രാത്രിയില്‍ ബസിന്റെ സൈഡ് സീറ്റിലിരുന്ന് പുറത്തെ ഇത്തിരി വെട്ടങ്ങള്‍ നോക്കി യാത്ര ചെയ്യണം. തനിയെ. അതൊരു രസമാണ്, സാഹസികതയും. കോളേജ് പഠനകാലത്താണ് എന്റെ നീണ്ട ബസ് യാത്രകള്‍ ആരംഭിക്കുന്നത്. പാലായില്‍ നിന്ന് വൈകുന്നേരത്തെ ബസ് വാഗമണ്‍ചുരം കയറുമ്പോഴേയ്ക്കും രാത്രിയാവും. പുറത്തേയ്ക്ക് നോക്കി നിന്നാല്‍ തേയിലക്കാടുകള്‍ക്ക് മുകളില്‍ മഞ്ഞ് നൃത്തം ചെയ്യുന്നത് കാണാം. അതിനിടയില്‍ മിന്നാമിനുങ്ങു പോലെ  ചെറിയ വെളിച്ചങ്ങള്‍ അവിടവിടെ. വീടുകളാണ്. രാത്രി യാത്രകള്‍ക്ക് മാത്രം സമ്മാനിക്കാന്‍ കഴിയുന്ന അപൂര്‍വദൃശ്യം. 

പഠനം കഴിഞ്ഞ് ജോലി കിട്ടിയപ്പോഴും രാത്രി യാത്രകള്‍ അവസാനിച്ചില്ല. രാത്രി ബസ് സ്റ്റാന്‍ഡുകളില്‍ വന്നുള്ള കാത്തിരിപ്പാണ് ഏറ്റവും കൗതുകം. ഹോസ്റ്റലില്‍ നിന്ന് വൈകിട്ട് പുറത്തിറങ്ങേണ്ട അവസാന സമയം ഏഴ് മണിയാണ്. രാത്രി വൈകിയുള്ള ബസ് ആണെങ്കില്‍ ബസ് സ്റ്റാന്‍ഡിലെ കസേരയിലിരുന്ന് ലോകത്തെ മൊത്തം വായ് നോക്കാം. ചില ശല്യക്കാരെ സൂക്ഷിക്കണമെന്ന് മാത്രം. 

ഒരിക്കല്‍ രാത്രി ഒരു മണിക്ക് തിരുവനന്തപുരം ബസ് സ്റ്റാന്‍ഡില്‍ രക്ഷയ്‌ക്കെത്തിയത് ഒരു നാടോടി സ്ത്രീയാണ്്. അവര്‍ എനിക്ക് സഞ്ചിയൊക്കെ ഒതുക്കി ഇരിക്കാനൊരു സ്ഥലം തന്നു. കുറച്ച് പ്രായമുള്ള ഒരു സ്ത്രീ. വിശക്കുന്നുണ്ടോ എന്ന് പകുതി മലയാളത്തിലും തമിഴിലും ചോദിച്ച് അവരെനിക്ക് ഒരു ഏത്തപ്പഴം തന്നു. ഈശ്വരാ വല്ല ഉറക്കഗുളികയും തന്ന് തട്ടിക്കൊണ്ട് പോകാനാണോ എന്നാണ് ആദ്യം ഓര്‍ത്തത്. ഇത്തരം സമയങ്ങളില്‍ മാത്രം പൊതുവിടങ്ങളില്‍ കാണപ്പെടുന്ന ചില പുരുഷജീവികളിലൊന്ന് അവിടെ തട്ടിമുട്ടി നില്‍ക്കാന്‍ ആരംഭിച്ചു. അപ്പോഴാണ് പേടിച്ചത്. അവിടെയെങ്ങും ഒരു പോലീസിനെപ്പോലും കാണുന്നില്ല. സഹായത്തിന് വിളിക്കാന്‍ ആളുമില്ല. എന്തു ചെയ്യുമെന്ന് ആലോചിച്ച് വിറങ്ങലിച്ചിരിക്കുമ്പോഴാണ് എന്റെ സംരക്ഷക ചാടി എഴുന്നേറ്റ് ചീത്ത വിളി തുടങ്ങിയത്. ചീത്ത വിളിക്കുന്നതിനിടെ മോള് ഉറങ്ങിക്കോ ഞാന്‍ നോക്കിക്കോളാം എന്നൊക്കെ പറയുന്നുണ്ട്. 'ഉറങ്ങാനോ? പകുതി ജീവന്‍ തന്നെ പോയപ്പോഴാണ്...' എന്തായാലും അയാള്‍ കണ്ടംവഴി ഓടിയിട്ടുണ്ടാവും. അവിടെ നിലത്തും സീറ്റിലുമൊക്കെ ധാരാളം സ്ത്രീകള്‍ ഉറങ്ങുന്നുണ്ടായിരുന്നു. എല്ലാം നാടോടികളോ അന്യസംസ്ഥാനതൊഴിലാളികളോ ആണ്. ഒരു ആകുലതകളുമില്ലാതെ അവരൊക്കെ ഉറങ്ങുന്നു. ഞാനെന്റെ ജീവനും കൈയില്‍ പിടിച്ച്...

കോഴിക്കോടേയ്ക്ക് ജോലി മാറി വന്നപ്പോഴും രാത്രിയാത്രകള്‍ കുറഞ്ഞില്ല. പത്ത് മണിവരെയുള്ള സമയം വലിയ കുഴപ്പമില്ലാതെ പോകും. അതു കഴിഞ്ഞാല്‍, എത്ര തിരക്കിലും നോട്ടങ്ങളുടെ അര്‍ത്ഥം മാറും. നോട്ടങ്ങളെ നോക്കാതിരിക്കുകയാണ് ഏകവഴി. രാത്രി യാത്രയുടെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് അനുസരിച്ച് ഉണ്ടാകാവുന്ന എല്ലാ പോക്കണംകേടുകള്‍ക്കും നമ്മള്‍ മാത്രമാണ് ഉത്തരവാദി. ഒരു രാത്രിയാത്രയില്‍ വില്ലനായത് മൊബൈല്‍ ഫോണാണ്. കൊച്ചിയില്‍ നിന്ന് കോഴിക്കോടേയ്ക്ക് കിട്ടാവുന്ന എല്ലാ ട്രെയ്‌നും മിസ്സായപ്പോള്‍ പിന്നെ ബസ് കയറാനായി തീരുമാനം. രാത്രി തന്നെ. തിരിച്ചെത്തുമ്പോള്‍ വൈകിയാല്‍ ഇങ്ങോട്ടു പോരെ എന്ന് പറഞ്ഞ് ഒപ്പം ജോലി ചെയ്യുന്ന ചേച്ചിയും. 

ബസില്‍ കയറിയപ്പോഴെ ഫോണ്‍ സ്വിച്ച് ഓഫ്. നമ്പരുകളൊന്നും കാണാതെ അറിയില്ല. വീട്ടിലെ നമ്പറാണ് ആകെ അറിയാവുന്നത്. അടുത്തിരുന്ന വല്യമ്മയുടെ ഫോണ്‍ വാങ്ങി വീട്ടില്‍ വിളിച്ചു. കുഴപ്പമില്ലെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ചു. ഇനി കോഴിക്കോടെത്തിയാല്‍... ചേച്ചിയുടെ വീട്ടില്‍ പോകാന്‍ വഴി അറിയില്ല. വഴി ചോദിച്ചിട്ടുമില്ല.  രാത്രി രണ്ട് മണിയായപ്പോഴാണ് കോഴിക്കോട് എത്തുന്നത്. ബാറ്ററി ഊരിയും തിരിച്ചിട്ടും തട്ടിയും ഒക്കെ ഫോണ്‍ ഒന്ന് ഓണ്‍ ആയി. വേഗം ചേച്ചിയെ വിളിച്ചു സ്ഥലം ചോദിച്ചു. വഴി പറയും മുമ്പേ ഫോണ്‍ വീണ്ടും ഡിം. രണ്ടും കല്‍പ്പിച്ച് ഓട്ടോ പിടിച്ചു. സ്ഥലവും പറഞ്ഞു. ആ വഴി മുഴുവന്‍ ഓടിയിട്ടും ഇറങ്ങേണ്ട സ്ഥലം അറിയാതെ ഇരിക്കുന്ന എന്നോട് മോളേ വിളിച്ച് ചോദിക്ക് എന്നൊക്കെ അയാള്‍ പറയുന്നുണ്ട്. ഫോണ്‍ അനങ്ങേണ്ടേ. രണ്ട് വട്ടം ആ വഴി അയാള്‍ കറങ്ങി. പാവം മനുഷ്യന്‍ ആ പാതിരാത്രി നീട്ടി ഹോണും അടിച്ച് നാട്ടുകാരുടെ പ്‌രാക്കും വാങ്ങി. എന്നെ തിരിച്ച് ബസ് സ്റ്റാന്‍ഡില്‍ വിട്ടേക്കൂ ചേട്ടാ എന്നായി ഞാന്‍. അവിടെയൊന്നും രാത്രി പെണ്‍കുട്ടികള്‍ക്ക് പറ്റുന്ന സ്ഥലമല്ല എന്നൊക്കെ അയാള്‍ പറയുന്നുണ്ട്. 

ബസ് സ്റ്റാന്‍ഡിലെ ഇരിപ്പുകള്‍ എനിക്കറിയാവുന്ന അത്രയും ചേട്ടനറിയില്ല ചേട്ടാ എന്ന് മനസില്‍ പറഞ്ഞ് ഞാന്‍ തിരിച്ചെത്തി. ഒരു സൈഡ് നോക്കി സീറ്റ് പിടിച്ചു. ഒന്ന് ഉറങ്ങാന്‍ വേണ്ടി നോക്കിയപ്പോഴാണ്. ആരോ വിളിക്കുന്നു. ഈ നേരത്ത്.. ഇവിടെ.. എന്റെ പേര്.. പിന്നേ.. തോന്നലാവും. പിന്നെയും കേട്ടപ്പോള്‍ ഒരു സംശയം. നോക്കിയപ്പോള്‍ പരിചിതമായൊരു മുഖം. തിരഞ്ഞു വന്നതാണ്. സഹപ്രവര്‍ത്തകന്‍. രാത്രി ഓട്ടോയില്‍ കയറിയ എന്നെ കാണാനില്ലെന്നും പറഞ്ഞ് ടെന്‍ഷനടിച്ച് ചേച്ചി പറഞ്ഞു വിട്ടതാണ് പുള്ളിയെ. പാതിരാത്രി നാട്ടില്‍ ചേച്ചി വിളിക്കാത്ത ആളുകളില്ല എന്ന് പിന്നെയാണറിഞ്ഞത്. നീ എവിടെ വേണേലും പോയ്‌ക്കോ കാണാതെ പോകാതെ ഇരുന്നാല്‍ മതി എന്നാണ് ഇപ്പോള്‍ ചേച്ചിയുടെ ഡയലോഗ്. എന്തായാലും മനുഷ്യരുടെയും തെരുവിന്റെയും മുഖം മാറുന്ന രാത്രിയാത്രകള്‍ എനിക്കിപ്പോഴും ഇഷ്ടം തന്നെ.

Content Highlights : International Women's Day 2018, Mathrubhumi Women Journalists Write