ങ്ങളയും പെങ്ങളും തമ്മിലുള്ള സ്‌നേഹം! ഭയങ്കരമാണ്. അത് എല്ലാ സ്‌നേഹങ്ങളേക്കാള്‍ വലുതും ഏറ്റവും വിശുദ്ധവും ഒരിക്കലും അവസാനിക്കാത്തതുമാകുന്നു. -മുട്ടത്തുവര്‍ക്കിയുടെ 'ഒരു കുടയും കുഞ്ഞുപെങ്ങളും' എന്ന നോവലിലെ വാചകങ്ങള്‍.

പലതരം സ്‌നേഹങ്ങളുണ്ട്. അവയെല്ലാം അനുഭവിച്ച്, അനുഭവിപ്പിച്ച് ജീവിച്ചു മരിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, ഒരു സഹോദരന്റെ സ്‌നേഹം. അങ്ങനൊന്ന് ചുറ്റുവട്ടത്തൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

വീട്ടിലെ ഒറ്റയായിരുന്നു. ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും റോള്‍ തരക്കേടില്ലാതെ ഒരേ സമയം അഭിനയിച്ചു കൊണ്ടിരുന്നു. അതുകൊണ്ടു തന്നെ പെണ്ണെന്ന ബോധത്തോടെയല്ല ചിന്തിച്ചും ചിരിച്ചും ജീവിച്ചു പോന്നത്. ചുറ്റിലും കണ്ടത് ആണിനെയും പെണ്ണിനെയുമായിരുന്നില്ല. മനുഷ്യരെ മാത്രമായിരുന്നു. എന്നിട്ടും കൂട്ടുകാരികള്‍ അവരുടെ ഏട്ടന്‍മാരുടെ സാഹസിക കഥകളും അവരോടുള്ള സനേഹവുമൊക്കെ വിവരിക്കുമ്പോള്‍ ഞാന്‍ കുശുമ്പിയായി. ഒരു അനിയത്തിപ്പെണ്ണാവാന്‍ കൊതിച്ചു. എന്റെ ഉള്ളിലെ കൊച്ചു പെണ്‍കുട്ടിയെ ഞാനും അറിഞ്ഞു തുടങ്ങി. 

ഡിഗ്രിക്കാലം വരെ അമ്മയോട് അനിയനെയോ അനിയത്തിയെയോ തരുന്നതിനെ കുറിച്ച് ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. അപ്പോഴൊക്കെ അമ്മ ഒരു പഴയ കഥ പറഞ്ഞു. എന്നെ ഗര്‍ഭം ധരിക്കുന്നതിനു മുമ്പും അമ്മ ഗര്‍ഭിണിയായിരുന്നു. ആ സമയത്ത് എവിടെയോ ചെന്നു വീണ് അത് അലസിപ്പോയി. അതൊരു ആണ്‍കുട്ടിയായിരുന്നു എന്ന് ഏതോ ജ്യോത്സ്യന്‍ പറഞ്ഞത്രേ. ഞാന്‍ ഉള്ളില്‍ ചിരിക്കും. എന്നിട്ട് തിരിച്ചു ചോദിക്കും. 'ആ കുട്ടി ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ രണ്ടു കുട്ടികള്‍ ഉണ്ടാവുമായിരുന്നില്ലേ. അപ്പൊ പിന്നെ, നിങ്ങളുടെ ഒറ്റക്കുട്ടി വ്രതം തെറ്റിക്കുന്നതില്‍ കുഴപ്പില്ലല്ലോ.' അമ്മ മറുപടി പറയാതെ ചിരിക്കും. പക്ഷേ ഒരിക്കല്‍ മാത്രം അമ്മ മറുപടി തന്നു. പിന്നീട് ഞാനാ ചോദ്യവുമായി അമ്മയുടെ അടുത്ത് ചെന്നിട്ടുമില്ല. 'ആ കുട്ടി ഉണ്ടായിരുന്നെങ്കില്‍ അത് ഒന്നേ ഇപ്പൊ കാണുള്ളായിരുന്നൂ. നീ ഉണ്ടാവുമായിരുന്നില്ല.' ആ... അതു വേണ്ട, അങ്ങനെ ഞാനില്ലാത്ത ഒരു കളിയും വേണ്ട. 

പക്ഷേ, കൂട്ടുകാരികളുടെ വിശേഷം പറച്ചിലാണ് എല്ലാം കുളമാക്കുന്നത്. അവരുടെ പിറകെ വന്ന ചെക്കനെ ഏട്ടന്‍ അടിച്ചിട്ടതും ഏട്ടന് ഇഷ്ടമുള്ള പെണ്‍കുട്ടിയെ സെറ്റാക്കി കൊടുത്തതുമൊക്കെ. വികൃതികളായ ഇളയതുങ്ങളെ കുറിച്ച് പറയുമ്പോഴും എന്റെ ഉള്ളിലെ ചേച്ചി അസ്വസ്ഥയായി. അങ്ങനെ സഹോദരങ്ങളെ ഉണ്ടാക്കാനുള്ള ശ്രമത്തില്‍ നല്ല മുട്ടന്‍ പണികളും കിട്ടി. 

പിന്നീട് ലോകത്തുള്ള സകല കുഞ്ഞുങ്ങളും എന്റെ സഹോദരങ്ങളാണ് എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു. ഏങ്ങിനെയിരിക്കുമ്പോഴാണ് മൊട്ടയടിച്ച തലയും കൈലിയും വള്ളിച്ചെരുപ്പും പുറത്ത് തുന്നുകള്‍ വിട്ടൊരു ബാഗുമായി ഒരാള്‍ കയറി വന്നത്. എങ്ങോട്ടാ കയറിയത്? എന്റെ കൂടെ ജോലിക്ക് ചേരാന്‍ വന്നതാണ്. ഒരു കൊല്ലത്തുകാരന്‍. സംസാരിച്ചു തുടങ്ങിപ്പോഴേ പറഞ്ഞു, മത്സ്യബന്ധനമാണ് കുലത്തൊഴില്‍. ആഹാ, കൊള്ളാം. പുറംകടലില്‍ പോകാന്‍ ചാന്‍സ് നോക്കി നടന്ന എനിക്ക് പറ്റിയ കമ്പനി.

അങ്ങനെ ആദ്യത്തെ കുറച്ചു ദിവസത്തെ ട്രെയിനിങ്. ഞങ്ങള്‍ രണ്ടുപേര്‍ മാത്രമാണ് ജോയിന്‍ ചെയ്തത്. അതുകൊണ്ട് കഥകളെല്ലാം ഒരുമിച്ചായി. പുസ്തകങ്ങളെയും സിനിമകളെയും കുറിച്ച് പറഞ്ഞു. പ്രാന്തുകളെ കുറിച്ചു പറഞ്ഞു. അവന്‍ കത്തെഴുതാറുണ്ട്. ആഴ്ചപ്പതിപ്പുകളില്‍ കവിതകളും കഥകളും എഴുതുന്ന കുട്ടികള്‍ക്കാണ് അധികവും എഴുതുന്നത്. അവരുടെയൊക്കെ കോളേജ് അഡ്രസിലേക്ക്. അങ്ങനെ കത്തിലൂടെ കിട്ടിയ ഒരു അനിയത്തിയുണ്ട്. നാട്ടിലുമുണ്ട് ഒരു അനിയത്തി. ബന്ധത്തില്‍ പെട്ടതൊന്നും അല്ല. 'വിഷ്ണു അണ്ണന്' എന്നതിന് പകരം 'വിഷ്ണു അണ്ണാന്' എന്ന് എഴുതുന്ന മീനാക്ഷിക്കുട്ടി. 

ഇടയ്ക്ക് കടലില്‍ പോയ കഥകള്‍ പറയും. 'കടലില്‍ മഴ പെയ്യുമ്പോഴാണ് രസം. താഴെയും മുകളിലുമെല്ലാം വെള്ളമായിരിക്കും. എന്തൊക്കെ ജോലി ചെയ്താലും അവസാനം മീന്‍ പിടിക്കാന്‍ പോകണം.' അങ്ങനെ ഒരു മാസത്തിനു ശേഷം ജോലി മടുത്ത് അവന്‍ നിര്‍ത്തി പോയി. ഞാന്‍ തനിച്ചായി. വിഷ്ണു വല്ലപ്പോഴും മാത്രമേ ഫോണ്‍ ഉപയോഗിച്ചിരുന്നുള്ളൂ. മറ്റ് സമൂഹമാധ്യമങ്ങളിലുമില്ല. ഇവിടുന്ന് പോയി കഴിഞ്ഞാല്‍ ഫോണ്‍ ഉപേക്ഷിക്കും, എന്നെങ്കിലും വിളിക്കാമെന്ന് പറഞ്ഞു. 

പക്ഷേ, അവന്‍ ഫോണ്‍ ഉപേക്ഷിച്ചില്ല. ഇടയ്ക്കിടെ വിളിക്കുകയും ചെയ്തു. പിന്നീട് നിത്യേന വിളിയായി. പാതിരാത്രികളകില്‍ ഞങ്ങള്‍ ഭ്രാന്തുകളെ കുറിച്ച് സംസാരിച്ചു. ചന്ദ്രനെയും ആയിരം നക്ഷത്രങ്ങളെയും സ്വപ്‌നം കണ്ടുറങ്ങാന്‍ അവന്‍ എന്നോടു പറഞ്ഞു. ഇന്ന് പച്ച സൂചിതുമ്പികളെ സ്വപ്‌നം കാണാന്‍ ഞാന്‍ തിരിച്ചു പറഞ്ഞു. അങ്ങനെ ഓരോ ദിവസവും ഓരോ നിറത്തിലുള്ള തുമ്പികള്‍. പക്ഷേ, ഞങ്ങള്‍ മറ്റെന്തൊക്കെയോ സ്വപ്‌നം കണ്ടു. അത് മാത്രം കണ്ടതുമില്ല. നീണ്ടുപോയ സംഭാഷണങ്ങള്‍ക്കിടയിലാണ് ഞാനാ വിളി കേട്ടത്, 'അനിയത്തീ...' സന്തോഷം തോന്നി. പക്ഷേ, ആ വികാരത്തെ മുഴുവനായി ഉള്‍ക്കൊള്ളാന്‍ എനിക്കായില്ല. അത് എനിക്ക് പുതിയതായിരുന്നു. 'അനിയത്തിയേക്കാള്‍ ഞാന്‍ നിങ്ങളുടെ കൂട്ടുകാരിയാണ്' എന്നായിരുന്നു എന്റെ മറുപടി. കൂട്ടുകാരിയാവാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് ഞാനും വിശ്വസിച്ചു. 

ഓഫീസിലെ വൈകീട്ട് മൂന്ന് തൊട്ട് രാത്രി പതിനൊന്ന് വരെയുള്ള ഡസ്‌ക് ജോലിക്കിടയില്‍, എന്നെത്തേടി ചില നീല മേഘങ്ങളെത്തി. അതില്‍ വിഷ്ണുവിന്റെ പേരുണ്ടായിരുന്നു. ഹൈദരാബാദിലെ പുതിയ ജോലി സ്ഥലത്തെ വിലാസമുണ്ടായിരുന്നു. 

'അനിയത്തീ, ഏട്ടനാണ്

എഴുത്തുകളുടെ പതിവില്‍ നിങ്ങള്‍ക്കവിടെ സുഖം തന്നെയെന്ന് കരുതുന്നു. ഭ്രാന്തുകള്‍ വരാന്‍ ഭാഗ്യം ചെയ്ത, ഭ്രാന്തുകള്‍ക്കായി അവശേഷിക്കുന്ന അനിയത്തീ... പപ്പേട്ടന്റെ ഒരു പടമുണ്ട്. നവംബറിന്റെ നഷ്ടം. നവംബര്‍ രണ്ടാം തീയതി ഭ്രാന്താശുപത്രിയിലെ 11ാം നമ്പര്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി. മീരാ പിള്ള. നിങ്ങളുടെ പേര് മീരയെന്നല്ലല്ലോ, അത്രയും വൃത്തികെട്ട പേര് മറന്നതില്‍ ക്ഷമിക്കുക, അശ്വര ശിവന്‍. ശിവേട്ടന്റെ ഭാര്യയാണോ ഈ പേരിട്ടത്. നിങ്ങള്‍ കട്ടന്‍ ചായ കുടിക്ക്, അവരോട് എനിക്കുമൊന്ന് പറയ്. നിങ്ങള്‍ മരിക്കുമ്പോള്‍ കരയാന്‍ ശ്രമിക്കാം അനുജത്തീ...'

അവനെന്തൊക്കെയോ എഴുതി. ഞാനൊരിക്കല്‍ പോലും തിരിച്ച് കത്തുകളെഴുതിയില്ല. പക്ഷേ, മറുപടികള്‍ ഫോണിലൂടെ പറഞ്ഞു. 

ഒടുക്കം മറ്റു പല മോഹങ്ങളുമായി ഞാന്‍ ജോലി നിര്‍ത്തി. ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് വിഷ്ണുവും നാട്ടില്‍ വന്നു. രണ്ടു ദിവസം കഴിഞ്ഞ് എന്നെ കാണാന്‍ കോഴിക്കോടെത്തി. 'നിനക്കെന്ന വേണം സൊല്ല്.' ഇങ്ങനെ ചോദിച്ച്, വേണ്ടതെല്ലാം വാങ്ങിത്തന്ന് അനിയത്തിയെയും കൊണ്ട് എവിടേലും പോകണമെന്ന് മുമ്പ് പറയാറുണ്ടായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് സിനിമയ്ക്ക് പോയി. ബീച്ചില്‍ പോയി. ഏട്ടന്റെ കൈവിരലുകളിലെ ഞൊട്ട പൊട്ടിച്ച് രസിച്ചിരുന്ന, അനിയത്തിയുടെ അടുത്തേക്ക് ഒരു കൈനോട്ടക്കാരി ചേച്ചി വന്നു. എന്റെ കൈ നോക്കി അവര്‍ പറഞ്ഞു, 'പ്രേമവിവാഹമായിരിക്കും. ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിക്കും, എന്നൊക്കെ. അവരുടെ ഉളില്‍ക്കള്ളി മനസിലാക്കിയ വിഷ്ണു പറഞ്ഞു, ഞങ്ങള്‍ ഏട്ടനും അനിയത്തിയുമാണെന്ന്. അപ്പോഴവര്‍ പറഞ്ഞു, നല്ല മുഖഛായയുണ്ടെന്ന്. ഞങ്ങള്‍ ചിരിച്ചു. ഞങ്ങള്‍ക്കു മാത്രം മനസിലാവുന്ന ചിരി. തിരിച്ചു പോകാന്‍ നേരം നെറുകയില്‍ ഒരു മുത്തം തന്നു. അത് മറ്റൊരു ദിവസത്തേയ്ക്ക് കരുതി വെക്കേണ്ടതായിരുന്നു എന്ന് പിന്നീട് സ്വയം പരിതപിച്ചു.

വിളികള്‍ തുടര്‍ന്നു. ഇണങ്ങി, പിണങ്ങി. പിന്നീട് വീണ്ടുമൊരിക്കല്‍ വിഷ്ണു കാണാന്‍ വന്നപ്പോള്‍ ഞാന്‍ പുതിയ ജോലിയില്‍ കയറി കഴിഞ്ഞിരുന്നു. നേരം സന്ധ്യയായിരുന്നു. ചന്ദ്രന്റെ മുഖത്ത് ഗര്‍ത്തങ്ങള്‍ വരച്ച കണ്ണും മൂക്കും ചുണ്ടുമെല്ലാം ഞാന്‍ കാണിച്ചു കൊടുത്തു. അവനത് കാണാന്‍ കഴിഞ്ഞില്ല. ബസ് വന്നപ്പോള്‍ ഞാന്‍ പെട്ടെന്ന് കയറിയപ്പോയി. 

പിന്നീട് അവന്‍ ഏതോ കഥയെഴുതുന്ന തിരക്കിലായിരുന്നു. ഞാന്‍ ജോലിയില്‍ മുഴുകി. വിളികള്‍ കുറഞ്ഞു. ഇടയ്ക്ക് ഒരിക്കല്‍ അവനിങ്ങോട്ട് വിളിച്ചു. മാതൃഭൂമിയുടെ കഥാപുരസ്‌കാരത്തിന്റെ കാര്യം ഞാന്‍ പറഞ്ഞു. അവന്‍ അയയ്ക്കുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. കുറച്ചുദിവസം കഴിഞ്ഞ് ഓണ്‍ലൈനില്‍ പരതുന്നതിനിടെ ഒരു വാര്‍ത്ത കണ്ട് ഞാന്‍ ഞെട്ടി. അവന് മൂന്നാം സമ്മാനം. 'വേലി' എന്ന കഥയ്ക്ക്. സന്തോഷം തോന്നി. സത്യം പറഞ്ഞാല്‍ അഹങ്കരിച്ചു. എന്റെ ഏട്ടനാണ്. (ഞാന്‍ അങ്ങനെ വിളിക്കാറില്ലെങ്കിലും. അവനത് ആഗ്രഹിക്കുന്നെന്ന് പലവട്ടം പറഞ്ഞിട്ടും.) 'വേലി' ഞാനാണ് ആദ്യമായി വായിച്ചത്. അത് എഴുതുമ്പോള്‍ പലതും ചര്‍ച്ച ചെയ്തത് എന്നോടാണ്. ഞാന്‍ കൂട്ടുകാരോട് പറഞ്ഞു.

പിറ്റേന്ന് ചാടിപ്പിടിച്ച് പത്രമെടുത്ത് നോക്കിയപ്പോള്‍ ഒന്നാം പേജില്‍ തന്നെ വാര്‍ത്തയും പടവുമുണ്ട്. 'കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സുരേന്ദ്രന്‍- ശോഭന ദമ്പതിമാരുടെ മകനാണ്. സഹോദരി മീനാക്ഷി.' അത് വായിച്ച നിമിഷത്തെ വികാരം ഇപ്പോള്‍ ഓര്‍മയില്ല. നെഞ്ച് പൊട്ടുന്ന പോലെ തോന്നി. അനിയത്തിയുടെ സ്ഥാനത്ത് മീനാക്ഷിക്കുട്ടിയുടെ പേര് മാത്രമേയുള്ളൂ. സങ്കടം തോന്നി. കരച്ചിലടക്കി. പക്ഷേ, അവള്‍ എന്റെയും കൂടി അനിയത്തിയാണല്ലോ എന്ന് ചിന്തിച്ചപ്പോള്‍ അതു മാറി. പക്ഷേ, വിഷ്ണുവിന്റെ അനിയത്തിയാവാന്‍ ഞാന്‍ എത്രമാത്രം ആഗ്രഹിക്കുന്നു എന്ന സത്യം മനസിലാക്കുന്നത് അപ്പോഴാണ്. 

തിരക്കുകള്‍ക്കു ശേഷം അവന്‍ വിളിച്ചു. 'അനിയത്തി എന്താണ് എല്ലാവരോടും പറഞ്ഞത്?' 'എനിക്ക് ഏതോ വകയില്‍ പരിചയമുള്ള ഒരാള്‍ക്ക് സമ്മാനം കിട്ടി എന്നാണ് പറഞ്ഞത്.' ഞാനവനെ മനഃപൂര്‍വം വേദനിപ്പിച്ചു. മറുതലയ്ക്കല്‍ ഫോണ്‍ കട്ടായി. കുറച്ചു ദിവസത്തിനു ശേഷം ഒരു കത്ത് വായിച്ചു കേള്‍പ്പിക്കാനെന്ന് പറഞ്ഞു അവന്‍ വീണ്ടും വിളിച്ചു. കത്തനുജത്തി ശില്‍പയ്ക്കുള്ള കത്താണ്. ഞാന്‍ കേട്ടിരുന്നു. മീനാക്ഷിക്കുട്ടി, കൂട്ടുകാരായ സൈനു, ഷെഹല, അഫ്‌സഹ്, ഇവര്‍ക്കൊക്കെ കത്തില്‍ ഇടമുണ്ട്. ഞാന്‍ മാത്രമില്ല. ഭീകരമായ വെറുപ്പ് തോന്നി, തൊട്ടടുത്ത നിമിഷത്തില്‍ അത് മാറി. അവന്റെ കത്ത്, അവന്റെ സ്വതന്ത്ര്യം. അല്ല പിന്നേ... ഇങ്ങനെയൊക്കെ ചിന്തിക്കുന്നതിനിടയില്‍ വിഷ്ണു കത്തിന്റെ അവസാന ഭാഗത്തിലേക്കെത്തി. 'ഈ കത്ത് ഞാന്‍ അനുജത്തിയെ വായിച്ച് കേള്‍പ്പിക്കും. അപ്പോഴൊരു പ്രശ്‌നമുണ്ട്. അനിയത്തിക്കറിയില്ലേ എന്റെ അനുജത്തി അശ്വരയെ. അയാളെ കുറിച്ച് ഈ കത്തില്‍ ഒന്നുമില്ല. അയാള്‍ പ്രശ്‌നമുണ്ടാക്കുമോന്നാ പേടി. ഒന്നും പറയുകയൊന്നുമില്ല. പക്ഷേ, ഉള്ളില്‍ എന്തേലും പ്രശ്‌നമുണ്ടാക്കിയാലോ. അയാള്‍ക്ക് നമ്മളെ കാണാനും വിളിക്കാനുമൊന്നും സമയമില്ല. കുന്ത്രാണ്ടം.' വികാരങ്ങള്‍ക്ക് വേഗം വെക്കുന്നത് ഞാന്‍ അറിയുകയായിരുന്നു. ആദ്യത്തെ വെറുപ്പ് നിസംഗതയായി, പിന്നീട് ഏട്ടനെന്റെ മനസ് മനസിലാക്കിയെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടലായി, പിന്നെ സന്തോഷം...

വിഷ്ണു ഇത് ഒരിക്കലും വായിക്കാന്‍ സാധ്യതയില്ലെന്ന ഉറപ്പില്‍ വീണ്ടും പറയട്ടേ... എന്നിലെ പെണ്ണിന്റെ ഒരു ഭാഗം, ആ അനുജത്തിയെ കണ്ടെത്തി തന്നത് അവനാണ്. 'ഏട്ടാ, ഇടയ്‌ക്കെപ്പോഴോ നിന്നു പോയ കത്തുകള്‍ വായിക്കാന്‍ എനിക്കാഗ്രഹമുണ്ട്. വീണ്ടും എഴുതൂ. ഞാന്‍ വരുന്നുണ്ട് കൊല്ലത്തേയ്ക്ക്. കടപ്പുറത്ത് മിണ്ടാതെയിരുന്ന് കഥ പറയാന്‍, രാത്രി ഈര്‍ക്കില്‍ത്തുമ്പ് കെട്ടി ഞെണ്ടുകളെ പിടിക്കാന്‍, ചന്ദ്രനെ കണ്ട് ഉറങ്ങാന്‍...'

Content highlight: Mathrubhumi Women Journalists Writes, international womens day 2018