ജൂഡി ഹോപ്‌സിനെ അറിയാമോ? കരുത്തരും വമ്പന്മാരുമായ ആനയും കാണ്ടാമൃഗവും കാട്ടുപോത്തുമൊക്കെ മാത്രം തിരഞ്ഞെടുക്കപ്പെടാറുള്ള 'സൂട്ടോപ്പിയ ' പോലീസ് ട്രെയ്‌നിങ് അക്കാഡമിയിലെത്തുന്ന ആദ്യ ചെറുജീവി... മുയല്‍... പെണ്‍ മുയല്‍. അതി കഠിനമായ പരിശീലനം. വമ്പന്മാര്‍ പോലും കുഴഞ്ഞു പോകുന്ന കഠിന വഴിയില്‍ ആദ്യം പതറിയെങ്കിലും മനക്കരുത്തും ദൃഢനിശ്ചയവും അവളെ പിന്തുണച്ചു. മറ്റുള്ളവരെക്കാള്‍ ഇരട്ടി അധ്വാനമാണ് അവള്‍ക്കവിടെ തുണയായത്. അവള്‍ വെറുതെ പരിശീലനം പൂര്‍ത്തിയാക്കുക മാത്രമല്ല ചെയ്തത്, മറിച്ച്  മികച്ച പോലീസ് കേഡറ്റായി അംഗീകരിക്കപ്പെടുകയും ചെയ്തു.

ജോലിയില്‍ പ്രവേശിക്കേണ്ട ആദ്യദിനം. വമ്പന്മാര്‍ ഓരോരുത്തര്‍ക്കായി ഓരോ ചുമതലകള്‍ നിശ്ചയിച്ചു നല്‍കുന്നു പോലീസ് മേധാവി. കാണാതായ പ്രമുഖരെ കണ്ടെത്തുന്നതുള്‍പ്പെടെയുള്ള കേസുകള്‍. ഒടുവില്‍ അവളുടെ ഊഴമെത്തി. അവള്‍ക്കും കിട്ടാതിരുന്നില്ല ഒരു 'പണി ' ട്രാഫിക് ഡ്യൂട്ടി. അവള്‍ എതിര്‍പ്പിന്റെ ചെറു സ്വരം ഉയര്‍ത്താതിരുന്നില്ല... ഏതെങ്കിലും കേസിന്റെ ചുമതലയ്ക്കായി ശ്രമിച്ചു നോക്കി ... എന്തു ഫലം!!

***  ***   ***  ***

മോളെ ചോറുണ്ണിപ്പിക്കാന്‍ എളുപ്പത്തിന് 'സൂട്ടോപ്പിയ ' എന്ന ആനിമേഷന്‍ ചിത്രം വെച്ചു കൊടുത്തിരിക്കുകയായിരുന്നു.
ജൂഡി ഹോപ്‌സുമാര്‍ എത്രയോ ഉണ്ട് നമുക്കിടയില്‍! മാധ്യമ രംഗത്തും ....
മിടുക്കില്‍ ജൂഡി ഹോപ്‌സല്ല ഞാന്‍. എന്റെ  ബാച്ചില്‍ ജോലിയ്‌ക്കെടുത്തവരില്‍ ഏറ്റവും കഴിവുറ്റ ജേര്‍ണലിസ്റ്റുമല്ല. അത്തവണ തിരഞ്ഞെടുക്കപ്പെട്ട ജേര്‍ണലിസ്റ്റ് ട്രെയ്‌നി ബാച്ചിലെ ഇരുപതോളം പേരില്‍ മൂന്നു പെണ്‍കുട്ടികള്‍. അതിലൊരാള്‍. 

കോഴിക്കോട്ടെ രണ്ടു മാസത്തെ ക്ലാസിനൊടുവില്‍ പലരെയും പല യൂണിറ്റു കളിലേക്ക് വിട്ടു. ഞാനും മറ്റൊരാളും തിരുവനന്തപുരത്ത് . രാത്രി ഡെസ്‌കിലെ ഡ്യൂട്ടിയായിരുന്നു ഞങ്ങള്‍ക്ക്. പകല്‍ ട്രെയ്‌നികള്‍ ബ്യൂറോയില്‍ പോകും, റിപ്പോര്‍ട്ടിങ്ങിന്. നിര്‍ബന്ധമൊന്നുമില്ലെങ്കിലും അതായിരുന്നു രീതി.

അഴിമതിക്കും അനീതിക്കും അസമത്വത്തിനുമെതിരെ ഏതു നിമിഷവും വീശാന്‍ പാകത്തിന് 'പടവാള്‍ ' മൂന്നാലെണ്ണവുമായാണ് എന്റെ നടപ്പ്. പേനപ്പടവാള്‍ മാത്രം. മൊബൈലൊന്നും അത്ര സാധാരണമായിട്ടില്ല. ഉണ്ട്. കമ്പനി നല്‍കിയ അന്നത്തെ സോപ്പുപെട്ടി മൊബൈലുമായി ബ്യൂറോ ചീഫും രണ്ടു ചീഫ് റിപ്പോര്‍ട്ടര്‍മാരും. 'മൗസപ്പ'നെ മറക്കുന്നില്ല . എന്റെ ബാച്ചില്‍ അവനു മാത്രമുണ്ട് അന്നും മൊബൈല്‍. സാങ്കേതിക വിദ്യയില്‍ അനുനിമിഷം സ്വയം അപ്‌ഡേറ്റ് ചെയ്യുന്ന അവനെ കമ്പ്യൂട്ടര്‍ മൗസിന്റെ പേരില്‍ മൗസപ്പനെന്നു ഞങ്ങള്‍ തമാശക്ക് വിളിച്ചിരുന്നെങ്കിലും ഞങ്ങളുടെ ബാച്ചിലെ ഏറ്റവും മികച്ച ജേര്‍ണലിസ്റ്റുകളില്‍ ഒരാളായിരുന്നു അവന്‍.

ഞാന്‍ റിപ്പോര്‍ട്ടറാവാനാണ് ആഗ്രഹിച്ചിരുന്നത്. ഗംഭീര സ്റ്റോറീസ് ചെയ്യുന്നതും ലോകമറിയുന്ന തീപ്പൊരി റിപ്പോര്‍ട്ടറിവുന്നതും ഈയുള്ളവളുടെ പടവാളാല്‍ സമൂഹം അനീതിമുക്തമാവുന്നതുമെല്ലാം  പത്രപ്രവര്‍ത്തകയാകുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പേ ഞാന്‍ സ്വപ്നം കണ്ടിരുന്നു. സബ് എഡിറ്ററായാണു നിയോഗിച്ചതെങ്കിലും തത്കാലത്തെ പകല്‍ റിപ്പോര്‍ട്ടര്‍ വേഷമാണ് ഞാന്‍ ആസ്വദിച്ചത്.

പറഞ്ഞ് കാടുകയറി ... പല റിപ്പോര്‍ട്ടുകളും പോലെ ... കഥയിലേക്കു വരാം.

തിരുവനന്തപുരം ബ്യൂറോ. ആദ്യ ദിവസങ്ങളിലൊന്ന്. ആവേശത്തിമിര്‍പ്പിലാണ് അന്നും ബ്യൂറോയിലെത്തിയത്. ഒമ്പതരയാവുന്നേയുള്ളൂ. ഒരു ഫോണ്‍കോള്‍ വന്നു. അങ്ങറ്റത്ത് അമ്പൂരിയില്‍ നിന്നാണ്. നെയ്യാര്‍ ഡാമിന്റെ റിസര്‍വോയറിനടുത്ത് തടാകത്തില്‍ കുളിക്കാനിറങ്ങിയയാളെ മുതല കടിച്ചു കൊണ്ടു പോയിരിക്കുന്നു. ആയിടക്ക് അവിടെയത് ഇടയ്ക്കിടെ സംഭവിച്ചിരുന്നു. ചിലരുടെ കാല്‍ പോയി, ചിലരുടെ ജീവനും . കൊലയാളി മുതല വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. 

എന്റെയുള്ളില്‍ പൊട്ടിയ ലഡ്ഡു പുറത്തു വരാതെ ഞാന്‍ ശ്രദ്ധിച്ചു. സീനിയറായ റിപ്പോര്‍ട്ടര്‍മാര്‍ ആരും എത്തിയിട്ടല്ലപ്പോള്‍ . ഫോട്ടോഗ്രാഫര്‍ എത്തി. സംഭവസ്ഥലത്തേക്കു പോകാനുള്ള കാര്‍ റെഡി. എന്റെ സഹ ബാച്ചുകാരനും എത്തി അപ്പോഴേയ്ക്കും. ബ്യൂറോയിലെ 'പ്രമുഖ ' ന്റെ വിളി വന്നു ഫോട്ടോഗ്രാഫര്‍ക്ക്: '' ട്രെയ്‌നീസില്‍ ഒരാളെ അമ്പൂരിക്കു കൊണ്ടു പോകൂ, ഒരാളോടു പ്രസ് ക്ലബ്ബ് നോക്കാന്‍ പറയൂ ' . ഫോട്ടോച്ചേട്ടന്‍ കാര്യം പറഞ്ഞു. 'ആര്‍ക്കു വേണം പ്രസ് ക്ലബിലെ പത്രസമ്മേളനങ്ങള്‍! ' ആവേശവും പൊടിക്ക് അലങ്കാരവും മനസില്‍. സഹബാച്ചുകാരന് ഈ അധിക റിപ്പോര്‍ട്ടിങ് ഡ്യൂട്ടിയോട് ഒട്ടുമില്ലായിരുന്നു താത്പര്യം. അവന്‍ ചാടിക്കേറിപ്പറഞ്ഞു  ഞാന്‍ പ്രസ് ക്ലബില്‍ പൊക്കോളാം. അവന്റെ അവസരം ഞാന്‍ തട്ടിയെ ടുത്തെന്നു തോന്നേണ്ടെന്നു വെച്ച്, ചാടിക്കേറി മുതല അസൈന്‍മെന്റ് ചോദിക്കാതിരുന്ന ഞാന്‍  ഉടനെ പറഞ്ഞു  ഞാന്‍ പോകാം അമ്പൂരിക്ക്. 

ഉഷാര്‍. വേണ്ടിവന്നാല്‍ മുതലയെ വെട്ടിപ്പിളര്‍ന്നു ആ മനുഷ്യനെ പുറത്തെടുക്കാനുള്ളത്ര മൂര്‍ച്ചയുള്ള പടവാളാണ് ഞാന്‍ കൈയില്‍ കരുതിയത്. ഞങ്ങള്‍, ഫോട്ടോച്ചേട്ടനും ഞാനും താഴെയെത്തി. കാറില്‍ കയറി. അപ്പോഴതാ എത്തി ബ്യൂറോയിലെ നേരത്തേ പറഞ്ഞ പ്രമുഖന്‍. അദ്ദേഹം പ്രഖ്യാപിച്ചു: 'അവനെ കൊണ്ടുപോ അമ്പൂരിക്ക്.. .. ഇവള്‍ പ്രസ് ക്ലബ്ബ് നോക്കട്ടെ....' ഢും ... ദാ കിടക്കുന്നു എന്റെ മനസ്സിടിഞ്ഞ് നിലത്ത്. ഞാന്‍ ഒന്നു പറഞ്ഞു നോക്കി . ഏറ്റില്ല . അസമത്വത്തിനെതിരായ പടവാള്‍ ... അയ്യോ.... അതെവിടെ ... പരതി നോക്കി.... അതെടുക്കാന്‍ മറന്നെന്നു തോന്നുന്നു ... നെല്ലിക്കയോളം പോന്നൊരു കുഞ്ഞനുഭവം .

പൊതുവേ സ്ത്രീപക്ഷ നിലപാടെടുത്തിരുന്ന, സൗഹാര്‍ദത്തോടെ, സ്‌നേഹത്തോടെ പെരുമാ റിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഒരുപക്ഷേ  എന്നെ ഒരു പെണ്‍കുട്ടിയായി കണ്ടതാവാം, 'പരിഗണന' തന്നതാവാം., കഷ്ടപ്പെടേണെന്ന് . അറിയില്ല . നമ്മുടെ വീടുകളിലും കാണാമല്ലോ ഇത്തരം പരിഗണന, കരുതല്‍. നല്ല ഉദ്ദേശ്യത്തോടെയുള്ള ഇത്തരം 'പോസിറ്റീവ് ' ചിന്തകള്‍ പെണ്‍കുട്ടികളെ സംബന്ധിച്ച് പലപ്പോഴും 'നെഗറ്റീവ് ' ഫലം തന്നെയാണ് ഉണ്ടാക്കുന്നത്. അന്നു തോന്നിയ നീരസം പിന്നീട് അദ്ദേഹത്തോടു തന്നെ പറഞ്ഞ് ചിരിച്ചിട്ടുണ്ട്. 

നിസ്സാരമെന്നു തോന്നാം. പക്ഷേ എത്രയും വേഗം , ഇന്നെങ്കിലിന്ന് മികച്ച റിപ്പോര്‍ട്ടറെന്ന് അംഗീകരിക്കപ്പെടാന്‍ ഇറങ്ങിപ്പുറപ്പെട്ട എനിക്ക് അത് നിസ്സാരമായിരുന്നില്ല. പിന്നീടും ഇത്തരം ചെറുനെല്ലിക്കകള്‍ കഴിക്കാന്‍ കിട്ടിയിട്ടുണ്ട് ഇടയ്ക്ക് . എന്നാല്‍ എല്ലാക്കാലവും അങ്ങനെയായിരുന്നില്ല . ധാരാളം അവസരങ്ങള്‍ കിട്ടി. എന്റെ മുകളിലുള്ളവരുടെ അഭിനന്ദനങ്ങള്‍ കിട്ടി.....

*           *            *           *       *

നെയ്യാറിലെ ആ കൊലയാളി മുതലയെ അതിസാഹസികമായി വെടിവെച്ചുകൊന്നു വൈകാതെ. ഇന്ന് വര്‍ഷം 17 കഴിഞ്ഞു. ആ മുതല ഇന്നും ഓര്‍മയില്‍ നീന്തി വരും ഇടയ്ക്ക് ... പക്ഷേ ഇപ്പോള്‍ ചിരിയാണു വരിക... 

17 വര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തന രംഗത്ത് മാറ്റങ്ങള്‍ ഒരുപാടുണ്ടായി. അതിനു മുഖ്യപങ്കുവഹിച്ചത് ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ വരവു തന്നെ . പെണ്‍കുട്ടികളെ ധാരാളമായി ന്യൂസ് ചാനലുകള്‍ നിയമിച്ചു. ടി.വിക്ക്  എന്തൊക്കെപ്പറഞ്ഞാലും ഉണ്ടല്ലോ ഒരു ഗ്ലാമര്‍ പരിവേഷം. അതില്‍ മാത്രം ആകൃഷ്ടരായി വന്നവര്‍ ഉണ്ടാവാം. അവര്‍ ഈ രംഗത്ത് അധികം തുടര്‍ന്നില്ലെന്നു വരാം. എന്നാല്‍ തികഞ്ഞ അറിവും പ്രാഗത്ഭ്യവും വാര്‍ത്താ ബോധവും യുക്തിയും അന്തസ്സാര്‍ന്ന പെരുമാറ്റവും ഏതു സാഹചര്യത്തിലും കൈവിടാത്ത സമചിത്തതയും ഒക്കെ കൈമുതലായുള്ള പെണ്‍കുട്ടികള്‍ , സ്ത്രീകള്‍ ഇന്ന് നമ്മുടെ മാധ്യമ രംഗത്തുണ്ട്. ഒന്നാം തരം ജേര്‍ണലിസ്റ്റുകള്‍ . വിവേചനം പലയിടത്തുമുണ്ടാവാം. പക്ഷേ അവര്‍ ഉയരങ്ങള്‍ കീഴടക്കുക തന്നെ ചെയ്യും..... അവരുടെ പടവാളിന്റെ മൂര്‍ച്ച കുറയില്ല.....

*      *       *       *      *     

ജൂഡി ഹോപ്‌സ്‌  എന്നും ട്രാഫിക്  ഡ്യൂട്ടിയില്‍ തുടര്‍ന്നെന്നാണോ ധരിച്ചത്? അല്ലേല്ല . കടമ്പകള്‍ ചെറുതൊന്നുമായിരുന്നില്ല അവള്‍ക്ക് തരണം ചെയ്യേണ്ടിയിരുന്നത്. കടുത്ത വിവേചനത്തിന്റെയും അവഗണനയുടെയും വഴിയില്‍ അവളെ തളച്ചിടാനാഗ്രഹിച്ചവര്‍ക്ക് അതിനായില്ല. അവളുടെ നിശ്ചയദാര്‍ഢ്യത്തിനും സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും മുന്നില്‍ അവര്‍ മുട്ടുമടക്കി . അവള്‍ ലക്ഷ്യങ്ങള്‍ കീഴടക്കി.
*        *        *      *      *
ഒരിക്കല്‍ക്കൂടി പറഞ്ഞോട്ടെ.... ഞാന്‍ ജൂഡി ഹോപ്‌സല്ലാട്ടോ ....