ആ ചെറിയ മൈതാനത്തിന്റെ ഒരറ്റത്ത് അരവരെ പൊക്കത്തില്‍ (അന്നത് ഞങ്ങളുടെ തലക്കും മുകളില്‍) ദീര്‍ഘചതുരാകൃതിയില്‍ കെട്ടിയതായിരുന്നു മൂത്രപ്പുര. പ്ലാവിന്റെയും പുളിമരത്തിന്റെയും തണലായിരുന്നു മേലാപ്പ്. ഇടവേളകളില്‍ ബെല്ലടിയുടെ ശബ്ദത്തോടൊപ്പം ഞങ്ങള്‍ ആരവത്തോടെ മൂത്രപ്പുരയെ ലക്ഷ്യമാക്കി ഓടും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി മൂത്രപ്പുരയുണ്ട്. വീടിന് പുറത്ത് ഞാന്‍ ആദ്യമായി കണ്ടനുഭവിച്ച ഈ മൂത്രപ്പുരയുടെ ചുമരുകള്‍ കാലങ്ങളോളം പൂപ്പലു പറ്റിപ്പിടിച്ച് പച്ചനിറത്തില്‍ നിലകൊണ്ടു. അകം ചെറിയ ചുമരുകള്‍ കൊണ്ട് വിഭജിച്ചതാണ്. കാല് വെക്കാന്‍ ഇഷ്ടിക ഉറപ്പിച്ചു വെച്ചിട്ടുണ്ട്. അരികില്‍ മൂത്രമൊഴുകി പോകാന്‍ ഒരു ചാലുണ്ട്. എന്നാല്‍ നിലം പലയിടത്തും പൊട്ടിയിരുന്നു. മൂത്രം ആ വിടവിലൂടെ ഉറമ്പു കൂനകളെ കുതിര്‍ത്തു കൊണ്ട് ഭുമിയുടെ ആഴങ്ങളിലേക്കിറങ്ങി ഞങ്ങളുടെ ഉപ്പുള്ള സ്നേഹം അറിയിച്ചു. പ്ലാവിലയും പുളിയിലയും കുതിര്‍ന്ന മൂത്രം അവിടെ തങ്ങി കിടന്നു. നാലു വര്‍ഷത്തെ പഠനകാലത്ത് ഇടക്കിടെ പെയ്യുന്ന മഴയാണ് ഞങ്ങളുടെ മൂത്രപ്പുരയെ കഴുകി വൃത്തിയാക്കിയത്. തലയിലേക്ക് കൊഴിഞ്ഞു വീഴുന്ന പുളിയിലകളെ തട്ടിമാറ്റി കൊച്ചു പാവാട താഴ്ത്തി മൂക്കു ചുളിച്ച് ഞങ്ങള്‍ കര്‍മനിരതരായി. വലിയ ക്ലാസ്സുകളിലും പിന്നെ കോളേജിലും പഠിക്കുമ്പോള്‍ പരമാവധി വെള്ളം കുടിക്കാതിരിക്കാനും വളരെ അത്യാവശ്യത്തിന് മൂത്രപ്പുരകള്‍ സന്ദര്‍ശിച്ചും ഏതൊരു സര്‍ക്കാര്‍ വിദ്യാലയത്തിലെ കുട്ടിയെയും പോലെ പഠനകാലം കഴിച്ചുകൂട്ടി.
പക്ഷെ ജീവിതം വീടിനു പുറത്തേക്ക് കൂടുതല്‍ വ്യാപിച്ച യൗവനകാലമായിരുന്നു ദുരിതം പിടിച്ചത്. ദീര്‍ഘദൂര ബസ്സ് യാത്രകള്‍. കെ.എസ്.ആര്.ടി.സിയുടെ ലേഡീസ് ടോയ്ലറ്റുകള് മോശം എന്ന വാക്കു കൊണ്ട് സൂചിപ്പിക്കാനാവില്ല. അക്കാലത്ത് മിക്കവയും പൂട്ടിക്കിടക്കുകയാവും. തുറന്നു കിടക്കുന്നവ കൃത്യമായി അടക്കാന്‍ സാധിക്കാത്തവയാവും. വാതിലിനിടയിലൂടെ നീണ്ടു വരുന്ന അശ്ലീല നോട്ടങ്ങളെ അവഗണിക്കാനുള്ള ധൈര്യം അന്നില്ലായിരുന്നു. വെള്ളമില്ലാതെ മഞ്ഞിച്ച ദുര്‍ഗ്ഗന്ധം വമിക്കുന്നവയ്ക്കു മുമ്പില്‍ മൂത്രം ഒഴിക്കാതെ അനങ്ങാതെ പല്ലുകൂട്ടി പിടിച്ച് ബസ്സ് സ്റ്റാന്റുകളില്‍ ഇരുന്ന കാലം മറക്കാനാവില്ല.
പിന്നീട് ദീര്‍ഘദൂര ട്രെയിന്‍ യാത്രകളുടെ കാലമായിരുന്നു. തുടക്കത്തിലുള്ള വ്യത്തിയൊക്കെ യാത്രയുടെ പകുതിയോടെ വെള്ളം തീര്‍ന്ന് നശിച്ചു തുടങ്ങും. രണ്ടു രാത്രി നീളുന്ന ട്രെയിന്‍ യാത്രയില്‍ ഒരിക്കല്‍ പോലും മൂത്രമൊഴിക്കാതിരിക്കാന്‍ ചെയ്യാവുന്ന കുറുക്കുവിദ്യങ്ങള് അറിയുന്ന ഒരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു.
അന്നൊക്കെ സ്ത്രീകള്‍ പരസ്പരമോ അന്യപുരുഷന്മാരോടോ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യില്ല. പൊതുയിടങ്ങളില്പരമാവധി രഹസ്യമായാണ് സ്ത്രീകള്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുക. ഗവണ്മെന്റ് ഓഫീസ് കാലത്ത് മൂത്രപ്പുരയ്ക്കടുത്ത് കാവലിരുന്ന് ഓരോ സ്ത്രീയും മൂത്രമൊഴിക്കുന്ന ശബ്ദം നോക്കി കന്യകയാണോ? വിവാഹിതയാണോ? പ്രസവിച്ചവളാണോ എന്നൊക്കെ വിലയിരുത്തുന്ന ഒരു പ്യൂണും അയാള്‍ക്ക് ചെവികൊടുക്കുന്ന ഒരാണ്കൂട്ടത്തെയും കണ്ടിട്ടുണ്ട്. ഏതെല്ലാം സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിവസങ്ങളാണെന്നു കണ്ടു പിടിക്കുന്നതും ടോയ്ലറ്റില് നിന്നു വരുന്ന സ്ത്രീകളെ നോക്കി അശ്ലീല ചിരി ചിരിക്കുന്നതും അയാളുടെ പതിവായിരുന്നു. ആരും പ്രതികരിച്ചിരുന്നില്ല,അയാളെ അവഗണിക്കുകയല്ലാതെ !
കാലമേറെ കഴിഞ്ഞ് ഒരു ചാനലില്‍ പെണ്മലയാളം എന്ന പരിപാടി ചെയ്ത കാലത്ത് സ്ത്രീകളുടെ മൂത്രപ്പുരകളെ കുറിച്ച് ഒരു പോഗ്രാം ചെയ്യാന്‍ തീരുമാനിച്ചു. ഈ രംഗത്ത് ചില പഠനങ്ങളും വന്നു തുടങ്ങിയതായിരുന്നു പ്രചോദനം. ചോദ്യങ്ങള്‍ ആരംഭിച്ചത് ബസ്സ് കാത്തു നില്ക്കുന്ന സ്ത്രീകളില്‍ നിന്നാണ്. അവര്‍ ചെറിയ ഷോപ്പുകളില്‍ ജോലി ചെയ്യുന്നവരാണ്. അവര്‍ മൂത്രമൊഴിക്കാന്‍ ഉള്ള സൗകര്യങ്ങളെ കുറിച്ചുള്ള എന്റെ ചോദ്യങ്ങള്‍ അത്ഭുതത്തോടെയാണ് നേരിട്ടത്.
' രാവിലെ വീട്ടിന്നു ഇറങ്ങിയാല്‍ പിന്നെ വൈകിയിട്ട് വീട്ടിലെത്തിയിട്ട് '' എന്നായിരുന്നു മറുപടി. മീന്‍ മാര്‍ക്കറ്റിലെ സ്ത്രീകള്‍ ക്യാമറക്കു മുമ്പില്‍ പൊട്ടിതെറിച്ചു. തിരുവനന്തപുരത്തെ പൊതുയിടങ്ങളിലെ സ്ത്രീ മൂത്രപ്പുരകളും ശോചനീയമായിരുന്നു. പെണ്‍കുട്ടികളുടെ സ്കൂളുകള്‍ അവരുടെ മൂത്രപ്പുരകളെ കുറിച്ച് സംസാരിക്കാന്‍ പോലും വിസ്സമ്മതിച്ചു.
പിന്നീട് നാടകരംഗത്തെ സ്ത്രീകള്‍ക്കിടയില്‍ നടത്തിയ ഗവേഷണത്തിലും പ്രവര്‍ത്തനത്തിലും ഇതേ പ്രശ്നങ്ങള്‍ കലാകാരികള്‍ ഉന്നയിച്ചു. സിനിമാരംഗത്തെ ജീവിതത്തിലും കലാകാരികള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി വിഷമിക്കുന്നതും തര്‍ക്കിക്കുന്നതും കണ്ടു.
വിമാനയാത്രയില്‍ മാത്രമാണ് അല്പമെങ്കിലും വ്യത്യാസം തോന്നിയിട്ടുള്ളത്. എങ്കിലും ഇന്ത്യയിലെ ചെറിയ സിറ്റികളിലേക്ക് വന്നിറങ്ങുമ്പോള്‍ ഇതാ നിങ്ങള്‍ ഇന്ത്യയിലാണ് എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് മൂത്രപ്പുരകള്‍ നനഞ്ഞ് കുതിര്‍ന്ന് ദുര്‍ഗ്ഗന്ധം വമിപ്പിക്കും.
വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത നിലം എന്ന കൊച്ചു സിനിമയിലെ ഉദ്യോഗസ്ഥ മൂത്രമൊഴിക്കാനായി ഇടങ്ങള്‍ അന്വേഷിക്കുന്നത് അഭിനയിക്കുമ്പോള്‍ ഞാനിതൊക്കെ തന്നെയായിരുന്നു ഓര്‍ത്തിരുന്നത്. അവളെ എനിക്ക് ഏറെ പരിചിതമാണ്.
കേരളം ഇതിനിടയില്‍ ഒരു പാട് മാറി. സ്തീകള്‍ അവരുടെ പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കാന്‍ കുറെയൊക്കെ തുടങ്ങി. പക്ഷെ വൃത്തിയുള്ള ഒരു പൊതു മൂത്രപുര എന്ന സങ്കല്‍പ്പം മലയാളിക്ക് ഇന്നും സ്വപ്നമാണ്. മാത്രവുമല്ല മൂത്രപ്പുരകള്‍ വൃത്തിയാക്കുന്ന ജോലിക്ക് പ്രത്യേക ട്രെയിനിങ്ങ് അത്യാവശ്യമാണ് എന്നും നമ്മള് അറിയേണ്ടതുണ്ട്. ഉപയോഗിക്കുന്നവരും അത് വ്യത്തിയായി സൂക്ഷിക്കേണ്ട ഇടമാണെന്ന് കരുതുന്നില്ല. കാരണം അത്തരം പൊതുയിട മൂത്രപ്പുര മാതൃകകള്‍ നമുക്കു മുന്നിലില്ല എന്നതാവും.
നമ്മുടെ നാഷനല്‍ ഹൈവേയില്‍ പെട്രോള്‍ ബങ്കുകളും ഹോട്ടലുകളുമല്ലാതെ സ്ത്രീകള്‍ക്ക് മനസ്സമാധാനത്തോടെ മൂത്രമൊഴിക്കാന്‍ ഒരു പൊതു ടോയ്ലറ്റു പോലും കാണാനാവില്ല എന്ന് നിരന്തരം യാത്ര ചെയ്യുന്ന സ്തീകളുടെ പ്രധാന പരാതിയാണ്.
വസ്ത്രങ്ങളുടെ അറ്റങ്ങള്‍ മൂത്രമലിഞ്ഞ വെള്ളം തട്ടാതെ, അസുഖങ്ങള്‍ വരില്ലെന്ന ഉറപ്പോടെ ഉപയോഗിക്കാന്‍ കുറച്ചു മൂത്രപ്പുരകള്‍ വേണം ഞങ്ങള്‍ക്ക് !
നിങ്ങളുടെ അനുഭവങ്ങളും ആവശ്യങ്ങളും ഞങ്ങളുമായി പങ്കുവയ്ക്കാം. അയക്കേണ്ട വിലാസം: contest@mpp.co.in
Content Highlights: sajitha madathil on right to pee