കോട്ടയം: ലോകമെങ്ങും വനിതാദിനം ആചരിക്കുമ്പോൾ തലചായ്ക്കാനിടംതേടി ഹൈക്കോടതിയിൽ അഭയംതേടാനൊരുങ്ങുകയാണൊരു സന്ന്യാസിനി. ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ(എഫ്‌.സി.സി.) അംഗമായ സിസ്റ്റർ ലിസി വടക്കേലിനാണ് ഈ ദുർഗതി.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന് ആരോപിച്ച കുറവിലങ്ങാട്ടെ കന്യാസ്ത്രീ, സിസ്റ്റർ ലിസിയോട് മനസ്സുതുറന്ന് എല്ലാം പറഞ്ഞിരുന്നു. തുടർന്ന് സിസ്റ്റർ ലിസിയിൽനിന്ന്‌ പോലീസ് മൊഴിയെടുത്തു. അതാണ് സഭയെ പ്രകോപിപ്പിച്ചത്.

കത്തോലിക്കാസഭയിലെ പ്രശസ്തയായ വചനപ്രഭാഷകയാണ് ഇടുക്കി രാജാക്കാട് സ്വദേശിയായ സിസ്റ്റർ ലിസി. എഫ്‌.സി.സി.യുടെ വിജയവാഡയിലുള്ള മഠത്തിനുകീഴിലാണ് പ്രവർത്തിച്ചിരുന്നത്. അതിനു കീഴിലുള്ള സ്ഥാപനമാണ് മൂവാറ്റുപുഴയിലെ ജ്യോതിഭവൻ. അവിടെ ഏകാന്തതടവിന്‌ വിധിക്കപ്പെട്ട സിസ്റ്ററെ ഒരു നോക്കുകാണാൻ ഏറെ പാടുപെടേണ്ടിവന്നു.

മഠത്തിൽ സിസ്റ്ററെ സന്ദർശിക്കാൻ അനുമതി നിഷേധിച്ചിരിക്കുകയാണ്. മുറികളും പുറത്തേക്കുള്ള എല്ലാ വാതിലുകളും താഴിട്ടുപൂട്ടിയിരിക്കുന്നു. താക്കോൽ മദറിന്റെ പക്കലും. സി.സി.ടി.വി.യുടെ നിരീക്ഷണത്തിലാണ് മുറി. ഉറ്റബന്ധുക്കൾക്കും സന്ദർശനാനുമതിയില്ല. മഠത്തിൽനിന്നിറങ്ങി പോകണമെന്നാണ് ഇപ്പോൾ പറയുന്നത്. സർക്കാർവക അനാഥാലയത്തിൽ പോയി താമസിച്ചുകൂടേയെന്ന് മദർ നിർദേശിച്ചതായി പറയുമ്പോൾ സിസ്റ്റർ ലിസി വാവിട്ടുകരഞ്ഞു. ഇതിനെതിരേയാണ് സിസ്റ്റർ ഹൈക്കോടതിയെ സമീപിക്കുന്നത്.

‘സത്യത്തിന്റെ കൂടെനിന്നതോ തെറ്റ്?’

സിസ്റ്റർ ലിസി പറയുന്നു

സത്യത്തിന്റെ കൂടെനിന്നു, അതാണോ ഞാൻചെയ്ത തെറ്റ്. 34 വർഷമായി ഗ്രാമങ്ങൾതോറും അലഞ്ഞുതിരിഞ്ഞ് സുവിശേഷദൗത്യം നിർവഹിച്ചു. രാജ്യത്തെവിടെയും സുവിശേഷപ്രവർത്തനം നടത്താൻ അധികാരം നൽകിയുള്ള കത്ത് എനിക്ക് സഭ തന്നിട്ടുണ്ട്. എന്നാൽ, എല്ലാ ചുമതലകളിൽനിന്നും ഇപ്പോഴെനിക്ക് വിലക്കേർപ്പെടുത്തി. ആരോഗ്യം ക്ഷയിച്ചുവരുകയാണ്. 55 വയസ്സുണ്ടെനിക്ക്. ഈ പ്രായത്തിൽ ഒറ്റപ്പെടുത്തുകയും സമ്മർദത്തിലാക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുമ്പോൾ വല്ലാതെ തളർന്നുപോകുന്നു.

2011 മുതൽ എനിക്ക് ആ സിസ്റ്ററെ അറിയാം. എന്റെ ആത്മീയപുത്രിയാണവൾ. ജലന്ധറിൽ പുതിയ ബാച്ച് കന്യാസ്ത്രീകളെ സുവിശേഷപ്രഘോഷണം പഠിപ്പിക്കാൻ എന്നെ നിയോഗിച്ചപ്പോൾ സിസ്റ്റർ അവിടെ മദർ ജനറാളായിരുന്നു. അന്നത്തെ ബിഷപ്പ് സിംഫോറിൻ കീപ്രത്ത്, ‘സഭയുടെ അനുഗ്രഹമാണ് ഈ സിസ്റ്റർ’ എന്നുപറഞ്ഞാണ് അവളെ പരിചയപ്പെടുത്തിയത്. പിന്നീട് സിസ്റ്റർ കുറവിലങ്ങാട്ട് ചുമതലയേറ്റശേഷം അവിടത്തെ വൃദ്ധസദനത്തിൽ ഏകദിനപ്രാർഥന നടത്താൻ എന്നെ വിളിച്ചു. ഞങ്ങൾ ഒറ്റയ്ക്ക്‌ സംസാരിച്ചപ്പോൾ, ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച കാര്യങ്ങൾ സിസ്റ്റർ പറഞ്ഞു. ഞാൻ കൗൺസലിങ് നടത്തുന്ന വ്യക്തികൂടിയായതിനാലാണ് പറഞ്ഞത്.

പറഞ്ഞകാര്യങ്ങൾ സത്യസന്ധമായിത്തന്നെ ഞാൻ പോലീസിൽ അറിയിച്ചു. അത് അറിഞ്ഞതോടെ സഭയിൽനിന്ന് സമ്മർദങ്ങൾ തുടങ്ങി. ഭീഷണിയും ചുമതലകളിൽനിന്ന്‌ മാറ്റിനിർത്തലുമുണ്ടായി. മാനസികമായി പ്രയാസങ്ങൾ തുടങ്ങിയതോടെ കടുത്ത രക്തസമ്മർദമായി. ഉറക്കക്കുറവ് അനുഭവപ്പെട്ടപ്പോൾ മഠാധികൃതർ മാനസികാശുപത്രിയിൽ പോകാൻ നിർബന്ധിച്ചു, എനിക്ക്‌ ഭ്രാന്തുണ്ടെന്ന്‌ വരുത്തിത്തീർത്താൽ ഞാൻ കൊടുത്ത മൊഴി അപ്രസക്തമാകുമല്ലോ. ഞാൻ വഴങ്ങിയില്ല.

അതിനിടെയാണ് 83 വയസ്സുള്ള അമ്മയ്ക്ക് രോഗം മൂർച്ഛിച്ചത്. ഗുരുതരാവസ്ഥയിലായിട്ടും അമ്മയെ കാണാൻ പോകാൻ അനുവദിച്ചില്ല. നാട്ടിലെത്തിയതോടെ വിലക്കുകളുടെ പ്രവാഹമായി. എന്റെ മൊബൈൽഫോൺ പിടിച്ചുവാങ്ങിക്കൊണ്ടുപോയി. ഐ.സി.യു.വിൽ കിടക്കുന്ന അമ്മയുടെ വിവരം അറിയിക്കാൻപോലും വീട്ടുകാർക്ക്‌ നിവൃത്തിയില്ലാത്ത സ്ഥിതി. തുടർന്ന് സഹോദരൻ പോലീസിൽ പരാതിനൽകി. പോലീസ് മഠത്തിലെത്തി ഫോൺ തിരികെവാങ്ങി നൽകി.

‘അവർ പറയുന്നത് പച്ചക്കള്ളം’

സിസ്റ്റർ അനധികൃതമായി 15 വർഷമായി ജ്യോതിഭവനിൽ താമസിക്കുകയാണെന്ന് മഠാധികൃതർ പരാതി നൽകിയിരുന്നു. അത് പച്ചക്കള്ളമാണെന്ന് സിസ്റ്റർ ലിസി പറയുന്നു. കേരളത്തിൽ പ്രേഷിതപ്രവർത്തനം നടത്തുമ്പോൾ ജ്യോതിഭവനിൽ താമസിക്കണമെന്ന് നിർദേശമുള്ളതാണ്. മരിക്കാൻ എനിക്ക്‌ പേടിയില്ല. പക്ഷേ, അതൊരു സ്വാഭാവിക മരണമാകുമോ എന്നു ഞാൻ പേടിക്കുന്നു. ഒരുപക്ഷേ, കുര്യാക്കോസ് കാട്ടുതറ അച്ചന്റെ ദുരൂഹമരണം പോലെ തെളിയിക്കപ്പെടാത്ത ഒരന്ത്യം- പൂർത്തിയാക്കാനാവാതെ സിസ്റ്റർ കരഞ്ഞു.

content highlights: sister lissy vadakkel,International Women's Day 2019, Balance for better