തീവണ്ടിപ്പാളത്തിൽ ചെറുവേഗത്തിൽ പായുന്ന ചെറിയൊരു ജീപ്പ്... അതിന്റെ ഡ്രൈവിങ് സീറ്റിലിരിക്കുന്നതോ ഒരു സ്ത്രീയും... തീവണ്ടിയെത്തുന്നതിന് മുൻപുതന്നെ ഒപ്പമിരിക്കുന്നവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ളതാണ്... ഇത് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ കാഴ്ചയാണ്. തീവണ്ടി നിർത്തുന്ന പ്ലാറ്റ്‌ഫോമിലേക്ക് എത്താൻ പാടുപ്പെടുന്ന പ്രായമായവരെ കൃത്യമായി തീവണ്ടിയിലെത്തിക്കുന്ന ജോലിയേറ്റെടുത്ത് നടത്തുന്ന രണ്ട് സ്ത്രീകൾ.

ദിവസവും രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ ഇരുവരെയും റെയിൽവേ സ്റ്റേഷനിൽ കാണാം. 12 മണിക്കൂർ ഷിഫ്റ്റിലാണ് ജോലി. നോർത്ത് പറവൂർ സ്വദേശി അജിതകുമാരിയും ചേർത്തല സ്വദേശി ശാലി സന്തോഷുമാണ് റെയിൽവേ സ്റ്റേഷനിൽ ‘ഇലക്‌ട്രിക്‌ ബഗ്ഗി ഓപ്പറേറ്റർ’ ആയി ജോലിചെയ്യുന്നത്.

ഡ്രൈവിങ്ങിനോടുള്ള ഇഷ്ടമാണ് ശാലിയെയും അജിതകുമാരിയെയും ഇവിടംവരെ എത്തിച്ചത്. തീവണ്ടിയുടെ സമയംനോക്കി വേണം തങ്ങളുടെ ഓരോ ട്രിപ്പും ഏറ്റെടുക്കാൻ, ശ്രദ്ധിച്ചില്ലെങ്കിൽ അപകടം അരികിലാണ്.

അജിതകുമാരിയുടെ വീട് നോർത്ത് പറവൂരിലാണെങ്കിലും ഇപ്പോൾ ജോലിക്ക്‌ കൃത്യസമയത്ത് വരണ്ടേതിനാൽ വൈറ്റിലയിൽ മകൾക്കൊപ്പമാണ് താമസം. ചെറുപ്പത്തിൽ സൈക്കിൾ പോലും ചവിട്ടിയില്ലെങ്കിലും ഡ്രൈവിങ്ങിനോട് വല്ലാത്തൊരിഷ്ടമായിരുന്നു. ആ ഇഷ്ടമാണ് വിവാഹശേഷം ഡ്രൈവിങ്‌ പഠനത്തിലേക്ക് എത്തിച്ചതും പിന്നീട് അതൊരു ജീവിതമാർഗമായി തിരഞ്ഞെടുക്കപ്പെട്ടതും. എറണാകുളത്തെ ആദ്യകാല വനിതാ ടാക്സി ഡ്രൈവർമാരിൽ ഒരാൾ കൂടിയാണ് അജിതകുമാരി.

ഡ്രൈവിങ് അറിയാവുന്ന വനിതകളെ തിരയുന്നുവെന്ന പത്ര പരസ്യമാണ് ഇവരെ ‘ബഗ്ഗി ഓപ്പറേറ്റർ’ ആക്കിയത്.

വളരെ അപ്രതീക്ഷിതമായിട്ടാണ് ശാലിയുടെ ബഗ്ഗി ജീവിതം ആരംഭിക്കുന്നത്. എറണാകുളത്തേക്കുള്ള ഒരു തീവണ്ടിയാത്രയിലാണ്, കൗതുകമുണർത്തി ഹോണടിച്ച് നീങ്ങുന്ന ഈ വണ്ടി ശാലിയുടെ കണ്ണിലുടക്കിയത്. അതിനൊപ്പം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഭിത്തിയിൽ ഒട്ടിച്ചിരുന്ന നോട്ടീസും ‘ബഗ്ഗി ഓപ്പറേറ്ററെ ആവശ്യമുണ്ട്’. അപേക്ഷിച്ച് അഭിമുഖത്തിൽ വിജയിച്ച ശാലിയും ബഗ്ഗിയുടെ ഭാഗമായി.

ഓരോ തവണയും പ്രായമായവരെ തീവണ്ടിയിൽ കൊണ്ടെത്തിക്കുമ്പോൾ, സന്തോഷത്തോടെ അവർ കൈകൾ തലയിൽവച്ച് അനുഗ്രഹിക്കുന്നതാണ് ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് ഇരുവരും പറയുന്നു. പ്ലാറ്റ്‌ഫോമിലൂടെ ഇങ്ങനെയൊരു വണ്ടി പ്രതീക്ഷിക്കാത്തവർ, ഹോണടി കേൾക്കുമ്പോൾ ഞെട്ടിമാറുന്നതും ആദ്യമായി ഈ വണ്ടി കാണുന്നവരുടെ കൗതുകവും ഇവിടത്തെ സ്ഥിരംകാഴ്ചയാണ്.

യാത്രയ്ക്കായി മാത്രമാണ് ബഗ്ഗിയുടെ സർവീസ്. ഇതിൽ ലഗേജ് കയറ്റാത്തതിനാൽ പലരും ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നതൊഴിച്ചാൽ, തങ്ങളുടെ ബഗ്ഗി ജീവിതം സന്തോഷകരമാണെന്ന് അജിതകുമാരിയും ശാലിയും.

എറണാകുളത്തിന് പുറമെ തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം എന്നിവിടങ്ങളിലും സ്ത്രീകളുടെ കൈയിലാണ് ബഗ്ഗിയുടെ വളയം.

Content Highlights: International Women's Day 2019, Balance for better