ന്നു മുതല്‍ തുടങ്ങിയതാണ് ആമ്പല്‍പ്പുകളോടുള്ള മോഹം....പ്ലസ്ടു ക്ലാസിലെ ബാക്ക്‌ബെഞ്ചുകാരന്‍ ചെക്കന്‍ ആമ്പല്‍പ്പൂവിൽ  കൂടോത്രം ചെയ്തു വീഴ്ത്തിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയ അന്നുമുതല്‍. ഒരു കൂടോത്രമൊക്കെ ചെയ്ത് പെണ്ണിനെ വീഴ്ത്താന്‍ ഈ ആമ്പല്‍ ഇത്ര ഭീകരനാണോ?

രാത്രി 11 കഴിഞ്ഞിരുന്നു കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിലെത്തിയപ്പോള്‍. അരമണിക്കൂര്‍ കാത്തിരിപ്പിനുശേഷം 11.30ന്റെ അടൂര്‍ സൂപ്പര്‍ഫാസ്റ്റ് സ്റ്റാന്‍ഡിലെത്തി. എവിടേയ്ക്കാണെങ്കിലും യാത്ര കെ.എസ്.ആര്‍.ടിസിയില്‍ തന്നെയാണ്. അതും സൂപ്പര്‍ഫാസ്‌റ്റോ ഫാസ്റ്റ് പാസഞ്ചറോ ആയാൽ ഏറെ സന്തോഷം. കോട്ടയത്തേയ്ക്ക് ടിക്ക്റ്റെടുത്ത് പതിയെ വിന്‍ഡോസിറ്റില്‍ തലചായ്ച്ചു. ബസ് ടൗൺ വിട്ടതോടെ ചുറ്റും പാലപ്പൂകളുടെ മതിപ്പിക്കുന്ന ഗന്ധം പരന്ന് ഒരു ആവരണം പോലെ പൊതിഞ്ഞു. പതിയെ പതിയെ അത്  എന്നെ കെട്ടുകഥകളിലെ ഇടതൂര്‍ന്ന മുടിയും നീണ്ടുവിടർന്ന കണ്ണുകളുമുള്ള സുന്ദരി യക്ഷിയുടെ അടുത്തേയ്ക്ക് വലിച്ചെറിഞ്ഞ പോലെ... അത്രമേല്‍ ഉന്മാദത്തിലാക്കുന്നതായിരുന്നു ആ ഗന്ധം.

കോഴിക്കോടിനെയും മലപ്പുറത്തെയും തൃശൂരിനെയുമൊക്കെ അനുഭവിച്ച് മുന്നോട്ട് നീങ്ങുന്നതിനിടയില്‍ എപ്പോഴാണ് ഉറക്കത്തിലേയ്ക്ക് വീണത്? ഓര്‍മയില്ല. രാവിലെ എന്നുവച്ചാല്‍ നേരം വെളുക്കുമ്പോള്‍ തന്നെ കോട്ടയത്ത് എത്തണം. എന്നാലെ വിടര്‍ന്നു നില്‍ക്കുന്ന ആമ്പല്‍പ്പൂക്കള്‍ കാണാന്‍ പറ്റൂ. സൂര്യൻ ഉദിച്ചാല്‍  ഇതളുകള്‍ കൂമ്പി പൂക്കള്‍ വാടും. പിന്നെ പിറ്റെന്നു പ്രഭാതമായാലെ ആ കാഴ്ച കാണാന്‍ സാധിക്കൂ. പറഞ്ഞതിലും പത്തു മിനിറ്റ് മുമ്പ് സൂപ്പര്‍ഫാസ്റ്റ് കോട്ടയത്തെത്തി. അല്ലെങ്കിലും അത് അങ്ങനെയാണ്. അത്രയ്ക്കും വിശ്വാസമാണ് കെ.എസ്.ആര്‍.ടി.സിയെ. 

water lilly

സമയം 6.30 ആയിട്ടുണ്ടാവും. കോട്ടയം സജീവമായി വരുന്നതേയുള്ളു. പറഞ്ഞപോലെ സുഹൃത്തുക്കള്‍ രണ്ടും സ്റ്റാന്‍ഡിന് പുറത്ത് കാത്തുനില്‍പുണ്ട്. ഒരു കട്ടന്‍ കുടിച്ചാലോ എന്ന് ചിന്തിക്കും മുമ്പേ മനസു പറഞ്ഞു; വേണ്ട, കട്ടനൊക്കെ പിന്നെ കിട്ടും. ആമ്പലുകൾ വാടിയാല്‍... കാത്തിരിപ്പ് പിന്നെയും നീളും.

കോട്ടയത്തു നിന്ന് ചങ്ങനാശ്ശേരി റൂട്ടില്‍ നാട്ടകം ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞാല്‍ പനച്ചിക്കാട്ടേയ്ക്ക് പോകുന്ന വഴിയായി. വിദ്യാരംഭത്തിന് പേരുകേട്ട ക്ഷേത്രമാണ് പനച്ചിക്കാട്. പ്രതിഷ്ഠ മഹാവിഷ്ണു ആണെങ്കിലും ദുര്‍ഗാ ഭാവത്തിലുള്ള സരസ്വതീ ക്ഷേത്രമായാണ് ഇത് അറിയപ്പെടുന്നത്. ദക്ഷിണ മുകാംബിക എന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നത്. പനച്ചിക്കാട് ക്ഷേത്രത്തിലെ യഥാര്‍ഥ പ്രതിഷ്ഠ ഒരു കിടങ്ങിനുള്ളില്‍ നീര്‍ച്ചാലിനു നടുവിലാണ്. ഈ നീര്‍ച്ചാലിനു ചുറ്റും വള്ളിപ്പടര്‍പ്പുകള്‍ നില്‍ക്കുന്നതിനാല്‍ ഭഗവതിയുടെ പ്രതിഷ്ഠ ഭക്തര്‍ക്ക് പൂര്‍ണമായും കാണാന്‍ സാധിക്കില്ല. ക്ഷേത്രത്തിലെ പ്രധാനഉത്സവം നവരാത്രിയോട് അനുബന്ധിച്ചുള്ള സരസ്വതീപൂജയാണ്. ഈ സമയം ധാരളം ഭക്താരാണ് ഇവിടെ തൊഴാന്‍ എത്തുന്നത് .

 

water lilly

പനച്ചിക്കാട് ക്ഷേത്രമിരിക്കുന്ന  മലയുടെ താഴ്‌വാരത്ത് വിശാലമായ ഒരു പാടമുണ്ട്. അഞ്ഞുറേക്കറോളം പരന്നു കിടക്കുന്ന പാടം. അതില്‍ ഒരു പാടശേഖരമാണ് അമ്പാട്ട്കടവ്. കുറുക്കുവഴികള്‍ താണ്ടി ചങ്ക് ചങ്ങായിമാരുടെ കൂടെ കുണ്ടുംകുഴിയും നിറഞ്ഞ വഴിയിലൂടെ രാവിലെ ഏഴ് മണിക്ക് അമ്പാട്ടുകടവിലെത്തി. ഇരുവശവും മരങ്ങള്‍ തിങ്ങിനിറഞ്ഞ വഴിയില്‍ നിന്ന് പെട്ടന്ന് വിശാലമായൊരു ആകാശവും നിറയെ പരന്നു കിടക്കുന്ന പാടശേഖരവും. അതില്‍ വിടരാന്‍ മത്സരിച്ച് ആമ്പല്‍പ്പൂക്കള്‍. കടുംപിങ്ക്‌ നിറത്തില്‍ തുടുത്ത ഇതളുകള്‍. നൂറല്ല ആയിരമല്ല, ലക്ഷക്കണക്കിന് ആമ്പല്‍പ്പൂക്കള്‍.... 

water lilly

നിറയെ വിടര്‍ന്നു നില്‍ക്കുന്ന ആമ്പല്‍ പാടത്തേയ്ക്ക് നോക്കിയപ്പോള്‍ യൂറോപ്പിലെ ട്യൂലിപ്പ് പൂക്കൾ ഓര്‍മവന്നു. ദൂരെക്കാഴ്ചയില്‍ ട്യൂലിപ്പ് പൂക്കളുമായി നിറത്തിലും വലുപ്പത്തിലുമൊക്കെ സമാനതകൾ ഏറെയുണ്ട് ഈ ആമ്പല്‍പ്പൊയ്കയ്ക്ക്. കണ്ണെത്താ ദൂരത്തോളം പടര്‍ന്നുകിടക്കുന്ന ആമ്പല്‍പ്പൂപ്പാടം നോക്കി ഇതിന്റെ അറ്റം എവിടെയെന്ന് ചോദിച്ചാല്‍ ദാ അങ്ങ് അകലെ പാറയ്ക്കല്‍കടവിനും അപ്പുറം നീണ്ടുകിടക്കുന്നു എന്ന് നാട്ടുകാർ പറയും. എത്ര ചൂണ്ടിയാലും വിരലെത്താത്ത ദൂരമാണ് ആ പിങ്ക് നിറത്തിന്. പാടശേഖരത്തിന് നടുവിലൂടെ പോകുന്ന നാട്ടുപാതയില്‍ നിന്ന് ചുറ്റും ഒന്നു കണ്ണൊടിച്ചാല്‍ കുറച്ചുദൂരം ആമ്പല്‍പ്പൂക്കൾ കാണാന്‍ കഴിയും. പിന്നെയൊക്കെ ഒരു പിങ്ക് നിറം മാത്രമാണ്. ഈ അഞ്ഞുറേക്കറിലും നിറയെ ആമ്പല്‍പ്പൂക്കളാണോന്നു ചോദിച്ചാല്‍ ആമ്പാട്ടുകടവിലെ ആമ്പലുകള്‍ക്കാണ് വലുപ്പവും നിറവും എണ്ണവുമൊക്കെ കൂടുതലെന്ന് മാത്രം പറയും ഇവർ.

ഇവിടെ ആമ്പലുകള്‍ കൃഷി ചെയ്യുന്നതല്ല, എല്ലാ വര്‍ഷവും കൊയ്ത്ത് കഴിയുന്നതോടെ പാടശേഖരത്തില്‍ നിറയെ ആമ്പലുകള്‍ വളരും. വളര്‍ന്ന് വളര്‍ന്ന് അതിങ്ങനെ ഒരു ആമ്പല്‍പ്പൂപ്പാടമായി മാറും. ജൂണ്‍ മുതല്‍ നവംബര്‍ വരെയാണ് ഇത്രയധികം പൂക്കളുണ്ടാവുക. വീണ്ടും അടുത്ത കൃഷിക്ക് സമയമാകുമ്പോള്‍ പാടം ഉഴുന്നതോടെ വേരും കിഴങ്ങും ഇലയും ഉള്‍പ്പെടെ എല്ലാം പാടത്തില്‍ ചേരുന്നു.

വീണ്ടും കൊയ്ത്ത് കഴിയുമ്പോള്‍ പാടം ഒരു ആമ്പല്‍പ്പൊയ്കയായി മാറും. ഇത് കാണാന്‍ ദൂരെ ദേശത്ത് നിന്നും ആളുകള്‍ വരുന്നുണ്ട്. ആല്‍ബങ്ങളുടെയും സീരിയലുകളുടെയും ഷൂട്ടിങ്ങിന് പലരും ഇവിടെ എത്തുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശവാസിയായ മോഹന്‍ദാസിന്റെ വള്ളത്തില്‍ ആടിയുലഞ്ഞ് ആമ്പല്‍പ്പൊയ്കയിലൂടെ ഒരു ചെറിയ യാത്ര നടത്തി. വള്ളം എങ്ങോട്ട് ചരിഞ്ഞാലും അനങ്ങാതെ ഇരുന്നാല്‍ മതി. പേടിക്കണ്ട വീണാലും ഒന്നും സംഭവിക്കല്ലെന്ന നിര്‍ദേശമൊക്കെ തന്ന് മോഹന്‍ദാസ് കൂടെ കൂടി. മൂന്നോട്ട് നീങ്ങുന്നതനുസരിച്ച് മുന്നിലെ പൂക്കാലം വിശാലമായി വരികയായിരുന്നു. ചെറുവള്ളത്തില്‍ തട്ടിയും തലോടിയും ആമ്പല്‍പ്പൂക്കള്‍ വഴിമാറിത്തന്നു. കൂറെ ദൂരം മുന്നോട്ട് നീങ്ങി ഒടുവില്‍ ഇനി ഇങ്ങനെ നീങ്ങിയാല്‍ എവിടെയുമെത്തില്ലെന്ന വള്ളക്കാരന്റെ ഓര്‍മപ്പെടുത്തല്‍. ഞങ്ങള്‍ വീണ്ടും കരയിലേയ്ക്ക് തിരിച്ചു. അധികം ആഴമില്ലാത്ത, ചേറു നിറഞ്ഞ പാടത്തില്‍ ആഴത്തില്‍ വേരുകളാഴ്ത്തിയ ആമ്പല്‍ മോഹന്‍ദാസ് തന്റെ തുഴകൊണ്ട് തട്ടിയിളക്കി കരുത്തു കാണിച്ചു തന്നു.

water lilly

എന്നാല്‍ ഈ ആമ്പലുകള്‍ മറ്റ് വാണിജ്യാവശ്യങ്ങള്‍ക്കൊന്നും ഉപയോഗിക്കുന്നില്ല. ഒൻപത് മണിയായതോടെ ആമ്പാട്ടുകടവിലെ പാടങ്ങളില്‍ സൂര്യപ്രകാശമെത്തി... ഇനി അധികസമയം ഈ ആമ്പല്‍പ്പൂക്കള്‍ ഇത്ര മനോഹരമായി വിരിഞ്ഞു നില്‍ക്കില്ല. കാഴ്ചക്കാരെയൊക്കെ മോഹിപ്പിച്ച, കൊതിപ്പിച്ച പൂക്കളുടെ ചെറിയ ജീവിതം പാടത്തിലെ ചേറോട് ചേരും. നാളെ പുത്തന്‍ മൊട്ടുകൾ വിരിഞ്ഞ് വീണ്ടും ഈ പാടം ഇതിലും മനോഹരമാകും. ആ കാഴ്ചകള്‍ കാണാന്‍ വീണ്ടും പുതിയ ആളുകള്‍ എത്തും...ഏറെനാളത്തെ മോഹം സാക്ഷാത്ക്കരിച്ച് മനസ് നിറയെ ആമ്പല്‍പ്പൂക്കളുമായി അമ്പാട്ടുകടവില്‍ നിന്ന് തിരിച്ചു മടങ്ങുമ്പോള്‍ ഉള്ളില്‍ ഒരു വസന്തകാലത്തിന്റെ വിത്തു വീണിരുന്നു... വെറുതെ ഓര്‍ത്തു... അത്ര നിസാരക്കാരനല്ല, കൂടോത്രം ചെയ്താലും ഇല്ലെങ്കിലും ഈ ആമ്പലിന് ഒരു പെണ്ണിന്റെ മനസ്സൊക്കെ കീഴടക്കാന്‍ പറ്റും.

Content highlights: about water lily farming in kottayam travelogue