അടിവയറ്റിലാണോ കാലുകള്ക്കാണോ അതോ ശരീരം മുഴുവനോ? വേദനിക്കുന്നത് എവിടെയെന്ന് കൃത്യമായി അറിയില്ല. ചിലപ്പോഴൊക്കെ എഴുന്നേറ്റ് നില്ക്കാന് കഴിയാത്ത തരത്തില്‍ വേദന കൊണ്ട് തളര്‍ന്നു പോകുന്നുണ്ടാകും. മറ്റു ചിലപ്പോള്‍ ജെന്നി പിടിപെട്ട പോലെ വിറച്ചുവിഴും. ചില സാഹചര്യങ്ങളില്‍ അടിവയറ്റില്‍ നിന്ന് ഉരുണ്ടുവരുന്ന ഓക്കാനം വായിലാകെ കയ്പ്പുനിറച്ച് കൊഴുത്തവെള്ളമായി പുറത്തുവരും. എങ്കിലും, ഓരോ പെണ്ണിനും ഇഷ്ടമാണ് ആ ദിനങ്ങള്‍. ഒരു ഗുഹയിലകപ്പെട്ട വണ്ണം വിഷാദത്തിന്റെ പടുകുഴിയില്‍ വീഴുമ്പോഴും നാടപൊട്ടിയ പട്ടം കണക്കെ നിലതെറ്റി വീഴുമ്പോഴും, അവള്‍ക്ക് ഇഷ്ടമാണ് ആ ദിനങ്ങള്‍.
ആര്‍ത്തവത്തിന്റെ രണ്ടാം ദിനമോ നാലാം ദിനമോ ഈ അസ്വസ്ഥതകള്‍ അവസാനിക്കുന്നു. പക്ഷേ പിന്നെയും തുടരുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഏറെ ചര്‍ച്ച ചെയ്യപ്പേടേണ്ടതും പരിഹാരം കാണേണ്ടതുമായ യാഥാര്‍ത്ഥ്യങ്ങള്‍.
ഉപയോഗിച്ച സാനിട്ടറി പാഡുകള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ കൃത്യമയൊരു ഇടമില്ല എന്നത് സ്ത്രീകള്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ്.
20 ദിവസങ്ങള്‍ക്ക് ശേഷം അന്യദേശത്തെ ഹോസ്റ്റലില്‍ നിന്ന് ആര്‍ത്തവത്തിന്റെ അവശേഷിപ്പുകള്‍ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടു പോകേണ്ടി വരുന്നവരും ഉണ്ട്. മണിക്കൂറുകള്‍ യാത്ര ചെയ്ത് വീട്ടില്‍ എത്തി കവര്‍ തുറക്കുമ്പോള്‍ 20 ദിവസം പഴകിയ ആര്ത്തവക്കെട്ടില് നിന്നും പുഴുവരിച്ചിറങ്ങുന്നുണ്ടാകും.
സ്ത്രീകളുടെ ഹോസ്റ്റലുകളിലും പെണ്ണുങ്ങള് കൂട്ടമായി വാടകയ്ക്കു താമസിക്കുന്ന ഇടങ്ങളിലും ഒരു ആര്‍ത്തവ മൂലയുണ്ടാകും. ആ പ്രത്യേക കോണിലെ ബക്കറ്റില്‍ നിറയെ കടലസില് പൊതിഞ്ഞ് പ്ലാസ്റ്റിക്ക് കവറുകളിലാക്കി വച്ചിരിക്കുന്നത് മുഴുവന്‍ ഓരോ പെണ്ണിന്റെയും ആര്‍ത്തവകാലത്തിന്റെ അവശേഷിപ്പികളായിരിക്കും. നഗരങ്ങളില്‍ ഹോസ്റ്റലുകളിലും വീടുകളിലും താമസിക്കുന്ന സ്ത്രീകളുടെ അവസ്ഥയാണ് ഏറെ ദയനീയം. പലപ്പോഴും പെണ്‍കുട്ടികള്‍ ഒന്നിച്ചു താമസിക്കുന്ന ഇടങ്ങളില്‍ പോലും സാനിറ്ററി നാപ്കിനുകള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉണ്ടാകാറില്ല.
നഗരങ്ങളില്‍ ജോലിക്കും പഠനത്തിനുമായി എത്തുന്ന പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകളില്‍ ഇത്തരം സൗകര്യങ്ങള്‍ ഇല്ല എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. പെണ്‍കുട്ടികള്‍ ഒന്നിച്ചു താമസിക്കുന്നിടത്ത് നീക്കം ചെയ്യാതെ മാസങ്ങളോളം കെട്ടിക്കിടക്കുന്ന ഉപയോഗിച്ച പാഡുകള്‍ കടുത്ത ദുര്‍ഗന്ധം ഉയര്‍ത്തുകയും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് സഹിക്കാന്‍ കഴിയാതാകുമ്പോള്‍ ഉപയോഗിച്ച പാഡുകള്‍ ജോലി സ്ഥലത്തോ രാത്രി വൈകി വഴിയരികലോ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരും ഉണ്ട്.
കൃത്യമായ നിര്‍മാര്‍ജന മാര്‍ഗങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പാഡുകള്‍ ക്ലോസറ്റില്‍ നിക്ഷേപിക്കുന്നതു മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും കുറവല്ല. പാഡുകള്‍ തീര്‍ക്കുന്ന തലവേദന മൂലം നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്കാന് മടിക്കുന്നവരും ഉണ്ട്.
പാഡുകള്‍ക്ക് പകരമായി മെന്‍സ്ട്രല്‍ കപ്പുകള്‍ വന്നെങ്കിലും അത് ജനകീയമായില്ല. അവിവാഹിതരായ സ്ത്രീകള്‍ക്കിടയില്‍ മെന്‍സ്ട്രല്‍ കപ്പുകളുടെ ഉപയോഗം കൂടുതല്‍ ശ്രമകരമാണെന്നത് പെണ്‍കുട്ടികളെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചു. കൂടാതെ മെന്‍സ്ട്രല്‍ കപ്പുകളെക്കുറിച്ചുള്ള അജ്ഞതയും അകലം പാലിക്കാന്‍ കാരണമായി.
യാത്രാവേളകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയാണ് മറ്റൊന്ന്. പൊതുശൗചാലയങ്ങളില്‍ സാനിറ്ററി നാപ്കിനുകള്‍ നിക്ഷേപിക്കാന്‍ കൃത്യമായ സ്ഥലമുണ്ടാകാറില്ല.ഒപ്പം ഉള്ളയിടങ്ങളാകട്ടെ ഉപയോഗിക്കാന്‍ കഴിയാത്ത തരത്തില്‍ വൃത്തിഹീനവുമായിരിക്കും. ഇത്തരത്തില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ വൈകുന്ന ആര്‍ത്തവ അവശേഷിപ്പുകള്‍ കൂടി സ്ത്രീകള്‍ നേരിടുന്ന വലിയ പ്രശ്നമാണ്. പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലത്തെ ബാധ്യതയാക്കി മാറ്റുന്ന ചില അവശേഷിപ്പുകള്‍.
content highlights: menstrual hygiene issues