'കുളിമുറി' എന്ന പേരില്‍ ഞാന്‍ വിളിച്ചു ശീലിച്ചുപോന്ന മൂത്രപ്പുരയും ബാത്ത്റൂമും എല്ലാം ചേര്‍ന്ന ആ മുറി, ഒരു പ്രശ്നമായി ജീവിതത്തിലേക്ക് വരുന്നത് തീരെ ചെറിയ പ്രായത്തിലാണ്. മൂന്നോ നാലോ വയസ്സില്‍. അന്ന് അമ്മയുടെ തറവാട്ടുവീട്ടിലാണ് താമസിക്കുന്നത്. വീടിന് ഇരുന്നൂറ് വര്‍ഷത്തോളം പഴക്കം ഇന്നുണ്ട്. അപ്പോള്‍ അന്നതിന്റെ പ്രായം ഇരുന്നൂറില്‍ നിന്ന് 23 വര്‍ഷം കുറവായിരുന്നിരിക്കും. അമ്മയുടെ അപ്പൂപ്പന്മാര് ദീര്‍ഘദര്‍ശികളായിരുന്നു. അവര്‍ പല മുറികളിലും ഓവുള്ള ഒരു ചെറിയ അറ്റാച്ഡ് മുറി പണിതിരുന്നു. പക്ഷേ പഴയ തറവാട്ടിലെ പ്രധാന കുളിമുറി ഉണ്ടായിരുന്ന വടക്കുഭാഗം അക്കാലത്ത് നടന്ന ഭാഗം വെക്കലില് നഷ്ടപ്പെട്ടു. ഇടത്തേകൈ മുറിഞ്ഞുപോയ ഒരാളെപ്പോലെയാണ് ഇന്നും ആ തറവാട് വീട് നില്‍ക്കുന്നത്. പിന്നെ ഒരു കുളിമുറിയും ശുചിമുറിയും ഒക്കെ ആദ്യം പണിയണം. അതിന് ബാക്കി സ്ഥലത്ത് വാസ്തുവും മറ്റും ചേര്ന്നുവന്നിരുന്നില്ല. പറഞ്ഞുവന്നത്, ആ മൂന്നുനാലുവയസ്സ് പ്രായത്തിലാണ് 'കുളിമുറി'നിര്‍മ്മാണത്തിന്റെ പ്രാധാന്യം ശബ്ദകോലാഹലങ്ങളോടെ എന്റെ ജീവിതത്തില്‍ വന്നു സംഭവിച്ചത് എന്നാണ്.
അതിനുശേഷം അഞ്ച് വയസ്സില്‍ പെട്ടെന്ന് എന്നെ കൊണ്ടുപോയി ഒന്നാം ക്ലാസില്‍ ചേര്‍ത്തു. അംഗനവാടിയിലോ നഴ്സറിയിലോ ഞാന്‍ പോയിരുന്നില്ല. വീടിന്റെ അടുത്തുള്ള സാധാരണ എയ്ഡഡ് സ്കൂളായിരുന്നു അത്. ഞാനവിടെ ഒന്നാംക്ലാസില്‍ ചേര്‍ന്നപ്പോള്‍ എന്റെ ചേച്ചി അതേ സ്കൂളില്‍ അഞ്ചാം ക്ലാസിലും ഏട്ടന് മൂന്നാം ക്ലാസിലും പഠിക്കുന്നുണ്ടായിരുന്നു. സ്വാഭാവികമായും അനാവശ്യമായി കരയുകയും ക്ലാസിലെ കുട്ടികളോട് പ്രേതകഥകള്‍ മാത്രം പറയുകയും ചെയ്തിരുന്ന എന്റെ ഭാരിച്ച ഉത്തരവാദിത്വം അവര്‍ക്ക് രണ്ടാള്‍ക്കുമായിരുന്നു.
ഇന്റര്‍വെല്‍ സമയത്താണ് ഭയങ്കര ഉത്തരവാദിത്വക്കാരിയായ ചേച്ചി, അഞ്ചാം ക്ലാസിലെ വേറെ രണ്ടുചേച്ചിമാരോടൊപ്പം എന്നെ സന്ദര്‍ശിക്കുക. തുടര്‍ന്ന് എന്നെ മൂത്രമൊഴിപ്പിക്കാന്‍ കൊണ്ടുപോവുക എന്ന ചടങ്ങ് അരങ്ങേറും. ഈ പരിപാടിയില്‍ അവള്‍ക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. എന്നെ മൂത്രമൊഴിപ്പിക്കാന്‍ ചേച്ചി വന്നില്ല എന്ന് ഞാന്‍ വീട്ടില്‍ പോയി 'കൊളത്തിക്കൊടുക്കു'മെന്നതുകൊണ്ട് മാത്രമായിരുന്നു ആ ചടങ്ങ് അങ്ങനെ നടന്നുവന്നത്. അന്നവിടെ പെണ്‍കുട്ടികള്‍ക്ക് മൂത്രമൊഴിക്കാന്‍ ഉണ്ടായിരുന്ന മുറിയില്‍ ആകെ ആറേഴുപ്രാവശ്യമേ ഞങ്ങള്‍ പോയിട്ടുണ്ടാവുകയുള്ളൂ. ആ അഞ്ച് പ്രാവശ്യം തന്നെ ഉടുപ്പിന്റെ അറ്റം പൊക്കി മൂക്ക് പൊത്തിയാണ് ഞങ്ങളതില്‍ കയറിയത്. വൃത്തിയുണ്ടായിരുന്നില്ല എന്നല്ല പറയേണ്ടത്, അവിടെ വൃത്തിയാക്കാനും ആരുമുണ്ടായിരുന്നില്ല എന്നാണ്.
ചേച്ചിയൊക്കെ സ്കൂളിലെ മൂത്രമൊഴിക്കല്‍ പരിപാടി എന്നേ നിര്‍ത്തിയതായിരുന്നു. പിന്നെ അവളേപ്പോലെ സ്കൂള്‍ വിട്ട് വീട്ടിലെത്തുന്നത് വരെ മൂത്രം പിടിച്ചുനിര്‍ത്താന്‍ ഞാനും ശീലിച്ചുതുടങ്ങി. രാവിലെയും വൈകുന്നേരവും അവസാനത്തെ പിരിയഡ് കളിപ്പിരിയഡായിരുന്നു. ടൈം ടേബിളിലെ നാലും എട്ടും കോളങ്ങളില്‍ കളി എന്നെഴുതിവെച്ചിരുന്ന ഞങ്ങളുടെ കളിപ്പിരിയഡ്. പക്ഷേ അപ്പോഴും ഇതേ മൂത്രം ശല്യപ്പെടുത്താതെയിരുന്നില്ല. ചില ദിവസം, പ്രത്യേകിച്ചും മഴക്കാലത്ത്, എനിക്ക് മൂത്രമൊഴിക്കാന്‍ മുട്ടിയിരുന്നു. എന്റെ ഓടിക്കളികളെ അത് സാരമായി ബാധിക്കുകയും ചെയ്തുപോന്നു. ആ സ്കൂളിലെ 6 വര്‍ഷം കഴിഞ്ഞ് പിന്നെയും പഠിച്ച ഒറ്റ സ്കൂളിലും മൂത്രമൊഴിക്കാതെയിരുന്നിട്ടുള്ളയാളാണ് ഞാന്‍.
ഞാനും ചേച്ചിയും മാത്രമാണ് ഇങ്ങനെയുണ്ടാവുക എന്നാണ് ഞാന്‍ കരുതിയിരുന്നത്. പി എച്ച് ഡിക്ക് ചേര്‍ന്ന ശേഷം രമ്യച്ചേച്ചിയെ (രമ്യ മോഹന്‍) പരിചയപ്പെട്ടപ്പോഴാണ് ഇതെന്റെയോ ചേച്ചിയുടെയോ മാത്രം പ്രശ്നമായിരുന്നില്ലെന്ന് മനസ്സിലായത്. രമ്യച്ചേച്ചി കോളേജിലെ മൂത്രപ്പുരയില്‍ പോലും ഇന്നും കയറിയിട്ടില്ല എന്നതാണ് സത്യം. ഒരു വിദ്യാലയത്തിലെ മൂത്രപ്പുര ഞാനാദ്യമായി ഉപയോഗിക്കുന്നത് ഗവേഷണവിദ്യാര്ത്ഥിയായിരിക്കെയാണ്. അതും നിവൃത്തികേടുകൊണ്ട് തുടങ്ങിപ്പോയതായിരുന്നു. പ്രെഗ്നന്‍സി സമയത്തും പ്രസവശേഷവും എനിക്ക് മൂത്രം പിടിച്ചുവെക്കുക എന്ന സാഹസകര്‍മ്മം ഒഴിവാക്കാതിരിക്കാന്‍ പറ്റുമായിരുന്നില്ല. കുട്ടിക്കാലത്തെപ്പോലെ മൂത്രംപിടിച്ചുവെക്കുക എന്നത് ആ സമയത്ത് ഓര്ക്കാന്പോലുമായിരുന്നില്ല. മൂത്രം പിടിച്ചുവെക്കുന്നത് ശരീരത്തിന് കേടാണെന്ന് പിന്നീടറിഞ്ഞിട്ടുമുണ്ട്. എത്രമാത്രം അനാരോഗ്യകരമായ ശീലമാണ് ഞങ്ങളുടെയൊക്കെ സ്കൂള്‍ജീവിതം ഞങ്ങള്‍ക്കുണ്ടാക്കിത്തന്നത്!
കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ടോയ്ലറ്റ് ഉപയോഗിക്കാതെ സ്റ്റാഫിനുള്ള, വൃത്തിയുള്ള ടോയ്ലറ്റ് ഉപയോഗിക്കാന്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ആയ രാജലക്ഷ്മി ടീച്ചര്‍ അനുവദിച്ചിരുന്നു. ടീച്ചര്‍ തന്ന ആ സ്നേഹവും പരിഗണനയും കൊണ്ടാണ് അന്ന് ഞങ്ങള്‍ ഗവേഷകര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍പോലും സാധിച്ചത്.
യാത്രാസമയത്ത് വൃത്തിയുള്ള പൊതുടോയ്ലറ്റുകള് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കേരളത്തിലെ എല്ലാ സ്ത്രീകളും അനുഭവിക്കുന്നതാണ്. പിന്നെ ഞാന്‍ മാത്രമെങ്ങനെയതിന് പുറത്തുനില്ക്കാനാണ് ! എന്റെ പത്താമത്തെ വയസ്സില്‍ (അഞ്ചാം ക്ലാസില്‍) ഞങ്ങള്‍ ഓരോ രണ്ടുമാസം കൂടുമ്പോള്‍ ഒലവക്കോടുള്ള ഒരു അധ്യാപകന്റെയടുത്ത് അക്ഷരശ്ലോകം പഠിക്കാന്‍ പോയിരുന്നു. ഞങ്ങള്‍ എന്നു പറയുമ്പോള്‍ ഞാനും, എനിക്ക് കൂട്ടിന് അമ്മയും. യാത്രചെയ്യുമ്പോള്‍ മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് ഞാനാദ്യം അറിഞ്ഞത് അക്കാലത്താണ്. അമ്മയ്ക്കും ഉണ്ടായിരുന്നു ഇതേ പ്രയാസം. അങ്ങനെ ഒരു ദിവസയാത്ര കഴിഞ്ഞ് വരുമ്പോള്‍ വയറുവേദനയും മറ്റും തുടങ്ങും.
വഴിയിലൊക്കെ ഒഴിഞ്ഞ കുറേ സ്ഥലങ്ങള്‍ ഉണ്ട്, ഒലവക്കോട്-ഷൊര്‍ണൂര്‍ റൂട്ടില്‍. വലിയ വലിയ മരങ്ങളും ഉണ്ടായിരുന്നു. അവിടെ എവിടെയെങ്കിലും ഇറങ്ങി മൂത്രം ഒഴിക്കാമെന്ന് ഞാനമ്മയോട് ഒരുപാട് പറഞ്ഞിട്ടുണ്ട്. പെണ്ണുങ്ങള്‍ക്കത് പാടില്ല എന്നാണല്ലോ പൊതുനിയമം. ഞാന്‍ സ്കൂളില്‍ പഠിക്കുന്നകാലത്ത് ഒരു വാര്‍ത്ത വന്നിരുന്നു. വഴിയരികില്‍ മൂത്രമൊഴിച്ച ഒരു കുഞ്ഞു പെണ്‍കുട്ടിയെ വനിതാപോലീസ് ക്രൂരമായി മര്‍ദ്ദിച്ചു എന്ന്. ഇപ്പോഴും എത്രയോ മുതിര്‍ന്ന ആണുങ്ങള് യാതൊരു സംശയവുമില്ലാതെ ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തിന് തീരെച്ചെറിയ ഒരു പെണ്‍കുട്ടിയെ മര്‍ദ്ദിച്ച വനിതാപോലീസിന്റെ മാനസികാവസ്ഥ എന്തായിരുന്നിരിക്കണം!
പണ്ട്, ഞങ്ങള്‍ എല്ലാവരും കൂടി കൊല്ലത്തെ ഞങ്ങളുടെ വല്യമ്മയെ കാണാനോ അല്ലെങ്കില്‍ തിരുവനന്തപുരത്തോ കൊല്ലത്തോ വെച്ച് നടന്നിരുന്ന സംസ്ഥാനകലോത്സവങ്ങള്ക്കോ പോവുമ്പോള്‍ സ്ഥിരമായി കയറുന്ന ചില ഹോട്ടലുകളുണ്ടായിരുന്നു. രുചിയുള്ള ഭക്ഷണമല്ല, വൃത്തിയുള്ള ടോയ്ലറ്റുകളാണ് പ്രധാനമായും ഞങ്ങളെ അവിടെ ഇറക്കിയിരുന്നത്. ആലപ്പുഴയിലെ ഗറേര ആരാമം ഞങ്ങള്‍ പതിവായി ഇറങ്ങിയിരുന്ന സ്ഥലമായിരുന്നു. ആ ഹോട്ടലിന്റെ മുന്നില്‍ ഒരു ഘണ്ഠാകര്ണ്ണക്ഷേത്രമുണ്ട്. അവിടെയിറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതും ടോയ്ലറ്റില് പോവുന്നതും, ബാക്കിയുള്ളവര്‍ ടോയ്ലറ്റില് നിന്നു വരുന്നതുവരെ ഘണ്ഠാകര്ണക്ഷേത്രം നോക്കിനിന്നിരുന്നതുമൊക്കെ ഇപ്പോഴും ആ വഴി പോവുമ്പോള്‍ ഓര്മ വരും.
സംസ്ഥാനകലോത്സവ ദിവസങ്ങള്‍ മൂത്രമൊഴിക്കുന്ന കാര്യത്തില്‍ വെറും നരകങ്ങളായിരുന്നുവെന്ന് പറയാതെ വയ്യ . 2005 മുതല്‍ 2010 ജനുവരി വരെയുള്ള സംസ്ഥാനകലോത്സവങ്ങളില്‍ ഞാന്‍ പങ്കെടുത്തിരുന്നു. നൃത്തയിനങ്ങള്ക്കെല്ലാം വേദിയോട് ചേര്‍ത്ത്, വേദിയുടെ പുറകുവശത്ത് കെട്ടിയ ഒരു ' ഗ്രീന്‍ റൂം ' ആണ് ഉണ്ടാവുക. അതില്‍ മൂത്രപ്പുരയൊന്നും ഉണ്ടായിരുന്നില്ല. ഈ റൂമുകളിലിരുന്നാണ് മെയ്ക്ക് അപ് ഇടുന്നത്. പ്രശസ്തരായ മേയ്ക്കപ്പ്മാന്മാര്ക്കെല്ലാം നല്ല തിരക്കായിരിക്കും. നമ്മുടെ സൗകര്യത്തിന് പോയി ഒരുങ്ങാമെന്നൊന്നും കരുതാന്‍ പറ്റില്ല. രാവിലെ തുടങ്ങുമെന്ന് പറയുന്ന മത്സരയിനം ചിലപ്പോള്‍ രാത്രിയാവും തുടങ്ങുക. അനന്തമായിയിങ്ങനെ നീണ്ടുനീണ്ട് പോവുന്ന ഓരോ മത്സരയിനത്തിന്റെ പുറകിലും മുഴുവന്‍ മെയ്ക്കപ്പും ഇട്ട് മണിക്കൂറുകളോളം മൂത്രമൊഴിക്കാതെയിരുന്നിട്ടുണ്ട്. ഇതൊന്നും എന്റെ മാത്രം അനുഭവങ്ങളായിരുന്നില്ല എന്ന് കൃത്യമായ ബോധ്യവുമുണ്ട്.
പ്രഗ്നന്സികാലത്ത് ഒരിക്കല്‍ മാവേലിക്കര നിന്ന് ട്രെയിനില്‍ ഷൊര്‍ണൂര്‍ക്ക് പോയപ്പോഴും ഇതേ പ്രയാസം അനുഭവിക്കേണ്ടിവന്നു. ട്രെയിനല്ലേ എപ്പോള്‍ വേണമെങ്കിലും പോയി മൂത്രമൊഴിക്കാമല്ലോ എന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ ടോയ്ലറ്റില് കയറിയപ്പോള്‍ വാതില്‍ സാക്ഷയിടാന്‍ പറ്റുന്നില്ല. വാതിലും അടച്ചുപിടിക്കണം. ബാഗും തൂക്കിപ്പിടിക്കണം. സര്‍ക്കസ് കാണിക്കുകയായിരുന്നു അന്ന് ഞാന്‍. അല്ലെങ്കിലും ഇത്തരം സര്‍ക്കസ് പെണ്ണുങ്ങള്‍ക്ക് ഒരു പുതുമയൊന്നുമല്ലല്ലോ. പൊതുടോയ്ലറ്റില്‍ കയറിയാല്‍ യൂറോപ്യന്‍ ക്ലോസറ്റാണെങ്കില്, വൃത്തികേട് കണ്ടിട്ട് അതിലിരിക്കാന്‍ തോന്നിയില്ലയെന്നും, സാങ്കല്പികകസേരയെന്ന ശിക്ഷയിലെപ്പോലെ സര്‍ക്കസ് കാണിക്കുകയായിരുന്നുവെന്നും എത്രയോ പെണ്‍കുട്ടികള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ഈ ശിക്ഷയനുഭവിക്കേണ്ടി വരുന്നത് എന്നുകൂടി ഇനി ആരാണ് പറഞ്ഞുതരിക !
Content Highlights: International Women's Day 2019, Toilets: Our Rights, Balance for better, Right to pee