ടെലിവിഷൻ താരം സായന്തനി ഘോഷ് വേൾഡ് ഹെൽത്ത് ഡേയിൽ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. സ്ത്രീകളുടെ സ്തനവലിപ്പത്തെ പറ്റിയുള്ള താരതമ്യങ്ങൾക്കെതിരെയും ബോഡിഷെയിമിങ്ങിനെ പറ്റിയുമാണ് താരം ഈ പോസ്റ്റ് പങ്കുവച്ചത്. മുപ്പത്താറുകാരിയ താരത്തോട് ഒരു പരിപാടിയ്ക്കിടെ ആരാധകരിലൊരാൾ അടിവസ്ത്രത്തിന്റെ സൈസ് ചോദിച്ചതായാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 'അയാൾക്ക് തക്കതായ മറുപടി ഞാൻ നൽകിയിരുന്നു. എങ്കിലും എനിക്ക് അതിനെ പറ്റി കുറച്ച് കാര്യങ്ങൾ കൂടി പറയാനുണ്ട്.' താരം കുറിക്കുന്നു.

ബോഡി ഷെയ്മിങ് എത്രമാത്രം മോശമായ കാര്യമാണ് എന്നതിനെ പറ്റിയാണ് സായന്തനി തുടർന്ന് പറയുന്നത്. 'സ്ത്രീകളുടെ സ്തനങ്ങളെ പറ്റിയുള്ള സങ്കൽപങ്ങൾ ഇത്രമാത്രം ആകർഷകമാകാൻ എന്താണ് ഉള്ളതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. എ കപ്പ്, ബി, സി, ഡി.. അങ്ങനെ പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ഇതേ പറ്റി തലപുകയ്ക്കുന്നവരാണ്. ശരീരത്തിലെ എല്ലാ അവയവങ്ങളും പോലെ മാത്രമാണ് ഇതെന്ന് കരുതാൻ പറ്റാത്തത് എന്തുകൊണ്ടാണ്.'

സ്ത്രീകളോട് തന്റെ അനുഭവത്തിൽ നിന്ന് ഇത്തരം താരതമ്യങ്ങളെ എങ്ങനെ നേരിടണമെന്നും താരം പറയുന്നുണ്ട്. 'ഇത്തരം ചോദ്യങ്ങളെ എങ്ങനെ നേരിടുമെന്ന് കരുതി അങ്ങനെയുള്ള പുരുഷന്മാരിൽ നിന്ന് ഓടിയൊളിക്കുകയല്ല വേണ്ടത്. പകരം ചോദ്യം ചെയ്യാൻ പഠിക്കണം. എന്റെ സ്തനങ്ങളിലേക്ക് തുറിച്ചു നോക്കുകയും മോശമായി സംസാരിക്കുകയും ചെയ്ത പലരെയും അതെന്നെ എത്ര മോശമായി ബാധിച്ചിട്ടും ഞാൻ നിശബ്ദയായി വിട്ടുകളഞ്ഞിട്ടുണ്ട്.. എന്നാൽ ഇനി ഞാനത് എതിർക്കുക തന്നെ ചെയ്യും.'

'സ്വയം സ്നേഹിക്കാനും നമുക്കുവേണ്ടി ശബ്ദമുയർത്താനും നമ്മളല്ലാതെ മറ്റാരും ഉണ്ടാവില്ല. നമ്മളെ അപമാനിച്ചാൽ, ബോഡി ഷെയിമിങിന് ഇരയാക്കിയാൽ നിബ്ദത പാലിക്കുകയല്ല വേണ്ടത്, എതിർക്കുക, അത് സ്ത്രീയായാലും പുരുഷനായാലും.. സായന്തനി പറയുന്നു.


Content Highlights:Telivision Actor shares powerful post about body shaming after troll asks her bra size