കോഴിക്കോട്  കടപ്പുറത്തിന്റെ മനോഹാരിതയെക്കുറിച്ച് ഒട്ടേറെ കഥകള്‍ കേട്ടറിഞ്ഞാണ് എറണാകുളം മൂവാറ്റുപുഴയിലെ ഒരു കോളേജില്‍നിന്ന് വിദ്യാര്‍ഥിനികളും അധ്യാപകരും നഗരത്തിലെത്തിയത്. 23 വിദ്യാര്‍ഥിനികളും എട്ട് അധ്യാപകരും. കടലില്‍ കുളിച്ച് ബീച്ചിന്റെ ഭംഗിയാസ്വദിച്ചും ആഘോഷമാക്കിയെങ്കിലും ഒന്ന് മൂത്രമൊഴിക്കാനുള്ള സ്ഥലം കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടേണ്ടിവന്നു.  

ദിവസങ്ങള്‍ക്ക് മുമ്പ് രാത്രി ഏഴരയോടെ മൂവാറ്റുപുഴയില്‍ നിന്ന് ടൂറിസ്റ്റ് വാഹനത്തില്‍ അവര്‍ കോഴിക്കോട് കടപ്പുറത്ത് വന്നിറങ്ങിയത്. കടല്‍ കണ്ടതോടെ ഭൂരിഭാഗം പേര്‍ക്കും കുളിച്ചാല്‍ കൊള്ളാമെന്നായി. അധ്യാപകര്‍ അതിന് അനുമതിയും നല്‍കി. പക്ഷേ കുളിച്ചു കഴിഞ്ഞപ്പോള്‍ ഉപ്പുവെള്ളത്തില്‍ നനഞ്ഞ് ബസില്‍ കയറാന്‍ പറ്റാത്ത അവസ്ഥയായി. ചിലര്‍ക്ക് ദേഹമാസകലം ചൊറിച്ചിലും വന്നു. അതിനിടയ്ക്കാണ് മൂത്രശങ്കയും പിടികൂടിയത്. ഇതോടെ രാത്രിയില്‍ ഒരു ടോയ്ലറ്റ് തേടി ബീച്ചിലൊന്നാകെ അലഞ്ഞു. വസ്ത്രം മാറാനുള്ള സൗകര്യമുണ്ടോയെന്നും പലരോടും തേടി. ആളുകള്‍ മൂത്രമൊഴിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടണമെന്ന് അധികാരികള്‍ക്ക് നിര്‍ബന്ധമുള്ളതുകൊണ്ട് നാട്ടുകാര്‍ക്കെല്ലാം കൈമലര്‍ത്തേണ്ടിവന്നു. 

ഇതോടെ വിദ്യാര്‍ഥിനികളും അധ്യാപകരും വിഷമത്തിലായി. ഉപ്പുവെള്ളത്തില്‍ നനഞ്ഞൊട്ടിയ വസ്ത്രങ്ങള്‍ മാറാനും മൂത്രമൊഴിക്കാനും കുളിക്കാനും ഇനി എന്ത് ചെയ്യുമെന്നായി. കോഴിക്കോടന്‍ ബീച്ചിനെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും കൂടുതലൊന്നുമറിയാതെ എത്തിയത് വിനയായോ എന്നുപോലും തോന്നി. ഒടുവില്‍ ഗതികെട്ട് പരിസരത്ത് ഹോട്ടലുകളോ ലോഡ്ജുകളോ തരപ്പെടുമോ എന്നായി എല്ലാവരുടെയും ആലോചന. കടപ്പുറത്ത് കണ്ട പലരോടും കാര്യംതിരക്കി.  പല സ്ഥാപനങ്ങളുടെയും പേരുകളൊക്കെ പറഞ്ഞെങ്കിലും അവിടെ ഒന്നിച്ച് ഇത്രയും പേര്‍ക്ക് സൗകര്യം കിട്ടുമോയെന്നതില്‍ ആര്‍ക്കും യാതൊരു നിശ്ചയവുമില്ല. 
   
ഇത്രയും കുട്ടികള്‍ക്ക്  സൗകര്യം തരപ്പെടില്ലെന്ന്  ഒടുവില്‍ ബോധ്യമായി. എട്ടുമണിക്ക്  തുടങ്ങിയ അന്വേഷണം രാത്രി ഒമ്പത് മണിവരെ നീണ്ടു.  പിന്നീട് അധ്യാപികമാരും കുട്ടികളും റോഡിലേക്ക് കയറി. അപ്പോഴാണ് അല്പം അകലെയായി  സിറ്റി പിങ്ക് പോലീസിന്റെ വാഹനം നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പ്പെട്ടത്. പോലീസുകാരെ കണ്ടപ്പോള്‍ അവര്‍ക്കാശ്വാസമായി. അങ്ങനെ വനിതാപോലീസുകാരെ സമീപിച്ചു. 

പ്രശ്‌നമവതരിപ്പിച്ചപ്പോള്‍ വനിതാ പോലീസുകാര്‍ പലയിടങ്ങളിലും അന്വേഷിച്ചു. ഇത്രയും പേര്‍ക്ക് ഒന്നിച്ച് വസ്ത്രം മാറാനും മൂത്രമൊഴിക്കാനുള്ള ഒരു സൗകര്യം ഉടനടി ലഭ്യമല്ലെന്ന് ബോധ്യമായി. മൂന്നുകിലോമീറ്റര്‍ അകലെ പുതിയറയില്‍ സാമൂഹികനീതി വകുപ്പിന്റെയും എന്റെ കൂട് പദ്ധതിയിലുള്ള സ്ഥാപനത്തില്‍ സൗകര്യമുണ്ടെന്ന് മനസ്സിലാക്കി. അങ്ങനെ എ.എസ്.ഐ. എസ്. ഷീല, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. ഷീബ, കെ.ടി. സിന്ധു എന്നിവര്‍ ചേര്‍ന്ന് എല്ലാവരെയും അവിടെ എത്തിച്ചു. അവിടെ എത്തിയതോടെയാണ് എല്ലാവര്‍ക്കും ശ്വാസം വീണത്. രാത്രിയില്‍ അത്തരമൊരു അവസ്ഥയില്‍ തുണയായ പോലീസുകാരെ അവരെന്നും ഓര്‍ക്കുമെങ്കിലും കോഴിക്കോട്ടേക്ക് പോവാമെന്നുപറഞ്ഞാല്‍ ഒന്നുകൂടെ ആലോചിക്കും. 

എന്നു തീരും ഈ നാണക്കേട്

നഗരത്തില്‍ ബീച്ച്, സരോവരം, മാനാഞ്ചിറ ഉള്‍പ്പെടെയുള്ള പൊതുഇടങ്ങളിലൊന്നും പൊതുടോയ്ലറ്റുകള്‍ ഇല്ല. ചിലയിടങ്ങളില്‍ ഇ-ടോയ്ലറ്റുകള്‍ ഉണ്ടെങ്കിലും അവ കാഴ്ചവസ്തു മാത്രമായിരിക്കുകയാണ്. മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലും കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലിലുമാവട്ടെ ഉള്ളവ വൃത്തിഹീനവുമാണ്. സ്ത്രീ യാത്രക്കാരാണ് ഇതുകൊണ്ട് ഏറെ ബുദ്ധിമുട്ടുന്നത്. കാലങ്ങളായി തുടരുന്ന പ്രശ്‌നമാണെങ്കിലും ഇത് പരിഹരിക്കാന്‍ ഒരു ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല. പലരും ഹോട്ടലുകളെയും മറ്റും ആശ്രയിക്കേണ്ടി വരികയാണ്.

Content Highlights International Women's Day, Toilets: Our Right, Right to pee, Balance for better