കുട്ടിക്കാലത്ത് സ്‌കൂള്‍ വിട്ടുവന്നാല്‍ പിന്നത്തെ പരിപാടി കുളത്തില്‍ച്ചാടലാണ്. പാടത്തെ കുളത്തില്‍ ഏട്ടന്മാരും അയല്‍വീട്ടിലെ കുട്ടികളുമൊക്കെയായി വലിയൊരുസംഘം തന്നെയുണ്ടാവും. കുളത്തിലെ കടവുകളെ വേര്‍തിരിക്കുന്ന മതിലിനെ കൂപ്പെന്നാണ് പറയുക. കൂപ്പിന്‍മേല്‍ കയറി ചാടുന്നതിനുപുറമെ കുളപ്പുരയുടെ ഓട്ടിന്‍പുറത്ത് ഏറ്റവും മുകളിലേക്ക് നിരങ്ങിക്കയറി ഓടിവന്ന് ചാടും. 

വെള്ളത്തില്‍ കണ്ണുമിഴിക്കരുതെന്നാണ് അമ്മയുടെ നിര്‍ദേശം. കണ്ണില്‍ മത്സ്യം കൊത്തും, കണ്ണ് പോകുമെന്നാണ് പറയുക. എന്നാല്‍ ചാടിക്കഴിഞ്ഞ് വെള്ളത്തില്‍ ഊളിയിട്ടുപോകുമ്പോള്‍ അതിനടിയില്‍ അറിയാതെ കണ്ണ് മിഴിച്ചുനോക്കും. കുളത്തിലെ വെള്ളത്തിന്റെ പച്ചനിറവും കളിയുടെ മേളത്തില്‍ അടിയില്‍നിന്നുയരുന്ന പായലുമൊക്കെയാവും കാണുക. പിന്നെ കുളത്തില്‍ ധാരാളമായുള്ള വലിയ മൊയ്യിനെയും മറ്റു ചെറുമത്സ്യങ്ങളെയും കാണാം. 

വലുതായപ്പോഴാണ് സ്‌കൂബാ ഡൈവിങ്ങിനെപ്പറ്റിയും കടലിനടിയിലെ വര്‍ണമത്സ്യങ്ങളെക്കുറിച്ചുമൊക്കെ കേള്‍ക്കുന്നത്. അങ്ങനെ സ്‌കൂബാഡൈവിങ് വലിയൊരുമോഹമായി. പക്ഷേ വയസ്സ് പത്തമ്പത്താറാകും വരെ സ്‌കൂബയ്‌ക്കൊരു വഴിയൊരുങ്ങിയില്ല. കഴിഞ്ഞകൊല്ലം അവസാനം ആന്‍ഡമാന്‍സില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ സ്‌കൂബാമോഹം വീണ്ടും ഉഷാറായി. കുട്ടികളും പേരക്കുട്ടികളുമൊക്കെയായി ഞങ്ങള്‍ പത്തുപന്ത്രണ്ടുപേരാണ് ആന്‍ഡമാന്‍സില്‍ പോയത്.

കടലിനടിയില്‍ ഊളിയിട്ട് വര്‍ണമത്സ്യങ്ങളോടും കോറല്‍ കുടുംബത്തോടുമൊക്കെ കൂട്ടുകൂടാനുള്ള ആഗ്രഹം ആദ്യമേ എല്ലാവരോടും പറഞ്ഞു. മകന്‍ നവനീതും ഭര്‍ത്താവിന്റെ ഏട്ടന്റെ മകന്‍ ഹരികൃഷ്ണനും കൂട്ടിനുണ്ട്. എന്റെ ഇടതുകാല്‍ മുട്ടിനുതാഴെ മുറിച്ചതാണ്. അത് സ്‌കൂബയ്ക്ക് തടസ്സമല്ലെന്ന് പരിശീലകര്‍ പറഞ്ഞു. അതോടെ ഉത്സാഹമായി. 3000 രൂപ അടച്ചാല്‍ 20 മിനിട്ട് കടലിനടിയില്‍ പോകാം. പ്രത്യേകവേഷം അവര്‍ തരും. അതു മാറ്റാന്‍ ചെറിയൊരു ഓലപ്പുരയാണ്. എന്റെ വെപ്പുകാല്‍ നനയ്ക്കാന്‍ പറ്റില്ല. കടലിലെത്താന്‍ ഉരുളന്‍ കല്ല് കിടക്കുന്ന ചെരിവിലൂടെ അല്‍പം ഇറങ്ങണം. വെള്ളത്തിനടുത്തെത്തിയപ്പോള്‍ കാല്‍ അഴിച്ചുമാറ്റി. പിന്നെ എങ്ങനെയൊ വെള്ളത്തിലേക്കെത്തി.  പതുക്കെ ചാടിയും നിരങ്ങിയും അരയ്‌ക്കൊപ്പം വെള്ളത്തിലെത്തിയതൊടെ വെള്ളത്തിലിട്ട മീനിനെപ്പോലെ ആകെ സ്വാതന്ത്ര്യമായി. വെള്ളത്തില്‍ ഒറ്റക്കാലില്‍ നില്‍ക്കാനും നീന്താനുമൊന്നും ഒരു വിഷമവുമില്ല. 

അരയില്‍ നല്ലകനമുള്ള ബെല്‍ട്ട്. അതില്‍ കൊളുത്തി പിന്നില്‍ ഓക്‌സിജന്‍ സിലിണ്ടര്‍. അതില്‍നിന്ന് വായിലേക്ക് ഓക്‌സിജനെത്തിക്കുന്ന ട്യൂബ്.. ആകെക്കൂടി ജഗപൊക. സംഘത്തിലെ ഒരോരുത്തര്‍ക്കും ഓരോ പരിശീലകന്‍ അഥവാ സഹായി കൂടെയുണ്ടാവും. എന്റെ പരിശീലകന്‍ അജയ് കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി. വെള്ളത്തിടയില്‍ പോയാല്‍ വായില്‍ ഓക്‌സിജന്‍ കുഴലാവും. പിന്നെ മിണ്ടാന്‍ പറ്റില്ല. മിണ്ടിയാല്‍ വായില്‍ വെള്ളം കയറും. അതിനാല്‍ അജയിനോട് കാര്യങ്ങള്‍ പറയാന്‍ നാല് മുദ്രകളാണ് ആദ്യം പഠിപ്പിച്ചത്. പ്രശ്‌നമില്ലെന്നും പ്രശ്‌നമുണ്ടെന്നും പറയാന്‍ ഓരോ മുദ്രകള്‍. പിന്നെ പ്രശ്‌നമുണ്ടെങ്കില്‍ മുകളിലേക്ക് പൊങ്ങാന്‍ തംസ് അപ് മുദ്ര. കൂടുതല്‍ ആഴത്തില്‍ പോകാന്‍ തംസ് ഡൗണ്‍ മുദ്രയും. 

ഓക്‌സിജന്‍ കുഴല്‍ കടിച്ചുപിടിച്ച് വെള്ളത്തിനടിയില്‍ കിടന്ന് ട്രയലും നടത്തി. ആകെ വലിയ തകരാറില്ലെന്നുകണ്ട് പരിശീലകന്‍ ഓകെ പറഞ്ഞു. 
കടലില്‍ നമ്മള്‍ നീന്തരുത്. ഒട്ടും തുഴയാതെ പരിശീലകന്‍ തള്ളികൊണ്ടുപോകുന്ന സ്ഥലത്തേക്ക് കൂടെ പോയാല്‍ മതി. ആകെ പത്തോ പന്ത്രണ്ടോ അടി താഴേക്കേ പോയിട്ടുണ്ടാവൂ. പക്ഷേ കടലിലെ സുന്ദരകാഴ്ചകള്‍ കണ്ട് മതിവന്നില്ല. 

പച്ചയും മഞ്ഞയും നീലയും ചുവപ്പും മീനുകള്‍ കൂട്ടമായി ചുറ്റും നീന്തുകയാണ്. വരയന്മാരും നൂലുപോലുള്ള കുഞ്ഞന്മാരുമുണ്ട്. പവിഴപ്പുറ്റുകളാണ് മറ്റൊരു മായക്കാഴ്ച. അധികവും നിറം മങ്ങിയവയാണ്. മഞ്ഞയും ചുവപ്പും നിറമുള്ള വളരെക്കുറിച്ചുപവിഴപ്പുറ്റുകള്‍ മാത്രമേ കണ്ടുള്ളൂ. പക്ഷേ പവിഴപ്പുറ്റുകളിലെ ചെറുജീവികള്‍ ശരിക്കും അത്ഭുതപ്പെടുത്തി. മുക്കുറ്റിപ്പൂപോലെ ഒരു മഞ്ഞ പൂവ് വിരിഞ്ഞുനില്‍ക്കുന്നു. അതിന്റെ അടുത്തെത്തി കൈയൊന്നുവീശിയപ്പോള്‍ പൂവ് പുറ്റിനുള്ളിലൊളിച്ചു. പവിഴപ്പുറ്റില്‍ പലേടത്തും ചെറിയ വായ് തുറന്നിരിക്കുന്ന കുഞ്ഞന്‍ ജീവികളുണ്ട്. കൈവീശിയാല്‍ വായ് അടഞ്ഞുപോകും. അങ്ങനെ ഒരുസംഭവം അവിടെ ഉണ്ടായിരുന്നെന്നുപോലും തോന്നില്ല. മറ്റൊരിടത്ത് കറുത്ത മുള്ളുകള്‍ പോലെ എന്തോ പുറത്തേക്ക് നില്‍ക്കുന്നു. കൈവീശിയാലൊന്നും പേടിയില്ല. അത് കടല്‍ച്ചേനയാണെന്നാണ് അജയ് പറഞ്ഞത്. 

നീന്തലിനിടെ രണ്ടുതവണ തംസ് അപ് പറഞ്ഞ് വെള്ളത്തിനുമുകളില്‍ വരേണ്ടിവന്നതിനാലാണ് കൂടുതല്‍ ആഴത്തില്‍ പോകാനാകാതിരിന്നതെന്ന് തോന്നുന്നു. എന്തായാലും 20 മിനിട്ട് കഴിഞ്ഞതറിഞ്ഞില്ല. വെള്ളത്തിനുമുകളിലെത്തി. ബെല്‍ട്ടും സിലണ്ടറുമെല്ലാം അഴിച്ചു. ഇനിയാണ് അങ്കം. കാലില്ലാതെ കരകയറണ്ടേ. പിന്നാക്കം നിരങ്ങി ഉരുളന്‍ കല്ലുകള്‍ കിടക്കുന്നിടത്തെത്തി. അപ്പോഴേക്കും വെപ്പുകാലുമായി ഒരുപയ്യനെത്തി. ഉണങ്ങിയ ഒരു തോര്‍ത്തും നേരത്തേ കരുതിയിരുന്നു. അതുകൊണ്ട് മുറിച്ച കാലിന്റെ അറ്റം തുടച്ചു. എങ്ങനെയോ അത് വെപ്പുകാലിനകത്ത് കുത്തിക്കയറ്റി. ക്രെയിന്‍ കൊണ്ടുവലിച്ചുപൊക്കും പോലെ മകനും മറ്റും ചേര്‍ന്ന് എണീപ്പിച്ചുനിര്‍ത്തി. പിന്നെ ഒരുവിധം നടന്നുകയറി ഓലപ്പുരയിലേത്തി. വേഷം മാറി. സംഘത്തിലെ ബാക്കിയുള്ളവരെല്ലാം അപ്പോള്‍ മിനിസബ്മറൈന്‍ ബോട്ടില്‍ കടലിന്റെ അടിത്തട്ട് കാണാന്‍ പോയതിനാല്‍ ബര്‍മുഡ പോലുള്ള കാലുറയുമിട്ട് ഞാന്‍ നടത്തിയ പെടാപ്പാട് അവര്‍ കണ്ടില്ലെന്നൊരാശ്വാസം. 

വാല്‍ക്കഷണം: വിനോദസഞ്ചാരമേഖല കൂടുതല്‍ വികലാംഗസൗഹൃദമാക്കണം.