ദൃശ്യം

ഇക്കണ്ട കാടൊന്നും കാടല്ല, പെണ്‍മണിയേ

കൊടുങ്കാട്, വന്യതയില്‍ ഒട്ടും മയമില്ല. കൂടുതല്‍ ദുഷ്‌ക്കരമായി തോന്നി മുന്നോട്ടുള്ള പാത. അതുവരെ കണ്ട കാടൊന്നും കാടേ അല്ല എന്നു തോന്നി. കരിമ്പച്ചകാട്ടില്‍ ഒളിച്ചിരുക്കുന്ന കാട്ടിലെ വീട്ടുകാര്‍.

ഏതു നിമിഷവും ചാടി വന്നേയ്ക്കാം. അവിടെ നമ്മളാണ് അതിഥികള്‍. കരുതലോടെ വേണം മുന്നോട്ടു പോവാന്‍. ജാഗ്രത, ജാഗ്രത എന്ന് ഇന്ദ്രിയങ്ങളെ പറഞ്ഞു പഠിപ്പിച്ചു. 

20 പേരുള്ള ഗ്രൂപ്പുകളായാണ് പുറപ്പെട്ടത്. മുന്നില്‍ വഴികാട്ടികളായി ഗൈഡുമാര്‍. കാണിക്കാരാണ് ഗൈഡുമാരായി കൂടെ വരുന്നത്. സീസണില്‍ മാത്രമേ അവര്‍ക്കിവിടെ ജോലിയുണ്ടാകൂ. അല്ലാത്തപ്പോള്‍ കൂലി പണിക്ക് പോവും. കോട്ടൂരിലെ പൊടിയം സെറ്റില്‍മെന്റില്‍ നിന്നുള്ളവരാണ് പലരും.

ബോണക്കാടുനിന്നും വിതുരയില്‍നിന്നും ഉള്ളവരുണ്ട്. അല്പം മുന്നോട്ടു പോയപ്പോള്‍ മുന്നിലുണ്ടായിരുന്നവര്‍ പെട്ടെന്ന് നിന്നു.

'ആരും ഒച്ചയുണ്ടാക്കരുത്' ആരോ പറഞ്ഞു. ആനയാണ് ഞങ്ങളുടെ വഴിമുടക്കി നിന്നത്. ആനയെ ഓടിക്കാന്‍ കാണിക്കാര്‍ പടക്കം പൊട്ടിച്ചു. ആന കാട്ടിലേയ്ക്ക് മറഞ്ഞു. ഞങ്ങള്‍ യാത്ര തുടര്‍ന്നു.

സംഘത്തിലെല്ലാവരും കിതയ്ക്കാന്‍ തുടങ്ങി. അത്രയും ആയാസകരമായിരുന്നു പാറക്കെട്ടുകള്‍ക്ക് മുകളിലൂടെയുള്ള ആ കയറ്റം. എന്നാല്‍ ചുറ്റിലും അതിമനോഹരമായ കാഴ്ചകള്‍. തളിര്‍ത്ത് നില്‍ക്കുന്ന ഇലകളും വള്ളിച്ചെടികളും. പൂമരങ്ങള്‍, പേരറിയാ പൂക്കളുടെ ഗന്ധം. എല്ലാത്തിനേയും തലോടുന്ന തണുപ്പിന്റെ കമ്പളം. നടത്തത്തിന്റെ വേഗം കുറഞ്ഞെങ്കിലും ആ കാട് കടന്നു. 

Agastyarkoodam
ലേഖിക സുഹൃത്തുക്കള്‍ക്കൊപ്പം

ഈറ്റക്കാട്ടിലെ കരിവീരന്‍മാര്‍

ഇനി പോകാനുള്ളത് ഈറ്റക്കാട്ടിലൂടെയാണ്. ആനയുണ്ടാവും. ആനയുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് ഈറ്റ. നിശബ്ദമായി നടക്കാന്‍ വീണ്ടും നിര്‍ദേശം കിട്ടി. കരിവീരന്‍മാരുടെ കളിസ്ഥലമാണ് ആ കാടെന്നറിഞ്ഞപ്പോള്‍ വയറ്റിലൊരു ആന്തല്‍. എന്നാലും കുഴപ്പമില്ല.

മിണ്ടാതെ നടക്കണമെന്നു മാത്രം. ഈറ്റക്കാട്ടിലെ വലിയ കല്ലുകളിലൂടെ വലിഞ്ഞു കയറി മുകളിലേക്ക് ചെന്നപ്പോള്‍ ഞങ്ങളെ കാത്തിരുന്നത് കണ്ണും മനസും നിറയ്ക്കുന്ന ഒരു കാഴ്ചയായിരുന്നു. ചുറ്റിലും നിറയെ പൂമരങ്ങള്‍. വയലറ്റും വെള്ളയും നിറമുള്ള പൂക്കള്‍. കാട്ടില്‍ പൂക്കളുടെ പൂരം! വല്ലാത്ത സന്തോഷം തോന്നി.

20

അഗസ്ത്യാര്‍കൂടത്തിലേക്കുള്ള പകുതി വഴിയില്‍ പോലും എത്തിയിട്ടില്ല ഞങ്ങള്‍. പൊങ്കാലപ്പാറ എത്തിയിട്ടു വേണം പ്രഭാത ഭക്ഷണം കഴിക്കാന്‍. നടത്തത്തിന്റെ വേഗത കൂട്ടി. അഗസ്ത്യാര്‍കൂടത്തില്‍ അനുഷ്ഠാനങ്ങളുടെ ഭാഗമായി പോകുന്നവര്‍ പൊങ്കാലയിട്ടിരുന്ന സ്ഥലമാണ് ഈ പാറ. അവിടെ നൂല് പോലെ വെള്ളച്ചാലുകള്‍.

രാജി പോയി നീരുറവ കണ്ടു പിടിച്ച് കുപ്പിയില്‍ വെള്ളം നിറച്ച് കൊണ്ടുവന്നു. അരുണ്‍ ആവശ്യത്തിന് ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു.  ഞാന്‍ കാറ്റും കൊണ്ട് വെറുതെയിരുന്നു. ഭക്ഷണം കഴിച്ച് ബാക്കി പൊതിഞ്ഞുവെച്ച് അഗസ്ത്യാര്‍കൂടം ലക്ഷ്യമാക്കി വേഗം നടന്നു.

കയറ്റങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും ഞങ്ങളെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. ഗ്ലൂക്കോസ് പൊടി ഇടയ്ക്കിടെ കഴിച്ചു. വെള്ളം ഒരുപാട് കുടിയ്ക്കാതെ ഓരോ കവിള്‍ എടുത്ത് ഇടയ്ക്കിടെ കുടിച്ചു. ഇതൊക്കെ മുമ്പേ കയറിയിറങ്ങിപ്പോയവര്‍ ഞങ്ങള്‍ക്ക് തന്ന 'ടിപ്സ്' ആണ്. കരടി ബ്രോസ് എന്ന് ഞങ്ങള്‍ പേരിട്ട ആലപ്പുഴക്കാരായ അജുരാജും അയൂബ്ഖാനും ഇടയ്ക്കിടെ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു.

മുകളിലേക്ക് ഒരു കാതം

ചെറിയ രണ്ടു കയറുകള്‍.  10 മീറ്റര്‍ നീളത്തില്‍. പിന്നെയും കയറ്റം. ഇനി വലിയ ഒരു കരിമ്പാറയിലേക്ക് വടം പോലുള്ള കയര്‍ വെച്ച് കയറണം. ഉടനെ തന്നെ അതു പോലെ മറ്റൊന്ന്. പിന്നെ ഇത്തിരി നടക്കണം. ചെറിയ കാട്, ശിവലിംഗത്തിന്റെ ആകൃതിയിലുള്ള ഒരു വലിയ കരിമ്പാറ നീണ്ടു നിവര്‍ന്നു മുകളില്‍.  അവിടെയാണ് എത്തേണ്ടത്.

അതിന്റെ മുകളിലേയ്ക്ക് റോപ്പുവഴി.  വടം വലിയ്ക്കുള്ള വലിയ കയറാണ വലിയ പരകളിലെയ്ക്ക് കയറാന്‍. 360 ഡിഗ്രിയില്‍ അതിമനോഹരമായ കാഴ്ചകളാണ് അവിടെ കാത്തിരിക്കുന്നത്.   കോടമഞ്ഞില്‍ തെളിഞ്ഞും മാഞ്ഞും പോകുന്ന മലനിരകള്‍ ചുറ്റിലും. മനസ് നിറച്ചു കാഴ്ചകള്‍. അത്രയും കഠിനമായ യാത്ര ചെയ്തു വന്നത് വെറുതെയായില്ല എന്ന് തോന്നി.

സൂര്യന് തൊട്ടുതാഴെ, മേഘങ്ങള്‍ക്കരികില്‍, ചുവടുതെറ്റിക്കുന്ന കാറ്റിനെ ഭേദിച്ച് ഒരു കൂറ്റന്‍ കരിമല

അവിടെയുള്ള മരങ്ങളെ ഒരു പരിധിയില്‍ കൂടുതല്‍ വളരാന്‍ കാറ്റ് സമ്മതിക്കില്ല.  ബോണ്‍സായിമ രങ്ങള്‍ അല്ല . പേരമരത്തിന്റെ അത്രയും ഉയരമുള്ള മരങ്ങള്‍. അഗസ്ത്യരുടെ വിഗ്രഹത്തില്‍ ഇപ്പോള്‍ പൂജയില്ല. ട്രക്കിങ്ങ് സീസണിലെ പൂജ ഹൈക്കോടതി നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

വിഗ്രഹത്തിനു ചുറ്റമുള്ള സ്ഥലം കയര്‍ കെട്ടി വേര്‍തിരിച്ചിരിക്കുന്നു. ഏതാണ്ട് അരമണിക്കൂര്‍ അവിടെ ചെലവഴിച്ചു.  അവിടെ ഒരു പട്ടിയുണ്ട്. രാവിലെ ബേസ് ക്യാമ്പില്‍ നിന്ന് ആദ്യത്തെ ഗ്രൂപ്പിനൊപ്പം പോയതാണ് അവന്‍. അവസാന ഗ്രൂപ്പിനൊപ്പം തിരിച്ചിറങ്ങും.  അവന്‍ സ്വയം ഏറ്റെടുത്ത ഡ്യൂട്ടിയാണെന്ന് ഗൈഡ് പറഞ്ഞു. അന്ന് അവന്‍ ഞങ്ങളോടോപ്പമാണ് ഇറങ്ങിയത്.

തമിഴ്നാട്ടിലെയും കേരളത്തിലെയും പല പ്രദേശങ്ങളും അഗസ്ത്യാര്‍കൂടത്തിന് മുകളില്‍ നിന്നു കാണാം. അഞ്ചു മടക്ക് മല, അംബാസമുദ്രം, നെയ്യാര്‍ ഡാം തുടങ്ങിയവ. സമയം 12.15. വെയിലും കോടയും ഒളിച്ചുകളിക്കുന്നു. ഇനി തിരിച്ചിറക്കം. കയറിയ പോലെ തന്നെ ഇറങ്ങണം. താഴോട്ടു നോക്കരുത്. ചിലപ്പോള്‍ പേടി തോന്നിയേക്കാം. കയറുകളൊക്കെ  ഒരു വിധം പിടിച്ചുതൂങ്ങി  കരിമ്പാരകള്‍ക്ക് താഴെയുള്ള കുറ്റിക്കാട്ടിലെത്തി. ആ കാടിനെ എ.സി കാടെന്ന് വിളിയ്ക്കും. പക്ഷെ, അത്ര എ.സി യൊന്നും തോന്നിയില്ല.

ക്ഷണിക്കാതെ വന്ന അതിഥി

Agastyarkoodam
പൊങ്കാലപ്പാറ, മഴയ്ക്കു മുന്‍പ്

പൊങ്കാലപ്പാറയ്ക്ക് തൊട്ടു മുന്നേ എത്തിയപ്പോള്‍ മഴ ചാറിതുടങ്ങി. നോക്കി നില്‍ക്കെ അത് ശക്തി പ്രാപിച്ചു കടുത്ത മഴയായി. പിന്നെ അത് ഞങ്ങളുടെ കൂടെ കൂടി. മഴയത്ത് യാത്ര തുടര്‍ന്നു. അല്ലാതെ വേറെ നിവൃത്തിയില്ല. കുടയും റെയിന്‍ കോട്ടുമൊന്നും ഇല്ല. ആകെയുള്ളത് ഒരു തൊപ്പി മാത്രം. 

പൊങ്കാല പാറയെത്തിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. അങ്ങോട്ടു പോകുമ്പോള്‍ നൂലുപോലിരുന്ന നീര്‍ച്ചാലുകളൊക്കെ മിനുട്ടുകള്‍ക്കകം വെള്ളച്ചാട്ടങ്ങളായി. എത്രയും പെട്ടെന്ന് പൊങ്കാലപ്പാറ കടക്കണമെന്ന് ഗൈഡിന്റെ നിര്‍ദേശം വന്നു.  ഒഴുക്കിന് ശക്തി കൂടിയാല്‍ ഇന്ന് അപ്പുറം കടക്കാന്‍ പറ്റില്ല. അതിനിടെ ഇടിയും മിന്നലും. ഞങ്ങള്‍ നില്‍ക്കുന്നത് കരിമ്പാറയില്‍. കാട്ടിലെ മഴയുടെ സൗന്ദര്യം ആസ്വദിക്കണോ പേടിയ്ക്കണോ എന്നറിയാതെ മനസ് വ്യാകുലപ്പെട്ടു. ഒരുവിധം എല്ലാവരും പൊങ്കാലപ്പാറയ്ക്കപ്പുറം കടന്നു.

വെള്ളം കുത്തിയൊലിച്ച് ഒഴുകിക്കൊണ്ടിരുന്നു.

മണിക്കൂറിനുള്ളിലാണ് കാടിന്റെ ഭാവം മാറിയത്. ഉണങ്ങി വരണ്ട പ്രദേശം മുഴുവന്‍ നനഞ്ഞ് ഈര്‍പ്പം പിടിച്ചതായി. ഒപ്പം ചെറിയ വഴുക്കലും. അഗസ്ത്യാര്‍കൂടത്തില്‍ കണ്ട പട്ടിയും ഞങ്ങള്‍ക്കൊപ്പം നിന്നു. മഴ പെയ്തതു കൊണ്ട് തിരിച്ചിറക്കം കൂടുതല്‍ പ്രയാസമായി. വടി കുത്തിപ്പിടിച്ച് വളരെ ശ്രദ്ധിച്ച് മെല്ലെയായിരുന്നു ഇറക്കം. ചില പാറകളില്‍ നിരങ്ങിയിറങ്ങി.(കുട്ടിക്കാലത്തെ അഭ്യാസങ്ങള്‍ക്ക് മനസാ നന്ദി പറഞ്ഞ നിമിഷങ്ങള്‍)

ഈറ്റക്കാട് വഴിയുള്ള തിരിച്ചിറക്കം ആനപ്പേടിയില്‍ ആയിരുന്നു. ഈറ്റക്കാട്ടില്‍ മഴപെയ്താല്‍  ആനയിറങ്ങാന്‍ സാധ്യത ഏറെയെന്ന് ഗൈഡുമാര്‍. നനഞ്ഞ ട്രക്കിങ്ങ് ഷൂസ് ഊരിക്കളയാനും നിവൃത്തിയില്ല. തണുത്ത് വിറച്ച് കാലിലെവിടെയൊക്കെയോ മസിലുപിടിക്കുന്നു. കുറേനേരമായി മഴ നനയുകയാണ്. വേറെ ഒരു നിവൃത്തിയുമില്ല. കാട്ടില്‍ ഇരുട്ട് വീണാല്‍ പിന്നെ നടക്കാന്‍ ബുദ്ധിമുട്ടാവും. സന്ധ്യയ്ക്ക് മുമ്പ് ബേസ് ക്യാമ്പിലെത്തണം.

മഴ പെയ്തതോടെ അതുവരെ പാവത്താന്‍മാരായിരുന്ന അട്ടകള്‍ പോരാളികളായി മാറി. എല്ലാവരെയും അട്ട കടിച്ചു. കാണിക്കാര്‍ അട്ടകളെ പിഴുതു കളഞ്ഞു.  അഗസ്ത്യാര്‍ കൂടത്തിലേയ്ക്ക് പോകുമ്പോള്‍ ഉപ്പും പുകയിലയുമൊന്നും കരുതിയിരുന്നില്ല  ഈറ്റക്കാട്ടിലേയ്ക്ക് കടന്നപ്പോള്‍ ആനപ്പിണ്ടത്തിന്റെ ചൂര്. അടുത്തെവിടെയോ അവനുണ്ട്. മിണ്ടാതെ നടക്കാന്‍ ഗൈഡുമാരുടെ കര്‍ശന നിര്‍ദേശം. അവരുടെ കൈയ്യില്‍ കരുതിയിരുന്ന പടക്കം മഴയില്‍ നനഞ്ഞു കുതിര്‍ന്നിരുന്നു. പടക്കം പൊട്ടിച്ച് ആനയെ ഓടിക്കാനും നിവൃത്തിയില്ല.

ഒന്നു രണ്ടു തവണ കൂടെ വന്ന പട്ടി കുരച്ചു ബഹളം വെച്ചു. ഞങ്ങള്‍ നിശബ്ദരായി നിന്നു, വീണ്ടും നടന്നു, ഇടയ്ക്ക്  വീണ്ടും നിന്നു. ഒരു വിധം ഈറ്റക്കാട്ടില്‍ നിന്ന് പുറത്തു കടന്നു. കാട് ഇനിയും നീണ്ടു പരന്നു കിടക്കുന്നു. യാത്ര അവസാനിക്കുന്നേയില്ല. എവിടെയെങ്കിലും ഇരിയ്ക്കാന്‍ തോന്നി. പറ്റാവുന്നത്ര വേഗത്തില്‍ നടന്നു എല്ലാവരും. രാവിലെ പോകുമ്പോള്‍ കണ്ട ചെറിയ നീരുറവകളിലെല്ലാം വെള്ളം നിറഞ്ഞു കവിഞ്ഞിരുന്നു. രാവിലെ കണ്ട സൗമ്യഭാവമേ ആയിരുന്നില്ല കാടിന്.

ഒടുവില്‍ ബേസ്‌ക്യാമ്പ്

19
അതിരുമല ബേസ് ക്യാമ്പ്

 

മെല്ലെ നടന്ന് ഒരുവിധം അതിരുമല ബേസ് ക്യാമ്പിലെത്തി. എല്ലാവരും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. അഗസ്ത്യാര്‍കൂടത്തില്‍ നിന്നിറങ്ങിയ അവസാന സംഘം മഴയില്‍പ്പെട്ട കാര്യം പൊങ്കാലപ്പാറയ്ക്കപ്പുറം കടന്ന പലരും കണ്ടിരുന്നു. 'കരടി ബ്രോസ്‌' ഞങ്ങള്‍ക്കു മുമ്പ് വലെങ്കാലപാപാറ കടന്നിരുന്നു. മുമ്പേ വന്ന ഒരു സംഘത്തിന് മഴ കിട്ടിയത് ഈറ്റക്കാട്ടില്‍ വെച്ചാണ്. അവര്‍ ആനയെ തൊട്ടു മുന്നില്‍ കണ്ടത്രേ! അതില്‍ ഒരാള്‍ ആനയെ പേടിച്ച് ഓടിയത് വെറുതെയായി. ആന അതിന്റെ പാട്ടിന് പോയി.
ബേസ് ക്യാമ്പിലെ കാന്റീനില്‍ നിന്ന് ചൂടുവെള്ളം വാങ്ങി കുളിച്ചപ്പോള്‍ അതുവരെ അനുഭവിച്ച ക്ഷീണം പമ്പ കടന്നു. കഞ്ഞിയും പയറും അച്ചാറും കഴിച്ച് ഉറങ്ങാന്‍ കിടന്നു. എപ്പോഴോ മയങ്ങിപ്പോയി.

രാവിലെ അഗസ്ത്യാര്‍കൂട മലനിരകള്‍ക്കപ്പുറത്തു നിന്ന് സൂര്യന്‍ ഉദിച്ചുയരുന്ന കാഴ്ച അതിമനോഹരമായിരുന്നു. തലേദിവസത്തെ ക്ഷീണത്തെ മുഴുവന്‍ കുടഞ്ഞു കളഞ്ഞു ആ പ്രഭാതം. തലേന്ന് രാത്രി കാന്റീനില്‍ കരടി വന്നെന്ന് കേട്ടു. ഒപ്പം പാമ്പും. വയര്‍ലെസ് സ്റ്റേഷനിലെ ഞങ്ങളുടെ രണ്ടുദിവസത്തെ താമസസ്ഥലത്തോട് വിട പറഞ്ഞ് ഞങ്ങള്‍ അതിരുമലയില്‍ നിന്നിറങ്ങി. ഇനി തിരിച്ചിറക്കമാണ്. രാവിലെ തന്നെ ഞങ്ങള്‍ തിരിച്ചിറങ്ങാന്‍ തുടങ്ങി. ഉപ്പുമിസൈല്‍ പ്രയോഗിച്ച് കാലില്‍ കയറിയ അട്ടകളെയെല്ലാം തുരത്തിയോടിച്ചു. തലേന്ന് പെയ്ത മഴയില്‍ കാട് കൂടുതല്‍ സുന്ദരിയായിരുന്നു. അതുവരെയുളള ക്ഷീണം മാറ്റാന്‍ ആ കാഴ്ചകള്‍ മാത്രം മതിയായിരുന്നു. മനസും ശരീരവും റീചാര്‍ജ് ചെയ്ത അനുഭവം.


ചിത്രങ്ങള്‍: പി.സനിത, അരുണ്‍ വിനയ്, അയൂബ്ഖാന്‍

Content Highlights: Agastyarkoodam the best trekking destination 

PRINT
EMAIL
COMMENT
Next Story

ലഡാക്ക് യാത്രയ്‌ക്കൊരുങ്ങുകയാണോ? ഇക്കാര്യങ്ങള്‍ മനസില്‍ വെയ്ക്കാം

ലഡാക്ക് യാത്ര : സംശയങ്ങളും എന്റെ ഉത്തരങ്ങളും! (ഈ ഉത്തരങ്ങള്‍ സ്വന്തം അനുഭവത്തില്‍ .. 

Read More
 

Related Articles

അഗസ്ത്യാർകൂടം ട്രെക്കിങ്: സ്ത്രീകളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി
Kerala |
Kerala |
അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിന് ഇത്തവണയും സ്ത്രീകള്‍ക്ക് പ്രവേശനമില്ല
 
  • Tags :
    • Agastyarkoodam
    • high court on agastyarkoodam women treking
    • Agastyarkoodam the best trekking destination
More from this section
Ladakh
ലഡാക്ക് യാത്രയ്‌ക്കൊരുങ്ങുകയാണോ? ഇക്കാര്യങ്ങള്‍ മനസില്‍ വെയ്ക്കാം
Travel
മക്കള്‍ നല്‍കുന്ന പണം മിച്ചം പിടിച്ചാണ് ഈ അമ്മമാരുടെ യാത്ര
sainabhi teacher
മുഖം മറച്ച്, കര്‍ട്ടനിട്ട വില്ലുവണ്ടിയില്‍ കോളേജില്‍ പോയിരുന്ന ഈ 68-കാരി ഇന്ന് ലോകം ചുറ്റുകയാണ്
Shehnas
ഭര്‍ത്താവിന്റെ പിറന്നാള്‍ സമ്മാനം; ഗ്രീസിലേക്ക് ഒരു സോളോ ട്രിപ്പ്
Badami
ചാലൂക്യരുടെ രഥവേഗമറിഞ്ഞ ബദാമിയുടെ മണ്ണിലൂടെ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.