സമൂഹത്തിന് നല്ലത് ചെയ്യുന്നവരെയോ മറ്റ് പലതരത്തിലും ലൈംലൈറ്റിന് മുന്നിലെത്തപ്പെട്ടവരെയോ സാഹചര്യങ്ങളോട് പടവെട്ടി ഒരു നിലയിലെത്തിയവരെയൊക്കെ നമ്മളോര്‍ത്ത് അവരിലൊരാളായി സ്വയം അഭിനന്ദിച്ചും അഭിമാനിച്ചും സെല്‍ഫികളെടുത്ത് ആഘോഷിക്കുന്നൊരു ദിവസം എന്നതിലുപരിയായി, കഴിവുകളും നല്ല ജീവിതസാഹചര്യങ്ങളുമുണ്ടായിട്ടും ഭാഗ്യനിര്‍ഭാഗ്യങ്ങളുടെയും തലയിലെഴുത്തിന്റെയും കണക്കെടുപ്പില്‍ ഒന്നുമല്ലാതായിപ്പോയവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഒക്കെയുമുണ്ടായിട്ടും നമ്മുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ജീവിതം കൈവിട്ടുപോവുകയും ഒരുതരത്തിലും അനുകൂലമല്ലാത്ത സാഹചര്യങ്ങളോട് പടവെട്ടി ദിവസേന പരാജയപ്പെട്ട് പോവുകയും ചെയ്യുന്ന ചിലരെങ്കിലും നമുക്ക് ചുറ്റുമുണ്ട്. ആത്മവിശ്വാസം മാത്രം കൈമുതലായി കൂടെക്കൊണ്ടു നടക്കുന്നവര്‍.
'യൂ ആര് എ ബിഗ്ഗ് സീറോ നൗ'
ഒരു വര്‍ഷം മുന്നെ എന്റെ മുഖത്ത് നോക്കിയൊരാള്‍ പറഞ്ഞ വാക്കുകള്‍ ആയിരുന്നു ഇത്. അവരതെന്നോട് തന്നെയാണോ പറഞ്ഞതെന്ന സംശയമായിരുന്നു ആദ്യം. ഒരു മറുവാക്ക് പോലും പറയാനാകാത്ത വിധം ആ വാക്കുകളെന്നെ തളര്ത്തിക്കഴിഞ്ഞിരുന്നു, കണ്ണ് നിറഞ്ഞൊഴുകിയിരുന്നതിനാല് മനസ്സിലലയടിക്കുന്ന വികാരമെന്തെന്ന് പോലും തിരിച്ചറിയാനാവാത്ത വിധം ഞാന്‍ മനസ്സില്‍ സ്വയമൊരു വട്ടപൂജ്യമായിത്തീരുകയായിരുന്നിരുന്നു!
ഒരു നീണ്ട മഴപ്പെയ്ത്തിനൊടുവില്‍ എന്തുകൊണ്ടായിരിക്കും, എന്തായിരിക്കും അവരെയങ്ങനെ പറയാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുകയെന്ന് രാപ്പകലറിയാതെ കുറെയാലോചിച്ചു. സത്യത്തില്‍ ഞാനൊരു ബിഗ് സീറോ തന്നെയല്ലേ? അപ്പോഴേക്കും ഞാനെന്നോട് തന്നെ ചോദിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.
ചെറിയ പ്രായത്തില്‍ വിധവയാകേണ്ടിവരികയും, മൂന്ന് വയസ്സ് കാരനായ മോനോടൊപ്പം തനിച്ച് ജീവിക്കാന്‍ തീരുമാനമെടുക്കുകയും ആര്‍ക്കുമൊരു ഭാരമാവാതെ ജീവിച്ചപ്പോഴും ഞാനൊരു വട്ടപ്പൂജ്യമായിരുന്നോ???
മറ്റുള്ളവര്‍ക്ക് സങ്കല്പ്പിക്കാന് പോലുമാവാത്ത വിധം ദിവസവും പ്രശ്നങ്ങളെ നേരിട്ട് സാഹചര്യങ്ങളോട് മല്ലിട്ട് , ചുറ്റുമുള്ളവരെന്നെ തന്റേടിയെന്നും അഹങ്കാരിയെന്നും വിളിച്ചപ്പോഴും ഞാനൊരു വട്ടപ്പൂജ്യമായിരുന്നോ??
ഒരുപാട് ചോദ്യോത്തരങ്ങള്‍ക്കിടയില്‍, ഞാനെന്റെ ശരീരം കുറേനാളുകള്‍ക്ക് ശേഷം കണ്ണാടിയില്‍ നോക്കി. കാന്‍സര്‍ ട്രീറ്റമെന്റ് നടക്കുന്നത് കൊണ്ട് കണ്ണാടിയിലെ ഞാന്‍ എനിക്ക് തന്നെ അപരിചിതയായിരുന്നു പലപ്പോഴും.
റേഡിയേഷന് കഴിഞ്ഞതേയുണ്ടായിരുന്നുള്ളു, അതുകൊണ്ടുതന്നെ മുടി കിളിര്‍ക്കാന്‍ തുടങ്ങിയിരുന്നില്ല. പുരികമില്ല. ആ പഴയ ഉണ്ടക്കണ്ണുകള്‍ പോലും ചെറുതായത് പോലെ. കവിളൊക്കെയൊട്ടിയിരിക്കുന്നു.പക്ഷെ, അതൊക്കെയും തിരിച്ച് വരുമെന്നും വീണ്ടുമൊരു മനുഷ്യക്കോലത്തില്‍ ഞാനുടനെയാവുമെന്നും എനിക്കുറപ്പുണ്ടായിരുന്നു.ഇതൊരു ചെറിയ phase of life ആണെന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാമായിരുന്നു.
അപ്പോഴാണ് കണ്ണാടിയില്‍ എന്റെ ഇടത്തേകൈ കണ്ടത്. പലതരം മാനസിക ശാരീരിക അവസ്ഥകളിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്നതിനാല്‍ അന്നൊന്നും വേദനയല്ലാതെ ആ കൈയുടെ ചലനശേഷി നഷ്ടമായത് ഞാനത്രയ്ക്ക് ഗൗരവത്തിലെടുത്തിരുന്നില്ല. രാവിലെ സ്കൂളില്‍ പോകുന്നതിന് മുന്‍പ് മോനായിരുന്നു എന്നെയെന്നും കുളിപ്പിച്ച് ഡ്രസ്സ് ഇടീക്കുന്നതും മറ്റും. ബാക്കി കാര്യങ്ങളൊക്കെ വലത്കൈ കൊണ്ട് ചെയ്ത് ചെയ്ത് ശീലമായിരുന്നിരിക്കണം അതിനുള്ളില്‍. അതുകൊണ്ട് തന്നെ ഇടത്തെകൈ 90% dead ആയതു ഞാനത്ര സീരിയസ് ആയെടുത്തിരുന്നില്ല.
ഒന്ന് രണ്ട് തവണ ഡോക്ടറോട് കൈ ചലിപ്പിക്കാനാവുന്നില്ലായെന്നും നല്ല വേദനയുണ്ടെന്നും പറഞ്ഞപ്പോഴൊക്കെ പോസ്റ്റ് സര്‍ജറിയുടെ ഭാഗമാണെന്നും നല്ല വേദന തോന്നുമ്പോള്‍ വേദനയുടെ ഗുളിക കഴിക്കാനുമായിരുന്നു ഉപദേശം. ആ കൈ പാതി മടക്കിയ സ്ഥിതിയിലായിരുന്നു, താഴോട്ടോ വശത്തോട്ടോ മുകളിലേക്കോ മൂവ് ചെയ്യാനാകാതെ. അതുവരെ മനസ്സിലോടിക്കൊണ്ടിരുന്ന നൂറായിരം ചോദ്യങ്ങളുടെയും സംശയങ്ങളുടേയും ഉത്തരമായിരുന്നു അത്. Yup, am physically disabled / handicapped........!
അതെ, ഇനിയെന്നെയൊന്നിനും കൊള്ളില്ല ....ആം എ ബിഗ്ഗ് സീറോ നൗ !
അന്നെന്നെ അങ്ങനെ വിളിച്ച അവരോട് അത് വരെ തോന്നിയ ദേഷ്യവും വൈരാഗ്യവുമൊക്കെ മാറി , ഒരുതരം വാശിയായി പിന്നെ
How to redesign/rewrite my life ??
what do i want ??
How can i do it ??
അതിന് വേണ്ടിയെന്തൊക്കെ ചെയ്യാമെന്നാലോചിച്ചപ്പോള്, കാര്യങ്ങത്രയെളുപ്പമല്ലാന്ന് മനസ്സിലായി. ഒരുപാട് വേദന തിന്നതല്ലേ, ആ കൈ ശരിയാക്കണമെങ്കില്‍ അതിന്റെ പതിന്മടങ്ങ് ഇനിയും സഹിക്കേണ്ടി വരും. better u forget everything and try to live with your existing capabilities and possibilities...അതായിരുന്നു എല്ലാവരുടെയും ഉപദേശം
അതില്‍ നിന്നും ഒരു കാര്യം മനസ്സിലായി. എന്റെ കൈ ശരിയാക്കിയെടുക്കേണ്ടതും വേദനയില്ലാതെ ജീവിക്കുകയെന്നതും എന്റെ മാത്രം ആവശ്യമാണ്, എന്നുവെച്ചാല്‍ സ്വയം നമുക്ക് വേണ്ടി നമ്മള് ജീവിക്കേണ്ടിയിരിക്കുന്നു. ഞാന്‍ സന്തോഷമായിരിക്കേണ്ടത് എന്റെമാത്രം ആവശ്യമാണ്. അതൊരു വലിയ തിരിച്ചറിവായിരുന്നു!
പോസിറ്റിവിറ്റിയുടെ മറുവാക്കായ മോനോട് തന്നെ കാര്യങ്ങള്‍ വിശദമായി സംസാരിച്ചു.അവന്റെ റിയാക്ഷന് ഒരു മറുചോദ്യമായിരുന്നു....
'' why not now '' ??
പക്ഷെ എങ്ങനെ തുടങ്ങും ?? രാത്രി 9 മണിക്ക് ശേഷം നമുക്ക് നടക്കാന്‍ പോകാം, ആ സമയത്ത് ആരും കാണില്ല അമ്മയെ നിരുത്സാഹപ്പെടുത്താന്‍. പിന്നെ മെല്ലെ മെല്ലെ ജോഗിംഗും മറ്റ് വ്യായാമങ്ങളും ചെയ്ത് നോക്കാം. അവന്റെ നിര്‍ബ്ബന്ധത്തിലും ഉത്സാഹത്തിലും ഒരാഴ്ചകൊണ്ട് കുറച്ച് സ്പീഡിലൊക്കെ ഓടാമെന്നായി. അസഹ്യമായ പുറംവേദനയും കൈവേദനയും സഹിക്കാന്‍ തന്നെ തീരുമാനിച്ചു, അവന് വേണ്ടി
ഗൂഗിള്‍ ചെയ്ത് പല വഴികളും ചെയ്തു നോക്കി, ഫിസിയോ തെറാപ്പി ഉള്‍പ്പെടെ. വേദന കൂടിയതല്ലാതെ പെട്ടെന്ന് ഒന്നും സംഭവിച്ചില്ല. എങ്കിലും പിന്തിരിയാന് ഞങ്ങള്‍ തയ്യാറല്ലായിരുന്നു. ഒരുദിവസം സ്കൂളില്‍ നിന്നും ഒരുപാട് എക്സൈറ്റഡ് ആയി അവനെത്തി.
അമ്മാ, ഞങ്ങളുടെ ഫുട്ബോള്‍ സാറിനോട് ചോദിച്ചപ്പോ വെള്ളത്തില്‍ നിന്നുകൊണ്ട് എക്സര്‍സൈസ് ചെയ്യുകയാണേല്‍ വേദന കുറവായിരിക്കുമെന്നും കുറേനേരം ചെയ്യാനാകുമെന്നും പറഞ്ഞു. നമുക്കൊന്ന് സ്വിമ്മിംഗ് പൂളില്‍ പോയി നോക്കിയാലൊ?? അങ്ങനെ പിറ്റേന്ന് മുതല്‍ അവന്റെ കൂടെ വൈകുന്നേരം പൂളില്‍ വ്യായാമം ചെയ്യാന്‍ തുടങ്ങി.അതായിരുന്നു ശരിക്കുമുള്ള തുടക്കം, പുതുജീവനത്തിന്റെ, അതിജീവനത്തിന്റെ!
രണ്ടാഴ്ച കൊണ്ട് മെല്ലെ കൈ അനക്കാമെന്നായി, വെള്ളത്തിനുള്ളില്‍ വേദന അറിയുന്നുണ്ടായിരുന്നില്ല.ഒരുമാസം കൊണ്ട് നീന്താന്‍ തുടങ്ങി. കൈ ചലിപ്പിക്കാന്‍ തുടങ്ങിയതോടെ കൈയിലെ നീര് കുറയാനും പുറംവേദനയില്ലാതെ രാത്രി കിടക്കാനും തുടങ്ങി, പത്തുമാസങ്ങള്‍ക്ക് ശേഷം!
പതിയെപ്പതിയെ എന്നെ എനിക്കും മറ്റുള്ളവര്‍ക്കും കണ്ടാല്‍ തിരിച്ചറിയാമെന്നായി. ഷോള്‍ഡര്‍ മരവിപ്പ് കുറയ്ക്കുകയെന്നതായിരുന്നു അടുത്ത വെല്ലുവിളി. ജിമ്മില്‍ പോയി എനിക്ക് ചെയ്യാനാവുന്നതൊക്കെയും വെയ്റ്റ് ലിഫ്റ്റിംങ്ങും വേദന കടിച്ചമര്‍ത്തി തന്നെ ഒരു തരം വാശിയോടെ വൈരാഗ്യത്തോടെ ചെയ്തു.
10% മാത്രം ചലനശേഷിയുണ്ടായിരുന്ന ഇടത് കൈ ഇപ്പോള്‍ 90% പഴയ സ്ഥിതിയിലേക്ക് വന്നിരിക്കുന്നു. സത്യത്തിലവരന്ന് അങ്ങനെയെന്നെ മുറിപ്പെടുത്തിയില്ലായിരുന്നെങ്കില്, വേദനിപ്പിച്ചില്ലായിരുന്നെങ്കില്?
അതെ, എനിക്കെന്ത് കൊണ്ടിങ്ങനെ വന്നു (why me?) എന്ന ചോദ്യം തന്നെയൊരു നെഗറ്റീവ് ആറ്റിറ്റിയൂഡാണ്. ആ ചോദ്യം നമ്മളെ തളര്‍ത്തുകയേയുള്ളു, കാരണം നമ്മെ തൃപ്തിപ്പെടുത്തുന്നൊരുത്തരം കണ്ടെത്താനാവില്ലായെന്നത് കൊണ്ട്. അതിനുപകരം, ഇനിയെന്ത് ചെയ്യാം, എങ്ങനെ, ഏതൊക്കെ വഴിയിലൂടെ നടന്നാലാണ് ഈ അവസ്ഥയില്‍ നിന്നും മാറി ഒരു അതിജീവനം സാധ്യമാവുകയെന്ന ചിന്തയിലേക്ക് മാനസികമായി നമ്മളെത്തുകയെന്നതാണ് ജീവിതത്തെ മാറ്റിയെടുക്കുന്നത്.
ഇന്ന് പലരും എന്റെയടുത്ത് പലതരം പ്രശ്നങ്ങളുമായി വരാറുണ്ട്.ചിലര്‍ക്ക് മോട്ടിവേഷന്‍ & ഇന്സ്പിറേഷന്, ചിലര്‍ക്ക് കൗണ്‍സിലിംഗ്, മറ്റുചിലര്‍ക്ക് ഫിറ്റനെസ്സ് ഗൈഡന്‍സ് & ഫിറ്റ്നെസ്സ് ക്ളാസ്സുകള്‍. മറ്റുള്ളവര്‍ക്ക് മനോധൈര്യവും പോസിറ്റീവ് ചിന്തകള്‍ കൊടുക്കാനാവുന്നതും ശരീരത്തിനെപ്പോലെത്തന്നെയോ അതില്‍ കൂടുതലോ കെയറിംഗ് & fitness മനസ്സിനുമാവശ്യമാണെന്നും പറഞ്ഞവരെ ബോധിപ്പിക്കാനും ഇപ്പോ കഴിയുന്നത് ഞാനൊരു ബിഗ് സീറോ ആയിരുന്നതുകൊണ്ടായിരിക്കാം. എല്ലാം നേടിയെന്ന് അഹങ്കരിച്ച് ഒന്നാമതെത്തുമ്പോഴും, ഒന്നാം സ്ഥാനത്തിന് തൊട്ടു താഴെയാണ് പൂജ്യത്തിന്റെ സ്ഥാനമെന്ന് മറക്കാതിരിക്കുക.
ഉയരങ്ങള്‍ കീഴടക്കലും വിജയങ്ങളും നേട്ടങ്ങളും അംഗീകാരങ്ങളും മാത്രമല്ല, പ്രതികൂലസാഹചര്യങ്ങളില്‍ തനിച്ച് നിന്ന് പോരാടി തളര്ന്നിരിക്കാന് തയ്യാറല്ലാത്ത ആത്മവിശ്വാസമൊന്ന് കൊണ്ട് മാത്രം ജീവിതം തിരിച്ച് പിടിക്കുന്നവരുടേതും കൂടിയാണ് ജീവിതം. നിങ്ങള്‍ സന്തോഷമായിരിക്കേണ്ടത് നിങ്ങളുടെ മാത്രം ആവശ്യമാണെന്നോര്‍ക്കുക.നമ്മെ / നമുക്ക് ആവശ്യമില്ലാത്തതിനോട് ഒരു കോമ്പ്രമൈസുമില്ലാതെ 'നോ' എന്ന് ആത്മവിശ്വാസത്തോടെ പറയാനും നമുക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ഒരു മടിയും കൂടാതെ ചെയ്യാനുള്ള ആത്മധൈര്യവും നേടിയെടുക്കുകയെന്നതിലാണ് കാര്യം.
Content Highlights: Renjini Sreehari, International Women's Day 2019, Redesign your life, Balance for better