പെണ്‍കുട്ടി ആയതിന്റെ പേരില്‍ വിലക്കുകളൊന്നും നേരിടേണ്ടിവന്നിട്ടില്ലാത്ത മനോഹരമായ കുട്ടിക്കാലമായിരുന്നു എന്റേത്. സന്ധ്യയ്ക്ക് കുറുക്കന്മാര്‍ ഓരിയിടുന്ന, കാട്ടുപൂച്ചകള്‍ കരയുന്ന, ഉഗ്രവിഷമുള്ള പാമ്പുകള്‍ വിലസുന്ന...വീടിന്റെ അടുത്തുള്ള ഞങ്ങളുടെ പ്രിയപ്പെട്ട കുന്നിന്‍പുറത്താണ് ബാല്യകാല ഓര്‍മകളെല്ലാം. ഇളംറോസ് നിറത്തിലുള്ള പുല്ലുകള്‍ നിറഞ്ഞ മനോഹരമായ പുല്‍ത്തകിടികളില്‍ ചാടിമറിഞ്ഞും ഓടിച്ചാടിയും മനോഹരമാക്കിയ കുട്ടിക്കാലം. 

പഴുത്ത ഞാവല്‍പ്പഴങ്ങള്‍ പറിക്കാനും ഓണക്കാലത്ത് മുള്‍പ്പടര്‍പ്പുകളില്‍ വലിഞ്ഞുകയറി പൂക്കള്‍ പൊട്ടിക്കാനും ലഗോറിയും ക്രിക്കറ്റും തുടങ്ങിയ കളികള്‍ കളിക്കാനും ചേട്ടന്മാരുടെ വാലുപോലെ ഞാനുമുണ്ടാവും. ഒരിക്കലും 'അരുത്' എന്നൊരു വാക്ക് ആരുമെന്നോട് പറഞ്ഞിട്ടില്ല. പെണ്ണെന്ന പേരും പറഞ്ഞ് മാറ്റിനിര്‍ത്തിയിട്ടില്ല. വീടിന്റെ അടുത്തുള്ള പയ്യന്‍സിനൊപ്പം ഒമ്പതാം ക്ലാസ് വരെ ക്രിക്കറ്റ് കളിക്കാന്‍ പോയിട്ടുണ്ട്. ചേട്ടന്മാര്‍ ഉപേക്ഷിച്ച ഷര്‍ട്ടുകളൊക്കെയിട്ട് നടന്നിരുന്ന കാലമെല്ലാം ഗൃഹാതുരമായ ഓര്‍മകളാണ്.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉച്ചഭക്ഷണസമയത്തെ ഇടവേളയില്‍ ഞാനും വീടിനടുത്തുള്ള കൂട്ടുകാരിയും മുങ്ങും. സ്‌കൂളിലെ, തണല്‍ വിരിച്ച വിശാലമായ മുറ്റത്ത് എല്‍.പി. ക്ലാസുകളിലെ നുറുങ്ങ് പിള്ളേര് കളിക്കുന്നുണ്ടാവും. ബെല്ലടിക്കുന്നതുവരെ അവരുടെയൊപ്പം 'കൊച്ചം കുത്തി' (ഒറ്റക്കാലില്‍ ചാടി മറ്റുള്ളവരെ തൊടുന്ന കളി) കളിക്കും. ആദ്യത്തെ ബെല്ലടി കേള്‍ക്കുന്നതോടെ പത്താംക്ലാസുകാരിയുടെ പക്വതയിലേയ്ക്ക്..നുറുങ്ങുപിള്ളേരോട് റ്റാറ്റായും പറഞ്ഞ് ക്ലാസ്സിലേയ്ക്ക്...

വീടിന് അടുത്തുള്ള മിഷന്‍ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്ത് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ടീച്ചറോട് 'സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ' എന്നും പാടി കൈയിലെടുത്തെന്ന് അമ്മ പറയും. സ്‌കൂള്‍ വിട്ടാല്‍ മത്സരിച്ച് ഓട്ടമത്സരം നടത്തുമായിരുന്നു ഞങ്ങള്‍ കൂട്ടുകാരികള്‍. 'വല്ല്യ' കുട്ടികളായ കൂട്ടുകാരികള്‍ അവരുടേതായ ലോകത്ത് അടങ്ങിയൊതുങ്ങി നടന്നപ്പോള്‍ ഞാനടക്കമുള്ള കൂട്ടുകാര്‍ ഓട്ടമത്സരം തകൃതിയായി തുടര്‍ന്നു. പത്താം ക്ലാസ്സുവരെ മൂത്ത ചേട്ടന്‍ ഉപേക്ഷിച്ച  സൈക്കിളില്‍ പായുമായിരുന്നു. പിന്നീടാ സൈക്കിള്‍ കേടായപ്പോഴാണ് സൈക്കിളിലെ പാച്ചിലിന് ശമനം വന്നത്. 

എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്തേ വീടിനടുത്തുള്ള കൂട്ടുകാരികള്‍ വീട്ടുജോലികള്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. ഓരോരോ ഭക്ഷണം ഉണ്ടാക്കാനറിയാമെന്ന് അവര്‍ വീമ്പിളക്കുമ്പോള്‍ ഞാന്‍ വാ പൊളിക്കും. ബന്ധുക്കളായ സ്ത്രീകള്‍ എന്നെക്കൊണ്ട് പണിയെടുപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തടസ്സമായി വന്നിരുന്നത് അമ്മയായിരുന്നു, 'എന്റെ മോളെക്കൊണ്ട് നിങ്ങളാരും പണിയെടുപ്പിക്കണ്ട' എന്നും പറഞ്ഞ് വരുമായിരുന്നു അമ്മ.

ആഘോഷാവസരങ്ങളില്‍ ഭക്ഷണം വിളമ്പുമ്പോള്‍ ചില വീടുകളില്‍ ഉമ്മറത്തെ ഇരിപ്പിടങ്ങള്‍ പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായി റിസര്‍വ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. പെണ്‍കുട്ടി ആയതുകൊണ്ട് അകത്തിരുന്നാല്‍ മതിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉമ്മറത്തിരുന്നാല്‍ മതിയെന്ന് പറഞ്ഞ് അമ്മ സപ്പോര്‍ട്ട് ചെയ്യും. ഇന്നും എവിടെ പോയാലും ആദ്യപന്തിയില്‍ ഉമ്മറത്തിരുന്ന് ഉണ്ണാന്‍ ഞാനുണ്ടാവും. കിട്ടാതെ പോയ മീന്‍ കഷ്ണത്തിന്റെ പേരില്‍ വിപ്ലവം നടക്കുന്ന കാലമാണല്ലോ ഇന്ന്. എന്റെ വീട്ടിലെ കാര്യം നോക്കിയാല്‍ 'കിട്ടാതെ പോയ മീന്‍ കഷ്ണ' -ത്തിന്റെ പേരില്‍ പ്രതിഷേധവുമായെത്തേണ്ടത് ഏറ്റവും മൂത്ത ചേട്ടനാണ്. രണ്ടാമത്തെ ചേട്ടന്റെയും എന്റെയും വയറുനിറഞ്ഞതിന് ശേഷമുള്ളതേ ചേട്ടന് കിട്ടിയിരുന്നുള്ളൂ. അതുകൊണ്ട് തന്നെ മീന്‍ കഷ്ണത്തിന്റെ പേരില്‍ ഒരു പോസ്റ്റിനുള്ള സാധ്യതയുമില്ലാതായി.

പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് പത്രപ്രവര്‍ത്തനത്തിനോടുള്ള ഇഷ്ടം തുടങ്ങുന്നത്. പത്രപ്രവര്‍ത്തനം പഠിക്കണമെന്ന ഇഷ്ടത്തിനോട് ഏറ്റവും സപ്പോര്‍ട്ട് ചെയ്തത് അച്ഛനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ഗുരുവായൂരിലേക്കും ഗുരുവായൂരില്‍നിന്ന് തിരിച്ചുമുള്ള 'ഛര്‍ദി യാത്രകള്‍' ഇന്നും അസ്വസ്ഥത സൃഷ്ടിക്കുന്ന ഓര്‍മകളാണ്. ബസുകളിലെ 'ഹോട്ട്' കളറുകളോട് അന്നുമിന്നും ഒരുപോലെ അസ്വസ്ഥതയാണ്. ഇളംപച്ച, ഇളംനീല തുടങ്ങിയ കൂള്‍ കളറുകള്‍ പെയിന്റടിച്ച ബസ് കാത്ത് തേഞ്ഞിപ്പലം യൂണിവേഴ്‌സിറ്റി സ്റ്റോപ്പില്‍നില്‍ക്കുമ്പോള്‍ കൂട്ടുകാര്‍ പറയും, 'നിനക്കെന്തോ മാനസികപ്രശ്‌നമുണ്ടെന്ന്'..എല്ലാം ചിരിച്ചുതള്ളും. എങ്കിലും ഇളംനിറത്തിലുള്ള പെയിന്റടിച്ച ബസുകളിലേ കയറൂ.

വീട്ടില്‍നിന്ന് വരുന്ന ദിവസം അടയോ ദോശയോ എന്തെങ്കിലും അമ്മ വാഴയിലയില്‍ പൊതിഞ്ഞ് തന്നുവിടും. ഇത് കഴിച്ചതിന് ശേഷം പൊതിഞ്ഞ വാഴയിലയോ പേപ്പറോ ഒന്നും ഹോസ്റ്റലില്‍ കളയില്ല. എല്ലാം പൊതിഞ്ഞുകെട്ടി തിരിച്ചുവീട്ടിലേക്ക് കൊണ്ടുവരും, കെട്ടിയ ചരടടക്കം. അമ്മ സ്‌നേഹത്തോടെ തന്നുവിട്ടത് അവിടെ ഉപേക്ഷിക്കാന്‍ മടി. അമ്മയെ അവിടെ ഇട്ടിട്ട് പോരുന്നപോലെ ഒരു ഫീലിങ്ങാണ്..വര്‍ഷങ്ങള്‍ക്ക് ശേഷം മാതൃഭൂമിയില്‍ ജോലിക്കെത്തിയപ്പോള്‍ വര്‍ഷങ്ങളായുള്ള സ്വപ്‌നമായിരുന്നു സാക്ഷാത്കരിച്ചത്. പ്ലസ്ടു മുതല്‍ ഞാന്‍ കണ്ട സ്വപ്നം.

ജോലി കഴിഞ്ഞ് രാത്രി 7.45-ന് ഓഫീസില്‍നിന്ന് ഇറങ്ങുമ്പോള്‍ ചില രാത്രിമുഖങ്ങള്‍ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. വണ്ടിയില്‍ എ.സി. യുണ്ട്, കൂടെ വരുന്നോ എന്നുതുടങ്ങിയ ചോദ്യങ്ങള്‍. അങ്ങനെ ഒരുപാട് അനുഭവങ്ങള്‍. പല തകര്‍ച്ചകളിലും പിടിച്ചുനില്‍ക്കാന്‍ കരുത്ത് പകരുന്നത് കുടുംബത്തില്‍നിന്നുള്ള സപ്പോര്‍ട്ടും മാതൃഭൂമിയെന്ന സ്വകാര്യ അഹങ്കാരവുമാണ്.

Content Highlight: Mathrubhumi Women Journalists Write international women's day 2018