സൂപ്പര്‍മാന് ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ എന്തുചെയ്യും? 2014 ല്‍ അച്ഛന് ഹൃദയാഘാതം വന്നപ്പോള്‍ എനിക്കു തോന്നിയത് ഇങ്ങനെയായിരുന്നു. കാരണം ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തനായ, റിയല്‍ ലൈഫ് സൂപ്പര്‍മാനാണ് എനിക്ക് അച്ഛന്‍. താടിയുള്ള സൂപ്പര്‍ മാന്‍.

ആ മനുഷ്യനാണ് ഒരു മര്യാദയുമില്ലാതെ 2014 ല്‍ ദാ വന്നു ഹാര്‍ട്ട് അറ്റാക്ക് എന്നും പറഞ്ഞ് തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ പോയി ഹൃദയത്തില്‍ ഒരു സ്‌റ്റെന്റും വച്ച് തിരിച്ചു വന്നത്. അതുവരെ വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന ആള്‍. കോട്ടയം പ്രസ് ക്ലബ്ബില്‍ ജേണലിസം ഡിപ്ലോമ ചെയ്യുന്ന സമയമായിരുന്നു അത്.

ഒരു ദിവസം ഉച്ചകഴിഞ്ഞ് അമ്മയാണ് ആദ്യം വിളിക്കുന്നത്. "അച്ഛന് നെഞ്ചിനൊരു വേദന തോന്നി. നാട്ടിലെ ഡോക്ടറെ കണ്ടപ്പോള്‍ ഒന്നു ചെക്ക് ചെയ്താല്‍ നന്നാവുമെന്ന് പറഞ്ഞു"- എന്ന് എന്നോട് പറഞ്ഞു. അതിന്റെ ഭാഗമായി തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ വന്നതാണെന്ന് പറഞ്ഞു.

അപ്പോഴും ഞാനോ അമ്മയോ എന്തിന് അച്ഛനോ വിചാരിച്ചിരുന്നില്ല ഉടന്‍ തന്നെ ഒരു ആന്‍ജിയോ പ്ലാസ്റ്റി വേണ്ടി വരുമെന്ന്. പക്ഷെ വൈകുന്നേരത്തോടെ അമ്മ വിളിച്ചു പറഞ്ഞു, ബ്ലോക്കുകള്‍ ഉണ്ടായിരുന്നെന്നും ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞുവെന്ന്.

പിറ്റേന്ന് കാലത്ത് കോട്ടയത്തുനിന്ന് നേരെ തൊടുപുഴയ്ക്കു വണ്ടി കയറി. ആശുപത്രിയിലെത്തി. ആദ്യം അമ്മയെ കണ്ടു. കാര്‍ഡിയാക് വാര്‍ഡിനു പുറത്ത് അമ്മ നില്‍ക്കുന്നുണ്ടായിരുന്നു. സിസ്റ്ററിനോട് അച്ഛനെ കേറിക്കാണണം എന്ന് ആവശ്യപ്പെട്ടു. അവര്‍ അനുവാദം തന്നപ്പോള്‍ അച്ഛന്‍ കിടക്കുന്ന വാര്‍ഡിനുള്ളിലേക്ക് കയറി.

ആദ്യമായാണ് അത്തരം ഒരു അന്തരീക്ഷത്തിലേക്ക് ഞാന്‍ പ്രവേശിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ ഒരുപാട് ആളുകള്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു. അച്ഛന്‍ എവിടെയാണ് കിടക്കുന്നതെന്ന് ആദ്യം മനസ്സിലായില്ല. എവിടെയാണ് എന്ന് തിരയുന്നതിനിടെ എന്റെ മുന്നിലെ കിടക്കയ്ക്ക് അപ്പുറത്തുനിന്ന് ഒരു കൈ ഉയര്‍ന്നുവന്നു. അച്ഛനായിരുന്നു അത്.

ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത നിമിഷങ്ങളായിരുന്നു അത്. എന്റെ സൂപ്പര്‍ മാന്‍...ആ നിമിഷങ്ങള്‍... പക്ഷെ അച്ഛന്‍ വളരെ കൂളായി എന്നെ അടുത്തു വിളിച്ചു. ഏയ് കുഴപ്പമൊന്നുമില്ലെടാ എന്നു പറഞ്ഞു...എന്റെ കയ്യില്‍ മുറുകെപ്പിടിച്ചു... ജീവിതത്തില്‍ പതറിപ്പോയ നിമിഷം എന്നൊന്നുണ്ടെങ്കില്‍ അതായിരുന്നു. പക്ഷെ കുഴപ്പമൊന്നുമില്ലെന്ന അച്ഛന്റെ വാക്കുമാത്രം മതിയായിരുന്നു ആ പതര്‍ച്ചയെ മറികടക്കാന്‍.

പിന്നെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അച്ഛന്‍ വീട്ടിലെത്തി. അനിയത്തിയുടെയും അമ്മയുടെയും നിയന്ത്രണങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസരിച്ച് നല്ല കുട്ടിയായി വ്യായാമം ഒക്കെ ചെയ്ത് ആരോഗ്യം വീണ്ടെടുത്തു. ഇപ്പോഴും ഇടയ്ക്ക് ഓര്‍ക്കാറുണ്ട് ഞാന്‍, സൂപ്പര്‍മാന് അറ്റാക്ക് വന്ന ആ സമയം.