തിമൂന്നാമത്തെ വയസില്‍ ഒരു കേരളപ്പിറവി ദിനത്തിന്റെ അന്നായിരുന്നു എന്റെ ആദ്യ 'പുറത്താകല്‍'. കുട്ടി എന്ന വിളിയുടെ നഷ്ടം മാത്രമല്ല മറ്റെന്തൊക്കെയോ നഷ്ടങ്ങളായിരുന്നു ആദ്യ ആര്‍ത്തവം എനിക്ക് സമ്മാനിച്ചത്. ശരീരം നുറുങ്ങുന്ന വേദനയ്ക്കും കാലിലൂടെ ഒലിച്ചിറങ്ങിയ ചുവപ്പ് നിറത്തിനുമപ്പുറം കയ്പ് സമ്മാനിച്ചത് അന്നു വരെ അനുഭവിച്ചിട്ടില്ലാത്ത ചില മാറ്റി നിര്‍ത്തലുകളായിരുന്നു.'നിനക്കായോ','ഇവള്‍ക്കായോ' എന്ന നിരന്തര അന്വേഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ ആര്‍ത്തവമെന്നത് ആഘോഷിക്കപ്പെടുന്ന എന്തോ ഒന്നാണെന്ന് കരുതിയ എന്റെ വിശ്വാസം തെറ്റാന്‍ അധിക നിമിഷമൊന്നും വേണ്ടി വന്നില്ല.'ആയിരിക്കുന്നു' അഥവാ പുറത്തായിരിക്കുന്നു എന്ന് പറയുമ്പോള്‍ അമ്മയുടെ മുഖത്തുണ്ടായ ഞെട്ടല്‍ ഇന്നും ഓര്‍മ്മയുണ്ട്. ഒരുപക്ഷേ ഈ ലോകമത്രയും സുരക്ഷിതമല്ലെന്ന് കരുതുന്ന ഒരമ്മയുടെ ഭയപ്പാടായിരിക്കാം അപ്പോള്‍ പുറത്ത് ചാടിയത്.

ഒന്നും മിണ്ടാതെ അകത്തേക്ക് പോയ അമ്മ തിരികെ വന്നത് കയ്യിലൊരു പായയും രണ്ട് ജോഡി ഉടുപ്പുമായിട്ടാണ്. അടുക്കളയോട് ചേര്‍ന്ന് നില്‍ക്കുന്ന ഇടനാഴിയുടെ ഓരത്ത് പാതിമാത്രം വിരിച്ച പായയിലേക്ക് കയ്യിലുണ്ടായിരുന്നവ ഇട്ടു.' ഇനി എന്താവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാല്‍ മതി. എടുത്ത് തരാം. ഒന്നും തൊടരുത്. കഴിച്ച പാത്രം കഴുകി കമിഴ്ത്തി വെയ്ക്കണം. മൂന്ന് ദിവസം ഇവിടെ കിടന്നാല്‍ മതി. മുറിയിലേക്ക് കയറരുത്. അമ്മ പറഞ്ഞു.

സ്വന്തം മുറിയില്‍ നിന്നും താന്‍ പുറത്താക്കപ്പെട്ടിരിക്കുന്നു.അതിലായിരുന്നില്ല സങ്കടം. ഒരു മിനിറ്റ് പോലും അടങ്ങിയിരിക്കാത്ത ഒരു പാവാടക്കാരിയെ പാതിമടക്കിയ പായയില്‍ മൂന്ന് ദിവസം അമ്മ തളച്ചിട്ടതിലാണ്. പായ മുഴുവന്‍ നിവര്‍ത്താന്‍ അനുവാദമില്ലാതിരുന്നത് മറ്റുള്ളവര്‍ അറിയാതെ തൊട്ടുപോയോല്‍ അശുദ്ധരായിപ്പോവുമെന്ന് പറഞ്ഞായിരുന്നു. ആ രാത്രി ഞാനുറങ്ങിയിട്ടില്ല. അമ്മയുടെ ചൂടു പററി മാത്രം ഉറങ്ങി ശീലിച്ചവള്‍ക്ക് ചെറിയ വിരിപ്പിനുളളില്‍ ചുരുണ്ട് കൂടിയപ്പോള്‍ എന്തെന്നില്ലാത്ത ഭയം തോന്നി. അന്നാദ്യമായാണ് 'തനിച്ചാവുക ' അഥവാ ഒറ്റപ്പെടലിന്റെ ഭീകരത എന്താണെന്ന് അറിഞ്ഞത്. ശരീരവും ചുറ്റുപാടുമെല്ലാം പുതുമ സമ്മാനിച്ചപ്പോള്‍ മനസ് മാത്രം ആര്‍ത്തലച്ച് കരഞ്ഞു

അത് അന്നു കൊണ്ടവസാനിക്കില്ലെന്നറിഞ്ഞപ്പോഴാണ് ഏറ്റവും വലിയ ഞെട്ടലുണ്ടായത്.രണ്ട് ദിവസം എന്നെ സ്‌കൂളില്‍ വിട്ടില്ല.വേദനയും ക്ഷീണവും കാരണം അമ്മയുടെ മടിയില്‍ ചുരുണ്ടുകൂടി കിടക്കാന്‍ ഞാന്‍ വല്ലാതെ കൊതിച്ചു. ആ സമയത്ത് സ്‌നേഹത്തോടെ ഒന്ന് തലോടിയാല്‍ ഒന്ന് ചേര്‍ത്ത് പിടിച്ചാല്‍ അതുമതിയായിരുന്നു.എന്തെന്നില്ലാത്ത സങ്കടത്തില്‍ കരഞ്ഞ് അമ്മയെ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി 'ഇതൊക്കെ പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാ' എന്നാ.

പിന്നീടങ്ങോട്ട് എനിക്കുണ്ടായ ഓരോ ചുവപ്പ് ദിനങ്ങളും ' അരുത് ' കളുടെ കൂടിയായിരുന്നു.തൊടരുത്,വരരുത്,എടുക്കരുത്, കിടക്കരുത്....അമ്മയെ സംബന്ധിച്ച് അത് വിശ്രമത്തിന്റെ ദിനങ്ങളായിരുന്നെങ്കില്‍ ഒരു പതിമൂന്ന്് കാരി കുറുമ്പിക്ക് അത് ആത്മഹത്യാപരമായിരുന്നു.അവകാശനിഷേധത്തിന്റെ, പാരതന്ത്ര്യത്തിന്റെ ദിനങ്ങള്‍.സ്വന്തം വീട്ടില്‍ ദാഹിച്ചാല്‍ വെള്ളം കുടിക്കാന്‍ മറ്റൊരാളെ കാക്കേണ്ടി വരുമ്പോള്‍, മുറിയില്‍ പുറത്താക്കപ്പെടുമ്പോള്‍,ഓരോ നേരത്തെയും ആഹാരം പാത്രത്തിലാക്കി പായയില്‍ വെച്ച് തരുമ്പോള്‍.കസേരയിലിരിക്കാന്‍ അനുവാദമില്ലാതിരുന്നപ്പോള്‍, വീടിനി മുന്‍ വശത്തേക്ക് പ്രവേശനം നിഷേധിച്ചപ്പോള്‍ മുറ്റത്ത് കൂട്ടില്‍ കിടക്കുന്ന നായയും ഞാനും തമ്മില്‍ വലിയ അന്തരമെന്നുമില്ലെന്ന് ഞാനറിഞ്ഞു.

മാസം തോറും തൊട്ടതും കിടന്നതും എല്ലാമെടുത്ത് നാലാം ദിനം പുഴയില്‍ പോയ് മുങ്ങി നിവരുമ്പോള്‍ അടുത്ത മാസം ആര്‍ത്തവിക്കരുതേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച് പോയിരുന്നു. ഓരോ മാറ്റി നിര്‍ത്തലുകളും കണ്ണീര്‍ പുഴകളായി പരിണമിക്കുമ്പോഴും മാറ്റത്തിനായി നിരന്തരം ഒച്ചയെടുക്കേണ്ടി വന്നു.തൊടരുതെന്ന് പറയുമ്പോള്‍ വാശിയോടെ തൊട്ട കാണിച്ച് അടി നിര്‍ത്താതെ വാങ്ങി.പിന്നീടെപ്പോഴോ ആ വേലിക്കെട്ടുകള്‍ പതിയെ പൊളിഞ്ഞു വീണു.പുറത്താവുക എന്നത് പതിയെ പതിയെ പുറത്തായി. ഇന്ന് 12 വര്‍ഷങ്ങള്‍ക്കിപ്പുറവും  ആകുലതകളോടെ പുഴയില്‍ മുങ്ങി നിവരുന്ന ആ പതിമൂന്ന്കാരിയെ ഭയപ്പോടോടെ മാത്രമേ കാണാനൊക്കൂ.