നിയൊരു ജന്മമുണ്ടായാല്‍ ആരായി ജനിക്കണം എന്ന ചോദ്യം ജീവിതത്തില്‍ ഒരാളെങ്കിലും നമ്മളോട് ചോദിക്കാതിരുന്നിട്ടുണ്ടാവില്ല. അങ്ങനെയിരിക്കെ ഒരവസരത്തില്‍ എല്ലാ കുടുംബാംഗങ്ങളുടേയും സൗഹൃദക്കൂട്ടായ്മയില്‍ ഞാനും പബ്ലിക്കായി അത്തരമൊരു ചോദ്യത്തെ നേരിട്ടു. എന്റെ ഉത്തരം കേട്ട് എല്ലാവരും അന്ധാളിച്ചുപോകാന്‍ കാരണം അവര്‍ പ്രതീക്ഷിച്ച ഉത്തരമായിരുന്നില്ല എന്റെ വായില്‍ നിന്നും വീണത് എന്ന കാരണംകൊണ്ടുതന്നെ.

ഈ ചോദ്യം എന്റെ അങ്കിള്‍ ഞങ്ങള്‍ കുട്ടികളോരോരുത്തരോടും ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുകേഷ് അംബാനി, ഐശ്വര്യ റായ്, ഷാരൂഖ് ഖാന്‍ അങ്ങനെ പ്രഗത്ഭരായവരുടെ പേരുകള്‍ എല്ലാവരും പറഞ്ഞു തുടങ്ങി. അതിനിടെ അനുജത്തി പറഞ്ഞ പൂച്ച എന്ന ഉത്തരം എല്ലാവരും അവളുടെ പ്രായത്തെ ഓര്‍ത്ത് കൈയടിച്ച് പാസാക്കിയെങ്കിലും ഒമ്പതാംക്ലാസുകാരിയായിരുന്ന എന്റെ ഉത്തരം വാപൊളിച്ചായിരുന്നു എല്ലാവരും സ്വീകരിച്ചത്. എനിക്കൊരു ഈഗിള്‍ ആയാല്‍ മതി അങ്കിള്‍. പക്ഷെ, എന്തുകൊണ്ടോ അങ്കിള്‍ എന്റെ ഉത്തരത്തെ നിസാരമായി കണ്ടില്ല. കാരണമെന്തെന്നു തിരക്കി. 

'പരുന്തങ്ങനെ ആകാശത്തൂടെ ഗ്ലൈഡ് ചെയ്ത് പോകുന്നത്‌പോലെ വേറൊരു പക്ഷിയും പറക്കുന്നത് ഞാന്‍ കണ്ടിട്ടില്ല എനിക്കും അങ്ങനെ പറക്കണം'. 
എന്നാല്‍ നീ വലുതാവുമ്പോ പൈലറ്റ് ആയിക്കോ അതായി ഉപദേശം. 'പൈലറ്റ് ആവുമ്പോ വിമാനത്തിന്റെ ചിറകിലല്ലേ ഞാന്‍ പറക്കുന്നത് അപ്പോഴും എന്റെ സ്വന്തം ചിറകുകളാവുന്നില്ലല്ലോ! എന്റെ ചിറകില്‍ മാത്രമേ എനിക്കു വിശ്വസിച്ചു പറക്കാന്‍ കഴിയൂ.

കാലം കടന്നുപോയപ്പോള്‍ ഇന്ന് ആ ഉത്തരത്തിന് എന്തൊക്കെയോ അര്‍ത്ഥങ്ങള്‍ ഉള്ളതായി തോന്നുന്നു. അച്ഛന്‍ വാങ്ങിച്ചു തന്ന ബൈനോക്കുലറില്‍ മാറി മാറി ഞാനും അനുജനും ആകാശത്തേക്ക് പരുന്തിന്റെ ആ പറക്കല്‍ ഇമവെട്ടാതെ കണ്ടാസ്വദിച്ചപ്പോള്‍ ഒരുപക്ഷെ ശാന്തമായി ഉയരങ്ങളിലേക്ക് അങ്ങനെ ചിറകടി ശബ്ദമില്ലാതെ പറന്നുനടക്കാന്‍ മനസ് ആഗ്രഹിച്ചു കാണണം. 

Content Highlights: Women's Day 2018, What I will be in my next birth