ട്ടാം ക്ലാസ്സിലെ  ഒരു അവധി ദിനം. കുടുംബത്തോടൊപ്പം ദീര്‍ഘയാത്രയ്ക്കൊരുങ്ങാന്‍ പുലര്‍ച്ചെ തന്നെ എഴുന്നേറ്റു. മൂത്തജ്യേഷ്ഠന്റെ മകന്റെ ചോറൂണിന് കുടുംബം മുഴുവന്‍ ഗുരുവായൂര്‍ക്ക് യാത്ര പോവാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ അല്‍പം കഴിഞ്ഞാണ് ആ ഞെട്ടിക്കുന്ന സത്യം ഞാന്‍ തിരിച്ചറിയുന്നത്. തലേന്ന് രാത്രി പോലും ദൈവത്തോട് ഞാന്‍ കേണപേക്ഷിച്ചതാണ് പണിപറ്റിക്കരുതെന്ന്.  ഉണ്ണി മൂത്രം വരെ അശുദ്ധിയുള്ള ഗുരുവായൂര്‍ അമ്പലത്തില്‍ ആര്‍ത്തവം വന്നാല്‍ എങ്ങനെ പോവാനാണ് ഞാന്‍?.

ഒരുപാട് പ്രാര്‍ത്ഥിച്ചാണ് കിടന്നുറങ്ങിയത് എന്നിട്ടും അന്നേ ദിവസം യാത്ര പുറപ്പെടുന്നതിന് അല്‍പം മുമ്പ് അത് സംഭവിച്ചു. അമ്പലത്തിലേക്കുള്ള പോക്കായതിനാല്‍ എല്ലാവരും എന്നെ അകറ്റി നിര്‍ത്തി. ചേച്ചിമാര്‍ സഹതപിച്ചു. 'വണ്ടിയില്‍ വെച്ചായില്ലല്ലോ' എന്ന് ചിലര്‍ ആശ്വാസം പൂണ്ടു.

ആര്‍ത്തവം മൂലം നഷ്ടപെട്ട ആ ചോറൂണ്‍ ആഘോഷം ഞാനെന്ന 13 വയസ്സുകാരിയില്‍ ഏല്‍പിച്ച മുറിവും വേദനയും അത്ര എളുപ്പം മറക്കാനാവുന്നതായിരുന്നില്ല. അനിയത്തിമാരും ഏട്ടന്‍മാരും ചേച്ചിമാരും ചേര്‍ന്ന് കാര്‍ വിളിച്ച് ആഘോഷമാക്കിയുള്ള ആ ഗുരുവായൂര്‍ യാത്രയുടെ നഷ്ടം പറഞ്ഞറിയിക്കുക വയ്യ. ഇതൊന്നും പോരാത്ത് ആ നിഷിദ്ധ വിഷയം നാട്ടില്‍ പാട്ടായി. അവളെന്താ വരാത്തതെന്ന ചോദ്യത്തിന് എന്റെ മുന്നില്‍ വെച്ച് തന്നെ ചേച്ചിമാര്‍ മറുപടി പറഞ്ഞപ്പോള്‍ ഞാന്‍ കൂടുതല്‍ ഇളിഞ്ഞു. കാരണം കേള്‍ക്കുമ്പോള്‍ കേള്‍വിക്കാരന്റെ മുഖത്ത് വിരിഞ്ഞ പരിഹാസം എന്ന കൂടുതല്‍ അരക്ഷിതയാക്കി.  സാനിട്ടറി നാപ്കിന്റെ പരസ്യം കാണുമ്പോള്‍ റിമോട്ട് ഉടമ ചമ്മലോടെ ചാനല്‍ മാറ്റുന്ന ആ കാലഘട്ടത്തിലെ പരിഹാസം സ്വാഭാവികം മാത്രം.

ആര്‍ത്തവത്തോടൊപ്പം പൊട്ടിപ്പുറപ്പെടുന്ന അസഹ്യമായ വയറുവേദന ഒന്നു കൊണ്ടു മാത്രമാണ് ആ മനോവിഷമത്തിന്റെ ആഘാതത്തില്‍ ഞാന്‍ ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നത്. ആത്മഹത്യയെ കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത അസഹ്യമായ ശരീരവേദനയായിരുന്നു ആ ദിനം മുഴുക്കെ. 

ഇങ്ങനെ അമ്പലത്തില്‍ പോവാനും കല്യാണാഘോഷങ്ങളില്‍ കൂടാനും എന്തിന് ഉറ്റവരുടെ മരണസമയത്ത് പോലും ആര്‍ത്തവം പിടികൂടുന്നുവെന്ന ഭയത്താലാണ് ഞങ്ങളില്‍ പലരും ഓരോ മാസവും ആ ദിവസങ്ങളെ തള്ളിനീക്കിയത്. ദൈവത്തിന് നിഷിദ്ധമായ ആര്‍ത്തവ ദിനങ്ങളിലൊന്നില്‍ അന്നൊരിക്കല്‍ അമ്പലത്തില്‍ പ്രതിഷേധവുമായി കയറിയത് ഭയപ്പാടോടെയേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. ആരെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ശുദ്ധിക്രിയയും മറ്റെല്ലാമായി ആകെ കലാപമായേനേ. 

ഇടയ്ക്ക് വരുന്ന ആര്‍ത്തവവും ചൂളം വിളിക്കരുതെന്നും രാത്രിയില്‍ ഓടിക്കളിക്കരുതെന്നുമുള്ള ചില കുഞ്ഞുവിലക്കുകളും ഒഴിച്ചാല്‍ അനുഭവങ്ങളുടെയും നിറമുള്ള ഓര്‍മ്മകളുടെയും ഏറ്റവും ധന്യമായ കാലമായിരുന്നു പരപ്പനങ്ങാടിയിലെ കുട്ടിക്കാലം. പ്രത്യേകിച്ച് സ്‌കൂള്‍ കാലഘട്ടം. 

എന്നും ട്യൂഷന്‍ കഴിഞ്ഞ് വരുമ്പോള്‍ ഹിന്ദുവെന്നോ മുസ്ലിമെന്നോ ഭേദമില്ലാതെ ഞങ്ങള്‍ കൂട്ടുകാര്‍ക്ക് അമ്പലശാന്തി പ്രസാദം തന്നിരുന്നു. എല്ലാവരെയും അമ്പലത്തിലും കയറ്റിരുന്നു. ആര്‍ത്തവകാലത്തെ അമ്പലപ്രശ്നം ഒഴിച്ചാല്‍ കുട്ടിയില്‍നിന്ന് പെണ്‍കുട്ടിയിലേക്കുള്ള വളര്‍ച്ച എന്നെയോ എന്റെ കൂട്ടുകാരെയോ ഒരിക്കല്‍ പോലും സങ്കടപ്പെടുത്തിയിരുന്നില്ല. പെണ്‍കുട്ടികളാണെന്ന ബോധമോ അപകര്‍ഷതാബോധമോ ഒരല്‍പം പോലും തോന്നാതെ തന്നെയാണ് വളര്‍ന്നത്. വീട്ടില്‍ ആണ്‍കുട്ടികളില്ലാത്തതിനാല്‍ പൊരിച്ച മീനും നഷ്ടപ്പെടുത്തേണ്ടി വന്നിട്ടില്ല. സ്‌കൂളിലാവട്ടെ ഏതാണ്ട് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യമായിരുന്ന ക്ലാസ്സ് മുറികളില്‍ പെണ്‍കുട്ടികള്‍ക്കായിരുന്നു മേല്‍ക്കോയ്മ. ക്ലാസ്സിലെ  പഠനത്തിലും കല, കായിക മേഖലയിലും പെണ്‍കുട്ടികളായിരുന്നു മുമ്പില്‍. ഇതെല്ലാം പോരാത്തതിന് എന്‍എച്ച്ആര്‍എസ് എന്ന് ഞങ്ങള്‍ തന്നെ പേരിട്ട പത്തംഗ പെണ്‍കൂട്ടം തന്ന സംഘബോധം ചെറുതായല്ല ഞങ്ങള്‍ പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം നിറച്ചത്. ആ സംഘബോധം എന്റെ മുന്നോട്ടുവഴിയില്‍ ഏറെ നിര്‍ണ്ണായക ശക്തിയാവുകയായിരുന്നു.

ദേശീയഗാനത്തിന് താളമിട്ട് വിവാദമാകാത്ത കാലം

സ്‌കൂള്‍ കാലഘട്ടത്തില്‍ ദേശീയഗാനം ഞങ്ങള്‍ക്ക് വികാരമായിരുന്നില്ല, ഏറ്റവും മനോഹര നിമിഷമായിരുന്നു അത്. ദേശീയ ഗാനത്തോടെയാണല്ലോ ഒരു സ്‌കൂള്‍ ദിനം അവസാനിക്കുന്നത്. എല്ലായ്‌പ്പോഴും അറ്റന്‍ഷനില്‍നിന്ന് ദേശീയഗാനത്തെ ആദരവോടെയും അതിലേറെ സ്‌നേഹത്തോടെയും നോക്കിക്കണ്ടിരുന്നെങ്കിലും അന്നാരു ദിവസം ഞങ്ങള്‍ അത് ആഘോഷമാക്കി. പഠിച്ചു തളര്‍ന്ന ആ ദിവസം സ്‌കൂളില്‍ മുഴങ്ങിയ ദേശീയഗാനത്തെ ഡെസ്‌കില്‍ കൊട്ടിപ്പാടിയാണ് ഞങ്ങള്‍ വരവേറ്റത്. 

ദേശീയഗാനത്തിനൊപ്പം താളമിടുന്നതും ചുവടുവെക്കുന്നതും ഇന്നത്തെ അത്ര കൊടുംകുറ്റമായിരുന്നില്ലെങ്കിലും ആണ്‍കുട്ടികളില്‍ ചിലര്‍ ഒറ്റു കൊടുത്തു. ക്ലാസ്സ് ടീച്ചര്‍ വന്ന് മുഴുവന്‍ ക്ലാസ്സിനെയും ചോദ്യം ചെയ്തു. ആരും ഒരക്ഷരവും ഉരിയാടയില്ല. പക്ഷെ അധ്യാപകന്‍ സൈക്കോളജിക്കല്‍ മൂവ് നടത്തി. ഏറ്റവും ദുര്‍ബല ഹൃദയനെ പിടിച്ച് നീയല്ലെടാ കൊട്ടിപ്പാടിയതെന്ന് ചോദിച്ചു. സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ അവന്‍ ഞങ്ങളെ ചൂണ്ടിക്കാണിച്ചു. പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും അദ്ദേഹം വീട്ടുകാരെ വിളിച്ചില്ല, വിവാദമാക്കിയില്ല. നിഷ്‌കളങ്ക ബാല്യത്തിന്റെ അമിതാവേശവും കൊട്ടിപ്പാടാനുള്ള കലയോടുള്ള താത്പര്യവുമായി കണ്ട് പ്രിന്‍സിപ്പാള്‍ ഞങ്ങളെ വെറുതെ വിട്ടു. ഒപ്പം ഒരു ഉപദേശവും: എന്തൊക്കെയായാലും യുവജനോത്സവത്തിന് സ്‌കൂളിന് നിങ്ങളെ ആവശ്യമുണ്ട്.

Nileena

ആണ്‍കുട്ടികളെ മൂലയിലൊതുക്കിയ കളിമുറ്റം

സ്‌കൂളുകളിലെ കളിമുറ്റങ്ങള്‍ ആണ്‍കുട്ടികള്‍ കയ്യേറുന്നുവെന്ന നിവേദനം അടുത്തിടെ മുഖ്യമന്ത്രിക്ക് ആരോ സമര്‍പ്പിച്ചുവെന്ന വാര്‍ത്ത ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഞാന്‍ പഠിച്ച ബിഇഎം ഹൈസ്‌കൂളില്‍ അരികുവത്കരിക്കപ്പെട്ട് കളിക്കാന്‍ വിധിക്കപ്പെട്ടത് ആണ്‍കുട്ടികളായിരുന്നു. വിഷയം ജെന്‍ഡറല്ല. അവരുടെ കയ്യില്‍ ബാറ്റും ബോളുമുണ്ടായിരുന്നു. കളിയായുധന്തമേന്തിയുള്ള കളിയായതിനാല്‍ സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി അവര്‍ ഗ്രൗണ്ടിന്റെ ഒരു മൂലയില്‍ ഒതുക്കപ്പെടുകയായിരുന്നു. കളിസ്ഥലത്തിന്റെ ബഹുഭൂരിപക്ഷം ഞങ്ങള്‍ പെണ്‍കുട്ടികള്‍ കൈയ്യേറി. ഒമ്പതാം ക്ലാസ്സുവരെ ഇടവേള സമയത്ത് ഖൊ ഖൊ, ഓടിത്തൊട്ടു കളി, ഞൊണ്ടി തൊട്ടുകളി, അങ്ങനെ പലവിധ കളികളില്‍ മുഴുകി. ശരീരത്തെ ചങ്ങലക്കിടാത്ത മനോഹര നാളുകളായിരുന്നു അത്. ശരീരത്തിന് ലൈംഗികാവയവമെന്നോ സാധാരണ അവയവമെന്നോ ചേരിതിരിക്കാതെ വിവേചനമില്ലാതെ കണ്ട നാളുകള്‍.  

അങ്ങനെയൊരു നാളിലെ ഓടിത്തൊട്ടുകളിക്കിടെയാണ് ഞാന്‍ സ്‌കൂള്‍മുറ്റത്തെ മാവിന്റെ വേരില്‍ തട്ടി മറിഞ്ഞു വീണത്. മുട്ടറ്റം വരെയുള്ള പച്ചപ്പാവാട നന്നായി പൊന്തി. തുട മുതല്‍ മുട്ടുവരെ പോറി ചോര പൊടിഞ്ഞതാണ് എന്നെ അലട്ടിയതെങ്കില്‍ ചുറ്റിലും കൂടിയവര്‍ ചര്‍ച്ചാവിഷയമാക്കിയത് എന്റെ തുടയായിരുന്നു. 'പാവം അവളുടെ പാവാട മുഴുവന്‍ പൊങ്ങിപ്പോയി ' എന്ന സഹതാപ വാക്കുകള്‍ ചോരയേക്കാള്‍ ഹൃദയത്തെ നീറ്റി. ആ കാല്‍ ഒരു പെണ്‍കുട്ടിയുടെ കാലാണെന്ന അപകര്‍ഷതാബോധം ആദ്യമായി പിടികൂടിയ നിമിഷമായിരുന്നു അന്ന്.  

എന്നില്‍ അപകര്‍ഷതാബോധം വളര്‍ത്തിയ എന്റെ ആത്മവിസ്വാസം കെടുത്തിയ കുട്ടിയെന്ന ബോധത്തില്‍നിന്ന് വെറും പെണ്‍കുട്ടിയെന്ന തെറ്റിദ്ധാരണയിലേക്ക് പിടിച്ചു വീഴ്ത്തിയ ആ കുട്ടിപ്പാവാടയെ ഞാന്‍ ഇന്നും അങ്ങേയറ്റം വെറുക്കുന്നു.(വലിയ പാവാട ഇട്ടുകൂടായിരുന്നോ എന്ന ഉപദേശവുമായി ആരും വരില്ലെന്ന് പ്രതീക്ഷിക്കുന്നു). എന്‍എച്ച്ആര്‍എസ് എന്ന പെണ്‍സംഘത്തിന്റെ സംഘബലം ഒന്നു കൊണ്ടു മത്രമാണ് തുടര്‍ന്നുള്ള കളിയാക്കലുകളില്‍നിന്ന് ഞാന്‍ രക്ഷപ്പെട്ടതും ആ സംഭവം മറവിയിലേക്കാണ്ടതും.

എന്നെപ്പോലെ എത്രയനേകം പെണ്‍കുട്ടികളെ അപകര്‍ഷതാബോധത്തിന്റെ പടുകുഴിയിലേക്ക് ആ കുട്ടിപ്പാവാട വീഴ്ത്തിയിട്ടുണ്ടാവുമെന്ന് ഓര്‍ക്കാറുണ്ട് പലപ്പോഴും. പെണ്‍കുട്ടിയുടെ കാല്‍ നടക്കാനും ഓടാനുമുള്ള വെറും കാല്‍ മാത്രമാണെന്ന ബോധം നാട്ടിലെ എല്ലാവര്‍ക്കും ഉണ്ടാകുന്ന കാലം വരേക്കും ആ കാലടികളെ ചങ്ങലക്കിടുന്ന പാവാടകള്‍ നിരോധിച്ച് ട്രൗസര്‍ കൊണ്ടുവരണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. തെന്നിനീങ്ങുമ്പോഴുള്ള ആ വിഷമം കാലുകള്‍ മുഴുക്കെ കാണുന്ന ട്രൗസര്‍(ത്രീ ഫോര്‍ത്ത് ആയാലും മതി) ധരിക്കുന്നതിലൂടെ ഇല്ലാതാകുമല്ലോ. ഭയപ്പാടില്ലാതെ അവര്‍ ആ കളിമുറ്റത്ത് കളിച്ചു വളരട്ടെ.

Mathrubhumi Women Journalists Write on international women's day 2018