കുളത്തിലെ വെള്ളത്തിന് കടും മഞ്ഞ നിറം. ഒരു ഭാഗം നിറയെ  കട്ടപിടിച്ച പായലാണ്. ചുറ്റുമുള്ള പടവുകള്‍ പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. കാലിടറാതെ, സൂക്ഷിച്ച് അവയിലൊന്നില്‍ ചെന്നിരുന്നപ്പോള്‍ വെറുതെ കാതോര്‍ത്തു . കേള്‍ക്കുന്നുണ്ടോ കാറ്റിലെങ്ങാനും ആ പാട്ട്? ''ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴിതുറക്കൂ, കദന നിവാരണ കനിവിന്‍ ഉറവേ കാട്ടിന്‍ നടുവില്‍ വഴിതെളിക്കൂ...''

ഇല്ല. ദൂരെയെങ്ങോ നിന്ന് തരംഗമാലകള്‍ പോലെ ഒഴുകി വരുന്ന ഏതോ പുതിയ ചലച്ചിത്ര ഗാനത്തിന്റെ അവ്യക്തമായ ശീലുകള്‍ മാത്രമുണ്ട് അന്തരീക്ഷത്തില്‍. തൊട്ടപ്പുറത്തെ വിശാലമായ നെല്‍പ്പാടങ്ങള്‍ക്കരികിലുള്ള നിരത്തിലൂടെ തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങളുടെ ശബ്ദഘോഷവും. ഇടയ്‌ക്കെപ്പോഴോ കുളത്തിനപ്പുറത്തെ വീടുകളിലൊന്നിന്റെ ജനാലകള്‍ തുറന്നടയുന്നു കൗതുകം നിറഞ്ഞ കണ്ണുകളുണ്ടാവാം അവയ്ക്കു പിന്നില്‍. പരിചിതമല്ലാത്ത മുഖമല്ലേ?

മുട്ടോളം പുല്ലു കിളിര്‍ത്തു നില്‍ക്കുന്ന  ഈ കല്‍പ്പടവുകളില്‍ പാതി മറഞ്ഞ ബോധവുമായി നീണ്ടു മലര്‍ന്നു കിടന്നിട്ടുണ്ട് ഒരിക്കല്‍; നാല് പതിറ്റാണ്ടോളം മുന്‍പ്. അമ്മമ്മയുടെ മടിയിലായിരുന്നു തല. കൈകാലുകള്‍ അനക്കാന്‍ പോലും വയ്യ. ആകെ തളര്‍ച്ച ബാധിച്ച പോലെ. മെലിഞ്ഞ കൈവിരലുകള്‍ കൊണ്ട് ആരോ നെഞ്ചില്‍ മൃദുവായി തടവുന്നു. ഒപ്പം വിതുമ്പിക്കരയുന്നുമുണ്ട്. അമ്മയാവണം.  ചുറ്റിലും കൂടി നിന്ന് ഉറക്കെ സംസാരിക്കുന്നു ചിലര്‍; ഒന്നും വ്യക്തമല്ല. മുകളിലെ സ്വര്‍ണനിറമുള്ള വിശാലമായ ആകാശത്തിന്റെ ഫ്രെയിമില്‍ മുഖങ്ങള്‍ തെളിയുകയും  മായുകയും വീണ്ടും തെളിയുകയും ചെയ്യുന്നു.

തല ചെരിച്ച് നോക്കിയപ്പോള്‍ താഴത്തെ കല്‍പ്പടവില്‍ ചുരുണ്ടുകൂടി കിടക്കുകയാണ് രജി. അതിനപ്പുറത്ത് രഞ്ജിനിയും. എന്നെക്കാള്‍ ഭേദമാണ് അവരുടെ സ്ഥിതി. ബോധമുണ്ട്. സംസാരിക്കുന്നുമുണ്ട്. കരച്ചിലിനിടയിലൂടെ അമ്മയുടെ ശബ്ദം വാര്‍ന്നു വീഴുന്നതു കേള്‍ക്കാം: ''കൈവിട്ടു പോയീന്നാ വിചാരിച്ചത്. ന്റെ കുട്ട്യോള് മുങ്ങിച്ചാവാന്‍ പോക്വായിരുന്നു....'' ഒന്നും മനസ്സിലാകാതെ മാനം നോക്കി കിടക്കേ, സുഖശീതളമായ കാറ്റിന്റെ ചിറകിലേറി മനോഹരമായ ഒരു ഗാനത്തിന്റെ ഈരടികള്‍ കാതിലേക്ക് ഒഴുകുന്നു: ''ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴിതുറക്കൂ...'' അകലെയേതോ കല്യാണ വീട്ടിലെ ഉച്ചഭാഷിണിയില്‍  നിന്നാവണം. പൂര്‍ണ്ണബോധത്തിലേക്ക് തിരിച്ചു നടക്കുകയാണെന്ന് ഉറപ്പായത് അപ്പോഴാണ്. മരിച്ചിട്ടില്ല. ജീവനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ എങ്ങനെയൊക്കെയോ നടന്ന് കരപറ്റിയിരിക്കുന്നു. അമ്മയും അമ്മമ്മയും എസ് ജാനകിയുടെ  പാട്ടും  ഒക്കെയുള്ള ലോകത്ത് തിരിച്ചെത്തിയിരിക്കുന്നു ഞാന്‍. പതുക്കെ എല്ലാം ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു; മരണത്തെ മുഖാമുഖം കണ്ട ഓരോ നിമിഷവും. കാതില്‍ ജാനകി പാടിക്കൊണ്ടേയിരുന്നു അപ്പോഴും: ''പരീക്ഷണത്തിന്‍ വാള്‍മുനയേറ്റി പടനിലത്തില്‍ ഞങ്ങള്‍  വീഴുമ്പോള്‍ ഹൃദയ ക്ഷതിയാല്‍ രക്തം ചിന്തി മിഴിനീര്‍പ്പുഴയില്‍ താഴുമ്പോള്‍, താങ്ങായ് തണലായ് ദിവ്യഔഷധിയായ് താതാ നാഥാ കരം പിടിക്കൂ..''

മലപ്പുറം ജില്ലയിലെ എടരിക്കോട് എന്ന ഗ്രാമത്തിലെ തറവാട്ടു വീട്ടില്‍  വേനലവധിക്കാലം ചെലവഴിക്കാന്‍ അമ്മയ്ക്കും അനുജന്‍ രജിക്കും അനുജത്തി രഞ്ജിനിക്കും ഒപ്പംഎത്തിയതായിരുന്നു അന്നത്തെ എട്ടാം ക്ലാസുകാരന്‍ കുട്ടി. അവധിക്കാലം ആഘോഷങ്ങളുടെ കാലമാണ്. വയനാട്ടിലെ തണുത്തുറഞ്ഞ സായാഹ്നങ്ങളില്‍ നിന്ന് എടരിക്കോടിന്റെ ചൂടിലേക്കും  പൊടിയിലേക്കുമുള്ള താല്‍ക്കാലികമായ പറിച്ചുനടല്‍. സ്വാതന്ത്ര്യത്തിന്റെ ദിനങ്ങളാണവ. സമപ്രായക്കാരായ കുട്ടികള്‍ക്കൊപ്പം കളിച്ചു മദിച്ചു നടക്കാം; പോത്തു പോലെ ഉറങ്ങാം;  തൊടി മുഴുവന്‍ ചുറ്റിനടന്നു മാങ്ങ പെറുക്കാം; സ്ഫടിക സമാനമായ വെള്ളമുള്ള കുളത്തില്‍ അന്തിമയങ്ങും വരെ കുളിച്ചു തിമിര്‍ക്കാം.. മതിമറന്നുള്ള   ആ നീരാട്ടായിരുന്നു വെക്കേഷന്റെ ഏറ്റവും വലിയ ആകര്‍ഷണം. വൈകുന്നേരത്തെ കാപ്പികുടി കഴിഞ്ഞാല്‍ പിന്നെ പൊങ്ങുക  കുളക്കടവിലാണ്. അമ്മയുടെ മൂത്ത സഹോദരിയുടെ മക്കളായ പാര്‍വതിയേട്ത്തിയും ഗോപിയേട്ടനും ലക്ഷ്മിയും ഉണ്ടാകും ഞങ്ങള്‍ക്കൊപ്പം. കുളത്തിന്റെ മതില്‍ക്കെട്ടിന് മുകളില്‍  നിന്ന് സാഹസികമായി മലക്കം മറിഞ്ഞ് ഡൈവ് ചെയ്യുന്ന ഗോപിയേട്ടനാണ് അന്ന് ഹീറോ. 

നീന്താന്‍ അറിയില്ല; ഏട്ടന്മാരുടെയും ഏടത്തിമാരുടെയും സാഹസങ്ങള്‍  കണ്ട് ആസ്വദിച്ച് അന്തം വിട്ടു നില്‍ക്കുക മാത്രം ചെയ്യും ഞങ്ങള്‍ ത്രിമൂര്‍ത്തികള്‍. കുളത്തിന്റെ പാതി ഭാഗം നിലയില്ലാക്കയമാണ്; ആള്‍പ്പൊക്കത്തില്‍ ചെളി നിറഞ്ഞ കിടങ്ങ്. ആഴമുള്ള ഒരു കിണറുണ്ട് അതിന്റെ  മൂലയില്‍. ആ വശത്തേക്ക് പോയിക്കൂടരുതെന്നാണ് ഞങ്ങള്‍ക്കുള്ള കല്‍പ്പന. നീന്തലറിയാത്തവര്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലമാണ്. 'നിരോധിത മേഖല'യിലൂടെ കമിഴ്ന്നും മലര്‍ന്നും നീന്തി കറങ്ങിത്തിരിഞ്ഞു  വരുന്ന പാര്‍വതിയേടത്തിയെ അസൂയയോടെ നോക്കി നില്‍ക്കും ഞങ്ങള്‍. കുളം ഒരു വലിയ കളിക്കളമായി മാറുന്ന നിമിഷങ്ങള്‍. 

ravi menon


 ഒരിക്കല്‍ മാത്രം കളി കാര്യമായി. ഞങ്ങള്‍ മൂന്ന് കൂടപ്പിറപ്പുകളും  ലക്ഷ്മിയും മാത്രമേയുള്ളൂ അന്ന് കുളിക്കാന്‍. വെള്ളത്തില്‍  'തൊട്ടുകളി'യും ഒളിച്ചുകളിയും  മുറുകവേ അപ്രതീക്ഷിതമായി കാല്‍ തെറ്റി കയത്തിലേക്ക് വഴുതിവീഴുന്നു, ഞാന്‍. ഒരു 'ദുരന്ത പരമ്പര'യുടെ  തുടക്കം. നിലകിട്ടാതെ മുങ്ങിത്താഴുന്ന ഏട്ടനെ കൈപിടിച്ച് കയറ്റാന്‍ ശ്രമിച്ചതാണ് പാവം അനുജന്‍. വെപ്രാളത്തിനിടയില്‍ രണ്ടു പേരും ചളിക്കയത്തിലേക്ക്. അധികം താമസിച്ചില്ല. കരയില്‍ എല്ലാം കണ്ടു തരിച്ചുനില്‍ക്കുകയായിരുന്ന നാലാം ക്ലാസുകാരി രഞ്ജിനിയും ഓടിയെത്തി കുളത്തില്‍ ചാടുന്നു; ഏട്ടന്മാരെ 'രക്ഷിക്കാന്‍'. മൂന്നു കുട്ടിത്തലകള്‍ കുളത്തിലെ കലങ്ങിയ വെള്ളത്തില്‍ മുങ്ങിത്താഴുന്ന കാഴ്ച കണ്ടു എന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നു അന്ന് പത്തോ പതിനൊന്നോ വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ലക്ഷ്മി.

ചുറ്റുപാടും വെള്ളമാണ്. താഴെ നിലയില്ലാത്ത ചളിയും. മെലിഞ്ഞു ദുര്‍ബലമായ കൈകള്‍  പരസ്പരം കോര്‍ത്തു പിടിച്ച് മുകളിലേക്ക് പൊന്തിവരാന്‍ ശ്രമിച്ചു ഞാനും രജിയും. എന്ത് ഫലം. പിന്നെയെപ്പോഴോ ഞങ്ങളുടെ കൈകള്‍  അയഞ്ഞു. പുറത്തെ ശബ്ദങ്ങള്‍ നേര്‍ത്തു വന്നു. കണ്ണുകളില്‍ ഇരുട്ട് കയറി. രഹസ്യങ്ങളുടെ കലവറയായ  കിണറിനടുത്തേക്ക് തെന്നി നീങ്ങിക്കൊണ്ടിരിക്കയാകാം മൂന്നുപേരും എന്ന് ഉള്‍ക്കിടിലത്തോടെ ഓര്‍ക്കാനുള്ള ബോധം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ഇനിയൊരിക്കലും സൂര്യപ്രകാശം കാണില്ല എന്ന് മനസ്സില്‍ ഉറച്ചു. പ്രജ്ഞ നശിച്ചുകൊണ്ടിരുന്ന ആ ഘട്ടത്തില്‍ എപ്പോഴോ ശൂന്യതയില്‍ നിന്ന് ഒരു കൈ നീണ്ടു വരുന്നു. ദൈവത്തിന്റെ കൈയായിരുന്നു അത്. മെലിഞ്ഞുണങ്ങിയ, ഞരമ്പുകള്‍ പിണഞ്ഞു കിടക്കുന്ന ആ വെളുത്ത കൈ തലമുടിയില്‍ ചുറ്റിപ്പിടിച്ചു മുകളിലേക്ക് വലിച്ചുയര്‍ത്തി എന്നെ; അത്രയേ ഓര്‍മ്മയുള്ളൂ.

നടന്നതെന്തെന്ന് പിന്നീട് ലക്ഷ്മി പറഞ്ഞാണ് അറിഞ്ഞത്. മൂന്ന് കളിക്കൂട്ടുകാരും മുങ്ങിത്താഴുന്നത് കണ്ട് ആദ്യം അന്ധാളിച്ചു നിന്നു ലക്ഷ്മി; പിന്നെ അലറി വിളിച്ചു. ''ശീലമനുസരിച്ച് ഞാനും പിന്നാലെ വന്നു കുളത്തില്‍ ചാടേണ്ടതാണ്. അന്നെന്തോ പ്രായോഗിക ബുദ്ധി പ്രവര്‍ത്തിച്ചു. അതുകൊണ്ട് നിങ്ങളാരും മരിച്ചില്ല; ഞാനും.'' അടുത്തൊരു നാള്‍ ആ നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു ചിരിക്കവേ ലക്ഷ്മി പറഞ്ഞു. കുളത്തിന്റെ കരയിലാണ്  അമ്മമ്മയുടെ ഭജന മഠം. പകല്‍ അധിക നേരവും പ്രാര്‍ഥനയും വായനയുമായി അവിടെയുണ്ടാകും  അമ്മമ്മ. ഭാഗ്യവശാല്‍, അപകടം നടക്കുമ്പോള്‍ അമ്മയുമുണ്ട് അമ്മമ്മക്കൊപ്പം. ലക്ഷ്മിയുടെ അലര്‍ച്ച  കേട്ട് ആദ്യം ഓടിവന്നത് എഴുപതു വയസ്സുകാരിയായ അമ്മമ്മ തന്നെ. പിന്നാലെ അമ്മയും. ലക്ഷ്മി വിരല്‍ ചൂണ്ടിയ സ്ഥലത്തേക്ക് ഒരൊറ്റ തവണയേ നോക്കിയുള്ളൂ അമ്മമ്മ. അടുത്ത നിമിഷം ഉടുത്തിരുന്ന മേല്‍മുണ്ട് അഴിച്ചു വലിച്ചെറിഞ്ഞ് കുളത്തിലേക്ക് ഊളിയിട്ടു അവര്‍. പിന്നാലെ കരഞ്ഞുകൊണ്ട് അമ്മയും.

സ്വതവേ ദുര്‍ബലരാണ് രണ്ടു പേരും. അമ്മമ്മയാണെങ്കില്‍ കടുത്ത ആസ്തമക്കാരിയും. പക്ഷേ  ആ സന്ദിഗ്ദ ഘട്ടത്തില്‍   അതുവരെയില്ലാത്ത ഊര്‍ജം മനസ്സിനേയും  ശരീരത്തെയും വന്നു പൊതിയുന്ന പോലെ തോന്നിയെന്ന് പിന്നീട് അമ്മമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.  കുളത്തില്‍ നീന്തിക്കുളിച്ച കാലം അമ്മമ്മയുടെ വിദൂര സ്മരണകളില്‍ പോലുമുണ്ടായിരുന്നില്ല . പക്ഷേ, അതൊന്നും അവരുടെ  മനസ്സിനെ തളര്‍ത്തിയില്ല. ചുണ്ടില്‍ രാമരാമ എന്ന മന്ത്രവുമായി മരണക്കയത്തില്‍ നിന്ന് ഞങ്ങള്‍ ഓരോരുത്തരെയായി ജീവിതത്തിലേക്ക് പിടിച്ചുകയറ്റി  അമ്മമ്മ . കരയിലേക്ക്  ഞങ്ങളെ  വലിച്ചടുപ്പിക്കേണ്ട ദൗത്യമേ ഉണ്ടായിരുന്നുള്ളൂ അമ്മയ്ക്ക്. ''അന്ന് ഞാന്‍ വിളിച്ചു പ്രാര്‍ഥിക്കാത്ത ഈശ്വരന്‍മാരില്ല; നേരാത്ത വഴിപാടുകളും.''-അമ്മമ്മ പറയും.

വര്‍ഷങ്ങള്‍ ഏറെ കൊഴിഞ്ഞു പോയിരിക്കുന്നു.  ഞങ്ങള്‍ മൂവരുടെയും രക്ഷകയായി അന്ന് അവതരിച്ച ലക്ഷ്മി ഉയര്‍ന്ന എയര്‍ ഫോഴ്‌സ്  ഉദ്യോഗസ്ഥന്റെ 'മേംസാബ്' ആയി ഡല്‍ഹിയില്‍ കഴിയുന്നു ഇന്ന്. പാര്‍വതി ഏടത്തി ഡെക്കാന്‍ ഹെറാള്‍ഡ് പത്രത്തിന്റെ പരസ്യ വിഭാഗത്തില്‍ ഉദ്യോഗസ്ഥയായി അവരുടെ കൊല്‍ക്കത്ത ഓഫീസില്‍. മാതൃകാ പുരുഷനായിരുന്ന ഗോപിയേട്ടന്‍ സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറായി കോയമ്പത്തൂരില്‍. അനുജന്‍ രജി എന്ന രാജേന്ദ്രന്‍ റബര്‍ എസ്റ്റേറ്റ് മാനേജരായി വാണിയംപാറയില്‍. എട്ടന്മാരേ എന്ന് അലറിവിളിച്ചു കുളത്തില്‍ ചാടിയ ഒമ്പതു വയസ്സുകാരി രഞ്ജിനി ഭര്‍ത്താവിനും മകനുമൊപ്പം യു എസ്സിലെ ലോസ് ആഞ്ജലീസില്‍.  സ്‌നേഹദീപമേ മിഴി തുറക്കൂ എന്ന സിനിമയ്ക്ക് വേണ്ടി പി ഭാസ്‌കരന്‍ എഴുതി പുകഴേന്തി ഈണമിട്ട് എസ് ജാനകി പാടിയ ''ലോകം മുഴുവന്‍ സുഖം പകരാനായ്'' എന്ന ഗാനം ഇന്നു കേള്‍ക്കുമ്പോഴും സൂര്യതേജസ്സാര്‍ന്ന ഒരു മുഖം മനസ്സില്‍ തെളിയും കല്‍പ്പള്ളി പുലാപ്ര കല്യാണിക്കുട്ടി അമ്മ എന്ന അമ്മമ്മയുടെ മുഖം. ശ്രീഗുരുവായൂരപ്പന്‍ മുതല്‍ കൊട്ടിയൂര്‍ ഭഗവതി വരെയുള്ള ഈശ്വരന്മാര്‍ ചിത്രങ്ങളായും ശില്‍പ്പങ്ങളായും നിരന്നിരിക്കുന്ന 'ശീപോതി'ക്കൂടിനു മുന്നില്‍ ചമ്രം പടിഞ്ഞിരുന്ന് ഉച്ചത്തില്‍ നാമം ജപിക്കുകയാണ് അവര്‍  തൂവെള്ള വസ്ത്രവും രുദ്രാക്ഷമാലയും  ധരിച്ച്..

ഒരേ സമയം ഭയവും സ്‌നേഹവുമായിരുന്നു ഞങ്ങള്‍ക്ക് അമ്മമ്മയെ. ആട്ടിന്‍കുട്ടികളെ അവയുടെ യജമാനന്‍ എന്ന പോലെ, വൈകുന്നേരമായാല്‍ ഞങ്ങള്‍ കുട്ടികളെ  തെക്കേ അറയിലെ ദൈവങ്ങളുടെ സന്നിധിയിലേക്ക് തെളിച്ചു കൊണ്ടുപോകും അമ്മമ്മ. ഒരു മണിക്കൂറോളം നീളുന്ന നാമജപ ഘോഷമാണ് പിന്നെ. നമ:ശ്ശിവായയില്‍ തുടങ്ങി 'സര്‍വത്ര നാമ സങ്കീര്‍ത്തനം ഗോവിന്ദാ' എന്ന നീട്ടിവിളിയില്‍  അവസാനിക്കുന്ന ഒരു നീണ്ട യജ്ഞം. ഇന്നത്തെ ചില പ്രശസ്ത ഗായകര്‍  സദസ്സിനെ കബളിപ്പിച്ച് പാട്ടിനൊത്ത് ലിപ്‌സിങ്ക് ചെയ്യുന്ന പോലെ, ഒപ്പമിരിക്കുന്ന പെണ്‍കുട്ടികളുടെ ഉച്ചത്തിലുള്ള നാമാലാപത്തിനൊത്ത് ചുണ്ടനക്കുക എന്നതായിരുന്നു ഞങ്ങള്‍ ആണ്‍കുട്ടികളുടെ ധര്‍മ്മം. പാടാന്‍ അറിയില്ലല്ലോ. 'അഭിനയം' മടുക്കുമ്പോള്‍ ഓരോരുത്തരായി വെള്ളം കുടിക്കാന്‍ എന്ന വ്യാജേന സ്ഥലം വിടും. കുടിച്ചിട്ടും കുടിച്ചിട്ടും തീരാത്ത വെള്ളമോ എന്നമ്പരന്ന്  അടുക്കളയിലോ കലവറയിലോ  പതുങ്ങിച്ചെന്ന് മുങ്ങല്‍ വിദഗ്ദരെ  ചെവിയില്‍ തൂക്കി കയ്യോടെ ഈശ്വര സന്നിധിയിലേക്ക് തിരികെ ആനയിക്കും അമ്മമ്മ. ''ഇങ്ങനെ വയസ്സായോരെ പറ്റിച്ചാല്‍ നിങ്ങള് ജീവിതം മുഴോന്‍ വെള്ളം കുടിക്കേണ്ടി വരും കുട്ട്യോളേ..'' കളിയും കാര്യവും ഇത്തിരി പരിഹാസവും ഇടകലര്‍ത്തി അമ്മമ്മഉപദേശിക്കുമ്പോള്‍ കണ്ണുകള്‍ അമര്‍ത്തിച്ചിമ്മി 'സ്വാമിശരണം ശരണം മേ' എന്ന് ആര്‍ത്തു വിളിച്ചു തുടങ്ങിയിട്ടുണ്ടാകും വിരുതന്‍ ശങ്കുമാരായ ഞങ്ങള്‍.

പതിമൂന്നാം വയസ്സില്‍ കല്യാണം കഴിച്ചയാളാണ് അമ്മമ്മ. ചെറിയൊരു കസേരമേല്‍ കയറി നിന്ന്,  തലയെടുപ്പുള്ള  വല്യച്ഛന്റെ (അമ്മയുടെ അച്ഛനെ അങ്ങനെയാണ് വിളിക്കുക) കഴുത്തില്‍ വരണമാല്യം ചാര്‍ത്തുന്ന അമ്മമ്മയുടെ ചിത്രം സമപ്രായക്കാരിയായ മറ്റൊരു മുത്തശ്ശി വരച്ചിട്ടതോര്‍ക്കുന്നു. നല്ല പ്രായവ്യത്യാസമുണ്ടായിരുന്നത്രേ  അമ്മമ്മക്ക് വല്യഛനുമായി. വല്യഛന്‍ പക്ഷാഘാതം പിടിപെട്ട് ശയ്യാവലംബിയാകുമ്പോള്‍ 40കളില്‍ എത്തിയിരുന്നതേയുള്ളൂ അമ്മമ്മ. ഭര്‍ത്താവിന്റെ വിയോഗ സമയത്ത് അഞ്ചു മക്കളില്‍ മൂന്നു പേര്‍ അവിവാഹിതര്‍; രണ്ടു പേര്‍ തീരെ ചെറുപ്പവും. അവരെ മാത്രമല്ല അവരുടെ പിന്‍തലമുറയേയും  ഗുരുത്വമുള്ളവരാക്കി വളര്‍ത്താനാണ് അമ്മമ്മതന്റെ  ശേഷിച്ച ജീവിതകാലം വിനിയോഗിച്ചത്.
 
ഓണക്കാലത്തും രണ്ടു മാസത്തെ വേനലവധിക്കും തറവാട്ടില്‍ എത്തുമ്പോഴാണ് അമ്മമ്മയുടെ സ്‌നേഹവാല്‍സല്യങ്ങള്‍ നുകരാനും  ശാസനകള്‍ ഏറ്റുവാങ്ങാനും യോഗമുണ്ടാകുക. ''ഓന് വായനയില്‍ നല്ല കമ്പംണ്ട്. നല്ല പുസ്തകങ്ങള് വാങ്ങിക്കൊടുക്കണം..'' അച്ഛനെ കാണുമ്പോഴെല്ലാം അമ്മമ്മ പറയും. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനായി ഒരിക്കല്‍ കോഴിക്കോട്ട് ചെന്നപ്പോള്‍  ജയില്‍ റോഡിലെ പഴയ ഡേവിസണ്‍ തിയേറ്ററിനടുത്തുള്ള നാഷണല്‍ ബുക്ക് സ്റ്റാളില്‍ കൂട്ടിക്കൊണ്ടു പോയി ഇഷ്ടമുള്ള പുസ്തകം തിരഞ്ഞെടുത്തുകൊള്ളാന്‍ പറഞ്ഞത് ഓര്‍മ്മയുണ്ട്. അമര്‍ ചിത്രകഥയുടെ ഘടോല്‍ക്കചന്‍ എന്ന കോമിക് പുസ്തകവും മാലി എഴുതിയ കുട്ടികളുടെ മഹാഭാരതവുമാണ് അന്ന് തിരഞ്ഞെടുത്തത്. ''അക്ഷരം ഈശ്വരനാണ് കുട്ടീ. നന്നായി പ്രാര്‍ഥിച്ചാല്‍ ഫലം  കിട്ടാതിരിക്കില്യ..'' അമ്മമ്മ പറയും. അമ്മമ്മയുടെ ഗ്രന്ഥ ശേഖരത്തില്‍ നിന്നാണ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ 1930 കള്‍ തൊട്ടുള്ള ലക്കങ്ങളും ഗാന്ധിസാഹിത്യവും ഭവന്‍സ് ജേണലിന്റെ പഴയ പതിപ്പുകളും എല്ലാം വായിച്ചുതീര്‍ത്തത്.

ഭക്തിഗാനങ്ങളേ കേള്‍ക്കൂ അമ്മമ്മ. ''മറ്റേ ജാതി പാട്ടുകള്‍ എല്ലാം  ശുദ്ധ നെലോളികള്‍'' എന്നാണു തമാശയായി പറയുക. സിനിമ കുട്ടികളെ വഴിതെറ്റിക്കും എന്നാണ് വിശ്വാസം. എന്നിട്ടും എങ്ങനെ പഴയ സിനിമകളെ കുറിച്ചും സിനിമാപ്പാട്ടുകളെ കുറിച്ചും  എന്നോട് വാചാലയാകാന്‍  അമ്മമ്മ സമയം കണ്ടെത്തി എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. പേരക്കുട്ടികളില്‍ എനിക്ക് മാത്രം അമ്മമ്മ കനിഞ്ഞു നല്‍കിയ 'പ്രിവിലേജ്'. രാമരാജ്യ (1943), കങ്കണ്‍ (1939), ബന്ധന്‍ (1940), കിസ്മത് (1943), ഭരത് മിലാപ് (1942)  ... ഇതൊക്കെ ചെറുപ്പകാലത്ത് അമ്മമ്മ കണ്ട് ആസ്വദിച്ച സിനിമകള്‍. അത്ര മിനുമിനുപ്പില്ലാത്ത ശബ്ദത്തില്‍ ആ സിനിമകളിലെ പാട്ടുകള്‍ ഉറക്കെ പാടിക്കേള്‍പ്പിക്കുന്നത് ഓര്‍മ്മയുണ്ട്. പ്രത്യേകിച്ച്, അശോക് കുമാറും അമീര്‍ബായ് കര്‍ണാടകിയും പാടിയ  പാടിയ കിസ്മത്തിലെ 'ധീരേ ധീരേ ആരേ ബാദല്‍ ധീരേ ആ രഹി ഹേ' എന്ന പ്രശസ്തമായ താരാട്ട്. 'രാമരാജ്യ'യില്‍ സീതയായി അഭിനയിച്ച ശോഭന സമര്‍ഥ് ആയിരുന്നു അമ്മമ്മയുടെ ഇഷ്ട താരം. 'ഭരത് മിലാപി'ല്‍ കൈകേയി ആയി വേഷമിട്ട ദുര്‍ഗാ ഖോട്ടേയോട് ആദരവായിരുന്നു.  ''യഥാര്‍ത്ഥ കൈകേയി ഇത്രയും ദുഷ്ടയല്ലെന്നു തോന്നും അവരുടെ അഭിനയം കാണുമ്പോള്‍..'' 
 
അമ്മമ്മ ഇന്നില്ല. ചുണ്ടില്‍ രാമമന്ത്രവുമായി പ്രായത്തെ നീന്തിക്കടന്ന് പേരക്കിടാങ്ങള്‍ക്ക്  ജീവിതം വീണ്ടെടുത്തു തന്ന അവര്‍ കാലത്തിന്റെ തിരശീലക്കപ്പുറത്താണ്. പക്ഷേ ശാന്തഗാംഭീര്യമാര്‍ന്ന ആ മുഖമുണ്ട്  ഇന്നും ഓര്‍മ്മയില്‍; ആത്മവിശ്വാസം സ്ഫുരിക്കുന്ന ആ ശബ്ദവും. ശ്വാസം മുട്ടിക്കുന്ന നഗരത്തിരക്കില്‍ നിന്ന് വല്ലപ്പോഴുമൊക്കെ തറവാട്ടിലേക്ക് ഒളിച്ചോടുമ്പോള്‍, പായലും ഉണങ്ങിയ ഇലകളും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്ന കുളത്തിന്റെ വക്കില്‍ പോയി നില്‍ക്കും. സ്‌നേഹവും കരുതലും നിറഞ്ഞ ആ  ശബ്ദം വീണ്ടും കാതില്‍ മുഴങ്ങും അപ്പോള്‍:  ''എന്റീശ്വരാ .. കുളത്തില്‍ നിന്ന് കയറിവന്നപ്പോള്‍ നേരെ മുന്നില്‍ കണ്ടത് അനങ്ങാതെ കെടക്കണ നിന്നെയാണ്. സര്‍വാംഗവും തളര്‍ന്നു. ന്റെ കുട്ടിയെ കാത്തോളണേ എന്ന് ഗുരുവായൂരപ്പനെ വിളിച്ചു കരയുകയല്ലാതെ വേറെന്താ വഴി? ഒടുവില്‍ ഈശ്വരന്‍ കാത്തു നിന്നെ..''

ഓര്‍മ്മയില്‍ എസ് ജാനകി പാടിക്കൊണ്ടേയിരിക്കുന്നു: ''പുല്ലില്‍ പൂവില്‍ പുഴയില്‍ കിളിയില്‍ വന്യജീവിയില്‍ വനചരനില്‍, ജീവബിന്ദുവിന്നമൃതം തൂകിയ ലോകപാലകാ ജഗദീശാ, ആനന്ദത്തിന്‍ അരുണകിരണമായ് അന്ധകാരമിതില്‍ അവതരിക്കൂ..'' ജീവിതത്തിലേക്ക്  തിരികെ കൈപിടിച്ചു കൂട്ടിക്കൊണ്ടു പോന്ന ആ പാട്ടിന്റെ വരികളില്‍ നിറഞ്ഞു തുളുമ്പിയതും ഈശ്വരനായിരുന്നില്ലേ?

Content Highlights: WomensDay RaviMenon GrandMother LokamMuzhuvanSugam