'നീയല്ല, ഇന്ത്യന്‍ പ്രധാനമന്ത്രിയായാലും ഈ സമയത്ത് ഇതൊക്കെ അനുഭവിക്കേണ്ടി വരും. ഇടയ്ക്കിടയ്ക്ക് ഓടിയിങ്ങ് വരണ്ട. ഞാന്‍ പറയുന്നത് മനസിലാകുന്നുണ്ടോ? പപ്പായയോ, കൈതച്ചക്കയോ ഉറുമാമ്പഴമോ..... അങ്ങനെ എന്തുവേണമെങ്കിലും കഴിച്ചോ. കുഞ്ഞിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എജ്യുക്കേറ്റഡ്  ആയ നിങ്ങള്‍ക്കൊന്നും കോമണ്‍സെന്‍സ് ഇല്ലേ? ധൈര്യമായി പോയ്‌ക്കോളൂ' . കോട്ടയത്ത് ഭാരത് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ഡോ.ഷെറിന്‍ വര്‍ഗീസിന്റെ ഉപദേശവും ശിരസാവഹിച്ചുകൊണ്ട് അന്ന് ഞാന്‍ ഇറങ്ങി നടന്നു.

എന്തായാലും രക്ഷപ്പെട്ടു. ഇനിയിപ്പോ ഒന്‍പതുമാസവും ഇഷ്ടമുള്ളതൊക്കെ കഴിക്കാലോ! ഹൊ ! അതൊരു കാലമാണ്. എന്തൊരു കരുതലാണ് ചുറ്റുമുള്ളവര്‍ക്ക്! 'പൂവന്‍പഴം കഴിച്ചാല്‍ കുഞ്ഞിന് തൂക്കമുണ്ടാകും, കപ്പ കഴിച്ചാലും വളര്‍ച്ച കൂടും'. എങ്കില്‍പ്പിന്നെ അതൊന്നു പരീക്ഷിച്ചു നോക്കിയിട്ടു തന്നെ കാര്യം. അങ്ങനെയിരിക്കുമ്പോള്‍ ദേ വരുന്നു, എന്റെ 'വെല്‍വിഷര്‍' നാത്തൂന്റെ വക അടുത്ത ഉപദേശം. 'കാപ്പി കുടിച്ചാല്‍ കുഞ്ഞ് കറുത്തുപോകും. ചിക്കന്‍ കഴിക്കല്ലേ..കഴിച്ചാല്‍ കുഞ്ഞിന്റെ ദേഹം നിറയെ രോമമായിരിക്കും'.

അടുത്ത വീട്ടിലെ അമ്മമ്മ മാത്രം എങ്ങനെ മിണ്ടാതിരിക്കും!! ദാ, വരുന്നു അടുത്ത ഉപദേശം! 'വൈകുന്നേരം പുറത്തിറങ്ങി നടക്കണ്ടാ ട്ടോ.....ഗര്‍ഭിണികള്‍ അങ്ങനെ പോകാന്‍ പാടില്ല. ഇതൊന്നും നിനക്കറിയാത്തതുകൊണ്ടല്ലേ ഇന്ന് ഇത്ര വൈകി വീട്ടില്‍ക്കയറി വന്നത്? ഇനി സൂക്ഷിക്കണേ'.

അങ്ങനെ അങ്ങനെ മാസങ്ങളിങ്ങനെ മുന്നോട്ടുപോവുകയാണ്. ദിവസവും നല്ല ഒന്നാന്തരം മത്തി വാങ്ങി മുറിച്ച് കറിവെച്ച് കഴിച്ചപ്പോള്‍ എന്നോട് എനിക്ക് മുമ്പേ തിരുവയറൊഴിഞ്ഞ കൂട്ടുകാരികളുടെ ഡയലോഗ്‌ ദാ വരുന്നു....' ഹൊ ! നിന്നെ സമ്മതിക്കണം! ഈ സമയത്ത് മീന്‍ കൈകൊണ്ട് തൊടാന്‍ പോലും ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.'

വൈകുന്നേരം ഓഫീസില്‍ നിന്ന് വന്ന കെട്ടിയോന്‍ മൂക്കത്ത് വിരല്‍ വെച്ച് ചോദിക്കുന്നു, ' ഞാന്‍ ഇന്നലെയല്ലേ ഒരു കിലോ പഴം കൊണ്ടുവന്നത്? അതുമുഴുവന്‍ ഒരു ദിവസം കൊണ്ട് തീര്‍ന്നോ? 

ഇങ്ങനെ നടന്നും കിടന്നും തിന്നും കുടിച്ചും അഞ്ചുമാസം കഴിഞ്ഞപ്പോള്‍ 'ഗര്‍ഭശ്രീമാനെയും' കൊണ്ട് കോഴിക്കോടിന്റെ മണ്ണിലെത്തി. സ്വന്തം വീട്ടിലല്ലേ. കൈയില്‍ക്കിട്ടിയതൊക്കെ  വാരിത്തിന്നാന്‍ കിട്ടിയ ചാന്‍സ് ! അപ്പോള്‍ ദേ അടുത്ത ഗുലുമാല്‍. ഷുഗര്‍ ഉണ്ടോന്ന് ഡോക്ടര്‍ക്കൊരു സംശയം. ചുമ്മാ....വെറുതെ പേടിപ്പിച്ചതാ. ഒന്ന് കണ്‍ട്രോള്‍ ചെയ്യുന്നത് നല്ലതാണല്ലോന്ന് ഞാനും കരുതി. 

നല്ല പഞ്ച് ഡയലോഗുകളൊക്കെ മനസില്‍ക്കയറി വരുന്ന സമയം. 'ഞങ്ങളൊക്കെ പ്രസവിക്കുന്നതിന് തൊട്ടു മുമ്പ് പറമ്പില്‍ നിന്ന് ആയിരം തേങ്ങകള്‍ പെറുക്കി തട്ടിന്‍പുറത്ത് കൊണ്ടുപോയിട്ടിട്ടുണ്ട്. മേലനങ്ങി പണിയെടുക്കണം. ഇപ്പോളത്തെ പെണ്‍കുട്ടികള്‍ക്ക് അനങ്ങാന്‍ വയ്യല്ലോ.'

പിന്നെ വേറൊരു കൂട്ടരുണ്ട്. ഒമ്പതുമാസവും ചകിരി പിരിച്ച് കയറാക്കാന്‍ പോയവര്‍. വേദന വന്ന് അപ്പുറത്ത് പോയി പ്രസവിച്ച് തിരിച്ച് വന്ന് വീണ്ടു ചകിരി പിരിച്ചവരാണവര്‍! ഹെന്റമ്മോ! ഇതൊക്കെ കേട്ടതോടെ എനിക്കും ഒരു ചാഞ്ചാട്ടം. 

ദാ...തുടങ്ങിക്കഴിഞ്ഞു. അമ്മ രാവിലെ ഭക്ഷണമൊക്കെ തയ്യാറാക്കിവെച്ച് സ്‌കൂളില്‍ പോയാല്‍ ഞാന്‍ മുറ്റത്തിറങ്ങി പത്ത് പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും വലിച്ചൊരു നടത്തം. അതു കഴിഞ്ഞാല്‍ തുണിയലക്കല്‍. ചൂലും പിടിച്ച് അടിച്ചുവാരല്‍. ആകപ്പാടെ ജഗപൊക!

ദിവസങ്ങളങ്ങനെ മുന്നോട്ട് പോയി. ഒരു ദിവസം അടിവയറ്റില്‍ നിന്ന് പെട്ടെന്നൊരു കൊളുത്തിപ്പിടിക്കല്‍. എട്ടു മാസം തുടങ്ങിയതല്ലേയുള്ളു. ഇതൊക്കെ വെറും 'ഓലപ്പാമ്പ് ' എന്ന മട്ടില്‍ ഞാന്‍ മൈന്‍ഡ് ചെയ്തില്ല. ഇടയ്ക്കിടയ്ക്ക് അടിവയറ്റിലൊരു കുത്തുന്ന വേദന. എന്നാലും ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. പൂര്‍വാധികം ശക്തിയോടെ എഴുന്നേറ്റ് നടക്കും. കിടക്കും. ഇരിക്കും. വൈകുന്നേരം വരെ മത്സരം നടത്തി ഞാന്‍ പിടിച്ചു നിന്നു. വിവരം കേട്ടവര്‍ എനിക്ക് ഝാന്‍സിറാണിയുടെ പരിവേഷം ചാര്‍ത്തിത്തന്നു. 

ഒരു നിമിഷം പാഴാക്കാതെ കാറില്‍ കോഴിക്കോട് നഗരത്തിലെ പ്രമുഖമായ ഒരു ഹോസ്പിറ്റലിലേക്ക്. അവിടെയാണല്ലോ സ്ഥിരമായി ചെക്ക്അപ്പ് നടത്താറുണ്ടായിരുന്നത്. നേരെ ലേബര്‍ റൂമില്‍ കയറ്റി. രണ്ടുമണിക്കൂര്‍ നഴ്‌സുമാരുടെ സൗന്ദര്യമൊക്കെ ആസ്വദിച്ചുകിടന്നപ്പോള്‍ സമയം രാത്രി 8.00 മണി. എനിക്കപ്പോഴാണ് ഒരു സംശയം തോന്നിയത്. ഉടനെ നഴ്‌സിനോട് ചോദിച്ചു, ' എന്നെ എന്തിനാണ് ഇതിനകത്ത് കിടത്തിയത്? ഉടന്‍ വന്നു നഴ്‌സിന്റെ മറുപടി. 'അറിയില്ലേ? ഇന്ന് രാത്രി പ്രസവമുണ്ടാകും. കേട്ടപ്പോള്‍ ഒരു ഞെട്ടല്‍. ഓഹോ ! അപ്പോള്‍ അതാണ് കാര്യം! പിന്നെ കുറേ സമയത്തേക്ക് തലയില്‍ക്കൂടി എന്തൊക്കെയാണ് കടന്നുപോയതെന്ന് അറിയില്ല.

എന്തായാലും രാവിലെ ഏഴുമണിയായിട്ടും ഒന്നും സംഭവിച്ചില്ല. പിന്നെ അവിടെത്തന്നെ അഡ്മിറ്റാകാതെ രക്ഷയില്ലല്ലോ. രണ്ടു ദിവസം കഴിഞ്ഞിട്ടും തഥൈവ! ഒടുവില്‍ ഡോക്ടറുടെ ഉപദേശം. എങ്കില്‍പ്പിന്നെ മരുന്ന് നല്‍കി വേദന വരുത്താം. അവര്‍ എന്തു വേണേലും തീരുമാനിച്ചോട്ടെ. ഞാനെന്തായാലും ഒന്നു തീരുമാനിച്ചു. പ്രസവിക്കാന്‍ പോകുന്നത് താഴത്തെ നിലയിലായാലും എനിക്ക് പുതിയ ചെരിപ്പും ഡ്രസും വാങ്ങണം. കെട്ടിയോനെക്കോണ്ട് നല്ല സ്‌റ്റൈലന്‍ നൈറ്റിയും ചെരിപ്പും വാങ്ങിപ്പിച്ചു. ഒരു വഴിക്ക് പോകുവല്ലേ....കിടക്കട്ടെ.

പിറ്റേന്ന് രാവിലെ 6.00 മണിക്ക് ലേബര്‍ റൂമില്‍ കയറിയതു മുതല്‍ ജീവിതത്തില്‍ പകരം വെക്കാനാകാത്ത അനുഭവങ്ങളിലൂടെയുള്ള യാത്രയായിരുന്നു. മരുന്ന് അകത്തെത്തുമ്പോഴേക്കും എങ്ങനെയാണ് ഈ വേദന പൊട്ടിപ്പുറപ്പെടുന്നത് ? ഒരു നിശ്ചയവുമില്ല. സഹിക്കാന്‍ കഴിയാതെ പിടഞ്ഞപ്പോള്‍ സമീപത്തുള്ള നഴ്‌സിനോട് തടവിത്തരാന്‍ പറഞ്ഞു. ഒരു മിനിറ്റ് കൈ എന്റെ ദേഹത്തുവെച്ച അവര്‍ പരിപാടി നിര്‍ത്തി മാറിനിന്നു. 'ഇതൊക്കെ ഞാന്‍ എത്ര കണ്ടിരിക്കുന്നു' എന്ന ഭാവം.

ഓരോ മണിക്കൂര്‍ കഴിയുന്തോറും തീവ്രത കൂടിവരുന്നു. അനുഭവിച്ചു തീര്‍ത്തല്ലേ പറ്റൂ. കുറേക്കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു ഇന്‍ജക്ഷന്‍. അതോടുകൂടി അടിവയറ്റില്‍ കമ്പിപ്പാരയിട്ട് കുത്തിയാലുള്ള വേദന. ഒടുവില്‍ വെളിച്ചം കാണാന്‍ നിമിഷങ്ങള്‍ ബാക്കിയായിട്ടും അവന്‍ പുറത്തെത്തിയില്ല. വാക്വം വഴി വലിച്ചെടുത്ത് ഓടിപ്പോകുന്ന ശബ്ദം കേട്ടു. കരച്ചിലില്ല...ഒന്നും കേട്ടില്ല. എന്ത് സംഭവിച്ചുവെന്ന് ഓരോര്‍മ്മയുമില്ല. പൊക്കിള്‍ക്കൊടി കഴുത്തില്‍ മുറുകി ഓക്‌സിജന്‍ കിട്ടാത്ത കുഞ്ഞിനെയുമെടുത്ത് ജീവന്‍ രക്ഷിക്കാനായി ഐ.സി.യുവിലേക്കുള്ള ഓട്ടമായിരുന്നു അതെന്ന് എനിക്ക് മനസിലാക്കാനും കഴിഞ്ഞില്ല. എങ്കിലും എന്തോ പന്തികേടുണ്ടെന്ന് തോന്നി.

അരമണിക്കൂര്‍ കഴിഞ്ഞ് മയക്കത്തില്‍ നിന്നുണര്‍ന്ന് കുഞ്ഞിന്റെ മുഖം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അവര്‍ സമ്മതിച്ചില്ല. എന്റെ സംശയം ബലപ്പെടുകയായിരുന്നു. എന്തോ സംഭവിച്ചിട്ടുണ്ടെന്ന ധാരണ ശരിയാണെന്ന് തോന്നി. 

കിടന്ന കിടപ്പില്‍ ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ട കാഴ്ച ! ജീവിതത്തിലൊരിക്കലും ഒരമ്മയും കാണാതിരിക്കണേ എന്ന് ആഗ്രഹിക്കുന്ന കാഴ്ചയാണത്. തൊട്ടടുത്ത കട്ടിലില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് ഒരു കുഞ്ഞിനെ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ എടുത്തു വെക്കുന്നു. ആ കുഞ്ഞ് ജീവിച്ചിരിപ്പില്ലെന്ന് നഴ്‌സ് രേഖകള്‍ നോക്കി ഉറക്കെ വായിക്കുന്നതും ഞാന്‍ കേട്ടു. എല്ലാം ചേര്‍ത്ത് വായിച്ചപ്പോള്‍ ഹൃദയസ്തംഭനം മൂലം മരിച്ചുപോകുന്ന അവസ്ഥ.

ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ദിവസം. ശ്വാസം നിലച്ചു പോകുന്ന അവസ്ഥയില്‍ അലറിക്കരഞ്ഞു. കുഞ്ഞിനെക്കാണണമെന്ന് വാശി പിടിച്ചു. ഒടുവില്‍ ലേബര്‍ റൂമിന് പുറത്തു നിന്ന രണ്ട് അമ്മമാരെയും അകത്തേക്ക് വിളിപ്പിച്ചു. കുഞ്ഞിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും ഐ.സി.യുവിലാണെന്നും അവര്‍ പറഞ്ഞപ്പോള്‍ വിശ്വാസത്തിന്റെ കണിക മനസിലുണ്ടായി. എന്നാലും കണ്‍മുന്നില്‍ കണ്ട കാഴ്ചയില്‍ മനസുടക്കി. മൂന്ന് തവണ ഗര്‍ഭിണിയായിട്ടും കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയുടെ നാലാമത്തെ കുഞ്ഞായിരുന്നു അത്. അമ്മയ്ക്ക് ഷുഗര്‍ കൂടിയപ്പോള്‍ ഈ കുഞ്ഞും പ്രസവത്തില്‍ മരിച്ചു. സ്വന്തം കുഞ്ഞിനെ കൈനീട്ടി വാങ്ങാന്‍ പുറത്തു കാത്തുനിന്ന ഹതഭാഗ്യനായ ആ അച്ഛന്റെ കൈകളിലേക്കായിരുന്നു പെട്ടിയിലാക്കി കുഞ്ഞിനെ നല്‍കിയതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വല്ലാത്തൊരു വേദന. ആ അവസ്ഥ ഓര്‍ത്തപ്പോള്‍ അതുവരെ അലറിക്കരഞ്ഞതും അനുഭവിച്ച വേദനയുമൊക്കെ മറന്നു.....വെള്ളത്തുണിയില്‍ പൊതിഞ്ഞ ആ കുരുന്ന് ജീവന്‍ മനസിലേക്ക് കടന്നുവരുന്ന പിറന്നാള്‍ ദിനങ്ങളുടെ ഓര്‍മയ്ക്കായ്.........