പണ്ട് പണ്ട് എന്റെ എക്കാലത്തേയും വലിയ ആഗ്രഹമായിരുന്നു നൃത്തം പഠിക്കുക എന്നത്. അത് ഒരിക്കലും നടക്കാത്ത സ്വപ്നം ഒന്നുമല്ല. പക്ഷെ, ഞാന്‍ എപ്പോഴൊക്കെ ഇതേക്കുറിച്ചു പറഞ്ഞിട്ടുണ്ടോ, അപ്പോഴൊക്കെ എനിക്ക് കേള്‍ക്കേണ്ടി വന്ന പ്രതികരണങ്ങള്‍ കാരണം എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്.

'അയ്യോ നീയോ! ഡാന്‍സോ! അയ്യേ ചിരിപ്പിക്കല്ലേ...'
'നന്നായി... ഇനീപ്പോ അതിന്റെ ഒരു കുറവെള്ളു..'
'അതിനുള്ള ആരോഗ്യൊക്കെ ഉണ്ടോ മോളെ...'
'അയ്യോ വേണ്ട, നീ കയ്യും കാലും ഒടിഞ്ഞു കിടക്കുന്നത് കാണാന്‍ വയ്യ...'

അങ്ങനെ പോകും പരിഹാസങ്ങള്‍. ഈ പറയുന്നവര്‍ മിക്കപ്പോഴും എന്റെ  വളരെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെയാവും. പക്ഷെ, താരത്തിനൊരു കുത്തു കൊടുക്കാന്‍ കിട്ടുന്ന അവസരം ആരും പാഴാക്കില്ലല്ലോ.

സത്യം സത്യമായിട്ടു പറഞ്ഞാല്‍ എന്നെ നേരിട്ട് കണ്ടിട്ടുള്ള ആര്‍ക്കും 'ഇതൊക്കെ പച്ചപരമാര്‍ത്ഥമാണല്ലോ, പിന്നെന്തിനാ ഈ കൊച്ചു കെടന്നു നിലവിളിക്കുന്നേ' എന്ന് തോന്നും. എന്നാലും ഒരാളെ അങ്ങനെ അങ്ങ് ആക്രമിക്കാമോ? ഇപ്പോഴാണെങ്കില്‍ 'ബോഡി ഷെയ്മിങ് ' എന്നൊക്കെ പറഞ്ഞ്‌ പ്രമുഖ വ്യക്തികള്‍ ഇതിനെതിരെ പ്രതികരിച്ചു കാണാറുണ്ട്. പക്ഷെ, നമ്മള്‍ സാധാരണക്കാര്‍ ആരേലും ഇതൊക്കെ മിണ്ടി പോയാല്‍ തീര്‍ന്നു... അല്ലെങ്കിലും സെലിബ്രിറ്റികള്‍ എന്ത് പറഞ്ഞാലും 'ആഹാ' നമ്മള്‍ പാവങ്ങള്‍ അത് തന്നെ പറഞ്ഞാലും 'ഓഹോ' എന്നാണല്ലോ നാട്ടുനടപ്പ്.

അങ്ങനെ ഈ കഠിന കഠോര പരിഹാസ ശരങ്ങള്‍ ഒക്കെ ഏറ്റിട്ടും ഞാന്‍ എന്റെ ആഗ്രഹം  സഫലമാക്കാന്‍ തീരുമാനിച്ചു. ഇപ്പോഴല്ല, കുറെ പണ്ടാണ് കേട്ടോ, സ്‌കൂളില്‍ പഠിക്കുമ്പോള്‍... പക്ഷെ ആ ഒരൊറ്റ തീരുമാനം കൊണ്ട് പിന്നെ എന്റെ ആഗ്രഹം തന്നെ ഇല്ലാതായി. അതൊരു കഥയാണ്.

സ്‌കൂള്‍ വാര്‍ഷികത്തിനോ മറ്റോ ആണെന്ന് തോന്നുന്നു, ഒരു പുതിയ ഡാന്‍സ് മാസ്റ്റര്‍ വന്നു. ആളെ കണ്ടപ്പോ തന്നെ എനിക്കങ്ങോട് ബഹുമാനം കൊണ്ട് നില്ക്കാനും ഇരിക്കാനും വയ്യ. വെളുവെളുത്ത ജുബ്ബയും മുണ്ടും ധരിച്ച, കഷണ്ടി കയറിയ തലയിലെ അവശേഷിക്കുന്ന പിന്‍ഭാഗത്തെ മുടി നീട്ടി വളര്‍ത്തി, എല്ലാ വിരലിലും മോതിരം അണിഞ്ഞ ഒരസ്സല്‍ ഡാന്‍സ് മാസ്റ്റര്‍. 

എന്ന പിന്നെ ഇപ്പോ തന്നെ തുടങ്ങി കളയാം എന്ന മട്ടില്‍ ഞാനും എന്റെ രണ്ടു  മൂന്നു കൂട്ടുകാരികളും കൂടി മാഷുടെ പിറകെ വച്ച് പിടിച്ചു. പരിശീലനം നടക്കുന്ന ക്ലാസ് മുറിയുടെ മുന്നില്‍ എത്തിയപ്പോള്‍ ടീച്ചര്‍ തടഞ്ഞു. എല്ലാവരെയും കൂടെ കയറ്റി വിടില്ല. നൃത്തം പഠിക്കണം എന്ന് ശരിക്കും താല്പര്യമുള്ളവര്‍ ദക്ഷിണ കൊടുത്തു അനുഗ്രഹം വാങ്ങാന്‍ തയ്യാറായി വന്നാല്‍ മതി.

ഈ ദക്ഷിണ കൊടുക്കല്‍ മുതിര്‍ന്നവരോടും ഗുരുവിനോടും ബഹുമാനസൂചകമായി ചെയ്യുന്ന ഒരു ആചാരമാണല്ലോ. അതറിയാഞ്ഞിട്ടല്ല. പക്ഷെ, ഈ തള്ളിക്കയറാന്‍ നില്‍ക്കുന്ന പിള്ളേര്‍ക്കിടയില്‍ നിന്ന് നൂണ്ടു പോയി ദക്ഷിണ കൊടുക്കാനുള്ള ഐറ്റംസ് ഒപ്പിക്കാന്‍ എന്ത് ചെയ്യും?
വെറ്റിലയില്‍ ഒറ്റ സംഖ്യയായി പണം വച്ചിട്ടാണ് ദക്ഷിണ കൊടുക്കുന്നതാണ് കണ്ടിട്ടുള്ളത്. എല്ലാവരും സ്‌കൂള്‍ കുട്ടികള്‍ ആയതു കൊണ്ട് ചെറിയ തുക മതികൊടുത്താല്‍ മതിയാകും. പക്ഷെ ഈ വെറ്റില... എന്റെ വീട്ടില്‍ ആരും മുറുക്കുന്നത് കണ്ടിട്ടില്ല. ചിലപ്പോള്‍ സ്‌കൂളിന് പുറത്തെ പെട്ടിക്കടയില്‍ ചോദിച്ചാല്‍ കിട്ടുമായിരിക്കും. എന്നാലും അത് വരെ പോയി വരുമ്പോഴേക്കും വരിയിലെ സ്ഥലം പോവും. ഡാന്‍സ് പഠിക്കണം എന്ന മോഹവുമായി അവസാനം ഞാനാ സിംഹത്തിന്റെ മടയില്‍ എങ്ങനേലും കേറിപറ്റാന്‍ തന്നെ തീരുമാനിച്ചു.

ഒരാള്‍ പെട്ടെന്ന് പോയി ഞങ്ങള്‍ എല്ലാര്‍ക്കുമുള്ള  വെറ്റില സംഘടിപ്പിച്ചു വന്നാല്‍ മതിയല്ലോ. ആരോഗ്യത്തില്‍ അല്പം പുറകോട്ടാണെങ്കിലും ബുദ്ധിയുടെ കാര്യത്തില്‍ ഞാനാരാ മോള്‍ എന്നു സ്വയം അഭിനന്ദിച്ചുകൊണ്ടു ആ ഉത്തരവാദിത്തം ഞാന്‍ തന്നെ ഏറ്റെടുത്തു. അങ്ങനെ ധൃതിയില്‍ കടയിലേക്ക് ഓടാന്‍ നില്‍ക്കുമ്പോഴാണ് അടുത്തുള്ള വീട്ടുമുറ്റത്തെ കവുങ്ങിന്‍ തോട്ടം കണ്ടത്. നീണ്ടു നിവര്‍ന്നു കിടക്കുന്ന കവുങ്ങുകളില്‍ പടര്‍ത്തിയിരിക്കുന്ന നല്ല സൂപ്പര്‍ കുരുമുളക് വള്ളികള്‍. 'ആഹാ എന്ത് ഭംഗി...'

പെട്ടെന്ന് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോ ഉണ്ടായ പോലൊരു ഐഡിയ എന്റെ മണ്ടയിലും കത്തി. ഈ കുരുമുളകിന്റെ ഇല പോലെയല്ലേ വെറ്റിലയുടെ ഇലയും. അപ്പോ ആ ഇല തന്നെയല്ലേ ഈ ഇല? ഹോ, ശരിക്കും എന്റെ ബുദ്ധി കണ്ട ഞാന്‍ തന്നെ കോള്‍മയിര്‍ കൊണ്ടു.
അങ്ങനെ വളരെ നൈസായി ഞാന്‍ ആരും കാണാതെ കുറച്ച്‌ കുരുമുളകിന്റെ ഇലകള്‍ പറിച്ചെടുത്തു. ഒന്ന് മണത്തു നോക്കിയാല്‍ തന്നെ വ്യത്യാസം മനസ്സിലാവും. പക്ഷേ, ദക്ഷിണ കൊടുക്കുമ്പോള്‍ ആരെങ്കിലും ഇതൊക്കെ മണത്തു നോക്കി ഉറപ്പ് വരുത്തുമോ? എന്തായാലും ഒരു ഉഡായിപ്പ് കാണിക്കുമ്പോള്‍ നമ്മള്‍ എല്ലാ  വശവും ആലോചിക്കണമല്ലോ. ഇനി ഇപ്പോ ഒന്നും നോക്കാനില്ല. നേരെ പോവുന്നു, ദക്ഷിണ കൊടുക്കുന്നു, ആഗ്രഹം പോലെ ഡാന്‍സ് പഠിക്കുന്നു. ഹായ്...

അങ്ങനെ 100 വാട്ടിന്റെ ബള്‍ബ് കത്തിച്ച പോലൊരു ചിരിയും മുഖത്തു ഫിറ്റ് ചെയ്ത ഞാന്‍ വിജയശ്രീലാളിതയായി തിരിച്ചെത്തി. എന്റെ കൂട്ടുകാരികള്‍ അദ്ഭുതത്തോടെ എന്നെ നോക്കി, 'നീ ഇത്ര പെട്ടെന്ന് ഒപ്പിച്ച് തിരിച്ച് വന്നോ? ഭയങ്കരം തന്നെ!'

കുറെ നേരം വാരി നിന്ന് ഒടുവില്‍ ഞങ്ങള്‍ ഡാന്‍സ് മാസ്റ്ററുടെ അടുത്തെത്തി. കുറച്ച് കൂടുതല്‍ ബഹുമാനം വാരി വിതറി ദക്ഷിണ കൊടുത്തു കാലു തൊട്ട് നമസ്‌കരിച്ചു അനുഗ്രഹം വാങ്ങി. എന്നെ അനുഗ്രഹിച്ചപ്പോ മാസ്റ്ററുടെ മുഖത്തു ഒരു സഹതാപം നിറഞ്ഞ ഭാവമായിരുന്നു. ഞാന്‍ ആദ്യം പറഞ്ഞ ആ ഡയലോഗുകള്‍ ഒക്കെ പുള്ളി മനസ്സില്‍ പറഞ്ഞിട്ടുണ്ടാവും. എന്തായാലും നമ്മളതിലൊന്നും തളരില്ലല്ലോ.

അടുത്തതായി മാസ്റ്റര്‍ ആദ്യ പാഠങ്ങളിലേക്കു കടക്കും എന്നാണല്ലോ നമ്മള്‍ കരുതുക. പക്ഷെ, ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് കുറച്ച മുതിര്‍ന്ന അധ്യാപകരൊക്കെ കൂടി ഡാന്‍സ് മാസ്റ്ററെ മുറുക്കാന്‍ ക്ഷണിച്ചു!

'തീര്‍ന്നെടീ, നീ തീര്‍ന്ന്...' ഞാന്‍ എന്നോട് തന്നെ മനസ്സില്‍ പറഞ്ഞു.

ക്ലാസ്സില്‍ നിന്ന് ഊരി  പോരാനും പറ്റില്ല, പരിശീലനം പ്രമാണിച്ചു വാതിലൊക്കെ അടച്ചിട്ടിരിക്കുകയാണ്. വളരെ കാര്യമായി എന്തൊക്കെയോ സംസാരിച്ചു കൊണ്ട് അവര്‍ വെറ്റില (കൂട്ടത്തില്‍ എന്റെ കുരുമുളകിന്റെ ഇലയും) വീതിച്ചെടുക്കുന്നത് ഞാന്‍ നിസ്സഹായായി നോക്കി നിന്നു. രണ്ടു നിമിഷം കഴിഞ്ഞില്ല, 'ഛെ ആരാ ഈ പോക്രിത്തരം കാണിച്ചേ' എന്നൊരു ആക്രോശം ഉയര്‍ന്നു.

കാര്യമറിയാതെ നിഷ്‌കളങ്കരായ നില്‍ക്കുന്ന പിള്ളേര്‍ക്കിടയില്‍ നിന്ന് ഞാന്‍ പതിയെ വാതില്‍ പാതി തുറന്നു ജീവനും കൊണ്ടോടി. ആ ഒരൊറ്റ സന്ദര്‍ഭത്തിലാണ് എന്റെ രൂപം എനിക്കൊരു അനുഗ്രഹമായി തോന്നിയത്. അന്ന് നിര്‍ത്തിയതാ തിരുമേനി, ഡാന്‍സിനോടുള്ള ആവേശം!

പിന്നെ അവരാരെങ്കിലും ഞാനാണു പ്രതി എന്ന് കണ്ടു പിടിച്ചോന്നറിയില്ല. ഞാന്‍ ആരോടും അന്വേഷിക്കാനും പോയില്ല. അല്ലെങ്കിലും ഒരു കുറ്റകൃത്യം പെര്‍ഫെക്റ്റ് ആകണമെങ്കില്‍ നമ്മള്‍ അതേക്കുറിച്ചു മിണ്ടാതിരിക്കുകയാണ് നല്ലത്. 'തീപ്പെട്ടിക്കൊള്ളി' എന്നുള്ള കളിയാക്കലിനൊന്നും ഇപ്പോഴും ഒരു കുറവുമില്ല. എന്നാലും അതിനുശേഷം ഞാന്‍ ഡാന്‍സ് പഠിക്കുന്നതിനെ പറ്റി ആലോചിച്ചിട്ടേ ഇല്ല. ക്ലാസിക്കല്‍ ഡാന്‍സ് എന്ന് കേട്ടാലേ കുരുമുളകിന്റെ ഇലയില്‍ ദക്ഷിണ കൊടുത്ത എന്നെ ഓര്‍ത്തു നെടുവീര്‍പ്പിട്ട് ഞാന്‍ കാണികളില്‍ ഒരാളായി മാറിയിരിക്കും. അത്രന്നെ. എന്നാലും ഈ കുരുമുളകിന് എന്റെ ജീവിതത്തില്‍ ഇത്ര വലിയ സ്ഥാനം ഉണ്ടാകുമെന്നു ഞാന്‍ കരുതിയതേ ഇല്ല.