'പ്രകാശം പരത്തുന്ന പെണ്‍കുട്ടിയാവുക 'എന്ന പഴയ ഓട്ടോഗ്രാഫ് വാചകം ഇടയ്ക്കിടെ ഓര്‍ത്തെടുത്ത് ഞാനെന്നെ വീണ്ടെടുക്കാന്‍ ശ്രമിക്കാറുണ്ട് .ഈ വനിതാദിനത്തിലും ആദ്യമോര്‍മ്മയില്‍ വരുന്നത് അതേ വാചകമാണ് മലയാളം ഡിപ്പാര്ട്ടുനിലെ രാജേന്ദ്രന് സാറാണ് ആ വാചകം എന്റെ ഓട്ടോഗ്രാഫില്‍ കുറിച്ചത് .'നോക്കൂ ,സ്തീയാവുക എന്നതാണ് ഏറ്റവും ഭാഗ്യകരമെന്നു ഞാന്‍ കരുതുന്നുവെന്ന് ഓരോ സംഭാഷണങ്ങള്ക്കൊടുവിലും പറഞ്ഞുനിര്‍ത്തി ആത്മവിശ്വാസം വാനോളമുയര്‍ത്തിയ എന്റെ അധ്യാപകന് .ഒരിക്കല്‍ ലളിതാംബികാ അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി സമ്മാനമായി നല്കുമ്പോള് അതിന്റെ പുറംചട്ടയില്‍ മുന്‍പേ പറക്കുന്ന പക്ഷിയാവുക എന്നെഴുതിച്ചേര്‍ത്തു 'സ്ത്രീ 'എന്ന പ്രിവിലേജ് എന്നില്‍ എന്നേയ്ക്കുമായി തുന്നിച്ചേര്‍ത്തു.
വിരസമായ എന്റെ വിഷാദസായാഹ്നങ്ങളിലൊക്കെയും ഒറ്റയ്ക്കാരു യാത്ര എന്ന 'സാഹസിക പെണ് സ്വപ്നം 'എന്നിലുറച്ചത് ആ വാചകങ്ങള്‍ തന്ന പിന്‍ബലം കൊണ്ടുകൂടിയാകാം.ഒറ്റയ്ക്കാരു പെണ്‍കുട്ടി ഇന്ത്യ കാണാനിറങ്ങുന്നു എന്ന സ്വപ്നം ! അതൊരു ബാലികേറാമലയാണെന്ന് തോന്നിത്തുടങ്ങിയത് ചില പൊതുസൗകര്യങ്ങളില്ലായ്മ അവശേഷിപ്പിച്ച് ചിന്താക്കുഴപ്പത്തിലാണ്. ചില കൊച്ചുകൊച്ചു യാത്രകള്‍ പകര്‍ന്ന തിരിച്ചറിവ്. റാണിപദിനി എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ പറയുന്ന 'ഒരു പെണ്ണിന് വീട്ടിലിരുന്നാല്‍ സംഭവിക്കുന്നതെ റോഡിലും സംഭവിക്കുള്ളൂ 'എന്ന ഡയലോഗ്, കുറഞ്ഞ പക്ഷം അതങ്ങനെയല്ല പ്രത്യേകിച്ച് പബ്ലിക് ടോയ്ലെറ്റുകളുടെ കാര്യത്തില്‍ എന്ന് തിരുത്തിപ്പറയേണ്ടി വരുന്നു.
ഒന്നോര്‍ത്തുനോക്കൂ ,വീട്ടിലെ കുളിമുറിയോ കക്കൂസോ ഉപയോഗിക്കുന്നത്രയും ലളിതമായി നമ്മുടെ നാട്ടിലെ ഒരു പബ്ലിക് ടോയ്ലറ്റ് നമ്മളെന്നാണ് ഉപയോഗിച്ചിട്ടുളളത്? ഈ തോന്നലുകള്‍ ശക്തമാക്കുന്ന ചില സീനുകള്‍ കാണുമ്പോഴോ വായിച്ചറിയുമ്പോഴോ 'ശരിയാണ്, അതത്ര എളുപ്പമല്ലെന്ന് 'നമ്മളറിയാതെ പറഞ്ഞു പോവും. പക്ഷെ മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടേക്കാവുന്ന യാത്രകളില്‍ നമുക്ക് വേറെ വഴിയില്ലതാനും. നിങ്ങള്‍ക്ക് പഴയ സ്കൂള്‍ മൂത്രപ്പുര ഓര്‍മ്മയില്ലേ ? സിമന്റടര്‍ന്ന്, പായല്‍ പിടിച്ച അതിഭീകരന്‍ ചീത്തവാക്കുകള്‍ (ആ ഭീകരതാതോന്നല് പ്രായത്തിന്റേതായിരുന്നുവെന്ന് പിന്നീട് പിടികിട്ടും) വികൃതാക്ഷരങ്ങളില് കുറിച്ചിട്ട ചുവരുകളുള്ള മൂത്രപ്പുര ! പാവാട വിടര്‍ത്തി നിരന്നിരുന്നുള്ള മൂത്രമൊഴിക്കല്‍ സര്‍ക്കസ് അഭ്യാസത്തെക്കാള്‍ ശ്രമകരമായിരുന്നു .പിന്നെപ്പിന്നെ വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരികെയെത്തും വരെ മൂത്രമൊഴിക്കാതിരിക്കാനുള്ള 'പിടിച്ചുവയ്ക്കല്‍ ടെക്നിക്' പരിശീലിച്ചെടുത്തു. പൈപ്പ് വെള്ളം കുടിച്ചു വയറുപൊട്ടാറായി മൂത്രം മുട്ടി നില്ക്കുമ്പോള് ശ്രീകൃഷ്ണന് സ്റ്റൈലില്‍ കാലുകള്‍ ക്രോസ്സ് ചെയ്തു വച്ച് ബലംപിടിച്ചു മൂത്രശങ്കയെ ആവിയാക്കിവിട്ടു.
പത്തുവയസ്സുകാരിപ്പെണ്കുട്ടി കോളേജിലെത്തുമ്പോള്‍ ഈ ടെക്നിക് ആരോഗ്യപ്രശ്നങ്ങളായി തലപൊക്കാന്‍ തുടങ്ങുന്നു. മൂത്രപ്പേടിയില് വെള്ളം കുടിക്കാതെ നിര്‍ജ്ജലീകരണം ശരീരത്തെ ബാധിക്കുന്നു .അങ്ങനെ വീണ്ടും 'വെള്ളമടി 'തുടങ്ങുന്നു . ഇത്തവണ മൂത്രപ്പുരയ്ക്കു ഒരു തകരക്കതകിന്റെ സംരക്ഷണം ലഭിക്കുന്നു. വൃത്തിയില്ലായ്മയ്ക്ക് യാതൊരു മാറ്റവുമില്ലാത്തതു കൊണ്ടാണ് കയറും മുന്‍പേ പാന്റിന്റെ വള്ളിയഴിച്ചു വയ്ക്കലും കണ്ണടച്ച് വിരലിന്മേല് ബാലന്‍സിങ് ടെക്നിക്കും പഠിച്ചെടുക്കുന്നത്.
നമ്മളിങ്ങനെ ഓര്‍മ്മകളിന്മേല്‍ ബാലന്‍സ് ചെയ്തു നില്ക്കുമ്പോള് മഞ്ജു വാര്യരുടെ പഴേ ഡയലോഗ് വീണ്ടും ...വീട്ടിലെ ടോയ്ലെറ്റിന്റെ സുരക്ഷിതത്വം മാളുകളിലെ ഒന്നാംകിട ശുചിമുറികള്‍ക്കു പോലും തരാനാവുന്നില്ലെന്ന് അനുഭവം പഠിപ്പിക്കുമ്പോള്‍ എന്തോ എവിടെയോ തകരാറില്ലേ എന്ന് നമ്മള് ചിന്തിക്കേണ്ടി വരുന്നില്ലേ? ജീവിതത്തില്‍ നേരിടേണ്ടി വന്ന ചില ടോയ്ലറ്റ് സീനുകള്‍ ആ തകരാറിന്റെ ഭീകരാവസ്ഥ നമുക്ക് കാട്ടിത്തരുന്നു.
സീന്‍ -1 തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാതിരാത്രി ആകാശവാണി നെറ്റ് ഡ്യൂട്ടിയും കഴിഞ്ഞെത്തി കൊല്ലത്തേക്ക് പോകാന്‍ ഗുരുവായൂര്‍ എക്സ്സ്സ് കാത്തിരിക്കുന്ന പെണ്‍കുട്ടി. ലേറ്റായ ട്രെയിന്‍ കാത്തിരുന്ന് പതിവില്ലാതെ വെള്ളം കുടിച്ചു ബ്ലാസ്റ്റര്‍ ബ്ലാസ്റ്റിംഗ് ടെന്‍ഡന്‍സിയില്‍ അവള് ടെന്‍ഷനടിച്ചു നില്ക്കുന്നു. സ്ത്രീകളുടെ വിശ്രമകേന്ദ്രം ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് അവിടെ വരെ പോയി വരുമ്പോഴേക്ക് ട്രെയിന്‍ വന്നാലോ എന്ന ഭയത്തില്‍ അവള് ബലംപിടിച്ചു നിന്നു. ട്രെയിന്‍ വന്നപ്പോള്‍ 'ട്രെയിന്‍ താന്‍ തുണ'എന്നാശ്വസിച്ചു വലിഞ്ഞു കയറി. തറയില്‍ സൂചികുത്താനിടമില്ലാതെ നിരന്നിരുന്ന തമിഴ്മക്കളെ ചവിട്ടാതെ ഒറ്റക്കാലില്‍ ബാലന്‍സ് ചെയ്തു ടോയ്ലറ്റ് വരെയെത്തുന്നു. തിടുക്കത്തില്‍ ഉള്ളിലേയ്ക്ക് കയറിയപാടെ, ഏതോ കലാകാരന് കഷ്ടപ്പെട്ട് വരച്ചിട്ട പുരുഷലൈംഗികാവയവ ദര്‍ശനം കിട്ടി ബോധിച്ചു. നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ വിളിക്കൂ എന്ന് ഒരു ഫോണ്‍നമ്പറും. മുഖം തിരിച്ചു വാതിലടയ്ക്കാന്‍ നോക്കുമ്പോള്‍ കുറ്റിയ്ക്ക് വല്ലാത്തൊരിളക്കം. മൂത്രശങ്ക ഫ്രീസ് മോഡില്‍ ആയിപ്പോയി. കയറിയസ്ഥിതിയ്ക്ക് കാലുകഴുകിയേക്കാമെന്നു ചിന്തിച്ചു പൈപ്പിലെ ചങ്ങലയില്‍ കൊരുത്തിയിട്ട കപ്പെടുക്കാന്‍ നോക്കുമ്പോള്‍ ചങ്ങലയില്‍ സൂര്യകാന്തിപ്പുനിറത്തിലൊരു മൂക്കട്ട ! വല്ലവിധേനയും പുറത്തുചാടിയിറങ്ങുമ്പോള് 'ജാംഷെഡ്പൂര്‍ കോച്ചുഫാക്ടറിയാണേ ഇനി തീവണ്ടിക്കക്കൂസ് ഉപയോഗിക്കില്ലെ'ന്നു ശപഥം ചെയ്തുപോയി.
സീന്‍ -2 നഗരത്തിലെ ഒരു ബസ്സ്റ്റാന്‍ഡ്. ദിവസവും നൂറുകണക്കിനാളുകള്‍ വന്നു പോകുന്ന സ്ഥലം. മൂത്രശങ്കയ്ക്കുണ്ടോ വകതിരിവെന്ന ജാള്യത്തില്‍ രണ്ടുരൂപ കൊടുത്തു ശങ്ക തീര്‍ക്കാന്‍ കയറി. കയറിയപാടെ .'എന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല്ല 'എന്ന അവസ്ഥയിലായി ഹൃദയം! ചവിട്ടാനിടമില്ലാതെ മുറുക്കാന്‍ തുപ്പലുകള്‍ മദ്യക്കുപ്പികളുടെ നാറ്റം, ഒരു മൂലയിലെ ഛര്‍ദ്ദി ! ഒടുക്കം ബോധംകെട്ട് വീഴുമെന്നു പേടിച്ചു 'രണ്ടുരൂപ ഗോവിന്ദ് 'എന്ന് കരുതി കാര്യം സാധിക്കാതെ തിരിച്ചിറങ്ങി. അന്നേരം വാതില്ക്കല് നിന്ന് ലോട്ടറി വില്പനക്കാരന്റെ ഇളിഞ്ഞ മഞ്ഞച്ചിരിയില്‍ 'ഘര്‍ വാപ്പസി 'യെന്ന് ബ്ലാഡറിന്റെ ദീനരോദനം.
സീന്‍ -3 അടുത്തിടെ നടന്ന ഒരു കോളേജ് ട്രിപ്പ് ഒരു ബസ്സിലെ മുഴുവന്‍ പെണ്‍കുട്ടികളുടെയും മൂത്രശങ്കയ്ക്ക് ഒരൊറ്റ ഉത്തരം 'പെട്രോള്‍ പമ്പ് . എം സി റോഡിനരികിലെ ഏതോ പമ്പിലെ മൂത്രപ്പുരയ്ക്കു മുന്നില്‍ നീണ്ട ക്യൂ. ഓരോരുത്തരും ഹാസ്യത്തില്‍ കയറി ബീഭത്സത്തില്‍ പുറത്തിറങ്ങുന്നു. നിവൃത്തികേടിന്റെ സമവാക്യത്തിനപ്പുറം മൂത്രശങ്കയെന്ന് എഴുതിച്ചേര്‍ത്തു കണ്ണുമടച്ചു കയറി. എന്തായാലും കണ്ണ് തുറക്കാതെ പറ്റില്ലല്ലോ. നമ്മടെ പ്രിയ വാര്യര്‍ സ്റ്റൈലില്‍ കണ്ണ് തുറക്കുമ്പോ ചുവരില്‍ ഒരു വലിയ തുരങ്കം . അയ്യോ വല്ല ക്യാമറയും എന്ന ആത്മഗതത്തില്‍ ഏതെങ്കിലും അശ്ലീല സീറ്റിലിരുന്നു മൂത്രമൊഴിക്കുന്ന എന്നെയോര്‍ത്തു വിയര്‍ത്ത് അഴിച്ച വള്ളി അതുപോലെ കെട്ടി ഇറങ്ങിപ്പോന്നു. ആ നേരം മുതലാണ് 'ഒളിക്യാമറാ ഫോബിയ 'എന്നെപ്പിടികൂടിയത്.
അതേ യാത്രയുടെ ഇടവേളയില്‍ ഭക്ഷണം കഴിക്കാനായി ഒരു റെസ്റ്ററന്റില്‍ കയറിയ നേരത്തു അമര്‍ത്തിവച്ച ബ്ലാഡറിന്റെ ദീനരോദനം നിലവിളിയായി പുറത്ത് ചാടി.ഇത്തവണ ബ്ലാഡര്‍ മോഡ് ഓഫാക്കാന്‍ ഒരു മാര്ഗ്ഗവുമില്ലെന്നു കണ്ട് ഹോട്ടലിലെ ബാതൂമിലേയ്ക്ക് അടിവച്ചു നടന്നു. മുന്‍പേ പോയ വനിതകള്‍ തിരികെ വന്ന് 'തലപോയാലും ക്ലോസെറ്റിനുള്ളിലേക്ക് നോക്കരുത്ട്ടാ 'എന്ന മുന്നറിയിപ്പ് തന്നത് കൊണ്ട് മച്ചിലേക്കു നോക്കി അരമണ്ഡലത്തില് നിന്ന് കാര്യം സാധിച്ചു (ഡാന്‍സ് പഠിച്ചത് ഭാഗ്യം ).
അന്നത്തെ യാത്രയുടെ അവസാനം വെള്ളം -മൂത്രം എന്നിവയുടെ അഭേദ്യമായ ബന്ധം മൂലം പിന്നെയും ആക്രമിച്ച മൂത്രശങ്ക തീര്‍ക്കാന്‍ ബസ് നിര്‍ത്തിയത് ഒരു പള്ളിയങ്കണത്തിലാണ് . ''നിനക്കൊക്കെ ഇതിനും മാത്രം എവിടന്നാടെ ഇത്രേം മൂത്രം 'എന്ന സാറന്മാരുടെ ഡയലോഗ് പശ്ചാത്തലത്തില്‍ പള്ളിവക ടോയ്ലെറ്റിലേക്കോടി. ഈ പെണ്പിള്ളേരെല്ലാം കൂടി ഘരാവോ ചെയ്യാന്‍ വരുന്നേയെന്നു നിലവിളിച്ചു കര്ത്താവെണീറ്റോടിയേക്കുമോ എന്ന പിന്നാമ്പുറ തമാശയില്‍ വഴീല് മുള്ളികള്ക്ക് എന്തും പറയാലോയെന്നു ചിറികോട്ടി, വെള്ളമുള്ള ടോയ്ലെറ്റ് എന്ന ആശ്വാസത്തിലേയ്ക്ക് ഞങ്ങള്‍ കടന്നുകയറി.
വീട്ടിലെ ടോയ്ലെറ്റിന് മുന്നില്‍ ചെന്ന് സാഷ്ടാംഗ പ്രണാമം ചെയ്യാന്‍ തോന്നിപ്പിക്കുന്നതാണ് ഓരോ യാത്രകളും. അത്രയേറെ വൃത്തിഹീനമായ, സുരക്ഷിതമല്ലാത്ത പൊതുടോയ്ലെറ്റുകളിലൂടെയാണ് നമ്മള് സ്ത്രീകള്‍ക്ക് ദിനവും മൂക്കുപൊത്തി കടന്നുപോകേണ്ടി വരുന്നത്.മൂത്രം പരമാവധി പിടിച്ചു നിര്‍ത്തുന്ന ചെറുപ്പക്കാരുടെ കാര്യമിങ്ങനെയാണെങ്കില്‍ പ്രായമേറിയവരുടെ, പ്രമേഹ രോഗികളുടെ മൂത്രശങ്ക പിടിച്ചു നിര്‍ത്തുകയെന്നത് അസാധ്യമായ സ്ത്രീകളുടെയൊക്കെ അവസ്ഥ എന്തായിരിക്കും? ഗര്‍ഭിണികളും കുട്ടികളും നേരിടുന്ന വൃത്തിഹീനത എത്ര മനസ്സുമടുപ്പിക്കുന്നതാണ്! എന്തൊക്കെ രോഗങ്ങള്‍ പരത്താന്‍ കെല്‍പ്പുള്ളവയാണ് നമ്മുടെ പൊതുകക്കൂസുകള്‍!
ഒരു പൊതു കക്കൂസ് വഴി യൂറിനറി ഇന്ഫെക്ഷന് കിട്ടിയ കൂട്ടുകാരി യാത്രകളില്‍ ഇപ്പോള്‍ adult diappers എടുത്തു വയ്ക്കാറുണ്ടെന്നു പറഞ്ഞാല്‍ അതില്‍ ഒരതിശയവും നമുക്കു തോന്നില്ല. മൂത്രശങ്കയ്ക്ക് അങ്ങനെ അഡ്ജസ്റ്റ് ചെയ്യാം പക്ഷെ അതുക്കും മേലെയൊരു ശങ്ക വന്നാലോ ? പൊതു ടോയ്ലെറ്റ് എന്ന മാര്‍ഗ്ഗം മാത്രമേ മുന്നിലുണ്ടാവുള്ളൂ. ഇനി പെണ്ണുങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന പിരീഡ്സ് കാല യാത്രകളോ? പാഡ് മാറ്റാന്‍ കയറി, വെള്ളമില്ലാത്ത ടോയ്ലെറ്റുകളില് മേല്‍പ്പറഞ്ഞ അവസ്ഥകളിലൂടെ കടന്നു പോയിട്ടില്ലാത്ത എത് സ്ത്രീകളുണ്ടാവും ?
വെള്ളംകുടി നിരോധനവും, മൂത്രം പിടിച്ചു വയ്ക്കലും ഒരുകാലത്തും പരിഹാരമാര്‍ഗ്ഗങ്ങള്‍ ആവാത്തിടത്തോളം അത് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നിടത്തോളം ശരിയായ ഒരു പോംവഴി കണ്ടെത്തേണ്ടിയിരിക്കുന്നു. പൊതുശുചിമുറികളില്‍ ഇത്തരം പ്രശ്നങ്ങള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണെന്ന് സമാന അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. ഒന്നാലോചിച്ചു നോക്കൂ ഈ ചൂടുകാലത്തും മൂത്രശങ്ക ഭയന്നു പഞ്ഞിയില്‍ വെള്ളം നനച്ചു ചുണ്ടു തുടയ്ക്കേണ്ടി വരുന്ന അവസ്ഥ എത്ര മാരകമായിരിക്കും !
സീന്‍ കോണ്ട്രാ -
പളപളപ്പില്‍ കണ്ണ് മിന്നിക്കുന്ന മാളുകളിലെ ടോയ്ലെറ്റില് കയറിയിട്ട് പോലും ശുചിത്വക്കുറവ് അനുഭവപ്പെട്ടിട്ടുള്ളവര്‍ ഉണ്ടോ? എങ്കില്‍ തകരാറ് നമ്മുടെ സാമൂഹ്യബോധത്തിനു കൂടിയാണ്. ഫ്ലഷ് വീട്ടിലെ ടോയ്ലെറ്റില് മാത്രം ഉപയോഗിച്ചാല്‍ പോരാ എന്ന സത്യം പലര്‍ക്കുമറിയില്ലെന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നു. അതുപോലെതന്നെ ടോയ്ലറ്റ് ടിഷ്യു ക്ലോസെറ്റിനുള്ളില്‍ തള്ളിക്കയറ്റാനുള്ളതല്ലെന്നും പലര്‍ക്കുമറിയില്ല !
സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടാകേണ്ടത് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്ക്കൂടിയാവണം. ആദ്യം നേടിയെടുക്കേണ്ടത് സുരക്ഷയ്ക്കും ശുചിത്വത്തിനുമുള്ള അവകാശമാണ്. അത് ഇല്ലാതാക്കുന്നവര്ക്കെതിരെയുള്ള ശബ്ദമുയര്ത്തലുകളാണ്. ചര്‍ച്ചകളില്‍ നിന്ന് പ്രവര്‍ത്തനങ്ങളിലേക്ക് നമ്മള് നടന്നു കയറണം. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ തന്നെ സമൂഹത്തിലിറങ്ങാന്‍ പ്രാപ്തരാകുന്ന, ശുചിത്വവും സുരക്ഷയും ഉറപ്പു വരുത്തുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ മുന്നില്‍ നില്ക്കുന്ന നാടാവട്ടെ നമ്മുടേത്. ഈ വനിതാദിനത്തില്‍ അങ്ങനെയൊരു പ്രതിജ്ഞയെടുക്കാം നമുക്ക്. അതെ പ്രകാശം പരത്തുന്ന വനിതകളാകട്ടെ നമ്മള് .
Content Highlights: International Women's Day 2019, Balance For Better, Toilets: Our right, Right to pee