ക്ലാസില്‍ പലവട്ടം എഴുതി പരിശീലിച്ചെങ്കിലും അന്ന് അഞ്ചാം ക്ലാസിലെ ഓണപരീക്ഷയ്ക്ക് യാത്രാവിവരണം എഴുതാന്‍ ചോദ്യം വന്നപ്പോഴാണ് ആദ്യമായി ഒരു യാത്രയെ പറ്റി കാര്യമായി ചിന്തിച്ചത്... ടീച്ചര്‍ പഠിപ്പിച്ച് തന്ന സൂചനകള്‍ കൃത്യമായി ഓര്‍മ്മയുള്ളത് കൊണ്ടും ചോദ്യം പ്രതീക്ഷിച്ചതിനാലും ആറ് മാര്‍ക്കിന്റെ ചോദ്യമെഴുതാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല.

അക്ഷരതെറ്റില്ലാതെ എഴുതാനറിയാം എന്നതിനാല്‍ ധൈര്യസമേതം കാലേക്കൂട്ടി തയ്യാറാക്കിയ മലമ്പുഴ ഡാമിലേക്കുള്ള യാത്ര കൃത്യമായി തന്നെ വിവരിച്ചു. മലമ്പുഴ ഡാമും യക്ഷിയും പ്രകൃതിരമണീയതയുമെല്ലാം കൃത്യമായ വിശേഷണങ്ങളോട് കൂടിതന്നെ പരീക്ഷയ്ക്ക് എഴുതി തീര്‍ത്തു. എങ്കിലും ആ ചോദ്യം മനസില്‍ എവിടെയോ തങ്ങി നിന്നു. യാത്രയും യാത്രാവിവരണവും അത്ഭുതമായി മനസില്‍ അവശേഷിച്ചു.

അതിനിടയിലാണ് കോളേജ് അധ്യാപികയായ അമ്മ ചേട്ടന്മാരെയും ചേച്ചിമാരെയും കൊണ്ട് ടൂര്‍ പോകുന്നു എന്ന വിവരം വീട്ടിലെത്തുന്നത്. നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഊട്ടിമൈസൂര്‍ ട്രിപ്പില്‍ അധ്യാപികമാര്‍ക്ക് സ്വന്തം കുട്ടികളെയും കൂട്ടാം എന്ന സന്ദേശം, ഉള്ളില്‍ തിരികൊളുത്തിയത് സന്തോഷത്തിന്റെ മാലപടക്കമാണ്. പോകാന്‍ തയ്യാറെടുക്കുന്നതിന് മുമ്പേ ഒന്നുറപ്പിച്ചു കൈയ്യില്‍ ഒരു ബുക്കും പേനയും കരുതണം. മറ്റൊന്നിനുമല്ല യാത്രാവിവരണം എഴുതാനാണ്...

ആദ്യ ദിവസത്തെ ആവേശം മാത്രമേ ആ ബുക്കിനോടും എഴുത്തിനോടും ഉണ്ടായിരുന്നുള്ളൂ എന്ന് പ്രത്യേകം സൂചിപ്പിക്കേണ്ട കാര്യമില്ലല്ലോ... പക്ഷേ ആ ട്രിപ്പോട് കൂടി യാത്രകളോട് ഒരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. എങ്കിലും എറണാകുളത്ത് നിന്ന് അമ്മയുടെ വീടായ തൃശൂരിലേക്കുള്ള യാത്രകള്‍ മാത്രമായി അവ ചുരുങ്ങി...

ക്ലാസ് മുറികളില്‍ ടാഗോറും ഗീതാഞ്ജലിയും ചര്‍ച്ചാ വിഷയമായപ്പോഴാണ് ബംഗാള്‍ എന്ന സംസ്ഥാനത്തെ കുറച്ചും കൊല്‍ക്കത്ത എന്ന തലസ്ഥാനത്തെ കുറിച്ചും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പിന്നീട് ഹൈസ്‌ക്കൂള്‍ കാലങ്ങളില്‍ മാധവിക്കുട്ടിയുടെ വാക്കുകളിലൂടെ ഞാന്‍ കൊല്‍ക്കത്തയിലൂടെ സഞ്ചരിച്ചു... കലയും സംസ്‌ക്കാരവും കാറ്റില്‍ നിറഞ്ഞ കൊല്‍ക്കത്തയെ അടുത്തറിയാന്‍ ഉള്ള ശ്രമങ്ങള്‍ ഇടയ്ക്കിടെ നടത്തിക്കൊണ്ടിരുന്നു.

സത്യജിത് റായിയുടെ പഥേര്‍ പാഞ്ചാലി കണ്ണില്‍ ഈറനണിയിച്ചപ്പോഴും ബംഗാളി ചിത്രമെന്നതിനാല്‍ അപുവിനെ ഞാന്‍ ഏറെ സ്‌നേഹിച്ചു. കുടുംബസമേതമുള്ള യാത്രകളില്‍ മാത്രം പങ്കാളിയായിരുന്ന ഞാനും എന്റെ മനസും എപ്പോഴോ ഒരു പട്ടത്തെ പോലെ പാറി നടക്കാന്‍ ആഗ്രഹിച്ചു. ഒരു സ്വപ്‌നയാത്ര എന്ന ചോദ്യത്തില്‍ പാശ്ചാത്ത്യരാജ്യങ്ങള്‍ എണ്ണമിട്ട് പറയുന്ന കൂട്ടുകാര്‍ക്കിടയില്‍ കൊല്‍ക്കത്ത സ്വപ്‌നം വളരെ ചെറുതായി മാറി...

ഹൂഗ്ലി നദീ തീരങ്ങളും അവിടുത്തെ കാറ്റും ഇടയ്ക്കിടെ എന്നെ തഴുകുന്നതായി തോന്നി. ഇതിനിടയില്‍ മലയാളത്തിലിറങ്ങിയ കല്‍ക്കട്ട ന്യൂസ് എന്ന ചലച്ചിത്രം മനസില്‍ ഉറങ്ങി കിടന്ന ആഗ്രഹത്തിന് ചിറക് നല്‍കി. കൊല്‍ക്കത്തയോടുള്ള ഇഷ്ടം കൊണ്ട് മാത്രം അതിലെ ഗാനങ്ങളും സീനുകളും റീവൈന്‍ഡ് അടിച്ച് കണ്ടുകൊണ്ടേയിരുന്നു... ഹൗറ ബ്രിഡ്ജും മഞ്ഞ ടാക്‌സിയും മണ്‍പാത്രത്തിലെ ചായയുമെല്ലാ മനസില്‍ ചിത്രങ്ങളാക്കി കൊണ്ടു നടന്നു.

ഗൂഗിളില്‍ പരതി ദുര്‍ഗ്ഗാ പൂജയെ കുറിച്ചും കുമര്‍തുളിയെ കുറിച്ചും അറിഞ്ഞു. മണ്‍വിഗ്രഹങ്ങളും പ്രതിമകളും ദിവസേനയെന്നോണം നിര്‍മ്മിക്കുന്ന ആ സ്ഥലങ്ങളിലൂടെയുള്ള യാത്ര എപ്പോഴോ മനസ്സില്‍ ഒരു ആഗ്രഹമായി മാറി... എപ്പോഴൊക്കെയോ ഇഷ്ടമുള്ളവരോട് വഴക്കിടുമ്പോള്‍ നാട് വിട്ട് ഞാന്‍ കൊല്‍ക്കത്തയ്ക്ക് പോകും എന്ന് പറയാന്‍ ശീലിച്ചു. ഉപരിപഠനവും ഇന്റേണ്‍ഷിപ്പുമെല്ലാം അവസരങ്ങളായി മുന്നിലെത്തുമ്പോള്‍ ആദ്യം തിരയുന്ന സ്ഥലം കൊല്‍ക്കത്തയായി മാറി... ഇഷ്ടത്തിന് ആക്കം കൂട്ടാനെന്ന പോലെ വിദ്യാ ബാലന്റെ കഹാനിയും മുന്നിലെത്തി.

വെള്ളയില്‍ ചുവപ്പ് ബോര്‍ഡറുള്ള സാരിയും അവരുടെ ഭാഷാ ശൈലിയും കേരളത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ആഹാരരീതിയുമെല്ലാം എന്നെങ്കിലും കോല്‍ക്കത്തയില്‍ പോകണമെന്ന ആഗ്രഹം മനസ്സില്‍ നിറച്ചു. ഇടയ്ക്കിടെ മനസില്‍ ഉറങ്ങാന്‍ ശ്രമിക്കുമെങ്കിലും മനസ്സില്‍ അവനെ ആളിക്കത്തിക്കാന്‍ എന്തെങ്കിലുമൊക്കെ ഉണ്ടായിക്കൊണ്ടേയിരിക്കും. അതിന്റെ അവസാന തെളിവാണ് ആമി.  ആമി എന്ന ചിത്രത്തോട് ഇഷ്ടക്കുറവോ കൂടുതലോ ഇല്ലാതെ തന്നെ ഞാന്‍ പറയും ആ ചിത്രത്തിലെ എന്റെ പ്രധാന ആകര്‍ഷണം ആ സ്ഥലങ്ങളാണ്. ആ സ്ഥലങ്ങളോട് അടങ്ങാത്ത പ്രണയമാണ്...

ചരിത്രതാളുകളില്‍ നിറഞ്ഞ സ്ഥലങ്ങളും കണ്ട്, കോളേജ് സ്ട്രീറ്റിലെ പുസ്തക സ്റ്റാളുകളില്‍ നിന്ന് ഇഷ്ടപ്പെട്ട എഴുത്തുകാരന്റെ പുസ്തകവുമായി ' ഭാര്‍' എന്ന മണ്‍പാത്രത്തില്‍ ചായയുമായി ഹൗറ ബ്രിഡ്ജിന് അഭിമുഖമായി ഏതെങ്കിലും ഒരു കുഞ്ഞ് മുറിയിലെ വായനയും...ദുര്‍ഗ്ഗാ പൂജാ വേളയില്‍ വെള്ളയില്‍ ചുവപ്പ് ബോര്‍ഡറുള്ള സാരിയും കുങ്കുമവുമായി സ്ത്രീകളുടെ ഇടയിലൂടെ ഒരു ദിനവുമെല്ലാം ഈ ചെറിയ ജീവിതത്തിലെ ഒരു സ്വപ്‌നമാണ്... നടക്കാത്തതൊന്നുമല്ലല്ലോ... കൊല്‍ക്കത്തയല്ലേ.. ഇവിടെയടുത്തല്ലേ... ഇതാണോ വലിയ കാര്യം എന്നു ചോദിച്ച കൂട്ടുകാര്‍ക്കൊന്നും മറുപടിയില്ല... കൊല്‍ക്കത്തയായതു കൊണ്ടും.. ദാ.. ഇവിടെയടുത്തതായതുകൊണ്ടും എന്നെങ്കിലും കൈയ്യെത്തിപിടിക്കും ഞാന്‍ ആ സ്വപ്‌നത്തെ എന്ന വിശ്വാസമാണ് ആ പ്രണയത്തെ ഉള്ളില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നത്. ആ ദിവസം മറ്റൊന്നിലേക്കും തിരിയാതെ കൊല്‍ക്കത്തയെ അറിഞ്ഞ് ഹൂഗ്ലി നദിക്കരയില്‍ കാറ്റുകൊള്ളാന്‍ ഞാനുണ്ടാകും... 

content highlight: Mathrubhumi Women Journalists Write travelogue to bank of Hooghly river