രോടും പറയാതെ ഒരീസം ഒറ്റപ്പോക്കങ്ങ് പോകും, 
എങ്ങോട്ടാ? ആഹ്...
എപ്പോഴാ? ആവോ 
എന്തിനാ? ഏയ് അങ്ങനെ പ്രത്യേകിച്ച് കാരണൊന്നുല്ല..എന്നാലും ഞാന്‍ പോകും, അതൊറപ്പാാ..കളരി പരമ്പര ദൈവങ്ങളാണേ... അല്ലേ വേണ്ട...! 

ബാലരമ മാത്രം കൂട്ടുണ്ടായിരുന്ന നാലാം ക്ലാസ് മുതല്‍ തുടങ്ങിയതാണീ നാടുവിടല്‍ ടെണ്ടന്‍സി സിന്‍ഡ്രം ഓഫ് ദി പ്രാന്ത്...ഏറ്റവും ആഗ്രഹിക്കുന്ന യാത്ര എങ്ങോട്ടാണെന്ന് ആരേലും ചോദിച്ചാല്‍ കണ്ണും പൂട്ടി ഞാനുത്തരം പറയും.. നാടു വിടലാണെന്റെ പ്ലാനെന്ന്..എന്തിനാണെന്നോ എങ്ങോട്ടാണെന്നോ എന്താണ് പ്രചോദനമെന്നോ ചോദിച്ചാല്‍ കഥ കുറച്ചല്‍പ്പം പുറകിലോട്ട് പോകും,പോയി പോയി അതങ്ങ് ദേശാടനക്കിളി കരയാറില്ല എന്ന കിടുക്കാച്ചി പടം വരെ...യെസ് ഐ ആം ദി സോറി അളിയാ..! നിര്‍മലയും സാലിയുമാണ് ഇക്കാര്യത്തിലെന്റെ റോള്‍ മോഡല്‍സ്..അതിലെനിക്ക് സാലി ആയാല്‍ മതീന്ന് മാത്രം.. പിക്‌നിക്ക് ടീമില്‍ നിന്നും ആരും കാണാതെ പുറത്ത് ചാടി സാലിയും നിര്‍മ്മലയും പക്ഷികളെ പോലെ പറക്കുന്ന ഒരു ഫീലുണ്ടല്ലോ.. എന്റെ സാറേ...!!

തീരെ പ്ലാന്‍ഡ് അല്ലാതെ, എന്നാല്‍ ഉള്ളിന്റെ ഉളളില്‍ രഹസ്യായി പ്ലാന്‍ ചെയ്യുന്ന ഒരു യാത്ര..കാടും മലയും കയറി, അറിയാത്ത ഏതൊക്കയോ സ്ഥലങ്ങളില്‍ ചുറ്റിയിടിച്ച്, വഴിവക്കില്‍ കാണുന്നത് വാങ്ങിക്കഴിച്ച്, അറിയാത്തവരുമായി ചങ്ങാത്തം കൂടി, ബസ് സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലും കിടന്നുറങ്ങി, എങ്ങോട്ടോ പോണ ട്രെയിനില്‍ കയറി, ട്രെയിനിന്റെ കൂടെ, കാറ്റിന്റെ കൂടെ, പുഴയുടെ കൂടെ, ആവോളം കടലുകണ്ട് ഒഴുകിയൊഴുകി പോകണ ഞാന്‍..ആഹാ.! എന്തൊരു (അണ്‍)പ്ലാനിങ്..! 

പിന്നെ അതിലും രസം മറ്റൊന്നാണ്..കുറേ ദിവസം എന്നെ കാണാതിരിക്കുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്കുണ്ടാവുന്ന അങ്കലാപ്പ്..കാണാണ്ടായി കാണാണ്ടായി എല്ലാരും എന്നെ തപ്പി നടക്കില്ലേ.. ഞാന്‍ ബാക്കിവെച്ചു പോയ ഓര്‍മ്മകളില്‍ അവര്‍ കണ്ണീര്‍ വാര്‍ക്കില്ലേ...! എന്റെ നൂറായിരം ബാലരമേം പുസ്തകോം ഉടുപ്പും കയ്യില്‍ പിടിച്ചെന്റെ അമ്മ കരയൂലേ..എല്ലാരും സങ്കപ്പെട്ട് നില്‍ക്കുമ്പോ സര്‍പ്രൈസായിട്ടുള്ള എന്റെ മാസ് എന്‍ട്രി,പിന്നെ എന്റെ ക്ലോസ് അപ്പ്, എന്റെ ഫുള്‍ ഫിഗര്‍..പിന്നെ അമ്മേന്റെ ക്ലോസപ്പ് അച്ഛന്റെ ഫുള്‍ ഫിഗര്‍..!അന്നത്തെ നാലാം ക്ലാസ്സുകാരിയുടെ മനസ്സില്‍ സാലിയും നിര്‍മലയും ബാക്കിയാക്കിയ കുറച്ച് പ്രാന്തന്‍ മോഹങ്ങള്‍ ഇങ്ങനൊക്കെയായിരുന്നു ഭായ്..

നാലാം ക്ലാസ്സും പത്താം ക്ലാസ്സും കോളേജ് കഴിഞ്ഞു, കുറച്ച് ബോധോം വിവരോം വന്നു.. അതോടെ വീട്ടുകാരെ പേടിപ്പിച്ചൊരു നാടുവിടല്‍ വേണ്ടെന്നങ്ങ് തീരുമാനിച്ചു. നാടുവിടല്‍ സിന്‍ഡ്രം വിടാതങ്ങ് പിന്തുടരുന്നതിനാല്‍ അടുത്ത ഐഡിയ അമ്മയോടും അച്ഛനോടും മാത്രം രഹസ്യായി പറഞ്ഞിട്ട് നാടുവിടാമെന്നായിരുന്നു. വാട്ട് എ ഗ്രേറ്റ് ഐഡിയ ബ്രോസ്..!ബട്ട് ദി പോയന്റ് ഈൗസ്.. എങ്ങനെ ഇക്കാര്യം അവതരിപ്പിക്കും. യാത്ര പോകുന്നുവെന്ന വ്യാജേനെ പറഞ്ഞു തുടങ്ങിയപ്പോ തന്നെ കിട്ടി അമ്മയുടെ തുറിച്ചു നോട്ടവും പല്ലിറുമ്മലും..അച്ഛനോട് പറഞ്ഞു കൊടുക്കട്ടേയെന്ന ഭീഷണി കൂടി മേമ്പൊടി കിട്ടിയതോടെ നാടുവിടല്‍ മോഹത്തെ തല്‍ക്കാലം ഞാന്‍ പൗഡറ് കുപ്പീലാക്കി ബാഗിലിട്ടു പൂട്ടി. 

കോളേജ് കഴിഞ്ഞ് ജോലി കിട്ടി കൊച്ചിക്ക് വണ്ടി കേറിയപ്പോഴും പൗഡറ് കുപ്പീലാക്കിയ നാടുവിടല്‍ മോഹത്തേയും കൂടെ കൂട്ടി. ഒരു യാത്രയുടെ രൂപത്തില്‍ പോലും ആ മോഹം പൂര്‍ത്തിയാക്കാന്‍ രണ്ടര വര്‍ഷത്തെ കൊച്ചിവാസത്തിനും കഴിഞ്ഞില്ല. ആലോചിച്ച് ആലോചിച്ച് പ്രാന്തായിട്ടിരിക്കുമ്പോള്‍, എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് ചിന്തിച്ച് ചിന്തിച്ച് കാട് കയറുമ്പോള്‍, ടെന്‍ഷന്‍ കൂടുമ്പോള്‍, സങ്കടം വരുമ്പോള്‍, മാസത്തിലുള്ള സിസ്റ്റം തകരാറുകള്‍ മുറയ്‌ക്കെത്തുമ്പോള്‍, ആരെങ്കിലും ദേഷ്യപ്പെട്ട് സംസാരിച്ച് സങ്കടം വരുമ്പോള്‍, കരയാന്‍ മുട്ടുമ്പോള്‍, തലേന്റെ മേലേക്ക് സന്തോഷം കേറി വരുമ്പോഴൊക്കെയും പുട്ടിന് തേങ്ങാപ്പീര പോലെന്റെ നാടുവിടല്‍ ടെണ്ടന്‍സിയും പുറത്തുചാടി. പ്രിയപ്പെട്ട ചങ്ങായിമാര്‍ക്കുള്ള വാട്ട്‌സാപ്പ് മെസേജുകള്‍ക്കിടയില്‍ നമ്മക്ക് നാടുവിട്ടാലോ, ഓടിപ്പോയാലോ എന്ന ചോദ്യങ്ങള്‍ ഇടയ്ക്കിടെ വന്നു തുടങ്ങി. നിനക്ക് പ്രാന്തായോ എന്നതു മുതല്‍ വാ പോകാമെന്ന് പറഞ്ഞ് കട്ട സപ്പോര്‍ട്ട് വരെ തന്ന ചങ്ങായിമാരുണ്ടായിരുന്നു എനിക്ക്..

ചങ്ക് ബ്രോസ് സപ്പോര്‍ട്ട് ചെയ്താലും ഇല്ലെങ്കിലും നാടുവിടല്‍ മോഹമെന്റെ ഉളളിലിങ്ങനെ ഉറങ്ങിക്കിടപ്പുണ്ട്. എപ്പോഴാണ് അത് ചങ്ങല പൊട്ടിച്ച് പുറത്തു ചാടുകയെന്ന സംശയം മാത്രം ബാക്കി. ആഗ്രഹിച്ചു കാത്തിരിക്കുന്ന യാത്രയെ കുറിച്ച് ഓര്‍മ്മിപ്പിക്കുമ്പോള്‍ എന്റെ സ്വാതന്ത്ര്യത്തിന്റെ പെണ്‍ ചങ്ങലകള്‍ക്കുള്ളില്‍ കുരുങ്ങിക്കിടക്കുന്നത് കാത്തിരിക്കുന്നൊരു നാടുവിടല്‍ പൂതി മാത്രമാണ്..വേറൊന്നിനുമല്ല, ദേശാടനക്കിളികള്‍ക്കുമപ്പുറത്ത് ഏതോ ഒരു പ്രാന്തന്‍ സ്വപ്‌നം തലയില്‍ കുടികെട്ടി പാര്‍ക്കുന്നതു കൊണ്ടുമാത്രം. പിന്നെ എല്ലാം ഓര്‍ക്കുമ്പോള്‍ ആകെയുള്ളൊരു സമാധാനം ഇതുപോലെ എന്തെങ്കിലും പ്രാന്തുള്ള എത്ര മനുഷ്യര് ഈ ലോകത്തുണ്ടാവുമെന്നത് മാത്രാണ്..

content highlight: Mathrubhumi Women Journalists Write international women's day 2018