കൈലാസം അത് യാഥാര്‍ത്ഥ്യമാണോ.. ഈ ചോദ്യത്തിന് ഉത്തരം തന്നത് ബാല്യകാലത്തില്‍ അച്ഛനാണ്. ശിവപുരാണങ്ങളിലൂടെ  കൈലാസത്തെ  കൂടുതല്‍ അറിഞ്ഞപ്പോള്‍  യാത്രകളെ സ്‌നേഹിക്കുന്ന കുഞ്ഞു മനസ്സിലേക്ക് ആ സ്വപ്‌നം പതിയെ ചേക്കേറി

കൈലാസത്തിലേക്കുളള പാതയും യാത്രയും കഠിനമാണെന്ന്  പലരും പറയുമ്പോഴും അവിടേയ്ക്ക് ഒറ്റയ്ക്ക് ഒരിക്കലെങ്കിലും എത്തിച്ചേരണമെന്ന് ആഗ്രഹിച്ചു പോയി.  കൈലാ യാത്ര നടത്തിയവരുടെ  അനുഭവക്കുറിപ്പുകളും എന്റെ  യാത്രയ്ക്ക് പ്രചോദനം പകര്‍ന്നു കൊണ്ടിരിക്കുന്നു.  പ്രകൃതി തന്നെ അവിടെ ഒരുക്കിയിരിക്കുന്ന ഓം ശബ്ദം അത് കാതുകളില്‍ ലയിക്കണം. എന്നെ മറന്ന് ആ പുണ്യ സ്ഥലത്ത് എന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കണം. യാത്രകളോടുളള പ്രണയം കൊണ്ട് മാത്രം പത്രപ്രവര്‍ത്തന ജോലി തിരഞ്ഞെടുത്ത വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെ ഈ യാത്ര സഫലീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയും.

കൈലാസമെന്ന സ്വപ്‌നം മനസ്സിനെ മാടിവിളിച്ചു കൊണ്ടിരിക്കുകയാണ്. കേള്‍ക്കുന്തോറും അടുത്തറിയുന്തോറും കൈലാസം അരികെ എത്തിയ പോലെ തോന്നും. ഭാരത സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന സ്ഥലമാണ് ഇവിടം.

കൈലാസ യാത്രക്കൊരുങ്ങിയാല്‍ ഗംഗാ നദി കാണാം ഹിമാലയ സാനുക്കളെയും തൊട്ടറിയാം എത്ര എത്ര മനോഹരമായ അനുഭവങ്ങളെ നെഞ്ചോട് ചേര്‍ക്കാം.ഹിമാലയത്തിന്റെ നെറുകയില്‍ പോയി കൈലാസം കാണുക എന്നത് എന്നെ പോലെ ഒരാള്‍ക്ക് അസാധ്യമായ കാര്യമല്ല എന്ന് മനസ്സിലാക്കുകയാണ്. മഞ്ഞുമലകളിലൂടെ കൈലാസത്തില്‍ എത്തി ഓം എന്ന ശബ്ദത്തെ നെഞ്ചോടു ചേര്‍ക്കുമ്പോള്‍ ഈ ലോകം കണ്ട പ്രതീതി എനിക്കുണ്ടാകാം. കേരളത്തില്‍ നിന്നും ഡല്‍ഹിയില്‍ എത്തി അവിടെ നിന്നും യാത്ര തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ സഞ്ചാരത്തില്‍ ടിബറ്റന്‍ പീഠഭൂമിയും കാണാനാകുമല്ലോ. മഞ്ഞിന്റെ കൂടാരമായി മാറുന്ന സ്ഥലമായ സാഗയിലെ ടെന്റുകളില്‍ കിടന്നുറങ്ങണം. മരുഭൂമിയും മഞ്ഞിന്റെ കൂനയുമെല്ലാം കണ്ടുളള യാത്ര മനസ്സിന് ഉന്മേഷം പകരുമെന്നതില്‍ സംശയമില്ല. 

ബ്രഹ്മപുത്രയും മാനസരോവറും കാഴ്ചകളുടെ വിസ്മയമാകും. ലോകത്ത് ഏറ്റവും ഉയരമേറിയ സ്ഥലത്തുളള ശുദ്ധജല തടാകമായ മാനസരോവറില്‍ പാദങ്ങള്‍ ഒന്നു നനയ്ക്കണം. മാനസരോവറിന് അടുത്ത് രാക്ഷസ്ഥല്‍ എന്ന തടാകം ഉളളതായി കേട്ടിട്ടുണ്ട്. പക്ഷികളും മൃഗങ്ങളും സ്പര്‍ശിക്കാത്ത ജലമാണ് രാക്ഷസ്ഥലിലേത്. പറ്റുമെങ്കില്‍ ആ തടാകവും കാണണം. കൈലാസ പര്‍വ്വതത്തെ പ്രദക്ഷിണം വയ്ക്കുന്ന പരിക്രമവും നടത്തിവേണം മടങ്ങാന്‍. മഹേശ്വരന്റെ വാഹനമായ നന്ദിയുടെ രൂപത്തിലുളള മലനിര അദ്ഭുതക്കാഴ്ചയായി മനസ്സില്‍ മായാതെ കിടക്കണം. ശിവഭക്തനായ രാവണന്‍ കൈലാസ പര്‍വ്വതത്തെ കയറു കെട്ടി അമ്മാനമാടിയതിന്റെ വെളിച്ചത്തില്‍ വടത്തിന്റെ പാടുകള്‍ ഇവിടെ കാണാനാകുമായിരിക്കും. ഈ സ്വപ്‌നയാത്രയ്ക്ക് ഇനി എത്ര നാള്‍ കാത്തിരിക്കണമെന്നറിയില്ല. പക്ഷെ ആ കാത്തിരിപ്പിനും സുഖമുണ്ടെന്ന് ഞാന്‍ കരുതുന്നു.

 Content highlight: Mathrubhumi Women Journalists Write travelogue to kailasam