രമപ്പേജുകളെ പേടിച്ചിരുന്ന ഒരു അമ്മൂമ്മയുണ്ടായിരുന്നു പരിചയത്തില്‍. മൂകാമിയമ്മൂമ്മ. ചന്ദനനിറത്തിലുള്ള മുണ്ടും നേര്യതുമാണ് സ്ഥിരം വേഷം. കഴുത്തിലും കാതിലും കൈയ്യിലുമെല്ലാം നിറയെ ആഭരണങ്ങള്‍. നെറ്റിയില്‍ ചന്ദനക്കുറി. മുഖം നിറയുന്ന ചിരി.

അമേരിക്കയിലെ ബില്‍ ക്ലിന്റനെ കുറിച്ച് തുടങ്ങി സദ്ദാംഹുസൈനെക്കുറിച്ചും എല്‍.ടി.ടി.ഇ. പ്രഭാകരനെക്കുറിച്ചും  വീരപ്പനെക്കുറിച്ചും വരെ മൂകാമിയമ്മൂമ്മ സംസാരിക്കും. വസ്തുനിഷ്ഠമായി തന്നെ. പത്രത്തിലെ എല്ലാ വാര്‍ത്തയും അരിച്ചുപെറുക്കി വായിക്കും. ചരമപ്പേജ് ഒഴികെ.  അബദ്ധത്തില്‍ പോലും ആ പേജില്‍ കണ്ണുടക്കാതിരിക്കാനുള്ള ജാഗ്രതയെക്കുറിച്ച് പറഞ്ഞ് അവരുടെ ബന്ധുക്കള്‍ ചിരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.  

സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. ഒരു ദിവസം അവരുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മൂമ്മ തനിച്ചാണ്. സംസാരിക്കാന്‍ ഒരാളെ കിട്ടിയ ആവേശത്തില്‍ അമ്മൂമ്മ സംസാരിച്ചുതുടങ്ങി. ഇംഗ്ലീഷും ഹിന്ദിയും പഠിച്ചതിനെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്നതിനിടെയാണ് ചരമപ്പേജിനോടുള്ള ഇഷ്ടക്കേട് ചോദിച്ചത്. അല്‍പ്പസമയം നിശബ്ദത. പിന്നെ പതിയെ പറഞ്ഞു.  'ആ മുഖങ്ങളൊന്നും എന്റെ മനസ്സീന്ന് പോകില്ല. മരിച്ചവരുടെ ഫോട്ടൊയൊന്നും ഇങ്ങനെ കൊടുക്കാന്‍ പാടില്ല. അതെല്ലാം കണ്ടാല്‍ രാത്രീലൊന്ന് കണ്ണടക്കാന്‍ പോലും പറ്റില്ല.' ആ ശബ്ദത്തില്‍ നിറഞ്ഞുനിന്നത് ഭീതിയായിരുന്നു. പിന്നെപ്പിന്നെ പത്രം നിവര്‍ത്തുമ്പോള്‍ ഞാനും ചരമപ്പേജുകളെ അവഗണിക്കാന്‍ തുടങ്ങി. എന്തിനിങ്ങനെ, പേടിയാണോയെന്ന് മനസ്സിലുയര്‍ന്ന ചോദ്യം ഞാന്‍ കേട്ടില്ലെന്ന് നടിച്ചു. മൂകാമിയമ്മൂമ്മയെ ഞാന്‍ വെറുത്തു. 

പത്രപ്രവര്‍ത്തന പരിശീലനത്തിന്റെ ആദ്യദിവസം തന്നെ സത്യന്‍ സാറിന്റെ (പ്രശസ്തനായ എന്‍.എന്‍.സത്യവ്രതന്‍) വാക്കുകള്‍ എന്റെ മനസ്സില്‍ തീ കോരിയിട്ടു.  ചരമവും ഒരു സോഴ്‌സാകാമെന്ന്. വലിയൊരു വാര്‍ത്തയിലേക്കുള്ള ചൂണ്ടുപലകയാകാമെന്ന്. പക്ഷേ, ന്യൂസ് പേപ്പര്‍ അനാലിസിസ് എന്ന പതിവ് പഠനപരിശീലനങ്ങളിലും ഞാന്‍ ചരമപ്പേജിനെ അവഗണിക്കുന്നത് തുടര്‍ന്നു. ആ ചരമവാര്‍ത്തയിലൊരു പ്രശ്‌നം കണ്ടില്ലേ എന്ന ചോദ്യത്തിന് മുന്നില്‍ അന്ധാളിച്ചുനിന്നു.

നാളുകള്‍ക്കിപ്പുറം, പത്രത്തിന്റെ ഭാഗമായി ബ്യൂറോയിലേക്ക് എത്തിയപ്പോഴും ചരമങ്ങള്‍ എനിക്ക് മൂകാമിയമ്മൂമ്മയുടെ വാക്കുകളെ ഓര്‍മ്മിപ്പിച്ചു. അങ്ങനെ ഒടുവില്‍ ആ ദിവസമെത്തി. ആദ്യ രാത്രിയെന്ന് ഞങ്ങള്‍ കളിയാക്കി വിളിക്കുന്ന രാത്രി ഷിഫ്റ്റ്. രാത്രി ഒന്‍പതുമണിയോടെ മറ്റു റിപ്പോര്‍ട്ടര്‍മാരെല്ലാം പോകും. പിന്നെ 12 മണി വരെ ഒറ്റയ്ക്ക്. ഇതിനിടെ ഇന്നത്തെ പരിപാടിയും പ്രസ് റിലീസുമെല്ലാമെത്തും. പോലീസില്‍നിന്ന് മോഷണത്തിന്റെ വാര്‍ത്തകളും അപകടവാര്‍ത്തകളുമുണ്ടാകും. എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യണം. 

എന്നെ പേടിപ്പിച്ചത് വാര്‍ത്തകളല്ല. ചരമം എന്നെഴുതിയ തടിച്ച പുസ്തകമാണ്. ബ്യൂറോയില്‍ കിട്ടുന്ന ചരമത്തിന്റെ പേരും വയസ്സും സ്ഥലവും ഫോട്ടോയുമെല്ലാം പുസ്തകത്തില്‍ അടയാളപ്പെടുത്തിയശേഷം ഡെസ്‌ക്കില്‍ ചരമപേജ് ചെയ്യുന്ന സബ് എഡിറ്റര്‍ക്ക് നല്‍കണം. മേശയിലിരിക്കുന്ന കടലാസുകളിലേക്ക് പേടിയോടെയാണ് നോക്കിയത്. 
  
മനസ്സും ശരീരവും നിറയുന്ന മരവിപ്പോടെയാണ് കുര്യന്‍ ( 82) ആലങ്ങാട് എന്ന് പുസ്തകത്തിലേക്ക് പകര്‍ത്തിയെഴുതിയത്. വാര്‍ത്തയ്‌ക്കൊപ്പമുള്ള ചിത്രത്തിലേക്ക് മനപ്പൂര്‍വ്വം നോക്കിയില്ല. ഫോട്ടോയുടെ മറുവശം യാന്ത്രികമായി പേരെഴുതിച്ചേര്‍ത്തു. പിന്നെ വാര്‍ത്തയോട് ചേര്‍ത്ത് പിന്‍ ചെയ്തു. ഏലിക്കുട്ടി, ശിവരാമന്‍നായര്‍, രാജന്‍...ഫോണ്‍ ബെല്ലടിച്ചപ്പോഴാണ് ചരമ പുസ്തകത്തില്‍നിന്നും മുഖമുയര്‍ത്തിയത്. വാര്‍ത്തകള്‍ 20 എണ്ണം കഴിഞ്ഞു.

' ഏലിക്കുട്ടിയുടെ വാര്‍ത്തയ്‌ക്കൊപ്പം ആന്റണിയുടെ ഫോട്ടോയാ പിന്‍ ചെയ്തിരിക്കുന്നത്. ആന്റണിയുടെ ചരമോം ഏലിക്കുട്ടീടെ ഫോട്ടോയും കൊടുത്തയക്ക്' ഡെസ്‌ക്കില്‍ ചരമം ചെയ്യുന്ന ആളാണ്. അമ്പരപ്പോടെ ഞാന്‍ മേശപ്പുറത്ത് തിരഞ്ഞു. പത്രക്കുറിപ്പുകള്‍ക്കിടയില്‍ ചിരിക്കുന്ന മുഖത്തോടെ ഏലിക്കുട്ടി. 

അന്നുരാത്രി ഉറക്കത്തില്‍ ചട്ടയും മുട്ടുമണിഞ്ഞ് ഏലിക്കുട്ടി വന്നു. '105ാം വയസ്സില്‍ മരിച്ചു' എന്ന് തലക്കെട്ടിടുന്നില്ലേയെന്ന് ചോദിക്കുകയാണ് ചാക്കു. പിന്നെയും ആരൊക്കെയോ... മൂകാമിയമ്മൂമ്മയെ ഞാന്‍ വെറുത്തുകൊണ്ടിരുന്നു. 

ചരമവാര്‍ത്തകളെ വാര്‍ത്തകളായി കാണാന്‍ ശീലിച്ചുതുടങ്ങിയത് എന്നാണെന്ന് എനിക്കോര്‍മ്മയില്ല. ജോലിക്കിടയില്‍ എപ്പോഴോ അത് സംഭവിച്ചിട്ടുണ്ടാകണം. പുതുവത്സര തലേന്ന് മരിച്ച അച്ഛന്റെ ചരമവാര്‍ത്തയുമായെത്തിയ മകനോട് 'ഹാപ്പി ന്യൂ ഇയര്‍ ചേട്ടാ' എന്ന് പറഞ്ഞ സുഹൃത്തിനെ കളിയാക്കാന്‍ മുന്നിട്ടിറങ്ങുമ്പോഴും ഞാന്‍ എന്റെ 'പരിണാമം' ആസ്വദിക്കുകയായിരുന്നു. ഇതിനിടെ മൂകാമിയമ്മൂമ്മ മകനൊപ്പം മുംബൈയിലേക്ക് താമസം മാറ്റിയിരുന്നു. 

ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കൂട്ടുകാരിയുടെ ഫോണ്‍.' നമ്മുടെ മൂകാമിയമ്മൂമ്മയില്ലേ ... കക്ഷി മരിച്ചു. മുംബൈയില്‍ തന്നെ സംസ്‌ക്കരിച്ചു. ഇന്നലത്തെ പത്രത്തിലുണ്ട്.' 

ഇന്നലത്തെ പത്രം കൈയ്യിലെടുത്തെങ്കിലും ചരമപ്പേജ് നിവര്‍ത്താന്‍ തോന്നിയില്ല. മൂകാമിയമ്മൂമ്മയുടെ മുഖത്ത് അപ്പോഴും ചിരിയുണ്ടാകുമെന്നെനിക്കറിയാം. പിന്നെ എന്തിനാണ് വെറുതേ...കൈയ്യിലിരുന്ന പത്രം ഞാന്‍ പഴയ പത്രങ്ങള്‍ക്കിടയിലേക്ക് തിരുകി.