ല്‍ഹി  'നഗരം നഗരം മഹാസാഗരം' എന്ന വാക്യത്തെ തീര്‍ത്തും അന്വര്‍ത്ഥമാക്കുന്ന  വല്യ നഗരം. ആദ്യമായി മെട്രോ കണ്ടപ്പോള്‍ അദ്ഭുതപെട്ടു നിന്നിട്ടുണ്ട് ഞാന്‍. തിരക്കുപിടിച്ച തെരുവ് വീഥികള്‍, അന്യോന്യം ഒന്ന് നോക്കാന്‍ പോലും നേരമില്ലാത്ത ആളുകള്‍, അങ്ങനെ നീളുന്നു ഡല്‍ഹിയിലെ കാഴ്ചകള്‍. എല്ലാവര്‍ക്കും തിരക്കാണ്. എവിടെയോ എത്തിപ്പെടാനുള്ള വ്യഗ്രത. 

പാലക്കാടുള്ള ഒരു കൊച്ചു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. അതിനാല്‍ തന്നെ ഡല്‍ഹി പോലുള്ള ഒരു നഗരത്തില്‍ എത്തിയപ്പോള്‍ ഉണ്ടായ അതിശയം ഊഹിക്കാവുന്നതേ ഉള്ളു. വീട്ടിലെ എതിര്‍പ്പുകള്‍ വക വെക്കാതെ, ആദ്യമായി കിട്ടിയ ജോലിയില്‍, അതും പി ടി ഐ പോലുള്ള ഒരു സ്ഥാപനത്തില്‍ പ്രവേശിക്കാനുള്ള ആവേശത്തിലായിരുന്നു ഞാന്‍. 

പുതിയ ജോലിയും, ഒറ്റക്കുള്ള താമസവും, രാത്രി ഷിഫ്റ്റും എല്ലാം ആസ്വദിക്കുകയായിരുന്നു ഞാന്‍. മണ്ടി ഹൗസ് മെട്രോ സ്റ്റേഷനില്‍ ഇറങ്ങി ഒരു 5 മിനുറ്റ് ദൂരമുണ്ട് ഫ്‌ളാറ്റിലേക്ക്. കേള്‍ക്കുമ്പോള്‍ നാം മലയാളികള്‍ക്ക് ചിരി വരുമെങ്കിലും പഴയ രാജകൊട്ടാരം സ്ഥിതി ചെയ്തിരുന്ന സ്ഥലമാണ് മണ്ടി ഹൗസ്. നല്ല പോഷ് ഏരിയയാണ്. സ്‌കൂള്‍ ഓഫ് ഡ്രാമ സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ വഴിയില്‍ എപ്പോഴും കോളേജ് സ്റ്റുഡന്റസ് ഉണ്ടായിരിക്കും.

അങ്ങനെയിരിക്കെ ഒരു ദിവസം അന്നത്തെ ഷിഫ്റ്റും കഴിഞ്ഞ് രാത്രി പതിനൊന്നു മണിയോടെ തിരിച്ചു ഫ്‌ലാറ്റിലേക്ക് വരികയായിരുന്നു ഞാന്‍. മെട്രോ ഇറങ്ങി ഫ്‌ലാറ്റിലേക്ക് നടക്കുന്ന വഴിയില്‍ ആളുകളും തട്ടുകടകളും സജീവം. 

പെട്ടന്നാണ് പുറകില്‍ നിന്നും ഒരു ബൈക്കില്‍ രണ്ടുപേര്‍ വന്ന് കണ്ണടച്ച് തുറക്കും വേഗത്തില്‍ കൈയ്യിലെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പെട്ടന്നുണ്ടായ ആഘാതത്തില്‍ താഴെ വീണു പോയ എന്റെ കയ്യില്‍ നിന്നും ഫോണ്‍ തെറിച്ചു പോയി. വീണു കിടന്ന എനിക്ക് ഒരിത്തിരി നേരത്തേക്ക് അനങ്ങാന്‍ പോലും പറ്റിയില്ല. സത്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാന്‍ സമയമെടുത്തു. കണ്ണുതുറന്ന് നോക്കിയ ഞാന്‍ കണ്ടത് എന്റെ കൈയില്‍ നിന്നും തെറിച്ചു വീണ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്ന ഒരുത്തനെയാണ്. 

സത്യത്തില്‍ ഞാന്‍ ഒന്നും ചെയ്യില്ലായിരുന്നു, പക്ഷേ  അതെടുത്തുകൊണ്ട് അവന്‍ എന്നെ നോക്കി വല്ലാതങ്ങ് ആക്കി ചിരിച്ചു കൊണ്ട് ബൈക്കിനടുത്തേക്ക് നടന്നു നീങ്ങുന്നു. ഞാന്‍ ശരിക്കും പേടിച്ചു പോയെന്നും അവിടുന്ന് എഴുന്നേല്‍ക്കാന്‍ സമയം എടുക്കുമെന്നും മനസിലാക്കിയിട്ടാവണം. 

ആ പുച്ഛം അതു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. റിയാക്ട് ചെയ്‌തെ മതിയാവൂന്ന് തീരുമാനിച്ച ഞാന്‍ ബാഗില്‍ ഉണ്ടായിരുന്ന പേപ്പര്‍ സ്‌പ്രേ  കണ്ണും അടച്ചെടുത്തടിച്ചു. 

അവര്‍ക്ക് എന്തു സംഭവിച്ചെന്ന് ഇന്നും എനിക്കറിയില്ല. പക്ഷെ 2  മിനുട്ടിനു ശേഷം കണ്ണുതുറന്ന്  നോക്കിയപ്പോള്‍ അവരില്ല, ഫോണും ഇല്ല. പക്ഷെ എന്നെ കുറിച്ചോര്‍ത്തു എനിക്ക് തന്നെ അഭിമാനം തോന്നി. 

അത്രക്ക് തിരക്കേറിയ വഴിയില്‍, ഒരു പെണ്‍കുട്ടിക്ക് നേരെ ഇങ്ങനെ ഒരു അതിക്രമം നടന്നിട്ടും ഒരു  മനുഷ്യന്‍ പോലും തിരിഞ്ഞു നോക്കാതിരുന്നത് അത്ര അത്ഭുതപെടുത്തിയൊന്നുമില്ല. പക്ഷെ ആ  സാഹചര്യത്തില്‍ എനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞു എന്നുള്ളത് എന്നെത്തന്നെ അത്ഭുതപ്പെടുത്തി. 

എത്രയും പെട്ടന്ന് ഫ്‌ലാറ്റിലെത്തിയ ഞാന്‍ ആദ്യം ചെയ്തത് വീട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുകയാണ്. എങ്കിലും അതിനിടയില്‍ കണ്ണാടി നോക്കി ഒന്ന് തോളില്‍ തട്ടി സ്വയം പറഞ്ഞു well done my  girl, well  done.