സ്വന്തം ഷോള്‍ഡറില്‍ തട്ടി സ്വയം പ്രശംസിച്ച, സ്വയം അഭിമാനം തോന്നിയ ഒരു നിമിഷം...അങ്ങനെയൊന്നുണ്ടോ ഓര്‍മ്മയില്‍! 

നാലഞ്ച് വര്‍ഷം മുന്നത്തെ ഒരു സംഭവം, അതിപ്പോഴും ഓര്‍മ്മയില്‍ രസം പുരണ്ടിരിപ്പുണ്ട്. ഒരു വൈകീട്ടാണ്, അല്‍പ്പം അലസമായും ശാന്തമായുമിരുന്ന് സ്വാദുള്ള വല്ലതും തിന്നാന്‍ മോഹം തോന്നി. പാളയത്ത് ഇംപീരിയല്‍ ബില്‍ഡിങ്ങിന്റെ മറുവശത്ത് ഒരു റസ്റ്റോറന്റുണ്ട്. ഇടയ്ക്ക് പോവാറുള്ളതാണ്. ആ റസ്റ്റോറന്റിന് സ്വസ്ഥമായ ഒരു അന്തരീക്ഷമുണ്ടായിരുന്നു. അധികം ആളുണ്ടാവില്ല, ബഹളമില്ല, വൃത്തിയും സ്ഥലസൗകര്യവുമുണ്ട്. സര്‍വോപരി നല്ല ഭക്ഷണവും.

കോണിപ്പടി കയറി മുകളിലെത്തി. ഹാളില്‍ പതിവുപോലെ സുഖമുള്ള നിശബ്ദതയുണ്ട്. ഇഷ്ടത്തോടെ ഭക്ഷണം രുചിച്ചുതുടങ്ങി. പക്ഷെ എന്തുചെയ്യാം, ആ രസം അധികം നീണ്ടുപോയില്ല. തൊട്ടപ്പുറത്തെ മാനേജരുടെ മുറിയില്‍ നിന്ന് ഉച്ചത്തിലൊരു ബഹളം. ശകാരവാക്കുകള്‍ മൂര്‍ച്ചയോടെ പുറത്തേക്ക് ചിതറുന്നു. മാനേജരാണ് സംസാരിക്കുന്നത്. മറ്റാരും ഒന്നും മിണ്ടുന്നില്ല. ആ ഹാളില്‍ ഭക്ഷണം കഴിക്കാനെത്തിയ എല്ലാവരും കേള്‍ക്കുംവിധം അയാള്‍ തന്റെ കീഴ്ജീവനക്കാരനെ വഴക്കുപറയുകയാണ്. 

അതങ്ങ് നില്‍ക്കുമായിരിക്കും എന്ന് വിചാരിച്ച് ഞാന്‍ ക്ഷമയോടെ ഭക്ഷണത്തിലേക്ക് ശ്രദ്ധയൊതുക്കി.  പക്ഷെ എവിടെ ! വഴക്ക് പൂര്‍വ്വാധികം ശക്തിപ്രാപിക്കുക തന്നെ. ഇരുന്നിടത്ത് നിന്ന് ഏന്തിനോക്കുമ്പോള്‍, യൂണിഫോമണിഞ്ഞ ഒരു വിളമ്പുകാരനുണ്ട് മാനേജരുടെ വാതില്‍പ്പടിയില്‍ വിഷമിച്ച് നില്‍ക്കുന്നു. അകത്ത് നിന്ന് കടുത്ത വാക്കുകള്‍ കൂടുതല്‍ ക്രൂരമായി തുടര്‍ന്നു. 

ഭക്ഷണം ഇറങ്ങുന്നില്ല എനിക്ക്. എന്താ ചെയ്ക എന്നറിയില്ല. ചുറ്റും നോക്കി. ഹാളിന്റെ ഓരോ മൂലയിലുണ്ട് യൂണിഫോമണിഞ്ഞ മറ്റു വിളമ്പുകാര്‍ അമര്‍ഷം അടക്കിപ്പിടിച്ച് നില്‍ക്കുന്നു. പാവങ്ങള്‍, കഷ്ടം, ഞാനെണീറ്റ് മാനേജരുടെ മുറിയിലേക്ക് ചെന്ന് എല്ലാവരും കേള്‍ക്കെത്തന്നെ പറഞ്ഞു, '' നിങ്ങളുടെ ശകാരം കേട്ടിരിക്കാനല്ല ഞാനിവിടെ വന്നത്. നിങ്ങള്‍ക്ക് എന്താ ഹേ, ഒരു മര്യാദയില്ലേ? നിങ്ങളുടെ ഈ വൃത്തികെട്ട, മനുഷ്യനെ അപമാനിക്കുന്ന തരം വര്‍ത്തമാനം കുറേ നേരമായി ഇരുന്ന് സഹിക്കുന്നു. ഇനി നിങ്ങള്‍ മിണ്ടരുത്. ഞാന്‍ ഭക്ഷണം കഴിക്കുന്നില്ല. ഇനി ഇവിടെ ഒരിക്കലും വരികയുമില്ല. നിങ്ങള്‍ക്കെതിരെ പരാതി കൊടുക്കാന്‍ പോവുന്നു.''- അത്രയും പറഞ്ഞ് ബില്ല് എത്രയെന്ന് ചോദിച്ച് പേ ചെയ്ത് ഇങ്ങിറങ്ങിപ്പോന്നു. അയാള്‍ തിരിച്ചൊരു അക്ഷരവും മിണ്ടിയിരുന്നില്ല. പോരുന്ന ആ പോക്കില്‍ അവിടെയുള്ള വിളമ്പുകാരുടെ മുഖങ്ങളില്‍ ഉദിച്ച സംതൃപ്തിയും എന്തോ ഒരു സ്‌നേഹവും ഇടംകണ്ണിലൂടെ കാണാമായിരുന്നു. പടികള്‍ തിരിച്ചിറങ്ങുമ്പോള്‍ മനസ്സിലൊരു കുളിര്‍മ. ആ കുളിര്‍മ ഇപ്പോഴും വിട്ടുപോയിട്ടില്ല.