സ്ത്രീകള്‍ക്കായി വൃത്തിയുള്ള സുരക്ഷിതമായ പൊതുശൗചാലയങ്ങള്‍, വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഈ ആവശ്യത്തിന്. പൊതുശൗചാലയങ്ങള്‍ ഇല്ല എന്നതുമാത്രമല്ല, നിലവിലുള്ളവ കൃത്യമായി പരിപാലിക്കാത്തതും ഇതിനുള്ള കാരണമാണ്. പഴയതും കേടായതുമായ ബസുകളെ സ്ത്രീകള്‍ക്കുള്ള ശൗചാലയമായി പുനരാവിഷ്‌ക്കരിച്ച് പൂണെയില്‍ പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സംരംഭകരായ ഉല്‍ക്ക സദല്‍ക്കറും രാജീവ് ഖേറും. 

വളരെയേറെ ജനത്തിരക്കേറിയ ഇടമാണ് പൂണെ. സ്ത്രീകള്‍ക്കായി പൊതുശൗചാലയങ്ങള്‍ പണിതുയര്‍ത്താന്‍ സ്ഥലപരിമിതി വില്ലനായപ്പോഴാണ് ഇത്തരമൊരു ആശയത്തിലേക്ക് ഇവര്‍ എത്തിച്ചേരുന്നത്. വീടില്ലാത്തവര്‍ക്കായി ബസുകളില്‍ പൊതുശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിനെ കുറിച്ച് പണ്ടൊരിക്കല്‍ വായിച്ചതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു തീരുമാനം. ബസുകളാണെങ്കില്‍ സ്ഥലമൊരു ബുദ്ധിമുട്ടാകില്ലെന്ന് മാത്രമല്ല, പുതുക്കിപണിയുന്നതിനും പ്രയാസം നേരിടില്ല. 2016-ല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി നടന്ന ചര്‍ച്ചയില്‍ ഉല്‍ക്കയും രാജീവും ഇക്കാര്യം കോര്‍പ്പറേഷനെ അറിയിക്കുകയും അനുവാദം വാങ്ങുകയും ചെയ്തു. 

സ്ത്രീകള്‍ക്ക് വേണ്ടി വൃത്തിയുളള പൊതുശൗചാലയങ്ങള്‍ ഇല്ലെന്നുള്ളത് ഒരു പുതിയ കാര്യമൊന്നുമല്ല. വൃത്തിയും വെടിപ്പുമുള്ള ഒരു പൊതുശൗചാലയത്തിന്റെ ആവശ്യകത ഒരിക്കലെങ്കിലും അനുഭവിക്കാത്ത സ്ത്രീകളും കുറവായിരിക്കും. - ഉല്‍ക്ക പറയുന്നു. അതിനെല്ലാമുള്ള ഒരു ഉത്തരമാണ് വെസ്റ്റേണ്‍, ഇന്ത്യന്‍ ടോയ്‌ലറ്റുകള്‍ വാഷ്‌ബേസിനുകള്‍ എന്നിവയെല്ലാം സജ്ജീകരിച്ചിരിക്കുന്ന ബസ് ടോയ്‌ലറ്റുകള്‍. അത്യാവശ്യക്കാര്‍ക്ക് സാനിറ്ററി നാപ്കിന്‍ വിലകൊടുത്തു വാങ്ങാനും സാധിക്കും. സോളാര്‍ എനര്‍ജി ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. ബസുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്കുണ്ടായിരിക്കേണ്ട ശുചിത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന ചെറിയ ടിവിസ്‌ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ ശേഖരിക്കുന്നത് ബസിനകത്ത് തന്നെ സ്ഥാപിച്ചിട്ടുള്ള ടാങ്കുകളിലാണ്. 

സ്ത്രീകള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഉല്‍ക്ക ബസ് ടോയ്‌ലറ്റ് രൂപകല്‍പന ചെയ്തത്. 2016-ല്‍ ആരംഭിച്ച് മൂന്നുവര്‍ഷം പിന്നിടുമ്പോഴും ഇന്നുവരെ യാതൊരു തരത്തിലുള്ള പരാതികളും ലഭിച്ചിട്ടില്ലെന്നുള്ളത് തങ്ങളുടെ വിജയമായി തന്നെ ഇവര്‍ കണക്കാക്കുന്നു.

പൂണെയില്‍ മാത്രമായി ഇത്തരത്തിലുള്ള 11 സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ജനത്തിരക്കേറിയ സ്ഥലങ്ങളിലാണ് ഇവയോരോന്നും സ്ഥാപിച്ചിട്ടുള്ളത്. ഒരു ദിവസം ശരാശരി 150 സ്ത്രീകള്‍ ബസ് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതായി ഇവര്‍ പറയുന്നു. തിരക്കേറുന്ന ദിനങ്ങളില്‍ അത് 300-ല്‍ എത്തും. പൊതുഇടത്തിലെ ശൗചാലയത്തിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് ഈ നമ്പറുകളില്‍ നിന്ന് കൃത്യമായി മനസ്സിലാക്കാം. 

അഞ്ചുരൂപയാണ് ശൗചാലയത്തിന്റെ ഉപയോഗത്തിനായി ഈടാക്കുന്നത്. തുടക്കകാലത്ത് പണമൊന്നും ഈടാക്കിയിരുന്നില്ലെങ്കിലും പിന്നീട് ഇതിന്റെ പരിപാലനത്തിനായി പണം ഈടാക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഭാവിയില്‍ മറ്റുരീതിയില്‍ പണം കണ്ടെത്തണമെന്നും ടോയ്‌ലറ്റ് ഉപയോഗം തികച്ചും സൗജന്യമാക്കണമെന്നുമാണ് ഇവരുടെ ആഗ്രഹം. ജ്യൂസ് സ്റ്റാളുകള്‍, വൈഫൈ സ്‌പോട്ട് എന്നിവ സജ്ജീകരിച്ചുകൊണ്ട് ഈ പദ്ധതി വിപുലീകരിക്കാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്. 

Content Highlights: Righttopee, Old Buses to clean Toilets for Women