സ്വപ്നാടങ്ങള്‍ പോലെ യാത്ര തുടങ്ങിയിട്ട് അഞ്ചു വര്‍ഷങ്ങള്‍ ആവുകയാണ്. പ്ലാനിങ് മുതല്‍ സുരക്ഷിതമായി വീട്ടില്‍ എത്തുന്നത് വരെ പല പല കാര്യങ്ങളിലും ആദ്യ യാത്ര മുതല്‍ പോയ മാസം ചെയ്ത ഗുജറാത്ത് ട്രിപ്പ് വരെ ഒരുപാട് മാറ്റങ്ങള്‍ ഉണ്ട്. ഏറ്റവും സുരക്ഷിതമായ ഇടങ്ങളില്‍ നിന്ന് പുറത്തു  കടന്നു യാത്ര ചെയ്യുക എന്ന് പറയുമ്പോള്‍ ഓരോ സ്ത്രീയും ചോദിക്കുന്ന അല്ലെങ്കില്‍ അല്‍പ്പമെങ്കിലും ആശങ്കപ്പെടുന്ന കാര്യമാണ് പബ്ലിക് ടോയ്ലറ്റുകളുടെ ലഭ്യതയെ കുറിച്ച്. സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോഴും വലിയ മാറ്റങ്ങള്‍ അവകാശപ്പെടുമ്പോഴും മാറ്റമില്ലാതെ നില്‍ക്കുന്ന ചില ഇടങ്ങള്‍ ഇപ്പഴും പബ്ലിക് ടോയ്ലറ്റുകള്‍ തന്നെ എന്ന് പറയാം. കേരളത്തിന് പുറത്തു ഇത് കേരളത്തിലുള്ളതിനേക്കാള്‍ കഷ്ടമാണ് എന്ന് നോക്കുമ്പോള്‍ കേരളത്തില്‍ യാത്ര ചെയുമ്പോള്‍ ആ കാര്യത്തില്‍ അല്‍പ്പം ആശ്വാസം ഉണ്ട്. 

കേരളത്തില്‍ സ്ഥിരമായി യാത്ര ചെയുന്ന കൊച്ചിയിലേക്കാണ് അത് സുഹൃത്തുക്കളെ കാണാനും അല്ലെങ്കില്‍ യാത്രക്കിടയില്‍ ട്രെയിന്‍ അല്ലെങ്കില്‍ ബസ് മാറി കയറുക എന്നിങ്ങനെ ആവശ്യങ്ങള്‍ പലതായിരിക്കും. അതി രാവിലെ വന്നിറങ്ങുമ്പോ അല്ലെങ്കില്‍ രാത്രി ബസ് കയറുമ്പോള്‍ ഒന്ന് ഡ്രസ്സ് മാറുക അല്ലെങ്കില്‍ ടോയ്ലറ്റില്‍ പോവേണ്ടി വരിക എന്ന് പറയുമ്പോള്‍ അത് കൊച്ചിയിലാണെങ്കില്‍ വളരെ അധികം ആശ്വാസം ആണെന്ന് വ്യക്തിപരമായി പറയും. കാരണം സ്ഥിരമായി ഇത് പോലെ ആവശ്യങ്ങള്‍ വരുമ്പോള്‍ പോവാറുള്ളത് കൊച്ചിമെട്രോ സ്റ്റേഷനുകളില്‍ ആണ്. നല്ല വൃത്തിയും സൗകര്യവും  വേറെ ഒരിടത്തും കിട്ടില്ല. പക്ഷെ എല്ലാ സ്റ്റേഷനിലും ഇത് സാധ്യമാവുകയില്ല, അവിടെ രക്ഷകനായി എത്തുന്നത് ഷോപ്പിംഗ് മാളുകള്‍ ആണ്. ഒന്ന് മുഖം കഴുകി ഡ്രസ്സ് മാറി ഇറങ്ങുമ്പോള്‍ ഇത്രയും സൗകര്യം നമ്മുടെ റെയില്‍വേ സ്റ്റേഷന്‍ അല്ലെങ്കില്‍ ബസ് സ്റ്റാന്‍ഡിലെ ടോയ്ലറ്റില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട്. സൗത്ത് സ്റ്റേഷനില്‍ ഒരു ടോയ്ലറ്റും ഒരു ബാത്‌റൂമും ഒരു നീണ്ട നിരയും, ഇതായിരിക്കും മിക്കപ്പോഴും. പക്ഷെ സ്റ്റേഷനില്‍ തന്നെ ഉള്ള കുടുംബശ്രീ വിശ്രമകേന്ദ്രങ്ങള്‍ ഒരു ആശ്വാസമാണ് പക്ഷെ യാത്ര ടിക്കറ്റുകള്‍ ഇല്ലാതെ അവിടെ പ്രവേശനം കാണില്ല.

ഒരു പക്ഷെ സ്ഥിരമായി യാത്ര ചെയുന്നത് കൊണ്ട് ഇങ്ങനെ ഉള്ള സൗകര്യങ്ങള്‍ കണ്ടു അറിഞ്ഞും ശീലമായിട്ടുണ്ട്. പക്ഷെ ഇത് സര്‍ക്കാരിന്റെ മാത്രം ചുമതല ആയി കാണാന്‍ ആഗ്രഹിക്കുന്നില്ല, തരുന്ന സൗകര്യങ്ങള്‍ വൃത്തിയോടെ സൂക്ഷിക്കാന്‍ നമ്മളും ബാധ്യസ്ഥരാണ്. ഉപയോഗിച്ച നാപ്കിന്‍ ഇടാന്‍ ഒരു ബോക്‌സ് വെച്ചാലും അത് ടോയ്ലറ്റില്‍ വെക്കുക, അല്ലെങ്കില്‍ ക്ലോസറ്റില്‍ ഇട്ടു അത് ബ്ലോക്കാക്കുക എന്ന രീതികളും നമ്മള്‍ മാറേണ്ടതുണ്ട്. വരും കാലങ്ങളില്‍ കഴിഞ്ഞു പോയ ദിവസത്തേക്കാള്‍ നല്ല ടോയ്ലറ്റുകള്‍ യാത്രകള്‍ക്കു ആശങ്ക ഇല്ലാതെ ആശ്വാസമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു 

Content Highlights: International Women's Day 2019, Toilets: Our right, Balance for better