പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞു വച്ചപ്പോഴും സ്വന്തം പൊക്കമില്ലായ്മ കാരണം കോംപ്ലക്‌സ് അടിച്ച് വട്ടായിപ്പോയ ചിലരുണ്ട്. സ്‌കൂള്‍ അസംബ്ലിയിലെ മുന്‍നിരയില്‍ തുടങ്ങി ബസിലെ കമ്പിയില്‍ പിടിക്കാന്‍ കഷ്ടപ്പെടുന്ന സ്വന്തം ഉയരത്തെ ശപിച്ചുകൊണ്ടിരിക്കുന്ന ചിലര്‍. അതിലൊരാളായിരുന്നു ഞാനും. ഉയരം എന്റെ ജീവിതത്തില്‍ വില്ലനായത് സൈക്കിള്‍ ചവിട്ടാന്‍ പഠിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ്. അന്ന് ഞാന്‍ തീരുമാനിച്ചു ഇനി ടൂ വീലര്‍ കൈകൊണ്ട് തൊടില്ലെന്ന്.  

സ്‌കൂളിലേക്ക് പോകാന്‍ സ്‌കൂള്‍ ബസ് ഉള്ളത് കൊണ്ട് പിന്നെ വീട്ടിലാരും നിര്‍ബന്ധിച്ചതുമില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അത് സംഭവിച്ചു. ടൂ വീലറും ഫോര്‍ വീലറും പഠിക്കാന്‍ ചേച്ചി തീരുമാനിച്ചതോടെ ഞാന്‍ വീണ്ടും പെട്ടു. ഈ പൊക്കം വെച്ച് ടൂവിലര്‍  ഓടിക്കാന്‍ പറ്റില്ലെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന എന്നെ മലര്‍ത്തിയടിച്ചുകൊണ്ട് ഞങ്ങള്‍ രണ്ടുപേരും ഡ്രൈവിങ്ങ് ക്ലാസിനു പോയെ പറ്റുവെന്നായി വീട്ടുകാര്‍. 

ഒടുവില്‍ ആ വേനലവധിക്ക് ഞാനും പോയി മാസ്‌റ്റേര്‍സ് ഡ്രൈവിങ്ങ് സ്‌കൂളിലേക്ക്. ആദ്യത്തെ ദിവസം ചെന്ന് ഡ്രൈവിങ്ങ് ടീച്ചറെ കണ്ടപ്പോള്‍ കുറച്ച് ആത്മവിശ്വാസം തോന്നി. ഷീബ ടീച്ചറും എന്നപ്പോലെ പൊക്കം കുറഞ്ഞിട്ടായിരുന്നു. അങ്ങനെ ടീച്ചറില്‍ നിന്നും ഇന്‍സ്പയേര്‍ഡായി ഞാനും ഗ്രൗണ്ടിലേക്ക് ഇറങ്ങി. ഒരു പഴഞ്ചന്‍ എം80 സ്‌കൂട്ടര്‍ തന്ന് ഇരുന്ന് തള്ളിക്കോളാന്‍ പറഞ്ഞു. ആ തുരുമ്പെടുത്ത വണ്ടിയും തള്ളി ദിവസങ്ങളോളം ഗ്രൗണ്ടില്‍ കറങ്ങി.

വണ്ടിയുടെ സ്റ്റാന്‍ഡ് തട്ടി കാലില്‍ നീരുവന്നപ്പോള്‍ ഞാന്‍ വിചാരിച്ചു ഇതങ്ങ് നിര്‍ത്തിയാലോ?  പക്ഷേ ചൂടുവെള്ളവും പെയിന്‍ബാമും ബാന്‍ഡേജും തന്ന് അമ്മ പറഞ്ഞു '' നിര്‍ത്തേണ്ട കാര്യമൊന്നുമില്ല. ബാല്‍ഡേജും കെട്ടി പോയാ മതി''.

രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചു തുടങ്ങി, സൈക്കിള്‍ ബാലന്‍സില്ലാത്ത എന്റെ കൈയ്യില്‍ വണ്ടി നിന്നില്ല. മുള്ളുവേലിയിലും ഇടിച്ചു നിന്നു. വീണ്ടും വീണ് പേടിമാറിയതോടെ എവിടെ നിന്നൊക്കെയൊ വാശിയും ആത്മവിശ്വാസവും വന്നു.  ഇനി ലൈസെന്‍സെടുക്കാതെ വിടില്ലെന്നായി ഞാന്‍. പൊരിഞ്ഞ വെയിലത്ത് രണ്ട് മണിക്കൂറോളം പ്രാക്ടീസ് ചെയ്ത് അവസാനം ടൂ വീലര്‍ ഡ്രൈവിങ്ങില്‍ ഞാന്‍ അഗ്രഗണ്യയായി. 

സീറ്റ് അഡ്സ്റ്റ് ചെയ്യാന്‍ പറ്റുന്നതുകൊണ്ടും കുഷ്യന്‍ ഉള്ളത് കൊണ്ടും കാര്‍ ഡ്രൈവിങ്ങിന് ഉയരം പ്രശ്‌നമായില്ല. അവസാനം ടെസ്റ്റ് ഗ്രൗണ്ടിലെത്തി. 

മഴ പെയ്തു നനഞ്ഞ ഗ്രൗണ്ടില്‍ ടൂ വീലര്‍ തള്ളിക്കയറ്റി എട്ടിലേക്ക് കയറ്റാന്‍ കഷ്ടപ്പെട്ടുപോയി. ഉയരമില്ലെങ്കിലെന്താ തള്ളവിരല്‍ നിലത്തുകുത്താനൊക്കെ പറ്റൂല്ലേ... അതങ്ങ് കുത്തി വണ്ടി തള്ളിക്കോ എന്ന് എന്നെ കളിയാക്കി പറഞ്ഞ് നസീര്‍ സാര്‍ പ്രോത്സാഹിപ്പിച്ചു. 

അവസാനം ഒരു സ്വപ്നം പോലെ 'എട്ട്' എന്ന ഭഗീരഥ പ്രയത്‌നം പുല്ലുപോലെ പൂര്‍ത്തിയാക്കി. പക്ഷേ ബ്രേക്ക് ചവിട്ടാന്‍ കുറച്ച് വൈകിപ്പോയി. തിരിച്ചു എംവിഡി ഓഫീസറുടെ അടുത്ത് ഫയല്‍ വാങ്ങാന്‍ പോയപ്പോള്‍ അയാള്‍ ഒരു ചോദ്യം ''ശരിക്കും പഠിച്ചിട്ടില്ലല്ലോ? . എത്ര തവണ പ്രാക്ടീസ് ചെയ്തു''?  എന്റെ ഉള്ളൊന്നു കാളി. മറുപടി പറയാന്‍ ശബ്ദം പുറത്തുവന്നില്ല.  ദയനീയമായി ഒന്നു ചിരിച്ചു.  അയാള്‍ എന്നെ തറപ്പിച്ചുനോക്കി ഫയല്‍ തന്നു. അതില്‍ പാസ്ഡ് എന്ന് എഴുതിയിരിക്കുന്നു. അതോടെ പകുതി സമാധാനമായി. അവസാനം എനിക്കും കിട്ടി ഡ്രൈവിങ്ങ് ലൈസന്‍സ്.  

പൊക്കമില്ലെന്ന് പറഞ്ഞ് ടൂ വിലര്‍ ഓടിക്കാന്‍ ഭയന്ന ഞാന്‍ പിന്നീട് ഡ്രൈവിങ്ങ് എന്‍ഞ്ചോയ് ചെയ്തു തുടങ്ങി. ഈ അടുത്ത് ഓവര്‍ സ്പീഡിന് ഫൈന്‍ അടയ്‌ക്കേണ്ടി വന്നപ്പോള്‍ ഞാന്‍ തന്നെ അന്തം വിട്ടുപോയി. വണ്ടി ഓടിക്കാന്‍ പേടിച്ച എനിക്ക് ഓവര്‍ സ്പീഡോ?. അന്ന് എനിക്ക് തോന്നി ഈ പൊക്ക കുറവ് അത്ര കുറവൊന്നുമല്ല കേട്ടോ, നേട്ടങ്ങള്‍ക്ക് ഉയരം ഒരു പരിധിയൊന്നുമല്ലേ..

Content highlight: first driving experience of short girl Mathrubhumi Women Journalists Write