നെടുമ്പാശ്ശേരി: ലോക വനിതാ ദിനത്തില്‍ വനിതാ ജീവനക്കാര്‍ മാത്രമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏഴ് വിമാന സര്‍വീസ് നടത്തി. കൊച്ചിദുബായ്, മംഗലാപുരംദുബായ്, കോഴിക്കോട്‌റാസല്‍ഖൈമ, ഡല്‍ഹിദുബായ്, ചെന്നൈസിങ്കപ്പുര്‍, തിരുവനന്തപുരംമസ്‌കറ്റ്, മുംബൈദുബായ് എന്നീ സെക്ടറുകളിലേക്കാണ് വെള്ളിയാഴ്ച വനിതകള്‍ മാത്രമായി വിമാനം പറത്തിയത്.

ഉച്ചയ്ക്കുശേഷം ഒന്നരയ്ക്കാണ് കൊച്ചിയില്‍നിന്നുള്ള വിമാനം ദുബായിലേക്ക് പറന്നത്. വിമാനത്തിലെ എല്ലാ ജീവനക്കാരും മലയാളികളായിരുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഈരാറ്റുപേട്ട സ്വദേശിനി ബിന്ദു സെബാസ്റ്റ്യനായിരുന്നു ക്യാപ്റ്റന്‍. പള്ളുരുത്തി സ്വദേശിനി മാര്‍ട്ടിന സെലിന്‍ ഫസ്റ്റ് ഓഫീസറും. എന്‍. നിഷ, നജുമി നസീര്‍, സൂര്യ വിശ്വന്‍, ആര്യ രാജേന്ദ്രന്‍ എന്നിവരായിരുന്നു എയര്‍ ഹോസ്റ്റസുമാര്‍. ബിനു സഞ്ജയ് എന്‍ജിനീയറും. ഈ വിമാനം ദുബായില്‍നിന്ന് കൊച്ചിയിലേക്ക് തിരിച്ച് പറത്തിയതും ഇവര്‍ തന്നെയായിരുന്നു. വനിതാ ജീവനക്കാര്‍ മാത്രമായി വിമാനം പറത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പൈലറ്റ് ബിന്ദു സെബാസ്റ്റ്യന്‍ പറഞ്ഞു.

നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ജീവനക്കാരില്‍ 65 ശതമാനത്തോളം വനിതകളാണെന്ന പ്രത്യേകതയുണ്ട്. വിമാനം പറത്തിയ വനിത ജീവനക്കാരെ എയര്‍ ഇന്ത്യ സി.ഇ.ഒ. ശ്യാംസുന്ദറിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. കേക്ക് മുറിച്ച് വനിതാ ദിനവും ആഘോഷിച്ചു. യോഗത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസര്‍മാരായ എബി ജോര്‍ജ്, വിജയകൃഷ്ണന്‍, അനില്‍കുമാര്‍ ജെയ്ന്‍ എന്നിവര്‍ പ്രസംഗിച്ചു.

content highlights: womens day special 7 women's drive air india express